ബീജിങ്:  ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ചൈന. പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസിനെ തടയാന്‍ സാധിക്കില്ലെന്നാണ് ചൈന പറയുന്നത്. ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്താന്‍ ചൈനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ബ്രഹ്‌മോസ് പോലെയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളെ തടയാന്‍ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് ചൈന പാകിസ്താനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംവിധാനങ്ങള്‍ ബ്രഹ്‌മോസ് മിസൈലുകളെ തടയാന്‍ കഴിയുന്ന തരത്തിലല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് ചൈന അറിയിച്ചത്. 

To advertise here,

മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന്റെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ചൈനയില്‍നിന്ന് പാകിസ്താന്‍ വാങ്ങിയ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസ് മിസൈലിനെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല.   

ഇതിന് പുറമെ ഇന്ത്യ പ്രയോഗിച്ച സ്‌കാല്‍പ് മിസൈലുകളും കാമികാസി ഡ്രോണുകളും പാകിസ്താന്റെ ആന്റി സ്റ്റെല്‍ത്ത് റഡാറുകളെയും എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങളെയും നശിപ്പിച്ചു. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പോയത് പാകിസ്താനിലും ചൈനയിലും ചര്‍ച്ചയായി. 

അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ബദലായാണ് ചൈന എച്ച്.ക്യു-9ബി സംവിധാനത്തിനെ ചൈന അവതരിപ്പിച്ചിരുന്നത്. 250 മുതല്‍ 300 കിലോമീറ്റര്‍ ദൂരെനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അതിന് സാധിക്കുമെന്നായിരുന്നു അവകാശവാദം. എച്ച്.ക്യു-16 40 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യങ്ങളെയാണ് തകര്‍ക്കുക. പാക് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലായാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഈ സംവിധാനത്തിന്റെ ദൗര്‍ബല്യം വ്യക്തമായി. സൂപ്പര്‍സോണിക് വേഗതയില്‍ വരുന്ന ബ്രഹ്‌മോസ് പോലെയുള്ള ക്രൂസ് മിസൈലുകളെ ഇവയ്ക്ക് പ്രതിരോധിക്കാനാകില്ലെന്ന് ഇതോടെ തിരിച്ചറിഞ്ഞു.  ഇവയുടെ ശേഷിയേപ്പറ്റി ചൈന തങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്നാണ് പാകിസ്താന്റെ പരാതി. എന്നാല്‍ ഇവ കിടയറ്റതാണെന്നും പരിശീലനം ലഭിക്കാത്തവര്‍ ഉപയോഗിച്ചതുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നുമുള്ള വാദങ്ങളാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. 

അതേസമയം, 2022-ല്‍തന്നെ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ദൗര്‍ബല്യം ഇന്ത്യയ്ക്ക് ബോധ്യപ്പെട്ടിരുന്നു. പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ തൊടുക്കപ്പെട്ടത് അന്ന് വലിയ വിവാദമായിരുന്നു. എന്നാല്‍, പാകിസ്താന്റെ പ്രതിരോധ സംവിധാനങ്ങളെ ഇന്ത്യ പരീക്ഷിച്ചതാണെന്ന വാദമാണ് പിന്നീട് ഉയര്‍ന്നുവന്നത്. 

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വികസിപ്പിച്ചതാണ് ബ്രഹ്‌മോസ്. മിസൈലിന്റെ നിര്‍മാണ അവകാശം ഇന്ത്യയ്ക്ക് മാത്രമാണുള്ളത്. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്‌മോസിന് നിലവില്‍ 290 കിലോ മീറ്ററാണ് പ്രഹരപരിധി. കര, വായു, നാവിക പതിപ്പുകളും അന്തര്‍വാഹിനിയില്‍ നിന്ന് പ്രയോഗിക്കാവുന്ന പതിപ്പും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.

യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന വലിപ്പം കുറഞ്ഞ ബ്രഹ്‌മോസ് നെക്‌സ്റ്റ് ജനറേഷന്‍ സുഖോയ്, തേജസ് വിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാനാകും. ബ്രഹ്‌മോസിന്റെ പ്രഹരപരിധി 500 കിലോ മീറ്ററായി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇതിന് പുറമെ, 1500 കിലോ മീറ്റര്‍ പരിധിയുള്ള ഹൈപ്പര്‍സോണിക് പതിപ്പും വികസന ഘട്ടത്തിലാണ്.