ഫെബ്രുവരി 12ന് നടന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻഭൂരിപക്ഷം ഉറപ്പിച്ചതോടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് സിയാ റഹ്‌മാൻ പ്രധാനമന്ത്രിയാകുമെന്ന് മിക്കവാറും ഉറപ്പായിരിക്കുന്നു. രണ്ടാമതെത്തിയ ജമാ അത്തെ ഇസ്ലാമി പരാജയം ഏറെക്കുറെ അംഗീകരിച്ച മട്ടാണ്. എങ്കിലും തകർന്ന രാജ്യത്തെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരുക അദ്ദേഹത്തിന് എളുപ്പമാവില്ല.

To advertise here,

60 വയസ്സുള്ള താരിഖ് യുകെയിലെ 17 വർഷത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തിയത് മാസങ്ങൾക്ക് മുമ്പു മാത്രമാണ്. പതിനെട്ടുവർഷം കൊണ്ട് ബംഗ്ലാദേശും ലോകവും ഏറെ മാറിപ്പോയിരിക്കുന്നു. തകർന്നടിഞ്ഞ സമ്പദ്​വ്യവസ്ഥ, തീവ്രവാദാനുകൂല സംഘടനകളുടെ ശക്തിപ്പെടൽ, വിദേശശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകൾ, ഇന്ത്യയുമായുള്ള ബന്ധം വഷളായത്, ബംഗാൾ ഉൾക്കടലിലെ മേധാവിത്വത്തിനു വേണ്ടി വൻശക്തികളുടെ കടിപിടി, രോഹിംഗ്യാ പ്രശ്നം, അരാക്കാൻ ആർമി, ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളെ നിയന്ത്രിക്കാനാകാത്തത്... മാർട്ടിൻ ലൂഥർ കിങിന്റെ പ്രശസ്തമായ 'എനിക്കൊരു സ്വപ്നമുണ്ട്' പ്രസംഗത്തിന്റെ ശൈലിയിൽ 'ബംഗ്ലാദേശിനായി എനിക്കൊരു പദ്ധതിയുണ്ട്' എന്നു വളരെ പ്രതീക്ഷാനിർഭരമായി സംസാരിച്ചു തുടങ്ങിയ താരിഖിന് മുന്നോട്ടുള്ള പോക്ക് ഒട്ടും സുഗമമല്ല.

തങ്ങളുമായി ഏതാണ്ട് 4,000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. യൂനുസ് ഭരണകൂടം പൊതുവെ ഇന്ത്യയോട് ശത്രുതാപരമായ മനോഭാവമാണ് കാട്ടിയത്. ഇന്ത്യക്ക് ഉത്കണ്ഠയുണ്ടാക്കുന്ന ഏറ്റവും വലിയ സാധ്യത പാകിസ്ഥാനും ചൈനയും ബംഗ്ലാദേശും ചേർന്ന അച്ചുതണ്ട് രൂപപ്പെടാനുള്ള സാധ്യതയാണ്. മുമ്പത്തേക്കാൾ പാകതയോടെ സംസാരിക്കുന്ന താരിഖ് സിയ ഇന്ത്യ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളോട് സമദൂരം പാലിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃതകുടിയേറ്റം തുടരുന്നതും വ്യാപാരബന്ധങ്ങളിലെ തകർച്ചയും അവിടത്തെ ഹിന്ദുസമൂഹം നേരിടുന്ന അതിക്രമങ്ങൾ ഇന്ത്യയിലുണ്ടാക്കുന്ന പ്രതിഷേധവും (കഴിഞ്ഞ 45 ദിവസത്തിനിടെ രാജ്യത്ത് 15 ഹിന്ദുക്കൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്) തീസ്താ നദീജലം പങ്കിടലും യൂനുസ് സർക്കാർ പാകിസ്താനുമായി ബന്ധം പുനസ്ഥാപിച്ചതും അതിർത്തിപ്രശ്നങ്ങളും ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കാത്തതിനെ ചൊല്ലി ബംഗ്ലാദേശിൽ പരക്കെയുള്ള ഇന്ത്യാവിരുദ്ധ വികാരവുമൊക്കെ ഇരുരാജ്യവും തമ്മിലുള്ള ബന്ധങ്ങൾക്കിടയിലെ മുള്ളുകളായി തുടരുകയാണ്.

എന്തായാലും ഇന്ത്യ അയൽരാജ്യവുമായി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. തിരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖിനെ അഭിനന്ദിച്ചു, ചൈനയ്ക്കും പാകിസ്താനും മുമ്പ്. ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ചതിന് താരിഖ് റഹ്‌മാനെ ഹൃദയപൂർവ്വം അഭിനന്ദിച്ച പ്രധാനമന്ത്രി 'ഈ വിജയം ബംഗ്ലാദേശ് ജനതയ്ക്ക് നിങ്ങളിലുള്ള വിശ്വാസത്തെ പ്രകടിപ്പിക്കുന്നു' എന്ന് എക്സിൽ കുറിച്ചു. ഇന്ത്യ 'ജനാധിപത്യപരവും പുരോഗമനപരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലാദേശിനെ' തുടർന്നും പിന്തുണക്കുമെന്ന് മോദി ഉറപ്പുനൽകി.

താരിഖിന്റെ വെല്ലുവിളികൾ

അതീവ ഗുരുതരാവസ്ഥയിലാണ് ബംഗ്ലാദേശിന്റെ സമ്പദ്​വ്യവസ്ഥ. നാണയപ്പെരുപ്പം ഒമ്പതു ശതമാനത്തിനടുത്താണ്, വിദേശനാണ്യശേഖരം വളരെ കുറവും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യൂനുസിന്റെ ഇടക്കാലസർക്കാർ ഒപ്പിട്ട യു.എസ്- ബംഗ്ലാദേശ് വ്യാപാരക്കരാർ അദ്ദേഹത്തിന് തലവേദനയാണ്. ഫെബ്രുവരി ഒമ്പതിന് ഒപ്പിട്ട കരാർ യുഎസിന് അന്യായമായ ആനുകൂല്യങ്ങൾ നൽകുന്ന വളരെ അസന്തുലിതമായ ഒന്നാണെന്ന് കരുതപ്പെടുന്നു. രാജ്യത്തിന്റെ വ്യാവസായിക, കാർഷിക, ക്ഷിരോത്പാദന മേഖലകൾ അമേരിക്കൻ കുത്തകകൾക്ക് തുറന്നു കൊടുത്തിരിക്കുകയാണ്. ഇത് ബംഗ്ലാദേശിലെ ഭക്ഷ്യസുരക്ഷയും ഗ്രാമീണ ഉപജീവനവും അപകടത്തിലാക്കുന്നതാണ്.

കരാർപ്രകാരം ബംഗ്ലാദേശ് വസ്ത്രങ്ങൾക്ക് പൂജ്യം നികുതിയാണെന്ന് പറഞ്ഞുനടക്കാൻ കൊള്ളാമെങ്കിലും അത്രയ്ക്ക് ആകർഷകമല്ല. യു.എസിൽ നിന്നും ഇറക്കുമതി ചെയ്ത പരുത്തിയോ നാരുകളോ ഉപയോഗിച്ച് നിർമിച്ച വസ്ത്രങ്ങൾക്കാണ് ഈ സൗജന്യം. നിശ്ചിതതോതിൽ മാത്രമേ യുഎസ്, വസ്ത്രങ്ങൾ വാങ്ങുകയുമുള്ളൂ. അമേരിക്കയിൽ നിന്നും അസംസ്‌കൃത സാധനങ്ങൾ കൊണ്ടുവരുന്ന കടത്തുകൂലി പുറമേയും! കരാർ പ്രകാരം പതിനാല് ബോയിംഗ് വിമാനങ്ങൾ വാങ്ങാനും വലിയതോതിൽ അമേരിക്കൻ എൽ.എൻ.ജി ഇറക്കുമതി ചെയ്യാാനും റഹ്‌മാൻ നിർബന്ധിതനാകും. ശൂന്യമായ ഖജനാവ് വെച്ച് ഇത്തരം വലിയ സാമ്പത്തികബാധ്യതകൾ ഏറ്റെടുക്കുന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകും. എന്തായാലും, വ്യാപാരക്കരാർ പുനപ്പരിശോധിക്കാൻ പുതിയ പ്രധാനമന്ത്രി നിർബന്ധിതമായേക്കും.

താരിഖ് സിയ റഹ്‌മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ജൂലായ് നാഷണൽ ചാർട്ടർ തന്നെയാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുന്നോട്ടുവെച്ച ഈ ചാർട്ടർ, രാജ്യത്ത് വീണ്ടുമൊരു ഏകാധിപത്യഭരണം വരാതിരിക്കാൻ വേണ്ടിയ രൂപകൽപ്പന ചെയ്തതാണ്. പുതിയ നിയമങ്ങൾ പ്രകാരം പ്രധാനമന്ത്രിക്ക് ഏറെ നിയന്ത്രണങ്ങളുണ്ട്. രണ്ട് തവണയിൽ കൂടുതൽ പ്രധാനമന്ത്രി പദവി അലങ്കരിക്കാൻ കഴിയില്ല. പോരാത്തതിന് അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ ഉപരിസഭയക്കു കഴിയും. ആർട്ടിക്കിൾ 70 റദ്ദാക്കിയതോടെ സ്വന്തം പാർട്ടിയിലെ എം.പിമാരിൽ നിന്ന് നിരുപാധികപിന്തുണ അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. ഒരു സമവായ രാഷ്ട്രീയത്തിലേക്ക് മാറുന്നത് റഹ്‌മാന് വലിയ പരീക്ഷണമായിരിക്കും.

മറ്റൊന്ന് ലോകത്തെ മൂന്ന് വലിയ രഹസ്യാന്വേഷണ ഏജൻസികൾ (സിഐഎ, ഐഎസ്ഐ, റോ) തമ്മിലുള്ള പോരാട്ടത്തിന്റെ പ്രധാന വേദിയായി ധാക്ക മാറിയതിന്റെ പ്രത്യാഘാതങ്ങളാണ്. ബംഗ്ലാദേശിൽ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാൻ പാക് ചാരസംഘടനയായ ഐ.എസ്.ഐ നടത്തുന്ന ശ്രമങ്ങൾക്ക് പുത്തൻ ഊർജം കൈവന്നിരിക്കുന്നു. അതിന് സിഐഎയുടെ പിന്തുണയുണ്ട്. ശക്തമായ ഇന്ത്യാവിരുദ്ധവികാരവും മതതീവ്രവാദ നിലപാടുകളും പടരുന്ന കാലത്ത് ബംഗ്ലാ മണ്ണിൽ രാജ്യതാൽപ്പര്യം സംരക്ഷിക്കുന്ന ജോലി ഇന്ത്യൻ ചാരസംഘടന റോയ്ക്കും എളുപ്പമല്ല. തെക്കുകിഴക്കൻ അതിർത്തിയിൽ അരാക്കാൻ ആർമിക്കുണ്ടായ മേൽക്കൈ ബംഗ്ലാദേശ് സർക്കാരിന് തലവേദനയാണ്. രോഹിംഗ്യകളുടെ പുനരധിവാസത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ എന്തു നിലപാടെടുക്കുന്നതും ഞാണിൻമേൽകളിയാണ്.

ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയെ വിട്ടുതരണമെന്ന ആവശ്യം ബംഗ്ലാദേശ് സർക്കാരിന്റെ മേൽ വലിയ സമ്മർദമായി നിലനിൽക്കുന്നു. താരിഖിന് ജനതാൽപ്പര്യം അവഗണിക്കാനാവില്ലല്ലോ. ഇക്കാര്യത്തിൽ ബംഗ്ലാദേശ് സർക്കാരുമായി എന്ത് ഒത്തുതീർപ്പാണ് സാധ്യമാവുക എന്ന് ഇന്ത്യ തീർച്ചയായും ചിന്തിക്കുന്നുണ്ടാവണം. അതേസമയം, തിരഞ്ഞെടുപ്പിനെ 'വഞ്ചനാപരം' എന്ന് വിശേഷിപ്പിച്ച ഹസീന, 'വോട്ടർമാരില്ലാത്ത, നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും യൂനുസ് രാജിവെക്കുകയും ചെയ്യണമെന്ന്' ആവശ്യപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ അവാമി ലീഗിനെ മത്സരിക്കാൻ അനുവദിച്ചിരുന്നില്ല.

ഇന്ത്യയുടെ ഉൽക്കണ്ഠകൾ

ബിഎൻപി അധികാരത്തിലെത്തുന്നത് ഇന്ത്യയെ അത്ര ആശങ്കപ്പെടുത്തില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ താൽപര്യങ്ങളെ മാനിക്കുമെന്ന് താരിഖ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് ഇന്ത്യയുമായുള്ള ബന്ധവും വ്യാപാരവും അത്യന്താപേക്ഷിതമാണെന്ന ബോധ്യം താരിഖിനുണ്ട്. താരിഖ് സ്വീകരിക്കുന്ന പാക്, ചൈനാ നയങ്ങൾ എപ്രകാരമെന്ന് ഇന്ത്യ ഉറ്റുനോക്കുകയാണ്. ഇരുരാജ്യങ്ങൾക്കും ബംഗ്ലാദേശിൽ സൈനിക കാൽപ്പര്യങ്ങളുണ്ട്. പാകിസ്താനുമായുള്ള വ്യാപാര, പ്രതിരോധബന്ധങ്ങൾ അദ്ദേഹം ശക്തിപ്പെടുത്തിയേക്കാം. മോംഗ്ലാ തുറമുഖത്തിന്റെ നവീകരണം പോലുള്ള വലിയ അടിസ്ഥാനസൗകര്യ പദ്ധതികളിൽ ചൈനീസ് സാന്നിദ്ധ്യമുണ്ട്. തീസ്താ നദീജലം കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ സഹായിക്കാനും അവർ സന്നദ്ധത അറിയിച്ചത് ഇന്ത്യയെ അലോസരപ്പെടുത്തുന്നു.

ബംഗ്ലാദേശിന്റെ ചോരുന്ന അതിർത്തികൾ ഇന്ത്യയ്ക്ക് എന്നും തലവേദനയാണ്. ഹസീന സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യവസ്ഥയുണ്ടായിരുന്നു. അനധികൃത കടന്നുകയറ്റം, അതിർത്തി കൊലപാതകങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവ യൂനുസ് ഭരണകാലത്ത് വർദ്ധിച്ചു. 2024 ജൂലായ്ക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം ആയിരത്തിലധികം നുഴഞ്ഞുകയറ്റശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്ന ബംഗാളിലും അസമിലും അനധികൃതകുടിയേറ്റം പ്രധാന പ്രചാരണ വിഷയമാണ്. ഹസീന പുറത്താക്കപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങൾ കുത്തനെ വർധിച്ചത് ഇന്ത്യയിലും ചർച്ചാവിഷയമാണ്. രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് രണ്ടായിരത്തിലധികം ആക്രമണങ്ങൾ നടന്നുവെന്നും ആയിരക്കണക്കിന് ആളുകൾ ഒഴിഞ്ഞുപോകേണ്ടി വന്നതായും പറയുന്നു.

വിവാദപരമായ പശ്ചാത്തലം കാരണം 'ഇരുട്ടിന്റെ രാജകുമാരൻ' എന്ന് താരിഖിനെ വിളിക്കാറുണ്ട്. അമ്മ ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സർക്കാരിലെ അനൗദ്യോഗിക അധികാരകേന്ദ്രമായിരുന്നു താരിഖിന്റെ ആസ്ഥാനമായ ഹവാഭവൻ. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടാരമായിരുന്നു അത്. ഉൾഫ പോലുള്ള ഇന്ത്യാവിരുദ്ധ തീവ്രവാദി സംഘങ്ങൾക്കും ചില ഭീകരസംഘടനകൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു. പാകിസ്താനും ജമാഅത്തെ ഇസ്ലാമിയുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിനെതിരെ പ്രധാനമന്ത്രി ഹസീനയെ വധിക്കാനുള്ള ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ടു. 2008ൽ ലണ്ടനിലേക്ക് പലായനം ചെയ്ത താരിഖ് റഹ്‌മാനെ കോടതി 2018ൽ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇടക്കാല സർക്കാർ അധികാരത്തിൽ വന്ന ശേഷം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ശിക്ഷ റദ്ദാക്കുകയും ചെയ്തതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്.

രണ്ടാംവരവിൽ താരിഖ് സിയ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് ഹസീനയെപ്പോലെ ഇന്ത്യയുമായി യോജിച്ചുപോകാനിടയുണ്ടെന്ന് ദക്ഷിണേഷ്യാ നിരീക്ഷകനായ മൈക്കൽ കുഗൽമൻ പറയുന്നു. ഇന്ത്യയ്ക്കും അതിൽ താൽപ്പര്യമുണ്ട് എന്നതിന്റെ സൂചനയാണ് ഖാലിദാ സിയയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ജയശങ്കർ ധാക്ക സന്ദർശിച്ചതും മോദി താരിഖിനെ അഭിനന്ദിച്ചതും. മോദിയുടെ നല്ല വാക്കുകളെ ബിഎൻപി നേതാവും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഏകോപനസമിതി അധ്യക്ഷനുമായ നസ്രുൾ ഇസ്ലാം ഖാൻ സ്വാഗതം ചെയ്തു. 'ഞങ്ങളുടെ നേതാവ് താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൻ കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തമാകുമെന്ന് വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു. നേരത്തേ, താരിഖ് ഇന്ത്യയെ 'അനിവാര്യമായ അയൽരാജ്യം' എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തികസുരക്ഷാ കാരണങ്ങളാൽ ഇന്ത്യയുമായി ഏറ്റവും നല്ല ബന്ധം ആവശ്യമാണ്, എന്നാൽ പഴയ കരാറുകളിലെ അസന്തുലിതാവസ്ഥകൾ പരിഹരിക്കണമെന്നും ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള സന്തുലിത ബന്ധമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒരർത്ഥത്തിൽ ഇന്ത്യ ആഗ്രഹിച്ച വിജയമാണ് താരിഖിന്റേത്. ജമാ അത്തെ ഇസ്ലാമി ജയിച്ചിരുന്നെങ്കിൽ മൂക്കിനു താഴെ പാകിസ്താനും ചൈനയും തുർക്കിയുമായി അവർ ഇന്ത്യക്കെതിരെ ഒരുമിക്കുന്നത് ചിലപ്പോൾ കാണേണ്ടി വന്നേനെ. ഇനി, രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവും ആന്തരികവുമായ അരക്ഷിതാവസ്ഥയും നിയമവാഴ്ചയുടെ അഭാവവും പരിഹരിക്കാൻ താരിഖിന് കഴിയുമോ എന്നതാണ് കാണേണ്ടത്. ഇല്ലെങ്കിൽ രാജ്യം വീണ്ടും അസ്ഥിരമാവും. മേഖലയെ ആകെ അതുബാധിക്കും, ഇന്ത്യയെയും.