വാഷിങ്ടൺ: ചിരകാല വൈരികളായ അർമേനിയയും അസർബൈജാനും പതിറ്റാണ്ടുകൾ നീണ്ട സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് സുപ്രധാന സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

To advertise here,

അർമേനിയയും അസർബൈജാനും എല്ലാ യുദ്ധങ്ങളും എന്നന്നേക്കുമായി അവസാനിപ്പിക്കാനും വാണിജ്യം, യാത്ര, നയതന്ത്ര ബന്ധങ്ങൾ എന്നിവ പുനരാരംഭിക്കാനും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് ട്രംപ് ചടങ്ങിൽ പറഞ്ഞു. ഇരു നേതാക്കളും തമ്മിൽ മികച്ച ബന്ധം ഉണ്ടാകുമെന്ന് പറഞ്ഞ ട്രംപ്  ഒരു സംഘർഷമുണ്ടായാൽ അവർ തന്നെ വിളിക്കുമെന്നും അത് പരിഹരിക്കുമെന്നും കൂട്ടിചേർത്തു.

ട്രംപിന്റെ മധ്യസ്ഥത അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊടുക്കുമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും പറഞ്ഞു. 

മൂന്ന് പതിറ്റാണ്ടിലേറെയായി യുദ്ധത്തിലായിരുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ഒപ്പുവെക്കലിനെ അലിയേവ് പ്രശംസിച്ചു. ട്രംപിന് സമാധാന നൊബേൽ പുരസ്കാരം നൽകണമെന്ന് ശുപാർശ ചെയ്തുകൊണ്ട് പഷിന്യനുമായി ചേർന്ന് നൊബേൽ കമ്മിറ്റിക്ക് ഒരു സംയുക്ത അഭ്യർത്ഥന അയക്കാമെന്ന് അലിയേവ് വാഗ്ദാനം ചെയ്തു. പ്രസിഡന്റ് ട്രംപിനല്ലാതെ മറ്റാർക്കാണ് നൊബേൽ സമാധാന പുരസ്കാരത്തിന് അർഹതയെന്നും അദ്ദേഹം ചോദിച്ചു.

അസർബൈജാനുമായുള്ള യുഎസ് സൈനിക സഹകരണത്തിലെ നിയന്ത്രണങ്ങൾ നീക്കിയതിന് അലിയേവ് ട്രംപിന് നന്ദി പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. സമാധാന കരാറിൽ ഒപ്പുവെക്കുന്നത് ഇരുരാജ്യങ്ങൾക്കുമിടയിലെ പതിറ്റാണ്ടുകൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനും  പുതിയ യുഗത്തിന് തുടക്കമിടാനും വഴിയൊരുക്കുമെന്ന് പഷിന്യൻ പറഞ്ഞു. സമാധാന ദൂതനായ ട്രംപ് ഇല്ലാതെ ഈ മുന്നേറ്റം സാധ്യമാകുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് നൊബേലിന് അർഹനാണെന്നും പഷിന്യൻ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും ഇരുരാജ്യങ്ങൾ തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളും അതിൻ്റെ നിയമപരമായ സാധുതയും പുറത്തുവന്നിട്ടില്ല. അസർബൈജാനെ അവരുടെ ബാഹ്യപ്രദേശമായ നഖ്‌ചിവനുമായി ബന്ധിപ്പിക്കുന്നതിന് അർമേനിയയിലൂടെ ഒരു ഗതാഗത ഇടനാഴി സ്ഥാപിക്കുന്നത് കരാറിൽ ഉൾപ്പെടുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.  "ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻഡ് പ്രോസ്പെരിറ്റി" (TRIPP) എന്ന് പേരിട്ടിരിക്കുന്ന ഇടനാഴിയുടെ വികസന അവകാശങ്ങൾ അമേരിക്കയ്ക്കായിരിക്കും.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അർമേനിയയും മുസ്ലീം ഭൂരിപക്ഷമുള്ള അസർബൈജാനും പതിറ്റാണ്ടുകളായി വൈരത്തിലും കലഹത്തിലുമായിരുന്നു. തർക്ക പ്രദേശമായ കാരബാഖിൻ്റെ പേരിൽ ഇരുരാജ്യങ്ങളും രണ്ടുതവണ യുദ്ധവും ചെയ്തിട്ടുണ്ട്. മാർച്ചിൽ ഒരു സമഗ്ര സമാധാന ഉടമ്പടിയുടെ ഉള്ളടക്കത്തിൽ അസർബൈജാനും അർമേനിയയും ധാരണയിലെത്തിയിരുന്നു. എന്നാൽ പിന്നീട് രേഖയിൽ ഒപ്പുവെക്കുന്നതിന് മുമ്പ് കാരബാഖിന്മേലുള്ള പ്രാദേശിക അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ അർമേനിയയുടെ ഭരണഘടന ഭേദഗതി ചെയ്യണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ അസർബൈജാൻ മുന്നോട്ടുവച്ചു.

2027-ൽ ഒരു ഭരണഘടനാ ഹിതപരിശോധന നടത്താനുള്ള പദ്ധതികൾ പഷിന്യൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ വിഷയം അർമേനിയയിൽ ഭിന്നതയ്ക്ക് വഴി തുറന്നിരുന്നു. തർക്കത്തിലുള്ള പർവതപ്രദേശമായ കാരബാഖ് അന്താരാഷ്ട്രതലത്തിൽ അസർബൈജാൻ്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണെങ്കിലും, സോവിയറ്റ് യൂണിയൻ്റെ തകർച്ചയെ തുടർന്നുണ്ടായ യുദ്ധത്തിന് ശേഷം ഏകദേശം മൂന്ന് പതിറ്റാണ്ടോളം അർമേനിയൻ അനുകൂല വിഘടനവാദികളുടെ നിയന്ത്രണത്തിലായിരുന്നു. 2020-ലെ യുദ്ധത്തിൽ അസർബൈജാൻ ഈ പ്രദേശത്തിൻ്റെ ഒരു ഭാഗം പിടിച്ചെടുത്തു. മൂന്ന് വർഷത്തിന് ശേഷം ഒരു മിന്നലാക്രമണത്തിലൂടെ മുഴുവൻ പ്രദേശവും കൈവശപ്പെടുത്തി. ഇതേ തുടർന്ന് ഏകദേശം ഒരു ലക്ഷത്തോളം വരുന്ന അർമേനിയൻ വംശജരായ തദ്ദേശവാസികൾ അർമേനിയയിലേക്ക് പലായനം ചെയ്തു.