പാരിസ്: ഫ്രാന്‍സ് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംശയം പരത്താനും അവ വാങ്ങാനൊരുങ്ങുന്ന രാജ്യങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനും ചൈനയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമംനടത്തുന്നതെന്ന് ഫ്രഞ്ച് സൈനിക- രഹസ്യാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസത്തില്‍ പാകിസ്താനുമായി നടന്ന സംഘര്‍ഷത്തെ തുടർന്ന് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂർ സൈനിക നടപടിയിൽ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.  

To advertise here,

റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ, പ്രത്യേകിച്ച് ഇന്‍ഡൊനീഷ്യയെ ഇടപാടിൽനിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ നീക്കമെന്ന് പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍, തകര്‍ന്ന റഫാലിന്റേതെന്ന് ആരോപിച്ചുള്ള ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയായിരുന്നു റഫാലിന് 'ചീത്തപ്പേരു'ണ്ടാക്കാനുള്ള ചൈനീസ് നീക്കമെന്നാണ് വിവരം. ചൈനീസ് സാങ്കേതിക വിദ്യയുടെ മേന്മയെക്കുറിച്ചുള്ള പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സാമൂഹികമാധ്യമ അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റഫാല്‍ വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം ചൈന തള്ളി. ആരോപണം അടിസ്ഥാനരഹിതവും അപവാദവുമാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എപിയോടുള്ള ചൈനയുടെ പ്രതികരണം. 

ഫ്രാന്‍സിന്റെ പ്രതിരോധ വ്യവസായത്തില്‍ ഏറെ നിര്‍ണായകമാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും വില്‍പന. നിര്‍മാതാക്കളായ ദസ്സോ ഏവിയേഷന്‍ ഇതിനകം 533  റഫാല്‍ യുദ്ധവിമാനങ്ങളാണ് വിറ്റിട്ടുള്ളത്. ഇതില്‍ 323 എണ്ണം ഈജിപ്ത്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്. 42 യുദ്ധവിമാനങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്ന ഇന്‍ഡൊനീഷ്യ ഇനിയും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.