
കൂരിരുട്ടാണ് ചുറ്റിനും. ഇവിടത്തെ ജനജീവിതത്തെ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞുകളഞ്ഞു. ഗോള്‍ഡ് കോസ്റ്റിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. ദുബായിയുടെയും സിങ്കപ്പൂരിന്റെയും മാതൃകയില്‍ പണിതുയര്‍ത്തിയ ഓസ്‌ട്രേലിയന്‍ നഗരമാണിത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി. ഓസ്‌ട്രേലിയയിലെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണിത്.
ഇവിടെ മൂന്നുദിവസമായി വൈദ്യുതിയില്ല. ഒന്നരലക്ഷം വീടുകളാണ് ഇരുട്ടിലായിരിക്കുന്നത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള മരണസംഖ്യ ഏഴായി. നാട്ടിലേത് വെച്ചുനോക്കുമ്പോള്‍ ഇത് ചെറുതായി തോന്നാം. വാഹനമോടിച്ച് പോകുമ്പോള്‍ മുകളിലേക്ക് മരംവീണും ബോട്ടുതകര്‍ന്നുമൊക്കെയാണ് മരണം സംഭവിച്ചത്. വെള്ളക്കെട്ടില്‍പ്പെട്ട് മരിച്ചത് കുട്ടികളാണ് എന്നതാണ് ഏറ്റവും സങ്കടകരം. അങ്ങനെ അപകടഭീതിയിലാണ് ഞങ്ങളെല്ലാവരും.
ഗോള്‍ഡ് കോസ്റ്റിലെ കൂമറ, അപ്പര്‍ കൂമറ, ഹെലന്‍സ് വെയില്‍, പിമ്പാമ, ഹോപ് ഐലന്‍ഡ്, ഓക്‌സന്‍ ഫോര്‍ഡ് എന്നീ പ്രദേശങ്ങളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എന്റെ പതിനഞ്ചുവര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണ്. ഇത്രയും വലിയ മഴയും കൊടുങ്കാറ്റും ഇന്നേവരെ കണ്ടിട്ടില്ല.
മലയാളികള്‍ ധാരാളമുണ്ടിവിടെ. ആര്‍ക്കും പുറത്തിറങ്ങാനാകുന്നില്ല. ജനജീവിതം പാടേ സ്തംഭിച്ചു. സ്മാര്‍ട്ട് സിറ്റിയായി പടുത്തുയര്‍ത്തപ്പെട്ടതിനാല്‍ ഇങ്ങനെയൊരു അവസ്ഥ ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷമായ ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കാനേ എല്ലാവര്‍ക്കും കഴിയുന്നുള്ളൂ.
ഇന്നുവരെ വൈദ്യുതി മുടങ്ങാത്ത നഗരം അത് പോയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷേ വെള്ളം വിതരണം ചെയ്യുന്നത് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ നാട്ടിലേത് പോലെ കുടിവെള്ളവും പാചകത്തിനുള്ള വെള്ളവും മുടങ്ങിയിട്ടില്ല. നാട്ടിലേതുപോലെ മോട്ടറുകള്‍ കേടായും ടാങ്കുകള്‍ വൃത്തികേടായും ജലവിതരണം മുടങ്ങുന്ന അവസ്ഥയുണ്ടായില്ല എന്നതാണ് സമാധാനം. ഗോള്‍ഡ് കോസ്റ്റിനെ മാത്രമല്ല ചുഴലിക്കാറ്റ് ബാധിച്ചത്. ബ്രിസ്‌ബെയ്ന്‍, സണ്‍ഷൈന്‍ കോസ്റ്റ്, ക്വീന്‍സ് ലാന്‍ഡിലെ വിവിധപ്രദേശങ്ങള്‍ തുടങ്ങി വിക്ടോറിയയിലെ മെല്‍ബണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് നീങ്ങുകയാണത്. സമൂഹമാധ്യമങ്ങളിലും ഫോണിലും നിറയെ പ്രകൃതിക്ഷോഭ മുന്നറിയിപ്പുകളാണ്.
തെക്കുകിഴക്ക് ക്വീന്‍സ് ലാന്‍ഡ് മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ചുഴലിക്കാറ്റ് ഉള്‍പ്രദേശങ്ങളില്‍ നിന്ന് വ്യാപിച്ച് തീരപ്രദേശങ്ങളിലൂടെ ഇപ്പോള്‍ വിക്ടോറിയയിലേക്കും സിഡ്‌നിയിലേക്കും കടക്കുകയാണ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണിതെല്ലാം. എല്ലാവരും ഭീതിയിലാണ്. നാട്ടിലുള്ള ബന്ധുക്കളും പേടിച്ചുവിളിക്കുന്നു.
നമ്മുടെ നാട്ടിലേതുപോലെ കൊടുങ്കാറ്റിന് പേരൊന്നും ഇട്ടിട്ടില്ല. ഇത് കടന്നുപോയ വഴിയിലെല്ലാം നാശനഷ്ടങ്ങളാണ് വിതയ്ക്കുകയാണ്. മൊബൈലുകള്‍ക്ക് നെറ്റ്‌വര്‍ക്കില്ല. പരസ്പരം ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതെ ജനം ബുദ്ധിമുട്ടുന്നു. സാങ്കേതികമായി ഇത്രയും വളര്‍ന്ന നഗരസംവിധാനങ്ങള്‍ക്ക് പ്രകൃതിക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. സിറ്റികൗണ്‍സിലില്‍ നിറയെ വിദേശികളുടെ ക്ഷോഭപ്രകടനമാണ്. പ്രതിഷേധം കനത്തതോടെ മുന്നറിയിപ്പുകള്‍ തുടരെവരുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഇപ്പോള്‍ പ്രയോജനമില്ല. വരാനുള്ള നാശമൊക്കെ വന്നുകഴിഞ്ഞു.
ട്രാഫിക് സംവിധാനം ആകെ തകരാറിലായി. സിഗ്‌നല്‍ ലൈറ്റുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. രണ്ടുദിവസമായി ട്രാം സര്‍വീസ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ട്രാം സര്‍വീസ് പോകുന്ന വഴിയില്‍ സിഗ്‌നല്‍ ലൈറ്റുകളൊന്നുമില്ല. ഇതോടെ ഗതാഗത നിയന്ത്രണം ജനങ്ങള്‍ ഏറ്റെടുത്തു. പരസ്പരമുള്ള നിയന്ത്രണത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നു. പച്ചയും ചുവപ്പുമൊക്കെ സ്വയം നിശ്ചയിക്കുന്നു. രാജ്യവര്‍ണവര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും പരസ്പരം സഹകരിക്കുന്നതൊരു വലിയ കാഴ്ചയാണ്. റോഡില്‍വീണുകിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയും ജനം ഏറ്റെടുത്തു.
കെയ്ണ്‍സ് എന്ന നഗരത്തില്‍ നിന്നുകേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അവിടെ റോഡിലൂടെ പശുക്കള്‍ ഒഴുകിനടക്കുന്നു. മുതലകള്‍ വെള്ളത്തില്‍ പുളയ്ക്കുന്നു. എങ്ങും വെള്ളം മാത്രം. ഇവിടെ കഴിഞ്ഞയാഴ്ച മുതല്‍ വെള്ളപ്പൊക്കമാണ്.
മഴയും ചുഴലിക്കാറ്റും മാറി. നാളെ മുതല്‍ കടുത്ത വേനല്‍ തുടങ്ങും. നാല്‍പത് ഡിഗ്രിയിലെത്തും ചൂട് എന്നാണ് അറിയിപ്പ്. മഴ കഴിഞ്ഞപ്പോള്‍ കടുത്ത ചൂടിലേക്ക് പോവുകയാണ്. മാറിമാറിവരുന്ന കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാത്തവിധം പ്രയാസത്തിലാണ് ജനം.
Content Highlights: Aluva native shres his experince in Australia which face heavy storm and rain for a week
Published: 27 Dec 2023, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented