വാഷിങ്ടൺ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയ്ക്കെതിരെ ഉപയോഗിക്കാനായി യുക്രൈന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയോട് ഫോണിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
'വൊളോദിമിർ, നിങ്ങൾക്ക് മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?' എന്ന് ട്രംപ് ഫോണിൽ സെലെൻസ്കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. അമേരിക്ക ആയുധങ്ങൾ തന്നാൽ തങ്ങൾക്ക് അതിന് തീർച്ചയായും കഴിയുമെന്ന് സെലെൻസ്കി മറുപടി പറഞ്ഞതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിനുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപ് സെലെൻസ്കിയെ വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയോടുള്ള തന്റെ നിലപാട് മാറ്റത്തിന്റെ ഉദ്ദേശ്യം റഷ്യയെ വേദനിപ്പിക്കുക എന്നതാണെന്നും തുടർന്ന് ചർച്ചയ്ക്ക് നിർബന്ധിക്കുക എന്നതാണെന്നും ട്രംപ് സൂചന നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പറയുന്നു.
യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെതിരേ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് 50 ദിവസത്തെ സമയപരിധി നൽകിയ ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത പക്ഷം 100 ശതമാനം ഉപരോധം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
യുക്രൈന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' മിസെലുകൾ അമേരിക്ക നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുതിനെന്നും എന്നാൽ, തൊട്ടുപിന്നാലെ എല്ലാവരെയും അയാൾ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് വിമർശിച്ചു. റഷ്യൻ നിലപാടിനോട് കടുത്ത നിരാശ പ്രകടിപ്പിച്ച ട്രംപ് യുക്രൈന് സൈനികസഹായം നൽകുന്നതിനായി നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (നാറ്റോ) ഒരു കരാറും രൂപവത്കരിച്ചിട്ടുണ്ട്.
മൂന്നുവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ സംഘർഷത്തിന് ഇനിയും അറുതിയായിട്ടില്ല. അടുത്തിടെ ഇത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടർന്നാണ് ട്രംപ് യുക്രൈന് ആയുധം നൽകുന്നടക്കമുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
Content Highlights: Trump gives Putin 50-day ultimatum, considers sanctions. New military aid for Ukraine
Published: 15 Jul 2025, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented