റോഡ് ഐലൻഡ്: അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിലെ വെടിവെയ്പ്പിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന പോർച്ചുഗീസ് പൗരൻ ക്ലോഡിയോ നെവെസ് വാലന്റിനെ (48) കുറിച്ച് പോലീസിന് വിവരം ലഭിച്ചത് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പട്ട ഒരു പോസ്റ്റിൽ നിന്ന്. പോസ്റ്റിൽ വ്യക്തിയുടെ യൂസർനെയിം ഒഴിവാക്കിയിരിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ താൻ കണ്ടുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്ക്ക് എത്തിയത്. എന്നാൽ, പോലീസ് വളഞ്ഞതോടെ വാലന്റ് ആത്മഹത്യ ചെയ്യുകയായിരുന്നു. ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയിലാണ് ഇയാളെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
കാമ്പസിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അസീസ് ഉമർസോക്കോവ്, അലബാമ സ്വദേശിനി എല്ല കുക്ക് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ആക്രമണം കൂടാതെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസർ നൂനോ ലോറെയ്റോയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൊലപ്പെടുത്തിയതിന് പിന്നിലും വാലന്റ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ മുൻ ഫിസിക്സ് വിദ്യാർഥിയായിരുന്നു ഇയാൾ.
വെടിവെപ്പ് കഴിഞ്ഞ ഉടനെ തന്നെ റെഡ്സിറ്റിലെ പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. 'ഗൗരവകരമായ ഒരു കാര്യം പറയുകയാണ്. ഫ്‌ളോറിഡയിലെ നമ്പർ പ്ലേറ്റുകളുള്ള ഒരു ഗ്രേ നിസ്സാൻ, ഒരുപക്ഷേ വാടകയ്ക്ക് എടുത്തതായിരിക്കാം. അതാണ് അയാൾ ഓടിച്ചിരുന്നത്. പോലീസ് പരിശോധിക്കണം. റോഡ് ഐലൻഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ പിന്നിലെ ചെറിയ ഷെഡിന് മുന്നിൽ കാർ പാർക്ക് ചെയ്തിരുന്നു. കീ ഫോബ് ഉപയോഗിച്ച് കാർ തുറന്നു. പിന്നീട് എന്തോ ഒന്ന് അയാളെ പിന്തിരിപ്പിച്ചു. കാർ വീണ്ടും ലോക്ക് ചെയ്തു. അത് വിചിത്രമായി തോന്നി. ഞാൻ കാറിനടുത്തേക്ക് പോയി നോക്കിയപ്പോൾ ഫ്‌ളോറിഡയിൽ രജിസ്റ്റർ ചെയ്ത നമ്പർ പ്ലേറ്റ് കണ്ടു, ഇതായിരുന്നു റെഡ്ഡിറ്റിലെ കുറിപ്പ്.
റെഡ്ഡിറ്റിലെ ഈ പോസ്റ്റിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി വീഡിയോകൾ പരിശോധിച്ചു. അതിൽ നിന്നും ഗ്രേ/ബ്ലൂ നിസ്സാൻ സെഡാൻ കണ്ടെത്തി. റെഡ്ഡിറ്റ് പോസ്റ്റ് ചെയ്തയാൾ നൽകിയ വിവരങ്ങൾ സത്യമാണെന്ന് സ്ഥിരീകരിക്കാനായി.
അതിനുശേഷം ഡിസംബർ 17ന് പോലീസിനെ ഒരു വ്യക്തി സമീപിച്ചു. ജോൺ എന്നാണ് പോലീസ് അയാളെ വിശേഷിപ്പിച്ചത്. യഥാർഥ പേര് പുറത്ത് വിട്ടിട്ടില്ല. ഡിസംബർ 13, 2025ന് ബാരസ് ഹോളി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ശുചിമുറിയിൽ പ്രതിയെ കണ്ടുമുട്ടിയതായി ജോൺ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിയുടെ വസ്ത്രധാരണം കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ ശ്രദ്ധിച്ചു. പാന്റും ഷൂസും റെസ്റ്റോറന്റിലെ തൊഴിലാളികളുടെയോ ശൈലിയിലുള്ളതായിരുന്നു. മുഖത്തിന്റെ താഴ്ഭാഗം മുഴുവൻ മറക്കുന്ന വിധത്തിലുള്ള വലിയ മാസ്‌ക് ധരിച്ചിരുന്നു. പ്രതി കണ്ണട ധരിച്ചിരുന്നു. കണ്ണുകൾ തവിട്ടുനിറമായിരുന്നുവെന്നും വണ്ണമുള്ള മുഖമായിരുന്നുവെന്നും ജോൺ പറഞ്ഞു. അയാളുടെ ശരീരഭാഷ കണ്ടപ്പോൾ സംശയം തോന്നി. കെട്ടിടത്തിൽ നിന്ന് പാർക്കിംഗ് ലോട്ടിലേക്ക് ഇറങ്ങിയ പ്രതിയെ താൻ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്തു
ഫ്‌ളോറിഡ രജിസ്‌ട്രേഷൻ പ്ലേറ്റുള്ള ഒരു ചാരനിറമുള്ള സെഡാനിന് അടുത്തേക്ക് അയാൾ നടന്നു. കീ ഫോബ് ഉപയോഗിച്ച് കാർ തുറക്കുകയും പിന്നീട് അടക്കുകയും ചെയ്തു. പെട്ടന്ന് പ്രതി എതിർ ദിശയിലേക്ക് നടന്നു. അയാളെ നേരത്തേ പരിചയമുള്ളത് പോലെ താൻ നോക്കി. കാറിന് അടുത്തേക്ക് താൻ നടന്നപ്പോൾ യാത്രക്കാരുടെ സീറ്റിൽ രണ്ട് ബാഗുകൾ കണ്ടു. അയാൾ വീണ്ടും വരുമെന്ന് കരുതി താൻ അതേ ബ്ലോക്കിൽ തന്നെ നിലയുറപ്പിച്ചു. അതിനിടെ പ്രതി അവിടേക്ക് വരികയും തന്നെ കണ്ടപ്പോൾ ദിശ മാറി നടക്കുകയും ചെയ്തു. താനും നടക്കാൻ ആരംഭിച്ചു. ഏതോ ഒരു ഘട്ടത്തിൽ ജോർജ്ജ് സ്ട്രീറ്റിൽ പ്രതിയുമായി കണ്ടുമുട്ടി.
അപ്പോൾ അയാൾ എതിർ ദിശയിലേക്ക് ഓടി. അയാളെ താൻ പിന്തുടർന്നു. പ്രതിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ 'നിങ്ങളുടെ കാർ അവിടെയുണ്ട്, എന്തിനാണ് ബ്ലോക്ക് ചുറ്റി വരുന്നത്?' എന്ന് ചോദിച്ചു. 'നിങ്ങളെ എനിക്ക് അറിയില്ല, എന്തിനാണ് ഉപദ്രവിക്കുന്നത്?' എന്ന് അയാൾ ചോദിച്ചു.
സംസാരശൈലിയിൽ നിന്ന് അയാൾ 'ഹിസ്പാനിക്' ആണെന്ന് തോന്നി. പ്രതി തന്റെ കാറിനടുത്തേക്ക് ഒരിക്കൽ കൂടി നടന്നക്കുന്നതായി കണ്ടു. അതിനുശേഷം യാതൊരു കൂടിക്കാഴ്ചയും ഉണ്ടായില്ലെന്നും ജോൺ പറഞ്ഞു.
ജോൺ നൽകിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ന്യൂ ഹാംഷെയറിൽ വെച്ച് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. പ്രതി മരിച്ചതോടെ നിലവിൽ പൊതുജനങ്ങൾക്കുള്ള സുരക്ഷാ ഭീഷണി അവസാനിച്ചതായി പ്രൊവിഡൻസ് പൊലീസ് അറിയിച്ചു.
എങ്കിലും ആക്രമണത്തിന് പിന്നിലെ കൃത്യമായ പ്രേരണയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Content Highlights: Brown University shooting suspect Claudio Neves Valentim died by suicide. A Reddit post provided crucial clues leading to his capture. Learn more.
Published: 21 Dec 2025, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented