ന്യൂഡൽഹി: ഇറാനിലെ അധികാര തകർച്ചയും അസ്ഥിരതയും അതിർത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകൾ  മുതലെടുക്കാൻ സാധ്യതയുണ്ടെന്ന് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ.  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീർ ഈ മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് പാകിസ്താനിൽ ആശങ്ക വളർന്നത്. 

To advertise here,

പാകിസ്താനും ഇറാനും 900 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ദീർഘകാലങ്ങളായി അതിർത്തികളിൽ വിഘടനവാദികളുടെ പ്രവർത്തനമുണ്ട്. ഇറാനിയൻ വിരുദ്ധ, പാകിസ്താൻ വിരുദ്ധ സംഘടനകൾ അതിർത്തിയുടെ ഇരുവശത്തും പ്രവർത്തിക്കുന്നു. ഇറാൻ ദുർബലമായാൽ അത് വിഘടവാദികളെ ശക്തിപ്പെടുത്തുമെന്നാണ് പാകിസ്താന്റെ ആശങ്ക.  ബലൂച്,  ജെയ്ഷ് അൽ-അദ്ൽ (ജെഎഎ) തുടങ്ങിയ ​ഗ്രൂപ്പുകൾ, പ്രതിരോധത്തിന്റെ നിരയിൽ ചേരാൻ ആഹ്വാനം ചെയ്യുകയും ഇറാനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കിയ അവസരത്തിൽ മറ്റൊരു ഭാ​ഗത്ത് ബലൂച്ചിസ്താനിലെ ബലൂച് ലിബറേഷൻ ആർമി പാക് സെെന്യത്തെ ആക്രമിച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ ബിഎൽഎ ആവശ്യപ്പെട്ടിട്ടിരുന്നു. ഇറാനോ പാകിസ്താനോ പ്രതിരോധത്തിലായാൽ വിഘടനവാദികൾ അവസരം ഉപയോ​ഗിക്കുമെന്നാണ് പാകിസ്താന്റെ ആശങ്ക.

ഇസ്രായേൽ ആക്രമണത്തെ പാകിസ്താൻ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് തങ്ങളെ സംബന്ധിച്ച് വളരെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു.

പാക് വ്യോമത്താവളങ്ങളിലേക്ക് പ്രവേശനം നേടി അമേരിക്ക?

അമേരിക്കയുമായി പാകിസ്താൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ  ട്രംപ് പാകിസ്താനെ വരുതിയിലാക്കിയതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനുമേലുള്ള നിയന്ത്രണത്തിനായി പാക് വ്യോമതാവളങ്ങൾ യുഎസ്സിന് ആവശ്യമായി വന്നേക്കാമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.  സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനിൽ നേരിട്ട് പ്രവേശനം ലഭിക്കുക. 

ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി, യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും നൽകുന്നതിന് പകരമായി പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനം നേടാൻ ട്രംപ് ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകൾ പാകിസ്താൻ നിയന്ത്രിക്കുകയാണെങ്കിൽ മാത്രമേ ഈ വാഗ്ദാനം നിലനിൽക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

പാകിസ്താന് വലിയ തോതിൽ സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പുതിയ സുരക്ഷാ, വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്നും മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്ക ചേർന്നാൽ, പാകിസ്താനെ തന്റെ പക്ഷത്ത് നിർത്താൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഒരു ഉന്നത നയതന്ത്രജ്ഞൻ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.