ബെയ്ജിങ്: ചൈനയും പാകിസ്താനും തമ്മിൽ തകർക്കാനാവാത്ത  സുഹൃദ്ബന്ധമാണുള്ളതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്.  ഔദ്യോഗിക ചൈന സന്ദർശനത്തിനെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി ഫീൽഡ് മാർഷൽ  അസിം മുനീറുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അന്താരാഷ്ട്ര സാഹചര്യങ്ങൾ എങ്ങനെ മാറിയാലും പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ചൈന ഉറച്ചുനിൽക്കുമെന്നും അയൽരാജ്യങ്ങളുമായുള്ള നയതന്ത്രത്തിൽ പാകിസ്താനുമായുള്ള ബന്ധത്തിന് എന്നും മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക വേളയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, കൃഷി, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ മേഖലകളിലായി 15 പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ രണ്ടാം ഘട്ട വികസനത്തിന് പ്രാധാന്യം നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. 'വൺ ചൈന' നയത്തിൽ പാകിസ്താൻ ഉറച്ചുനിൽക്കുമെന്നും ചൈനയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.