ധാക്ക: 1971 ല്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പാകിസ്താന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ബംഗ്ലാദേശ്. കൂടാതെ, പാകിസ്താന്‍റെ ഭാഗത്തുനിന്നും പരിഹരിക്കപ്പെടേണ്ട 'മുന്‍കാലപ്രശ്‌നങ്ങള്‍' ബംഗ്ലാദേശ്  ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. 15 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച നടന്ന വിദേശകാര്യസെക്രട്ടറി-തല ചര്‍ച്ചയിലാണ് ബംഗ്ലാദേശിന്റെ നയതന്ത്രനീക്കമുണ്ടായത്.

To advertise here,

1971 ല്‍ പാകിസ്താനില്‍നിന്ന് വിഭജിച്ച് സ്വതന്ത്രരാഷ്ട്രമായിത്തീര്‍ന്ന ബംഗ്ലാദേശ് അക്കാലത്തെ സംയുക്തആസ്തിയില്‍നിന്ന് തങ്ങളുടെ പങ്കായ 4.3 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ഏപ്രില്‍ 27, 28 തീയതികളില്‍ നടക്കുന്ന പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യസെക്രട്ടറിമാരായ മുഹമ്മദ് ജസീമുദ്ദീനും ആമ്‌ന ബലൂച്ചും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

മുന്‍കാലത്തെ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ പാകിസ്താന്റെ ശ്രദ്ധയില്‍ പെടുത്തിയതായി ജസീമുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗ്ലാദേശിലെ പാകിസ്താനികളുടെ പുനരധിവാസം, അവിഭജിതആസ്തിയുടെ തുല്യവിതരണം, 1970 ലെ ചുഴലിക്കാറ്റില്‍ ഇരയായവര്‍ക്ക് ലഭിച്ച വിദേശധനസഹായത്തിന്റെ കൈമാറ്റം, 1971 ല്‍ പാക് സൈന്യം നടത്തിയ കൂട്ടക്കുരുതിയ്ക്കുള്ള പരസ്യമായ മാപ്പുപറയല്‍ തുടങ്ങിയ വിഷയങ്ങള്‍ പാകിസ്താന്റെ ശ്രദ്ധയില്‍ പെടുത്തിയതായി ജസീമുദ്ദീന്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് പാകിസ്താനെ ധരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാകിസ്താന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഭാവിയില്‍ അനുകൂലമായ നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും ജസീമുദ്ദീന്‍ മറുപടി നല്‍കി. 

ഇന്ത്യയോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്ന ബംഗ്ലാദേശിന് ഇപ്പോള്‍ പാകിസ്താനോടാണോ ചായ്‌വ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പരസ്പര ബഹുമാനവും പരസ്പര ഗുണവുമുള്ള ഒരു ബന്ധം പാകിസ്താനുമായി ഉണ്ടാക്കിയെടുക്കാനുള്ള ലക്ഷ്യമാണ് ബംഗ്ലാദേശിനുള്ളതെന്നും അല്ലാതെ ഏതെങ്കിലും പ്രത്യേകരാജ്യത്തോട് ചായ്‌വ് പുലര്‍ത്തുക എന്ന ഉദ്ദേശ്യം ബംഗ്ലാദേശിനില്ലെന്നും ജസീമുദ്ദീന്‍ പ്രതികരിച്ചു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. 1971 ല്‍ നടന്ന ബംഗ്ലാദേശിന്റെ സ്വതന്ത്ര്യസമരത്തില്‍ ഷെയ്ഖ് ഹസീനയുടെ പിതാവ് മുജീബുര്‍ റഹ്‌മാന് യാതൊരു പങ്കുമില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ നടത്തിവരുന്നത്. ഇതിനിടെയാണ് പാകിസ്താനുമായി കൂടുതലടുക്കുന്നത്.