ബോസ്റ്റണ്‍: ടൈറ്റന്‍ സമുദ്ര പേടകത്തെ നിയന്ത്രിച്ചിരുന്ന പോളാര്‍ പ്രിന്‍സ് എന്ന കപ്പലില്‍ ക്രിസ്റ്റീന്‍ ദാവൂദും മകള്‍ അലീനയും കാത്തിരിക്കുകയായിരുന്നു, ടൈറ്റാനിക്കിനെ കണ്ട് ഷെഹ്‌സാദ ദാവൂദും മകന്‍ സുലേമാന്‍ ദാവൂദും മടങ്ങിവരുന്നതും കാത്ത്. എന്നാല്‍ കാത്തിരിപ്പിന്റെ ആദ്യമണിക്കൂറുകള്‍ പ്രതീക്ഷയുടേതായിരുന്നെങ്കില്‍ സമയം നീളുന്തോറും അവര്‍ നിരാശയിലേക്ക് നീങ്ങി. പിന്നീട് ദുരന്തത്തെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ അവര്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുകയായിരുന്നു. എങ്കിലും ഏറെ ആഗ്രഹത്തോടെ ഭര്‍ത്താവും മകനും ആരംഭിച്ച യാത്ര ഒരിക്കലും മടങ്ങിവരാത്തിടത്തേക്കായിരിക്കുമെന്ന യഥാര്‍ഥ്യത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുക അസാധ്യം. ടൈറ്റാനിക്കിനെ കാണാനുള്ള യാത്രയെപ്പറ്റി ഭര്‍ത്താവും മകനും ആവേശഭരിതരായിരുന്നുവെന്ന്  ഷെഹ്‌സാദ ദാവൂദിന്റെ ഭാര്യ ക്രിസ്റ്റീന്‍ ദാവൂദ് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. 

To advertise here,

ജൂണ്‍ 18 ന് യാത്ര ആരംഭിച്ച് അല്‍പനേരത്തിനുള്ളില്‍ത്തന്നെ ടൈറ്റനുമായുള്ള ആശയവിനിമയം മാതൃപേടകത്തിന് നഷ്ടമായിരുന്നു. ആദ്യഘട്ടത്തില്‍ ടൈറ്റനെക്കുറിച്ചും തന്റെ പ്രിയപ്പെട്ടവരുള്‍പ്പെടെയുള്ള അതിലെ  യാത്രക്കാരെക്കുറിച്ചും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തിരച്ചില്‍ 96 മണിക്കൂറും കടന്നപ്പോള്‍ ജീവിതത്തിലെ ഏറ്റവും മോശമായ വാര്‍ത്ത നേരിടാന്‍ താന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. യാത്രയ്ക്കായുള്ള ഒരുക്കങ്ങളില്‍ ഷെഹ്‌സാദ ഒരു ചെറിയ കുട്ടിയെപ്പോലെ ആഹ്‌ളാദത്താല്‍ മതിമറന്നിരിക്കുകയായിരുന്നുവെന്ന് അവര്‍ ഓര്‍മിച്ചു. "ഞാനവരെ മിസ് ചെയ്യുന്നു, ശരിക്കും മിസ് ചെയ്യുന്നു", നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ ക്രിസ്റ്റീന്‍ അഭിമുഖം അവസാനിപ്പിച്ചത് ഈ വാക്കുകളോടെയാണ്. 

ഭര്‍ത്താവും പാക് ശതകോടീശ്വരനുമായ ഷെഹ്‌സാദ ദാവൂദിനൊപ്പം ഓഷ്യന്‍ഗേറ്റിന്റെ ജലപേടകത്തില്‍ ടൈറ്റാനിക് സന്ദര്‍ശിക്കാന്‍ തയ്യാറെടുത്തിരുന്നെങ്കിലും കൊറോണവ്യാപനത്തെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിച്ചതായി ക്രിസ്റ്റീന്‍ പറഞ്ഞു. പിന്നീട് തനിക്ക് പകരം പത്തൊമ്പതുകാരനായ മകന്‍ സുലേമാന്‍ യാത്രയില്‍ പങ്കെടുക്കട്ടെ എന്ന് തീരുമാനിച്ചു. സുലേമാന്‍ ടൈറ്റന്‍ യാത്രക്കായി അതിയായി ആഗ്രഹിച്ചിരുന്നതായും അവര്‍ പറഞ്ഞു. റുബിക്‌സ് ക്യൂബില്‍ ഏറെ തത്പരനായിരുന്ന സുലേമാന്‍ യാത്രയില്‍ അതും കയ്യില്‍ കരുതിയിരുന്നതായും പന്ത്രണ്ട് സെക്കന്‍ഡ് കൊണ്ട് അത് സോള്‍വി ചെയ്യാന്‍ സുലേമാന്‍ പരിശീലനം നേടിയിരുന്നതായും ക്രിസ്റ്റീന്‍ ഓര്‍മിച്ചു. സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ആഴത്തില്‍വെച്ച് റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് ലോകറെക്കാഡ് നേടണമെന്ന് സുലേമാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആ നിമിഷം പകര്‍ത്താന്‍ ഷെഹ്‌സാദ ദാവൂദ് ഒരു ക്യാമറ കൊണ്ടുപോയതായും ക്രിസ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു. 

പ്രിയപ്പെട്ടവരെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയാണ് വലിയൊരു ദുരന്തത്തെ സംയമനത്തോടെ സ്വീകരിക്കാനുള്ള മാനസികനില ഒരുക്കിനല്‍കിയതെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. പേടകത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനങ്ങളെക്കുറിച്ചാവര്‍ത്തിച്ച് സമാധാനിക്കാന്‍ ശ്രമിച്ചതും അച്ഛനും സഹോദരനും മടങ്ങിവരുമെന്നുതന്നെ പ്രതീക്ഷിച്ച മകളെക്കുറിച്ചും ടൈറ്റന്റെ യന്ത്രഭാഗം കണ്ടെത്തിയ വിവരം കോസ്റ്റ്ഗാര്‍ഡ് അറിയിക്കുന്നതുവരെ മകള്‍ ആ പ്രതീക്ഷ കൈവിടാതിരുന്നതിനെക്കുറിച്ചും ആ അമ്മ വിശദീകരിച്ചു.

മര്‍ദം താങ്ങാനാവാതെ ഉള്‍വലിഞ്ഞ് ടൈറ്റന്‍ പൊട്ടിപ്പിളര്‍ന്നതായി സ്ഥിരീകരിച്ചതോടെ ക്രിസ്റ്റീനും അലീനയും ശനിയാഴ്ച കാനഡയിലെ സെന്റ് ജോണ്‍സിലേക്ക് മടങ്ങി. ഞായറാഴ്ച ഷെഹ്‌സാദയ്ക്കും സുലേമാനും വേണ്ടി കുടുംബം മരണാനന്തര പ്രാര്‍ഥന നടത്തി. തങ്ങളെ ആലിംഗനം ചെയ്തും തമാശകള്‍ പറഞ്ഞുമാണ് ഷെഹ്‌സാദയും സുലേമാനും പേടകത്തിലേക്ക് പ്രവേശിച്ചതെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. കോളേജ് വിദ്യാഭ്യാസകാലത്താണ് താനും ഷെഹ്‌സാദയും കണ്ടുമുട്ടിയതെന്ന കാര്യവും ക്രിസ്റ്റീന്‍ അഭിമുഖത്തിനിടെ സൂചിപ്പിച്ചു. ഷെഹ്‌സാദയുടെ ജോലി താന്‍ തുടരുമെന്നും നിരവധിപേര്‍ക്ക് ഷെഹ്‌സാദ നല്‍കിയിരുന്ന സഹായം മുടങ്ങാതെ നിര്‍വഹിക്കുമെന്നും അറിയിച്ച ക്രിസ്റ്റീന്‍ സുലേമാന് വേണ്ടി താനും മകളും റുബിക്‌സ് ക്യൂബില്‍ പരിശീലനം നേടാന്‍ തീരുമാനിച്ച കാര്യവും കൂട്ടിച്ചേര്‍ത്തു.