
ലഖ്നൗ: മകളുടെ ആറാം പിറന്നാൾ ആഘോഷിക്കാൻ വിദേശത്തുനിന്ന് സന്തോഷത്തോടെ നാട്ടിലെത്തിയ യുവാവിനെ, ഒടുവിൽ ക്രൂരമായി കൊലപ്പെടുത്തി സിമന്റും കോൺക്രീറ്റും നിറച്ച നീല വീപ്പയ്ക്കുള്ളിൽ വെട്ടിനുറുക്കി മൂടിയ കേസിലാണ് ഇപ്പോൾ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. രാജ്യത്തെത്തന്നെ ഞെട്ടിച്ച 'ബ്ലൂ ഡ്രം കൊലപാതക' കേസിൽ പ്രതിയായ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കുമാണ് മീററ്റ് ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി അരവിന്ദ് കുമാർ മിശ്ര വധശിക്ഷ വിധിച്ചത്.
അന്വേഷണസംഘത്തിനും നാട്ടുകാർക്കും കേസിന്റെ ചുരുളഴിക്കാൻ നിർണായകമായത് 'പപ്പ ഡ്രമ്മിലുണ്ട്' എന്ന് അയൽക്കാരോട് വെളിപ്പെടുത്തിയ സൗരഭിന്റെ ആറുവയസ്സുകാരിയായ മകളുടെ വാക്കുകളായിരുന്നു.
മകളുടെ പിറന്നാൾ ആഘോഷിക്കാനെത്തി; വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ മൂടി
2016-ലായിരുന്നു മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തും മുസ്കാൻ റസ്തോഗിയും വിവാഹിതരായത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച് സൗരഭ് തന്റെ നേവി ജോലി ഉപേക്ഷിക്കുക പോലുമുണ്ടായി. എന്നാൽ, ഇവരുടെ പ്രണയവിവാഹത്തെയും ജോലി ഉപേക്ഷിച്ചതിനെയും സൗരഭിന്റെ കുടുംബം എതിർത്തതോടെ തർക്കങ്ങൾ ഉടലെടുത്തു. ഇതേത്തുടർന്ന് ഇരുവരും ഒരു വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 2019-ൽ ഇവർക്ക് ഒരു പെൺകുഞ്ഞുണ്ടായി.
പിന്നാലെയാണ് മുസ്കാൻ തന്റെ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് മനസ്സിലാക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് സൗരഭ് ആ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോവുകയായിരുന്നു. തുടർന്ന് വീണ്ടും മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ച സൗരഭ് 2023-ൽ വിദേശത്തേക്ക് പോയി.
മകളുടെ പിറന്നാൾ ആഘോഷിക്കാനായാണ് ഫെബ്രുവരി 24-ന് സൗരഭ് നാട്ടിലെത്തുന്നത്. എന്നാൽ, ഈ സമയം മുസ്കാനും കാമുകൻ സാഹിലും ചേർന്ന് സൗരഭിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു. 2025 മാർച്ച് നാലിന് വീട്ടിൽവെച്ച് മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ മയക്കുമരുന്നും ഉറക്കഗുളികകളും കലർത്തി നൽകി. സൗരഭ് ബോധരഹിതനായതോടെ കാമുകൻ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം കുളിമുറിയിൽ വെച്ച് സൗരഭിന്റെ മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി. ശരീരഭാഗങ്ങൾ വലിയൊരു നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചശേഷം മുകളിൽ മണലും സിമന്റും കോൺക്രീറ്റും നിറച്ച് അടയ്ക്കുകയും ചെയ്തു.
'പപ്പ ഡ്രമ്മിലുണ്ട്': വഴിത്തിരിവായത് കുഞ്ഞിന്റെ വെളിപ്പെടുത്തൽ
കൊലപാതകം നടത്തിയശേഷം സൗരഭിനെ അന്വേഷിച്ചെത്തിയ പരിചയക്കാരോട് അദ്ദേഹം സ്ഥലത്തില്ലെന്നും യാത്രയിലാണെന്നുമായിരുന്നു ഭാര്യ മുസ്കാൻ പറഞ്ഞത്. മറ്റുള്ളവരുടെ സംശയം ഒഴിവാക്കാനായി സൗരഭിന്റെ ഫോണുമായി മുസ്കാനും സാഹിലും ഉത്തരാഖണ്ഡിലേക്കും ഹിമാചൽ പ്രദേശിലേക്കും യാത്രകൾ നടത്തുകയും ചെയ്തു. അവിടെനിന്ന് സൗരഭിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.
ദിവസങ്ങളോളം ഫോണിൽ വിളിച്ചിട്ടും സൗരഭിനെ കിട്ടാതായതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയംതോന്നിയത്. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് 2025 മാർച്ച് 17-ന് സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധന നടത്തി. ഈ സമയത്താണ് 'പപ്പ ഡ്രമ്മിലുണ്ട്' എന്ന് ആറുവയസ്സുകാരിയായ മകൾ അയൽക്കാരോട് വെളിപ്പെടുത്തുന്നത്. കുട്ടി എന്തൊക്കെയോ കണ്ടിരിക്കാമെന്നും അതുകൊണ്ടാണ് കുട്ടിയെ അവിടെനിന്ന് മാറ്റിയതെന്നും സൗരഭിന്റെ അമ്മ രേണു ദേവി എഎൻഐയോട് പ്രതികരിച്ചിരുന്നു.
ഈ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് വീട്ടിൽ പരിശോധന നടത്തി. ഈ പരിശോധനയിലാണ് ശരീരഭാഗങ്ങൾ അടങ്ങിയ നീല ഡ്രം കണ്ടെത്തിയത്. കോൺക്രീറ്റിട്ട് അടച്ചിരുന്ന ഡ്രം യന്ത്രസഹായത്തോടെ പൊളിച്ചാണ് പരിശോധിച്ചത്. കൊലപാതകം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമാണ് സൗരഭിന്റെ അവശിഷ്ടങ്ങൾ പോലീസ് പുറത്തെടുത്തത്. തുടർന്ന് രണ്ട് ദിവസത്തിനകം മുസ്കാനെയും സാഹിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
13 മാസത്തെ വിചാരണയ്ക്കും 126 വാദപ്രതിവാദങ്ങൾക്കുംശേഷം വിധി
കൊലപാതകം നടന്ന് ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധിവരുന്നത്. 13 മാസത്തെ വിചാരണയ്ക്കും 126 വാദപ്രതിവാദങ്ങൾക്കുംശേഷം 2025 സെപ്റ്റംബർ 30-നാണ് മുസ്കാനും സാഹിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് ശിക്ഷാവിധിയെക്കുറിച്ചുള്ള വാദങ്ങൾക്ക് 15 ദിവസം സമയം നൽകിയശേഷം, മീററ്റ് ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി അരവിന്ദ് കുമാർ മിശ്ര പ്രതികൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. സമൂഹത്തിൽ വലിയരീതിയിൽ ഭീതിവിതച്ച കൊടുംക്രൂരതയാണിതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
വിചാരണവേളയിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. നീല പ്ലാസ്റ്റിക് ഡ്രം, സിമന്റ് ചാക്കുകൾ, മണൽ, കത്തി, പാത്രങ്ങൾ എന്നിവ പ്രതികൾക്ക് വിറ്റ കടയുടമകൾ കോടതിയിൽ സാക്ഷിപറഞ്ഞു. കൂടാതെ, കൊലപാതകം നടന്ന സമയത്ത് സാഹിൽ ആ വീട്ടിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കുന്ന ഫോൺ രേഖകളും കൊലപാതകത്തിനുശേഷം പ്രതികൾ ഹിമാചലിലെ ഹോട്ടലുകളിൽ ഒന്നിച്ച് താമസിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും ഹോട്ടൽ മാനേജർമാരുടെ മൊഴികളും നിർണായക തെളിവുകളായി.
വിധി വന്നതിന് പിന്നാലെ സൗരഭിന്റെ അമ്മ രേണു ദേവി വൈകാരികമായി പ്രതികരിച്ചു. ഒരുമിച്ച് ജീവിക്കാൻ താല്പര്യമില്ലെങ്കിൽ പിരിയുകയായിരുന്നു വേണ്ടതെന്നും മറ്റൊരാളുടെ മകനെ കൊല്ലുകയല്ല വേണ്ടതെന്നും, ഇത്തരം ദാരുണമായ കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷ തന്നെയാണ് അർഹിച്ച ശിക്ഷയെന്നും അവർ വ്യക്തമാക്കി.
Content Highlights: A 6-year-old daughter's revelation that her "papa is in the drum" helped police crack the sensational blue drum murder case, resulting in a death sentence for her mother and her lover.
Published: 14 Oct 2026, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented