ലോകത്തെ നടുക്കിയ 2023 -ലെ ടൈറ്റന്‍ ജലപേടക ദുരന്തവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. യുഎസ് കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ബിബിസിക്ക് ലഭിച്ച ദൃശ്യങ്ങളിലാണ് ടൈറ്റന്‍ പേടകത്തിന്റെ അവസാന നിമിഷം എപ്പോഴായിരുന്നുവെന്നും അത് എങ്ങനെ ആയിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഉള്ളത്. ടൈറ്റന്‍ ജലപേടകം ഉപയോഗിച്ച് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര സംഘടിപ്പിച്ചിരുന്ന ഓഷ്യന്‍ ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനി സിഇഒ സ്റ്റോക്ടണ്‍ റഷിന്റെ ഭാര്യ വെന്‍ഡി റഷ് ഭര്‍ത്താവും മറ്റ് നാലുപേരും സഞ്ചരിച്ച ടൈറ്റന്‍ അന്തര്‍വാഹിനി ഞെരിഞ്ഞമര്‍ന്ന സമയത്ത് അതിന്റെ ശബ്ദം കേട്ടിരുന്നുവെന്നാണ് പുതിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
പോളാര്‍ പ്രിന്‍സ് എന്ന സപ്പോര്‍ട്ട് ഷിപ്പിലിരുന്ന് ദൗത്യം നിരീക്ഷിക്കുകയായിരുന്നു അവര്‍ ആ സമയത്ത്. പെട്ടെന്നുണ്ടായ ഉച്ചത്തിലുള്ള ഒരു ശബ്ദം അവര്‍ കേട്ടിരുന്നു. 'എന്താണ് ആ ശബ്ദം?' വെന്‍ഡി റഷ് ചോദിച്ചു. പക്ഷെ അത് ടൈറ്റന്‍ പൊട്ടിത്തെറിക്കുകയും അതിലുണ്ടായിരുന്ന അഞ്ചുപേരും തല്‍ക്ഷണം മരിക്കുകയും ചെയ്ത അതേ നിമിഷമായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
ജലപേടകം ഏകദേശം 90 മിനിറ്റ് മുങ്ങിത്താഴ്ന്നതിനുശേഷം പെട്ടെന്ന് നിശ്ശബ്ദമായപ്പോള്‍ ദൗത്യം നിരീക്ഷിക്കുകയായിരുന്നു അവര്‍. വെള്ളത്തിനടിയില്‍ ഏകദേശം 11,000 അടി താഴ്ചയില്‍ വെച്ചാണ് ടൈറ്റന് ഉള്‍വലിയല്‍ സംഭവിച്ചത്. ദുരന്തത്തില്‍ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് പര്യവേക്ഷകന്‍ ഹാമിഷ് ഹാര്‍ഡിംഗ്, ടൈറ്റാനിക് വിദഗ്ദ്ധന്‍ പോള്‍-ഹെന്റി നാര്‍ജിയോലെറ്റ്, പാകിസ്ഥാനി ശതകോടീശ്വരന്‍ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകന്‍ സുലേമാന്‍ എന്നിവരാണ് മരിച്ചത്.
ദുരന്തത്തിന് ഒരു വര്‍ഷം മുമ്പുള്ള ഒരു മുങ്ങല്‍ ദൗത്യത്തില്‍ത്തന്നെ അന്തര്‍വാഹിനിയുടെ കാര്‍ബണ്‍ ഫൈബര്‍ പുറംചട്ട ഘടനാപരമായ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു എന്നാണ് ഇംപ്ലോഷന്‍: ദ ടൈറ്റാനിക് സബ് ഡിസാസ്റ്റര്‍ എന്ന ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നത്. എന്നാല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ച് ഓഷന്‍ഗേറ്റ് അന്തര്‍വാഹിനി ഉപയോഗിക്കുന്നത് തുടര്‍ന്നു. 2023-ലെ യാത്ര അതിന്റെ 88-ാമത്തെ മുങ്ങല്‍ ദൗത്യവും ആ വര്‍ഷത്തെ ആദ്യത്തെ ആഴക്കടല്‍ ദൗത്യവുമായിരുന്നു.
അപകടത്തിന് തൊട്ടുപിന്നാലെ ടൈറ്റനില്‍ നിന്ന് ഒരു സന്ദേശം സപ്പോര്‍ട്ട് ഷിപ്പിന് ലഭിച്ചിരുന്നു. എന്തു സംഭവിച്ചുവെന്ന് അപ്പോഴും മനസിലാക്കാതെ വെന്‍ഡി റഷ് ആ സന്ദേശം ഉച്ചത്തില്‍ വായിച്ചു. വെള്ളത്തിനടിയിലുള്ള സെന്‍സറുകളാണ് ഉള്‍വലിയലിന്റെ ശബ്ദം പിടിച്ചെടുത്തത്. ജലപേടകത്തില്‍നിന്നുള്ള അവസാന ശബ്ദമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
1912-ല്‍ കന്നിയാത്രയില്‍ മഞ്ഞുമലയുമായി കൂട്ടിയിടിച്ച് മഹാസമുദ്രത്തില്‍ മുങ്ങിത്താണ ടൈറ്റാനിക്കില്‍ വെന്‍ഡി റഷിന്റെ പൂര്‍വികരുമുണ്ടായിരുന്നു എന്ന വിവരം ദുരന്തത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ടൈറ്റാനിക്കില്‍ ഫസ്റ്റ് ക്ലാസ് സഞ്ചാരികളായി യാത്രചെയ്ത സമ്പന്നവ്യാപാരി ഇസിഡോര്‍ സ്ട്രോസിന്റേയും ഭാര്യ ഐഡയുടേയും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെന്‍ഡി റഷ്. 1845- ലാണ് സ്ട്രോസ് ജനിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയൊരു വ്യാപാരസ്ഥാപനത്തിന്റെ സഹഉടമ കൂടിയായിരുന്നു സ്ട്രോസ്. ജയിംസ് കാമറൂണിന്റെ ലോകപ്രശസ്ത ചിത്രം ടൈറ്റാനിക്കില്‍ പ്രായമായ ഈ ദമ്പതിമാരെ ചിത്രീകരിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങുന്ന സമയത്ത് ഇരുവരും കിടക്കയില്‍ മരണത്തെ കാത്ത് ആലിംഗനം ചെയ്തുകിടക്കുന്ന രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlights: ocean gate ceos wife heard titan explosion ship footage captures sound
Published: 23 May 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented