തന്റെ മൂത്ത മകൾ ഐശ്വര്യ സർജയ്ക്കെതിരെ ഉയർന്ന വ്യാജ പ്രചാരണങ്ങളിലും വ്യക്തിഹത്യയിലും ശക്തമായ പ്രതികരണവുമായി നടനും സംവിധായകനും നിർമ്മാതാവുമായ അർജുൻ സർജ രംഗത്തെത്തി. ഐശ്വര്യയും ഭർത്താവ് ഉമാപതി രാമയ്യയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലും ഐശ്വര്യ മദ്യപാനിയാണെന്ന രീതിയിലും പ്രചരിച്ച വാർത്തകൾ തീർത്തും അടിസ്ഥാനരഹിതവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് 64-കാരനായ അർജുൻ വ്യക്തമാക്കി.

To advertise here,

പൊതുജീവിതത്തിലുള്ള ആളാണെന്നത് അനാവശ്യ കഥകൾ മെനയാനും വ്യക്തിഹത്യ നടത്താനും ആർക്കും അനുവാദം നൽകുന്നില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ അർജുൻ കുറിച്ചു. യാതൊരു തെളിവുമില്ലാതെ ഒരു സ്ത്രീയെ മദ്യപാനിയെന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തിപരമായ ബഹുമാനവും അന്തസ്സും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കത്തിൽ കുടുംബം മൗനം പാലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ലൈസൻസായി കരുതരുതെന്ന് അർജുൻ ചൂണ്ടിക്കാട്ടി. മൗനം എന്നത് അപവാദപ്രചാരണങ്ങൾക്കുള്ള സമ്മതമല്ലെന്നും, തുടർന്ന് വിഷയം ഗൗരവമായി എടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"നടന്മാരായ ഞങ്ങൾ പൊതുജീവിതം അനിവാര്യമായും ഊഹാപോഹങ്ങളെയും പരിശോധനകളെയും ക്ഷണിച്ചുവരുത്തുന്നുവെന്ന് മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. ആർക്കെങ്കിലും കഥകൾ മെനയാനോ വ്യക്തിഹത്യ നടത്താനോ പൊതുസമൂഹം അനുവാദം നൽകുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ, ഒരു സ്ത്രീയെ മദ്യപാനിയെന്ന് മുദ്രകുത്തുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരവും അംഗീകരിക്കാൻ പറ്റാത്തതുമാണ്.

മിക്കപ്പോഴും ഏറ്റവും മാന്യമായ പ്രതികരണം മൗനമാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. എന്നാൽ മൗനം ഒരിക്കലും അംഗീകാരമായി തെറ്റിദ്ധരിക്കപ്പെടരുത്, തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കുന്നതിനും പെരുപ്പിച്ചു കാണിക്കുന്നതിനും അത് ഇടയാക്കരുത്. അതിനാൽ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിക്കൊണ്ട് ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്." അദ്ദേഹത്തിന്റെ വാക്കുകൾ.

ഈ വിഷയം തന്റെ മകളെക്കുറിച്ച് മാത്രമല്ലെന്നും, കുടുംബത്തിന്റെ പിന്തുണയില്ലാത്തതിനെ തുടർന്ന് പ്രയാസങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ സ്ത്രീകളുടെ അന്തസ്സിനെക്കൂടി ബാധിക്കുന്ന ഒന്നാണെന്നും അർജുൻ ഓർമ്മിപ്പിച്ചു. ഒരു പിതാവെന്ന നിലയിൽ തന്റെ മകൾക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനൊപ്പം താൻ എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അർജുൻ സർജ അവതാരകനായ 'സർവൈവർ' എന്ന ടിവി റിയാലിറ്റി ഷോയിലൂടെയാണ് ഐശ്വര്യയും നടനും സംവിധായകനുമായ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് 2024 ജൂൺ 10-ന് ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.