
വാഷിങ്ടൺ: യു.എസിലെ ടെന്നസിയിൽ വധശിക്ഷാ ശ്രമം പരാജയപ്പെട്ടതിനുപിന്നാലെ ചികിത്സയിലായിരുന്ന അമേരിക്കൻ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ബോധം വീണ്ടെടുക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടർമാർ. സെപ്റ്റംബർ 30-ന് മാരകമായ മരുന്ന് കുത്തിവെച്ച് ക്രിസ്റ്റയുടെ വധശിക്ഷാ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മരുന്ന് ഉള്ളിൽച്ചെന്നിട്ടും മരിക്കാതിരുന്നതിനെ തുടർന്ന് അബോധാവസ്ഥയിലായ ഇവരെ വെന്റിലേറ്റർ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും ഇവർ ഇന്റൻസീവ് കെയർ യൂണിറ്റിൽ തന്നെ തുടരുകയാണെന്നും പൂർണ ആരോഗ്യനില വീണ്ടെടുക്കാൻ മാസങ്ങളെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം, വധശിക്ഷാ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ തുടർ വധശിക്ഷകൾ നിർത്തിവെക്കുകയും വധശിക്ഷാ ശ്രമത്തിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പരാജയപ്പെട്ട വധശിക്ഷാ ശ്രമത്തിന്റെ തെളിവുകളും മരുന്നുകളുടെ രേഖകളും സൂക്ഷിച്ചുവെക്കാൻ ക്രിസ്റ്റയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ, ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണമെന്നും അവർ ഗവർണറോട് ആവശ്യപ്പെട്ടു.
1995 ജനുവരി 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോക്സ്വില്ലിലെ ജോബ് കോർപ്സ് പരിശീലന കേന്ദ്രത്തിൽ വെച്ച്, തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സഹപാഠിയായ 19-കാരി കോളിൻ സ്ലെമ്മറെ 18-കാരിയായ ക്രിസ്റ്റ പൈക്ക് കൊലപ്പെടുത്തുകയായിരുന്നു. സ്ലെമ്മറെ വിജനമായ കാട്ടിലേക്ക് വിളിച്ചുവരുത്തി ബോക്സ് കട്ടറും തടിക്കട്ടകളും ഉപയോഗിച്ച് മർദിച്ച് അവശയാക്കി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ശരീരത്തിൽ സാത്താൻ സേവയുടെ ചിഹ്നമായ തലകീഴായ നക്ഷത്രം കൊത്തിവെക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം കൊല്ലപ്പെട്ട പെൺകുട്ടിയുടെ തലയോട്ടിയുടെ കഷണം ക്രിസ്റ്റ സഹപാഠികളെ കാണിച്ചതായും വിചാരണവേളയിൽ തെളിഞ്ഞിരുന്നു.
1996-ൽ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോൾ ടെന്നസിയിലെ ഏറ്റവും പ്രായം കുറഞ്ഞ വധശിക്ഷാ തടവുകാരിയായിരുന്നു ക്രിസ്റ്റ. ബാല്യകാലത്ത് നേരിട്ട കടുത്ത ശാരീരിക-ലൈംഗിക പീഡനങ്ങളും ബൈപോളാർ ഡിസോർഡർ, പി.ടി.എസ്.ഡി തുടങ്ങിയ മാനസിക രോഗങ്ങളുമാണ് ക്രിസ്റ്റയെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.
1820-ന് ശേഷം ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ക്രിസ്റ്റ പൈക്ക്. ക്രിസ്റ്റ നൽകിയ അവസാന നിമിഷത്തെ ദയാഹർജിയും അപ്പീലും ടെന്നസി ഗവർണറും യു.എസ്. സുപ്രീം കോടതിയും തള്ളിയതിനെ തുടർന്നാണ് സെപ്റ്റംബർ 30-ന് നാഷ്വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. പെന്റോബാർബിറ്റാലിന്റെ രണ്ട് ഡോസുകൾ കുത്തിവെച്ചിട്ടും ക്രിസ്റ്റയുടെ ഹൃദയമിടിപ്പ് നിലക്കുകയോ ബോധം മറയുകയോ ചെയ്തില്ല.
Content Highlights: Christa Pike regained consciousness in the ICU after a failed lethal injection on September 30., Tennessee Governor Bill Lee suspended further executions and ordered a comprehensive investigation., Lawyers are seeking to commute her sentence to life imprisonment without parole., Pike was originally convicted of the 1995 murder of Colleen Slemmer.
Published: 07 Oct 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented