വാഷിങ്ടൺ: അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകൾ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അന്തരിച്ച വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കൽ നിന്നുള്ള ഇമെയിലുകൾ ആസ്പദമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ഗേറ്റ്സിന് ലൈംഗികരോഗം ബാധിച്ചുവെന്നും, ഇത് തന്റെ ഭാര്യ മെലിൻഡ അറിയാതെ ചികിത്സിക്കാൻ രഹസ്യമായി ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടുവെന്നുമാണ് ഈ രേഖകൾ അവകാശപ്പെടുന്നത്.
'ദി സൺ', 'ഡെയ്ലി മെയിൽ' എന്നീ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2013 ജൂലൈ മാസത്തിൽ എപ്സ്റ്റീൻ തനിക്ക് തന്നെ അയച്ച ഇമെയിലുകളിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഗേറ്റ്സിന്റെ തീരുമാനത്തിൽ എപ്സ്റ്റീൻ അങ്ങേയറ്റം അതൃപ്തനായിരുന്നുവെന്നും, തന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകൾക്കായുള്ള അഭ്യർത്ഥനയും അടങ്ങിയ ഇമെയിലുകൾ ഡീലീറ്റ് ചെയ്യാൻ ഗേറ്റ്സ് ആവശ്യപ്പെട്ടുവെന്നും ഇതിൽ ആരോപിക്കുന്നു. എപ്സ്റ്റീൻ അയക്കാതെ സൂക്ഷിച്ച കത്തുകളുടെ ഡ്രാഫ്റ്റുകളാണ് ഈ രേഖകളിലധികവും.
ഗേറ്റ്സിന്റെ മുൻ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും ഈ രേഖകളിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളിൽ നിക്കോളിക് വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്സിന് വേണ്ടി മരുന്നുകൾ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിർബന്ധിതനായെന്നും എപ്സ്റ്റീൻ തന്റെ കുറിപ്പുകളിൽ അവകാശപ്പെടുന്നു.
അതേസമയം, ഈ ആരോപണങ്ങൾ പൂർണ്ണമായും അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ബിൽ ഗേറ്റ്സിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും ഗേറ്റ്സിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളിൽ കാണുന്നതെന്ന് വക്താവ് വ്യക്തമാക്കി.
Content Highlights: New US DOJ files reveal Jeffrey Epstein`s alleged emails claiming Bill Gates contracted an STD and sought antibiotics for Melinda. Gates denies claims.
Published: 31 Jan 2026, 07:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented