ഒട്ടാവ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് തിരിച്ചടിയുമായി കാനഡയിലെ പ്രവിശ്യകള്‍. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ യു.എസ്. മദ്യത്തിന് വിലക്കേര്‍പ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്‌ലെറ്റ് ശൃംഖലയായ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ്  ഓഫ് ഒന്റാരിയോ (എല്‍.സി.ബി.ഒ) വെബ്‌സൈറ്റ് താത്ക്കാലികമായി പൂട്ടി. അമേരിക്കന്‍ മദ്യം ഔട്ട്‌ലെറ്റുകളില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പും പുറത്തുവിട്ടിരുന്നു. 

To advertise here,

അമേരിക്കന്‍ ഉത്പാദകര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് വിലക്ക് പ്രഖ്യാപിച്ച് ഒന്റാരിയോ പ്രീമിയറായ ഡൗജ് ഫോര്‍ഡ് വ്യക്തമാക്കി. എല്‍.സി.ബി.ഒ നടത്തുന്ന സ്‌റ്റോറുകള്‍ ഓരോ വര്‍ഷവും ഏകദേശം ഒരു ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യു.എസ്. ആല്‍ക്കഹോള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

സ്‌റ്റോറുകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയിലേക്ക് അമേരിക്കന്‍ ലഹരി പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ പ്രവിശ്യാ മദ്യ വിതരണക്കാരോട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്മുൻതൂക്കം നൽകിയ സംസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കയുടെ മദ്യം വാങ്ങുന്നത് മദ്യ വിതരണക്കാര്‍ നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും യു.എസ്. 25% ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇത് ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ നലവില്‍വന്നു. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് കാനഡയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന എണ്ണയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് 10% ഇറക്കുമതിത്തീരുവയാണ് യു.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഇതിന് മറുപടിയായി 15,500 കോടി കനേഡിയന്‍ ഡോളറിനുമുകളില്‍വരുന്ന യു.എസ്. ഉത്പന്നങ്ങള്‍ക്ക് 21 ദിവസത്തിനുള്ളില്‍ തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. 3000 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യു.എസ്. ഉത്പന്നങ്ങള്‍ക്കുള്ള കാനഡയുടെ 25% തീരുവ ചൊവ്വാഴ്ച പ്രാബല്യത്തില്‍വന്നു. യു.എസ്. നികുതി പിന്‍വലിക്കുന്നതുവരെ കാനഡ ചുമത്തിയ താരിഫും നിലനില്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞു.

30 ദിവസത്തെ ഇടവേളയ്ക്കുശേഷം താരിഫ് ചുമത്താനുള്ള യു.എസ്. തീരുമാനത്തിന് ഒരു ന്യായീകരണവുമില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചിരുന്നു. യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനാവശ്യമായ നടപടികള്‍ ഈ സമയത്ത് കാനഡ സ്വീകരിച്ചിട്ടുണ്ടെന്നും അതിര്‍ത്തിസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 130 കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് യു.എസ്. പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ മെക്‌സിക്കന്‍, കനേഡിയന്‍ സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ട്രംപ് 30 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ട്രംപിന്റെ നിബന്ധനകള്‍ക്ക് വഴങ്ങി അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം സമ്മതിച്ചതും ഇളവുനല്‍കാന്‍ കാരണമായി.