ന്യൂഡൽഹി: തായ്‌ലാൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച സംഭവത്തിൽ, എയർ ഇന്ത്യ പൈലറ്റ് വിമാനത്തിനുള്ളിൽ നിലതെറ്റിയ വിധത്തിലാണ് പെരുമാറിയിരുന്നതെന്ന് റിപ്പോർട്ട്. സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനാ റിപ്പോർട്ട് ഫലങ്ങൾ പുറത്തുവന്നതിനുപിന്നാലെയാണ് ഈ വിവരങ്ങളും പുറത്തുവരുന്നത്.

To advertise here,

പൈലറ്റിന് ഉറക്കസംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നെന്നും ഇതിനുള്ള മരുന്ന് കഴിച്ചിരുന്നതായും വിമാനക്കമ്പനിയുടെ ആഭ്യന്തര സൂരക്ഷാ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുന്ന സമയത്ത് പൈലറ്റ് കോക്പിറ്റിലെ തറയിലിരിക്കുകയായിരുന്നുവെന്നും ഈ റിപ്പോർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം പൈലറ്റ് നേരെ നിൽക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു. പരിക്കേറ്റവരെ പരിശോധിക്കാൻ ക്യാബിനിലേക്ക് എത്തിയ പൈലറ്റ് ഒരു കാലിൽ ഷൂവും സോക്സും ധരിച്ചിരുന്നില്ലെന്നും തന്റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടതായും യാത്രക്കാർ വെളിപ്പെടുത്തി. തുടർന്ന് ദേഹപരിശോധനക്കിടെ സാമ്പിൾ ശേഖരിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഉദ്യോഗസ്ഥന്റെ സഹായം തേടേണ്ടി വന്നതായും ഇവർ പറഞ്ഞു.

 

സംഭവത്തിൽ ക്രൂ അംഗങ്ങളുടെ മൊഴിയനുസരിച്ച്, മറ്റൊരുദിവസം വിമാനത്തിലെ ഒരു ജീവനക്കാരനോട് പൈലറ്റ് മോശമായി പെരുമാറിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി പൈലറ്റ് എല്ലാ ജീവനക്കാരെയും ഫുക്കറ്റിലെ ഒരു പാർട്ടിയിൽ കൊണ്ടുപോയിരുന്നു. അവിടെവെച്ച് ഇയാൾ കഞ്ചാവ് ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. വിമാനയാത്രയ്ക്ക് 24 മണിക്കൂർ ഇടവേളയില്ലാത്ത സമയത്ത് പൈലറ്റ് ലഹരി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി ഒരു ക്യാബിൻ ക്രൂ അംഗം പരാതി നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

വിമാനത്തിലെ ക്രൂ അംഗങ്ങളെയും പൈലറ്റിനെയും എഎഐബി നിലവിൽ ചോദ്യംചെയ്തുവരികയാണ്. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. എന്നാൽ, പുറത്തുവന്ന പരിശോധനാ ഫലങ്ങളിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.