ഇസ്ലാമാബാദ്: പാകിസ്താന്റെ ശത്രു പാകിസ്താൻ തന്നെയെന്ന് സ്വന്തം അനുഭവത്തിലൂടെ വിശദമായി സിങ്കപ്പുർ മുൻ നയതന്ത്ര പ്രതിനിധി ബിലഹരി കൗശികൻ. 1991-ൽ സിങ്കപ്പുർ എയർലൈൻസ് വിമാനം പാകിസ്താൻ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഓർമളിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. അന്ന് പ്രതിസന്ധി പരിഹരിക്കാൻ മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, അവർ ഉറങ്ങുകയാണെന്നും ശല്യം ചെയ്യാൻ കഴിയില്ല എന്നുമുള്ള മറുപടിയാണ് ലഭിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

To advertise here,

പാകിസ്താനിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയെയും അവിടുത്തെ ഫ്യൂഡൽ സ്വഭാവത്തെയും വിമർശിക്കാനാണ് അദ്ദേഹം ഈ ഉദാഹരണം ഉയർത്തിക്കാട്ടിയത്. വെള്ളിയാഴ്ച നടന്ന ഒരു ആഗോള സമ്മേളനത്തിൽ പാകിസ്താന്റെ മിക്ക പ്രശ്‌നങ്ങളും ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തികളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന ഒരു പാകിസ്താൻ പത്രപ്രവർത്തകന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.പാകിസ്താൻ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികൾക്ക് കാരണം അവിടുത്തെ ഭരണാധികാരികളുടെയും സൈന്യത്തിന്റെയും പരാജയമാണെന്ന് അദ്ദേഹം തന്റെ ഉദാഹരണത്തിലൂടെ വാദിച്ചു.

പാകിസ്താനിലെ രാഷ്ട്രീയ നേതാവിന്റെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ, വിമാനം തട്ടിക്കൊണ്ടുപോയ ഭീകരരെ സിങ്കപ്പുർ കമാൻഡോകൾ വധിച്ചതോടെയാണ് അന്ന് ആ നാടകീയ സംഭവങ്ങൾ അവസാനിച്ചത്. പാകിസ്താനിലെ രാഷ്ട്രീയക്കാർ നേരംപോക്കിന് വേണ്ടി മാത്രമുള്ളവരാണ് എന്ന കടുത്ത വിമർശനമാണ് അദ്ദേഹം ഈ സംഭവത്തിലൂടെ മുന്നോട്ടുവെച്ചത്. പാകിസ്താൻ ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യമാണെന്നും, അതുകൊണ്ടുതന്നെ പാകിസ്താനിൽ നടക്കുന്ന പല പ്രശ്‌നങ്ങൾക്കും കാരണം ഭൂമിശാസ്ത്രപരമായി ഈ രാജ്യങ്ങളുടെ നടുവിലായിപ്പോയതാണെന്നും ആയിരുന്നു പാക് മാധ്യമപ്രവർത്തകന്റെ വാദം.

പിന്നാലെയാണ് കൗശികൻ പാക് തീവ്രവാദികൾ 1991-ൽ സിങ്കപ്പുർ എയർലൈൻസ് വിമാനം റാഞ്ചിയ സംഭവം ഓർത്തെടുത്തത്. പാകിസ്താന്റെ പ്രതിസന്ധികൾ ഭൂരിഭാഗവും നേതാക്കളുടെയും സൈന്യത്തിന്റെയും കെടുകാര്യസ്ഥത മൂലം സ്വയം വരുത്തിവെച്ചതാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 'എല്ലാ കാര്യത്തിനും പാകിസ്താന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. അതൊരു ഒഴികഴിവ് മാത്രമാണ്. പാകിസ്താൻ അതിന്റെ തുടക്കം മുതൽ ഭയങ്കരമായി ദുർഭരണം ചെയ്യപ്പെടുകയാണ്. ആ രാജ്യത്തെ രാഷ്ട്രീയക്കാർ സമയം മെനക്കെടുത്താൻ വേണ്ടി മാത്രമുള്ളവരാണ്, അതിൽ പാർട്ടി വ്യത്യാസമൊന്നുമില്ല.. അവരെല്ലാം അങ്ങനെയാണ്. സൈന്യവും ഈ പ്രശ്‌നത്തിന്റെ വലിയൊരു ഭാഗമാണ്.' അദ്ദേഹം പറഞ്ഞു.

പിന്നാലെ അദ്ദേഹം തന്റെ വാദത്തെ സാധൂകരിക്കാനുള്ള ഉദാഹരണം വിശദീകരിച്ചു; 1991 മാർച്ച് 26-ന്, സിങ്കപ്പുർ എയർലൈൻസ് വിമാനം (SQ117) മലേഷ്യയിലെ ക്വാലാലംപുർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഉടൻ നാല് പാകിസ്താൻ ഭീകരർ അതിനെ റാഞ്ചി. 114 യാത്രക്കാരും 11 ജീവനക്കാരുമായി വിമാനം സിങ്കപ്പുരിലെ ചാംഗി വിമാനത്താവളത്തിൽ ഇറങ്ങി. ഭീകരർ യാത്രക്കാരെ ബന്ദികളാക്കി വെച്ചു. വിമാനത്തിൽ മദ്യം തളിക്കുകയും തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് സിങ്കപ്പുർ വിദേശകാര്യ സർവീസിൽ സേവനമനുഷ്ഠിച്ചിരുന്ന കൗശികനെയാണ് റാഞ്ചികളുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയത്.

'അവർ അത്ര നല്ല വിമാനം റാഞ്ചികൾ ആയിരുന്നില്ല, കാരണം വിമാനം റാഞ്ചപ്പെടുമ്പോൾ രഹസ്യ പരിശോധന നടത്തുന്നതിനായി എല്ലാ വിമാനത്താവളങ്ങളും മുൻകൂട്ടി തയ്യാറാക്കുന്ന ഒരു സ്ഥലമുണ്ട്. കൃത്യമായി ആ സ്ഥലത്തുതന്നെ റാഞ്ചിയ വിമാനം പാർക്ക് ചെയ്യാൻ അവർ ഞങ്ങളെ അനുവദിച്ചു. അതിനാൽ ഞങ്ങൾക്ക് കാര്യങ്ങൾ ശരിയാക്കാനും വിമാനത്തിനുള്ളിലെ അവസ്ഥ എന്താണെന്ന് കൃത്യമായി പരിശോധിക്കാനും കഴിഞ്ഞു.' റഷ്യയിലെയും ഫിൻലൻഡിലെയും സിങ്കപ്പുർ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള കൗശികൻ പറഞ്ഞു. 'അന്ന് അധികാരത്തിൽ ഇല്ലാതിരുന്ന ബേനസീർ ഭൂട്ടോയുമായി സംസാരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു എന്നതൊഴിച്ചാൽ, അവരുടെ ആവശ്യം എന്താണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലായിരുന്നു.' അദ്ദേഹം പറഞ്ഞു.

2007-ൽ റാവൽപിണ്ടിയിൽ വെച്ച് കൊല്ലപ്പെടുന്നതിന് മുമ്പ് ഭൂട്ടോ രണ്ട് തവണ പാകിസ്താൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991-ൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു. 'ഈ സംഭവം നടക്കുന്ന സമയത്ത് ഭൂട്ടോ ഇസ്ലാമാബാദിൽ അല്ലായിരുന്നു. അവർ സിന്ധിലെ തന്റെ കുടുംബ എസ്റ്റേറ്റിലായിരുന്നു. അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുക എന്നത് ടീമിലെ അംഗം എന്ന നിലയിൽ എന്റെ കടമയായിരുന്നു.' കൗശികൻ ഓർത്തെടുത്തു. കൊണ്ടുപിടിച്ച ശ്രമങ്ങൾക്കൊടുവിൽ, ഒടുവിൽ അന്നത്തെ പാകിസ്താൻ ഹൈക്കമ്മീഷണറുടെ സഹായത്തോടെ ഭൂട്ടോയുടെ വസതിയിലെ നമ്പർ സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അപ്പോൾ അർധരാത്രി കഴിഞ്ഞ് പുലർച്ചെ മൂന്ന് മണിയായിരുന്നു സമയം.' അദ്ദേഹം പറഞ്ഞു.

എന്നാൽ അവിടെയും നിരവധി തടസ്സങ്ങൾ കൗശികനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ സമയം ഭൂട്ടോയുടെ വസതിയിൽ ഉണ്ടായിരുന്നവരിൽ മിക്കവാറും ആർക്കും ഉർദു അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയില്ലെന്ന് അദ്ദേഹം ഉടൻ തന്നെ മനസ്സിലാക്കി. 'അവിടെ ഉർദു അല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നായി എന്റെ അടുത്ത അന്വേഷണം. കാരണം, ഞങ്ങളുടെ ടീമിൽ ആർക്കും ഉർദു അറിയില്ലായിരുന്നു. ഒടുവിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ഒരാളെ എനിക്ക് ലഭിച്ചു. അയാൾ ബൂട്ടോയുടെ വീട്ടിലെ ജോലിക്കാരനോ അല്ലെങ്കിൽ ആ വീട്ടിലെ മറ്റാരെങ്കിലുമോ ആയിരുന്നിരിക്കാം. അയാൾ ആരാണെന്ന് എനിക്ക് കൃത്യമായി അറിയില്ല.' കൗശികൻ പറഞ്ഞു.

'വിമാനം റാഞ്ചലിനെക്കുറിച്ചും അതിനുള്ളിൽ ബന്ദികളാക്കപ്പെട്ടവരെ കുറിച്ചും ബേനസീർ ഭൂട്ടോയോട് സംസാരിക്കണം എന്ന ഭീകരരുടെ ആവശ്യത്തെക്കുറിച്ചും ഞാൻ അയാളോട് രണ്ടുമൂന്നു തവണ ആവർത്തിച്ച് വിശദീകരിച്ചു. ബേനസീർ ഭൂട്ടോയോട് സംസാരിക്കാൻ കഴിഞ്ഞാൽ കീഴടങ്ങാൻ തയ്യാറാണെന്ന് റാഞ്ചികൾ അറിയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം, അവർ വിമാനത്തിലുള്ള യാത്രക്കാരെ കൊന്നുതുടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും ഞാൻ അയാളോട് പറഞ്ഞു. എന്നാൽ അയാളുടെ മറുപടി തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്ന് കൗശികൻ പറയുന്നു. ''മാഡം ഉറങ്ങുകയാണ്, ശല്യം ചെയ്യാൻ കഴിയില്ല' എന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. തൊട്ടടുത്ത നിമിഷം അദ്ദേഹം കോൾ കട്ട് ചെയ്തു.' നയതന്ത്രജ്ഞൻ പറഞ്ഞു. 

ചർച്ചകൾ വഴിമുട്ടിയതോടെ, ഇരുട്ടിന്റെ മറവിൽ വിമാനത്തിൽ ആക്രമണം നടത്താൻ സിങ്കപ്പുർ കമാൻഡോകളെ നിയോഗിക്കാൻ തീരുമാനമായി. സൈന്യം വിമാനത്തിന്റെ വാതിലുകൾ സ്‌ഫോടനത്തിലൂടെ തകർക്കുകയും സ്റ്റൺ ഗ്രനേഡുകൾ വിമാനത്തിനുള്ളിലേക്ക് എറിയുകയും ചെയ്തു. അധികം വൈകാതെ തന്നെ എല്ലാ ഭീകരരും കൊല്ലപ്പെട്ടു. 'യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു. എന്നാൽ ആ ഭീകരർ എന്തിനാണ് വിമാനം റാഞ്ചിയത്, യഥാർത്ഥത്തിൽ എന്താണ് വേണ്ടിയിരുന്നതെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ഇനി അത് ഒരിക്കലും അറിയാനും കഴിയില്ല, കാരണം അവരെല്ലാവരും മരിച്ചു.' അദ്ദേഹം പറഞ്ഞു.

അന്ന് വിമാനം റാഞ്ചിയവർ ഭൂട്ടോയുടെ സ്വന്തം പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽ (പിപിപി) നിന്നുള്ളവരാണ് എന്ന തരത്തിൽ പിന്നീട് പല വാർത്തകളും പുറത്തുവന്നു. അങ്ങനെയല്ല, പാകിസ്താനിൽ ജയിലിലായ പലരെയും മോചിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഭീകരർ വിമാനം റാഞ്ചിയതെന്നും പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ അവകാശപ്പെട്ടു. എന്തായാലും പാകിസ്താൻ സമൂഹത്തിന്റെ ഫ്യൂഡൽ സ്വഭാവമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് കൗശികൻ ചൂണ്ടിക്കാട്ടി. 'പാകിസ്താനിൽ നിങ്ങൾക്ക് വളരെ ഫ്യൂഡലിസ്റ്റിക് ആയ ഒരു സമൂഹമുണ്ട് എന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.' അദ്ദേഹം ആരോപിച്ചു.

പാകിസ്താൻ രാഷ്ട്രീയക്കാർക്കെതിരെയുള്ള തന്റെ വിമർശനത്തെ സാധൂകരിക്കാനാണ് കൗശികൻ ഈ സംഭവം പങ്കുവെച്ചത്. 'നിങ്ങളുടെ വരേണ്യവർഗം (elites) ആധുനികമാണ്. എന്നാൽ ആരെങ്കിലും തങ്ങളുടെ തല വെട്ടിയെടുക്കുമെന്ന് പേടിയുള്ളതിനാൽ തന്നെ രാജ്യത്തിന് പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനോ ശക്തമായ നിലപാടുകൾ എടുക്കാനോ അവർക്ക് ധൈര്യമില്ല.' കൗശികൻ കൂട്ടിച്ചേർത്തു.