ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങി ബോറിസ് ജോണ്‍സണ്‍. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രിസഭയില്‍നിന്ന് വലിയതോതില്‍ അംഗങ്ങള്‍ രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയലിന് ജോണ്‍സണ്‍ നിര്‍ബന്ധിതനായത്. 

To advertise here,

കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാരാണ് രാജിവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും അദ്ദേഹം ഒഴിയുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നിരവധി അഴിമതിയാരോപണങ്ങൾ നേരിടുന്ന ബോറിസ് ജോൺസൺ അധികാരത്തിലിരിക്കാൻ യോഗ്യനല്ലെന്ന വാദം സ്വന്തം പാളയത്തിൽ നിന്നുതന്നെ ഉയരുന്നുണ്ട്. 2019-ലാണ് വമ്പന്‍ ഭൂരിപക്ഷത്തോടെ ജോണ്‍സണ്‍ അധികാരത്തിലെത്തിയത്.

'പാർട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.

ഈ വിവാദങ്ങളുടെ അലയൊലി അടങ്ങുന്നതിന് പിന്നാലെയാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്.  ഇതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയിൽനിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. മന്ത്രിമാരെക്കൂടാതെ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച മുപ്പതോളംപേർ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചർ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാൽ ബോറിസ് ജോൺസൺ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.