റിയോ ഡെ ജനിീറോ: കോവിഡിനെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഘടകപദാര്‍ഥങ്ങള്‍ അയച്ചു തന്ന ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍. 

To advertise here,

"ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് നടത്തിയ സംഭാഷണത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. കോവിഡ് രോഗികളെയും മലേറിയ ആര്‍ത്രൈറ്റിസ് രോഗികളെയും ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും." ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ പറഞ്ഞു.

ബ്രസീല്‍ ജനതയെ സമയോചിതമായി സഹായിച്ച ഇന്ത്യന്‍ ജനതക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ അവസരത്തില്‍ താന്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും ബ്രസീല്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കോവിഡ് രോഗത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ മരുന്ന് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ സഹായം തേടി അമേരിക്ക, ബ്രസീല്‍, ശ്രീലങ്ക തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ മുന്നോട്ടു വന്നത്.

ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്നാവശ്യപ്പെട്ട കൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോ കത്തെഴുതിയിരുന്നു. 

ഹൈഡ്രോക്സി ക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു. തുടര്‍ന്നാണ് ഹനുമാന്‍ പരാമര്‍ശവുമായി ബ്രസീലിയന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. 

കോവിഡ് 19-ന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞമാസം 25 മുതല്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയത്.  ഇന്ത്യയാണ് ഇത് ഏറ്റവും കൂടുതല്‍ നിര്‍മിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനകം 20 രാജ്യങ്ങളാണ് മരുന്നിന്റെ ആവശ്യക്കാരായി എത്തിയത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

content highlights: Brazil President thanks India and Modi for the timely help on hydroxychloroquine