ന്യൂഡൽഹി/ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമത്തിൽ മരുന്നുകടയും മൊബൈൽ ബാങ്കിംഗ് ബിസിനസ്സും നടത്തിയിരുന്നയാളാണ് ഖോകൻ ദാസ്. ഡിസംബർ 31 ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണമുണ്ടായത്. അക്രമികൾ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തലയിലും മുഖത്തും വ്യാപിച്ച തീ അണയ്ക്കാൻ ഖോകൻ ദാസ് ഒരു കുളത്തിലേക്ക് ചാടി. ബഹളം കേട്ടെത്തിയ സമീപവാസികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകായായിരുന്നു. അപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു.

To advertise here,

അയൽക്കാരിൽ ആരുമായും കുടുംബത്തിന് ശത്രുതയില്ലാത്തതിനാൽ ഭർത്താവിനെ എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി ആക്രമിച്ചതെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് ഒരു വിഷയത്തിലും ആരുമായും തർക്കങ്ങളില്ല. എന്റെ ഭർത്താവിനെ എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി ലക്ഷ്യമിട്ടതെന്ന് ഞങ്ങൾക്കറിയില്ല,' ഖോകൻ ദാസിന്റെ ഭാര്യ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഷെയ്ഖ് ഹസീന സർക്കാറിനെ അട്ടിമിറിച്ച് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ വന്നതോടെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ബംഗ്ലാദേശിൽ വർദ്ധിച്ചുവരികയാണ്. യൂനുസിനൊപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ, നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത് നേരെ മറിച്ചാണെന്ന് മനുഷ്യാവാകശ സംഘടനകൾ ആരോപിച്ചു.

കഴിഞ്ഞ മാസം ദീപു ചന്ദ്ര ദാസ് എന്ന യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരുന്നു. മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായിരുന്നു ഇയാൾ. മതനിന്ദ ആരോപിച്ചാണ് ഫാക്ടറിക്ക് പുറത്ത് വെച്ച് ആൾക്കൂട്ടം യുവാവിനെ അടിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയും ചെയ്തത്. ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. മതനിന്ദയല്ല അക്രമത്തിന് കാരണമെന്നും ഫാക്ടറിയിലെ തൊഴിൽതർക്കമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്ബരി ജില്ലയിൽ മറ്റൊരു യുവാവും ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായി. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.