വാഷിങ്ടണ്‍: ഇന്ത്യയെ നികുതികളിലെ 'മഹാരാജ്' എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം, അടുത്തയാഴ്ച മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% നികുതി ചുമത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ സൂചന നല്‍കിയതിന് പിന്നാലെയാണ് നവാരോ പുതിയ ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. 50 ശതമാനത്തിന്റെ കനത്ത നികുതിയില്‍ പ്രകോപിതരായ ഇന്ത്യന്‍ സര്‍ക്കാര്‍ റഷ്യയുമായുള്ള ദീര്‍ഘകാല സൗഹൃദം ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. മാത്രമല്ല, സമീപ ദിവസങ്ങളില്‍ പ്രാദേശിക എതിരാളിയായ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കവും ഇന്ത്യ നടത്തിയിരുന്നു. 

ഓഗസ്റ്റ് 27-ന് ഇന്ത്യയ്ക്ക് മേല്‍ ചുമത്താന്‍ പോകുന്ന 25 ശതമാനം ശിക്ഷാപരമായ നികുതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് നടക്കുമെന്ന് തന്നെയാണ് താന്‍ കരുതുന്നത് എന്നാണ് നവാരോ വൈറ്റ് ഹൗസിന് പുറത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 

'2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിക്കുന്നതിന് മുമ്പുവരെ ഇന്ത്യ വലിയതോതില്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയിരുന്നില്ല. അത് ഇന്ത്യയുടെ ആവശ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഇപ്പോഴത് 35 ശതമാനമായി ഉയര്‍ന്നു. ഇന്ത്യക്ക് ഈ എണ്ണയുടെ ആവശ്യമില്ല. ഇത് ശുദ്ധീകരണത്തിലൂടെ ലാഭം പങ്കിടുന്ന ഒരു പദ്ധതിയാണ്. ഇത് റഷ്യക്കുവേണ്ടിയുള്ള ഒരു കള്ളപ്പണം വെളുപ്പിക്കലാണ്. അതാണ് അതിലെ യാഥാര്‍ത്ഥ്യം.' നവാരോ ആരോപിച്ചു. 

ഇന്ത്യക്ക് അവരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യയുടെ എണ്ണ ആവശ്യമാണെന്ന വാദത്തില്‍ അര്‍ത്ഥമില്ലെന്ന് നവാരോ പറഞ്ഞു. 'നോക്കൂ, മോദി ഒരു മികച്ച നേതാവാണ്. പക്ഷേ, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ നിങ്ങളുടെ പങ്ക് എന്താണെന്ന് നോക്കൂ. ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണ്.' നവാരോ കുറ്റപ്പെടുത്തി. 

മോസ്‌കോ ആസ്ഥാനമായുള്ള കസാറ്റ്കിന്‍ കണ്‍സള്‍ട്ടിങിന്റെ കണക്കനുസരിച്ച്, റഷ്യയുടെ എണ്ണ കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയിലേക്കാണ്. ഇന്ത്യ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങി ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'ഇത് ഇന്ത്യന്‍ റിഫൈനറി വ്യവസായത്തിന്റെ കൊള്ളലാഭം മാത്രമാണ്.' 

'ഇന്ത്യയുമായുള്ള ഞങ്ങളുടെ വ്യാപാരം കൊണ്ട് അമേരിക്കക്കാര്‍ക്കുണ്ടാകുന്ന ആഘാതം എന്താണ്? നികുതിയുടെ കാര്യത്തില്‍ ഇന്ത്യ മഹാരാജാവാണ്. അമേരിക്കയ്ക്ക് ഉയര്‍ന്ന നികുതി ഇതര തടസ്സങ്ങള്‍, വലിയ വ്യാപാരക്കമ്മി തുടങ്ങിയവയുണ്ട്. അത് അമേരിക്കയിലെ തൊഴിലാളികളെയും വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഞങ്ങളില്‍നിന്ന് ലഭിക്കുന്ന പണം ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങാന്‍ ഉപയോഗിക്കുന്നു. പിന്നീട് അത് അവരുടെ റിഫൈനറികള്‍ സംസ്‌കരിക്കുന്നു.' അദ്ദേഹം പറഞ്ഞു.

'റഷ്യക്കാര്‍ ഈ പണം ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മിക്കുകയും യുക്രൈന്‍കാരെ കൊല്ലുകയും ചെയ്യുന്നു. അമേരിക്കന്‍ നികുതിദായകര്‍ യുക്രൈന്‍കാര്‍ക്ക് കൂടുതല്‍ സഹായവും സൈനികോപകരണങ്ങളും നല്‍കേണ്ടിവരുന്നു. ഇത് ഭ്രാന്താണ്... ഈ രക്തച്ചൊരിച്ചിലില്‍ തങ്ങളുടെ പങ്ക് അംഗീകരിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല.' നവാരോ ആരോപിച്ചു.