മോസ്‌കോ: അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ട 'ചാരസുന്ദരി'ക്ക് പുതിയ ചുമതല നല്‍കി റഷ്യ. ചാരവനിതയായ അന്ന ചാപ്മാനെയാണ് പുതുതായി സ്ഥാപിക്കുന്ന റഷ്യന്‍ ഇന്റലിജന്‍സ് മ്യൂസിയത്തിന്റെ മേധാവിയായി നിയമിച്ചത്. മോസ്‌കോയിലെ ഗോര്‍കി പാര്‍ക്കിലാണ് പുതിയ മ്യൂസിയം.
റഷ്യയുടെ വിദേശ ഇന്റലിജന്‍സ് സര്‍വീസുമായി(എസ്‌വിആര്‍) ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. റഷ്യന്‍ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എസ്‌വിആര്‍ മേധാവിയായ സെര്‍ജി നരിഷ്‌കിനിന്റെ മേല്‍നോട്ടത്തിലായിരിക്കും മ്യൂസിയം പ്രവര്‍ത്തിക്കുകയെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ മ്യൂസിയത്തിന്റെ മേധാവിയായാണ് കുപ്രസിദ്ധ ചാരവനിതയായ അന്ന ചാപ്മാനെയും നിയമിച്ചിരിക്കുന്നത്.
2010-ലാണ് റഷ്യന്‍ ചാരവനിതയായ അന്നയെ എഫ്ബിഐ ന്യൂയോര്‍ക്കില്‍നിന്ന് അറസ്റ്റ്‌ചെയ്തത്. 'ഓപ്പറേഷന്‍ ഗോസ്റ്റ് സ്‌റ്റോറീസ്' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് റഷ്യന്‍ സ്ലീപ്പര്‍സെല്ലിന്റെ ഭാഗമായിരുന്ന അന്ന എഫ്ബിഐയുടെ പിടിയിലായത്. ഇതോടെയാണ് യുഎസില്‍ താമസിച്ച് അന്ന നടത്തിയിരുന്ന ചാരവൃത്തികള്‍ പുറംലോകമറിഞ്ഞത്.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരിയെന്ന വ്യാജേനയാണ് അന്ന ചാപ്മാന്‍ 2009-ല്‍ മാന്‍ഹാട്ടനില്‍ താമസിച്ചിരുന്നത്. എന്നാല്‍, ഇവിടെ താമസിക്കുന്നതിനിടെ റഷ്യന്‍ ഉദ്യോഗസ്ഥരുമായി അന്ന നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായാണ് എഫ്ബിഐയുടെ കണ്ടെത്തല്‍. ഇതിനായി രഹസ്യ വയര്‍ലെസ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. 2010 ജൂണ്‍ 27-നാണ് അന്ന ചാപ്മാനെയും മറ്റ് ഒന്‍പതുപേരെയും എഫ്ബിഐ അറസ്റ്റ്‌ചെയ്തത്. പിടിയിലായി 12-ാം ദിവസമാണ് റഷ്യന്‍ ഏജന്റുമാര്‍ക്കുവേണ്ടി ചാരവൃത്തി നടത്തിയെന്നകാര്യം അന്ന സമ്മതിച്ചത്. ഇതിനുപിന്നാലെ അന്നയെ മോസ്‌കോയിലേക്ക് നാടുകടത്തുകയായിരുന്നു.
യുഎസില്‍ പിടിയിലാകുന്നതിന് മുന്‍പ് അന്ന ലണ്ടനിലും താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ താമസിക്കുന്നതിനിടെ വിവിധ രാഷ്ട്രീയക്കാരുമായും ബിസിനസുകാരുമായും മറ്റ് ഉന്നതരുമായും അന്ന ബന്ധം സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റഷ്യന്‍ ഏജന്റ് ഇവരെ ചാരവൃത്തിക്കായി റിക്രൂട്ട്‌ചെയ്തത്. അലക്‌സ് ചാപ്മാന്‍ എന്നയാളെ വിവാഹംചെയ്തതോടെ അന്ന നേരത്തേ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു. പക്ഷേ, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മാത്രമല്ല, അന്ന തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഭര്‍ത്താവ് ആരോപിച്ചിരുന്നു.
റഷ്യയില്‍ തിരിച്ചെത്തിയശേഷം അന്ന ചാപ്മാന്‍ ഒരു ബിസിനസുകാരിയായാണ് രംഗപ്രവേശംചെയ്തത്. പിന്നാലെ ടിവി അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായും ശ്രദ്ധനേടി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 'ബോണ്ടിഅന്ന, ടൂ റഷ്യ വിത്ത് ലവ്' എന്ന തന്റെ പുസ്തകത്തില്‍ അന്ന ചാപ്മാന്‍ തന്റെ ജീവിതത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. പുരുഷന്മാരില്‍ തനിക്ക് എത്രത്തോളം സ്വാധീനമുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് പുസ്‌കത്തില്‍ അന്ന പറഞ്ഞിരുന്നത്. ആവശ്യമായ ഗുണങ്ങളെല്ലാം പ്രകൃതി തനിക്ക് നല്‍കിയെന്നും അന്ന പറഞ്ഞിരുന്നു. ഇതിനുപുറമേ ഉന്നതരുമായുള്ള കൂടിക്കാഴ്ചകള്‍, ആഡംബരയാത്രകള്‍, തന്റെ ഗ്ലാമര്‍ ജീവിതം എന്നിവയെക്കുറിച്ചും അന്ന പുസ്തകത്തില്‍ എഴുതിയിരുന്നു.
Content Highlights: Anna Chapman, the Russian spy deported from the US, has been appointed head of Russia`s new Intelligence Museum in Moscow`s Gorky Park. The museum will showcase Russian espionage history.
Published: 23 Oct 2025, 12:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented