ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്താൻ താരം സൽമാൻ അലി ആഗ പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു വിവാദമായ റണ്ണൗട്ട് സംഭവിച്ചത്.

To advertise here,

പാകിസ്താൻ ഇന്നിങ്സിന്റെ 39-ാം ഓവറിലായിരുന്നു ആഗയുടെ വിവാദ പുറത്താകൽ. മെഹ്ദി ഹസൻ മിറാസിന്റെ പന്ത് മുഹമ്മദ് റിസ്വാൻ പ്രതിരോധിച്ചത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്നു ആഗയ്ക്ക് നേർക്കായിരുന്നു. ഈ സമയത്ത് ക്രീസിനു വെളിയിൽ നിൽക്കുകയായിരുന്ന ആഗ, മെഹ്ദി ഹസന് ആ ഉരുണ്ടുവന്ന പന്ത് എടുത്ത് നൽകാൻ കുനിഞ്ഞു. എന്നാൽ ആഗ ക്രീസിന് വെളിയിലാണെന്ന് തിരിച്ചറിഞ്ഞ മെഹ്ദി ഹസൻ ഒട്ടും സമയം പാഴാക്കാതെ പന്തെടുത്ത് വിക്കറ്റിലെറിഞ്ഞു.

മെഹ്ദി ഹസനും ബംഗ്ലാദേശ് താരങ്ങൾ ഒന്നടങ്കവും അപ്പീൽ ചെയ്തതോടെ അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ആഗ ഔട്ടാണെന്നായിരുന്നു തേർഡ് അമ്പയറുടെ വിധി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആഗ ആക്രോശിച്ചുകൊണ്ട് ഹെൽമറ്റും ഗ്ലൗസും നിലത്തടിച്ചാണ് ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. ആഗ, ബംഗ്ലാദേശ് താരങ്ങൾക്കു നേരേ ആക്രോശിക്കുന്നതും കാണാമായിരുന്നു.

ഈ പുറത്താകലിൽ ക്രിക്കറ്റ് ലോകം രണ്ടു തട്ടിലാണ്. ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഈ പുറത്താക്കലെന്ന വാദമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. മെഹ്ദി ഹസന് പന്തെടുത്തു നൽകാനാണ് ആഗ ശ്രമിച്ചതെന്നാണ് ഇവരുടെ വാദം. എന്നാൽ പന്തെടുത്ത് ബൗളർക്ക് നൽകലല്ല ബാറ്ററുടെ ജോലിയെന്നും സമയത്ത് ക്രീസിൽ കയറാൻ ആഗ ശ്രമിക്കണമായിരുന്നുവെന്നുമാണ് എതിർ ഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും മത്സരം പാകിസ്താൻ 128 റൺസിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 47.3 ഓവറിൽ 274 റൺസെടുത്തു, മഴയെ തുടർന്ന് ഡിഎൽഎസ് നിയമ പ്രകാരം വിജയലക്ഷ്യം 243 ആക്കിയെങ്കിലും, ബംഗ്ലദേശ് 23.3 ഓവറിൽ 114 റൺസെടുത്തു പുറത്തായി. മത്സരത്തിൽ 62 പന്തുകൾ നേരിട്ട സൽമാൻ ആഗ 64 റൺസെടുത്തിരുന്നു.