അമേരിക്കയുടെ നയതന്ത്ര മധ്യസ്ഥതയിൽ ഇസ്രയേലും വിവിധ അറബ്-മുസ്ലിം രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി ഒപ്പുവെച്ച ചരിത്രപരമായ നയതന്ത്ര ഉടമ്പടികളാണ് അബ്രഹാം ഉടമ്പടികൾ എന്ന് അറിയപ്പെടുന്നത്. പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ച ഈ ഉടമ്പടി വീണ്ടും ചർച്ചയാവുകയാണ്. ഇറാനുമായുള്ള സമാധാന ചർച്ചയുടെ ഭാഗമായി നിലവിൽ ഉടമ്പടിയുടെ ഭാഗമാകാത്തതും എന്നാൽ ഇസ്രയേലിനെ ഇതുവരെ നയതന്ത്രപരമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളെയും കൂടി ഉടമ്പടിയുടെ ഭാഗമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സൈനികപരമായും ഭൗമരാഷ്ട്രീയമായും അമേരിക്കയുടെ നിരവധി താത്പര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് അബ്രഹാം ഉടമ്പടി. എന്നാൽ പലസ്തീൻ വിഷയത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള സമീപനത്തിൽ മാറ്റം വരുത്താൻ പല അറബ്-മുസ്ലീം രാജ്യങ്ങളും തയ്യാറല്ല. അമേരിക്കയുടെ ഭീഷണികൾക്കും തന്ത്രങ്ങൾക്കും വഴങ്ങാതെ എത്രനാൾ ഈ രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കാരണം അമേരിക്കയുമായി സുരക്ഷാ സഹകരണമുള്ള രാജ്യങ്ങളാണ് അറബ് മേഖലയിലുള്ളത്. ഇനി സമ്മർദങ്ങൾക്ക് വഴങ്ങിയാൽ തന്നെ അതുയർത്തുന്ന സമാധാനം എത്രനാൾ നീണ്ടുനിൽക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

To advertise here,

പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തെ മാറ്റിമറിച്ച ഈ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത് 2020 ഓഗസ്റ്റിലാണ്. തുടർന്ന് സെപ്റ്റംബർ 15-ന് വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് ഒപ്പുവെക്കുകയും ചെയ്ത നയതന്ത്ര കരാറുകളിലൂടെയാണ് അബ്രഹാം ഉടമ്പടി നിലവിൽ വന്നത്. യഹൂദ, ഇസ്ലാം, ക്രൈസ്തവ മതങ്ങളുടെ പൊതുവായ പിതാവായി കരുതപ്പെടുന്ന അബ്രഹാമിന്റെ (ഇബ്രാഹിം) പേരാണ് ഈ ഉടമ്പടിക്ക് നൽകിയിരിക്കുന്നത്. മതപരമായ ഈ സാദൃശ്യം ജൂത-അറബ് ജനതകൾക്കിടയിലെ സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി അമേരിക്ക ഉയർത്തിക്കാട്ടുന്നു.

1979-ലെ ഈജിപ്ത്-ഇസ്രയേൽ സമാധാന കരാറിനും 1994-ലെ ജോർദാൻ-ഇസ്രയേൽ കരാറിനും ശേഷം അറബ് ലോകത്ത് ഇസ്രായേലിന് ഔദ്യോഗിക നയതന്ത്ര അംഗീകാരം നൽകുന്ന ആദ്യ ഉടമ്പടിയാണിത്. പരമ്പരാഗതമായി നിലനിന്നിരുന്ന അറബ് നയതന്ത്ര നിലപാടുകളെ മറികടന്നുകൊണ്ട്, പലസ്തീൻ പ്രശ്‌നപരിഹാരത്തിന് കാത്തുനിൽക്കാതെ തന്നെ ഇസ്രായേലുമായി നേരിട്ടുള്ള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണങ്ങളിൽ ഏർപ്പെടാൻ ഈ കരാറുകൾ വഴിതുറന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സും (യു.എ.ഇ) ബഹ്റൈനുമാണ് ആദ്യമായി ഈ ഉടമ്പടിയിൽ ഒപ്പുവെച്ചത്. തുടർന്ന് മൊറോക്കോയും സുഡാനും ഈ ചട്ടക്കൂടിന്റെ ഭാഗമാവുകയും, നയതന്ത്രപരമായ വിപുലീകരണത്തിന്റെ ഭാഗമായി 2025-ൽ ഖസാക്കിസ്ഥാൻ ഇതിലേക്ക് ഔദ്യോഗികമായി ചേർക്കപ്പെടുകയും ചെയ്തു.

എന്തുകൊണ്ട് അബ്രഹാം ഉടമ്പടി പശ്ചിമേഷ്യയിൽ നിർണായകമാകുന്നു?

അബ്രഹാം ഉടമ്പടികൾ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ നിർണായക പ്രാധാന്യം നേടുന്നതിന് പലവിധ കാരണങ്ങളുണ്ട്. അതെന്താണെന്ന് പരിശോധിക്കാം. പതിറ്റാണ്ടുകളായി അറബ് ലോകം പിന്തുടർന്നിരുന്ന 'അറബ് സമാധാന പദ്ധതി' (Arab Peace Initiative) ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ് സ്വതന്ത്ര പലസ്തീൻരാഷ്ട്രം രൂപീകരിക്കണമെന്ന കടുത്ത നിബന്ധന മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, അബ്രഹാം ഉടമ്പടി ഈ സമാധാന പദ്ധതിയെ തള്ളിക്കളഞ്ഞ് പലസ്തീൻ വിഷയത്തെ മാറ്റിനിർത്തി നേരിട്ട് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള മാർഗമൊരുക്കുന്നു. ഉടമ്പടിയുടെ ഭാഗമായ അറബ് രാജ്യങ്ങളെ അതിന് പ്രേരിപ്പിച്ചത് ഇറാനെന്ന ഭീഷണിയാണ്. മേഖലയിലെ പ്രബല ഭീഷണിയായ ഇറാനെതിരെ ഒരു സംയുക്ത സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കുക എന്നതായിരുന്നു ഈ ഉടമ്പടിയുടെ ഏറ്റവും വലിയ തന്ത്രപരമായ ലക്ഷ്യം. പേർഷ്യൻ ഗൾഫിൽ ഇറാന്റെ കടുത്ത സാമീപ്യമുള്ള യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പരമാധികാര സംരക്ഷണത്തിനായി ഇസ്രയേലിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും പങ്കിടാൻ തുടങ്ങി. ഇസ്രായേലിനെ യു.എസിന്റെ സെൻട്രൽ കമാൻഡിന്റെ (CENTCOM) ഭാഗമാക്കിയതിലൂടെ ഈ സുരക്ഷാ പങ്കാളിത്തം കൂടുതൽ വ്യവസ്ഥാപിതമായി മാറുകയും ചെയ്തു. സൈനിക സഹകരണത്തിനപ്പുറം, ഈ ഉടമ്പടി പങ്കാളിത്ത രാജ്യങ്ങൾക്കിടയിൽ വലിയൊരു സാമ്പത്തിക വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള വ്യാപാരം ആദ്യ വർഷത്തിൽ ശതകോടികളോളം വർധിച്ചു. ഉഭയകക്ഷി നിക്ഷേപങ്ങൾ വൻതോതിൽ വർദ്ധിക്കുകയും ചെയ്തു. ഈ ഭൗമ-സാമ്പത്തിക മുന്നേറ്റം പിൽക്കാലത്ത് ഇന്ത്യ, ഇസ്രയേൽ, യു.എസ്, യു.എ.ഇ എന്നിവരടങ്ങിയ വെസ്റ്റ് ഏഷ്യൻ ക്വാഡ് എന്ന വിശേഷിപ്പിക്കുന്ന 'I2U2' പോലുള്ള പുതിയ സാമ്പത്തിക കൂട്ടായ്മകളുടെ രൂപീകരണത്തിന് അടിത്തറയിടുകയും ചെയ്തു.

ഇറാനുമായുള്ള സമാധാന ചർച്ചയുടെ ഭാഗമായി അബ്രഹാം ഉടമ്പടിയും ഒരു വിഷയമായി അമേരിക്ക മുന്നോട്ടുവെച്ചതോടെയാണ് വിഷയം വീണ്ടും നയതന്ത്ര ശ്രദ്ധയിലേക്ക് വന്നത്. എന്നാൽ ഇതിന് പിന്നിൽ അമേരിക്കയുടെ ചില ദൗർബല്യങ്ങളും ചില സൈനിക- നയതന്ത്ര താത്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഇറാനുമായുള്ള യുദ്ധത്തേ തുടർന്ന് പശ്ചിമേഷ്യയിൽ അമേരിക്ക അടിച്ചേൽപ്പിച്ച പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ട്. എന്നാൽ സൈനികമായി നേടാമെന്ന് കരുതിയ ലക്ഷ്യങ്ങൾ വിജയിക്കാതെ വന്നതോടെയാണ് അമേരിക്ക പുതിയ തന്ത്രങ്ങളൊരുക്കിയത്.

ഇറാനെതിരെയുള്ള യു.എസ്-ഇസ്രയേൽ സൈനിക നടപടികൾ പശ്ചിമേഷ്യയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതൊന്നും ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കുന്നതിന് പര്യാപ്തമായിരുന്നില്ല. അതിനെ തുടർന്നാണ് ഇറാന്റെ എണ്ണസംഭരണ കേന്ദ്രങ്ങളെ അമേരിക്ക ലക്ഷ്യമിട്ടത്. പിന്നാലെ നാവിക ഉപരോധവും ഏർപ്പെടുത്തി. ഇറാന്റെ എണ്ണ ഉത്പാദനം തടസ്സപ്പെട്ടതോടെ കേവലം 20 മുതൽ 22 ദശലക്ഷം ബാരൽ സംഭരണശേഷി മാത്രമാണ് രാജ്യത്ത് അവശേഷിച്ചത്. ഈ പ്രതിസന്ധി തുടർന്നാൽ 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ സംഭരണശേഷി പൂർണമായും ഇല്ലാതാകുകയും അത് ഇറാന്റെ എണ്ണക്കിണറുകളെ സ്ഥിരമായി നശിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഈ കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഇറാനെ സമാധാന ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാൻ യു.എസിനെ സഹായിച്ചത്.

2026 മേയ് മാസത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനം, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, തുർക്കി, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ അബ്രഹാം ഉടമ്പടിയിൽ ഒപ്പിട്ട് ഇസ്രായേലുമായി പൂർണമായ ബന്ധം സ്ഥാപിക്കണം എന്നതാണ്. ഇതിൽ ഒപ്പിടാൻ വിസമ്മതിക്കുന്ന രാജ്യങ്ങളെ യു.എസിന്റെ നയതന്ത്ര കരാറുകളുടെ ഗുണഭോക്താക്കളായി കണക്കാക്കില്ലെന്നും ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം തന്നെ ഇറാന്റെ തന്ത്രപ്രധാന സുരക്ഷാ ആശങ്കയായിരുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണമായ നിയന്ത്രണം ഒരു രാജ്യത്തിനും നൽകില്ലെന്നും അത് അന്താരാഷ്ട്ര ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നും യു.എസ് കർശനമായി ആവശ്യപ്പെടുകയും ചെയ്തു.

യുദ്ധത്തിനിറങ്ങി കൈപൊള്ളിയ അമേരിക്കയ്ക്ക് അതിൽ നിന്നും എത്രയും പെട്ടെന്ന് കരകയറിയെ മതിയാകു. എന്നാൽ വെറുമൊരു സമാധാന കരാറുമായി യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രയേലിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാകും. താത്​കാലിക വെടിനിർത്തൽ വ്യവസ്ഥകൾ ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയോ ഹിസ്ബുള്ള പോലുള്ള അവരുടെ നിഴൽ സൈന്യങ്ങളെയോ പൂർണമായി നിയന്ത്രിക്കാൻ പര്യാപ്തമല്ലെന്ന് ഇസ്രയേൽ വിലയിരുത്തുന്നു. ഈ ആശങ്കകൾക്ക് പകരമായി ഇസ്രയേലിന് നൽകുന്ന പ്രധാന പ്രതിഫലമാണ് അറബ് ലോകവുമായുള്ള നയതന്ത്ര സാധാരണവൽക്കരണം. കൂടുതൽ പ്രബലമായ അറബ് രാജ്യങ്ങളെ ഇസ്രയേലുമായി ബന്ധിപ്പിക്കാൻ സാധിച്ചാൽ ഇറാന്റെ പ്രാദേശിക ഭീഷണികൾ കുറയുമെന്നും ഇസ്രയേൽ വിരുദ്ധ വികാരം ദുർബലപ്പെടുമെന്നുമാണ് അമേരിക്ക കണക്കുകൂട്ടുന്നത്. ഇതിനെല്ലാം പുറമെ, ഇറാൻ കടുത്ത ആണവ നിയന്ത്രണങ്ങൾക്ക് തയ്യാറാകുകയാണെങ്കിൽ ഭാവിയിൽ അവരെപ്പോലും അബ്രഹാം ഉടമ്പടിയുടെ കീഴിൽ ഇസ്രയേലിന്റെ നയതന്ത്ര പങ്കാളിയാക്കാൻ സാധിക്കുമെന്ന അവിശ്വസനീയമായ ഒരു നിർദ്ദേശവും അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്.

അബ്രഹാം ഉടമ്പടികളുടെ ആസൂത്രണത്തിലും വിപുലീകരണത്തിലും അമേരിക്ക വ്യക്തമായ ഒരു ഭൗമതന്ത്രപരമായ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നത് വ്യക്തമാണ്. അത് പക്ഷെ ഇസ്രയേലിനെ സംരക്ഷിക്കാനുള്ള താത്പര്യത്തിന്റെ മാത്രം പറത്തുള്ള ഒന്നല്ല. നിലവിലെ യുദ്ധം മൂലമുണ്ടായ കുറവാണ് ഇതിലെ പ്രധാന കാരണങ്ങളിലൊന്ന്. മേഖലയിലെ യുദ്ധങ്ങൾ അമേരിക്കയുടെ അത്യാധുനിക ആയുധശേഖരത്തെ ഗുരുതരമായ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി മുതൽ ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി ആയിരത്തിലധികം ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളും (TLAM), അനേകം പാട്രിയറ്റ്, താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനങ്ങളും യു.എസ് വിന്യസിക്കേണ്ടി വന്നിട്ടുണ്ട്. ഈ മിസൈൽ ശേഖരങ്ങൾ മുൻ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ 2030 വരെയെങ്കിലും കടുത്ത സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ഇത് വെസ്റ്റേൺ പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വലിയ പ്രതിരോധ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശേഷികളെ ദുർബലമാക്കും. അതിനാൽ പശ്ചിമേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് തങ്ങളുടെ സൈനിക മുൻഗണനകൾ പസഫിക് മേഖലയിലേക്ക് മാറ്റാൻ അമേരിക്ക ആഗ്രഹിക്കുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ചൈനയുടെ വൻതോതിലുള്ള സാമ്പത്തിക നിക്ഷേപങ്ങളെയും നയതന്ത്ര ഇടപെടലുകളെയും തടയാൻ ഇസ്രയേലിനെ മുൻനിർത്തിയുള്ള സാമ്പത്തിക വളർച്ചാ ചട്ടക്കൂടുകൾക്ക് സാധിക്കുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയോട് മത്സരിക്കാൻ അബ്രഹാം ഉടമ്പടികളും അതുവഴി രൂപപ്പെടുന്ന പുതിയ വ്യാപാര ഇടനാഴികളും സഹായകരമാകുമെന്നാണ് വാഷിങ്ടൺ ഉറച്ചുവിശ്വസിക്കുന്നത്.

കടുത്ത സമ്മർദതന്ത്രങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പ്രാദേശിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഈ അടിച്ചേൽപ്പിക്കലുകളെ കടുത്ത രീതിയിൽ പ്രതിരോധിക്കുന്നുണ്ട്. മേയ് 23-ന് യു.എസ് പ്രസിഡന്റ് പശ്ചിമേഷ്യയിലെ എട്ട് പ്രമുഖ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ഒരു സുപ്രധാന കോൺഫറൻസ് കോളിനിടയിലാണ് അബ്രഹാം ഉടമ്പടിയിൽ ഒപ്പിടണമെന്ന നിർബന്ധിത വ്യവസ്ഥ മുന്നോട്ട് വെച്ചത്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, ട്രംപിന്റെ ഈ ആവശ്യത്തോട് കടുത്ത നിശബ്ദതയോടെയാണ് ഭൂരിഭാഗം നേതാക്കളും പ്രതികരിച്ചത് എന്നാണ്. അമേരിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം ഈ ആവശ്യങ്ങൾക്ക് വഴങ്ങാത്ത അറബ് രാജ്യങ്ങൾക്കെതിരെ കടുത്ത ഉപരോധങ്ങൾ ഉണ്ടാകുമെന്നും ഭാവി നയതന്ത്ര ബന്ധങ്ങൾ തകരുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തിയത് ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെയും പാകിസ്താന്റെയും കടുത്ത നിലപാടുകൾ

ഇസ്ലാമിന്റെ ജന്മദേശവും വിശുദ്ധ നഗരങ്ങളുടെ സംരക്ഷകരുമായ സൗദി അറേബ്യ, തങ്ങളുടെ നയതന്ത്ര നിലപാടുകളിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. സ്വതന്ത്ര പലസ്തീൻരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അലംഘനീയമായ നയരൂപീകരണം ഉണ്ടായാൽ മാത്രമേ ഇസ്രയേലിനെ അംഗീകരിക്കുകയുള്ളൂ വെന്ന് റിയാദ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ നടക്കുന്ന വൻതോതിലുള്ള സൈനിക അതിക്രമങ്ങൾ നടക്കുമ്പോൾ അത് മറന്ന് ഇസ്രയേലുമായി കൈകോർക്കാൻ സൗദി ആഗ്രഹിക്കുന്നുമില്ല. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ അതീവ ജാഗ്രതയോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. അമേരിക്കയുടെ സൗഹൃദത്തെ പലപ്പോഴും ആശ്രയിക്കുന്ന പാകിസ്താനും ഈ നിർദേശത്തോട് മുഖം തിരിച്ചു. പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അമേരിക്കൻ സമ്മർദത്തെ പരസ്യമായി തള്ളിക്കളഞ്ഞു. സ്വന്തം പരമാധികാരവും ഭരണഘടനാ മൂല്യങ്ങളും പണയം വെച്ചുകൊണ്ട് ഇസ്രയേലുമായി യാതൊരു സാധാരണവത്​കരണത്തിനും പാകിസ്താൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിലെ ശക്തരായ യാഥാസ്തിക തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നുള്ള പ്രതിഷേധങ്ങളും ഈ തീരുമാനത്തിന് വലിയൊരു കാരണമാണ്. എന്നാൽ ഈ എതിർപ്പ് എത്രകാലം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് കണ്ടറിയണം.

പലവിഷയങ്ങളിലും അമേരിക്കൻ സഹായത്തിലാണ് പാകിസ്താൻ മുന്നോട്ടുപോകുന്നത്. ഉരുക്ക് സഹോദരനാണെങ്കിലും ലോകബാങ്കിൽ നിന്നുൾപ്പടെ വായ്പ തരപ്പെടുത്താൻ ചൈനയേക്കാൾ പാകിസ്താൻ വേണ്ടത് അമേരിക്കയേയാണ്. പ്രതിരോധരംഗത്തും അമേരിക്കയുമായുള്ള സഹകരണം നിലവിൽ തുടരേണ്ടത് പാകിസ്താന്റെയും കൂടി ആവശ്യമാണ്. അതിനാൽ ആഭ്യന്തര ഭീഷണിയെ ചൊല്ലി എത്രനാൾ അമേരിക്കൻ സമ്മർദത്തെ  പാകിസ്താൻ ചെറുത്തുനിൽക്കുമെന്ന് കണ്ടറിയണം. ഖത്തറും തങ്ങളുടെ സമാധാന മധ്യസ്ഥ പദവി കളയാതിരിക്കാൻ ഈ സഖ്യത്തിൽ ചേരുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു.

അബ്രഹാം ഉടമ്പടി പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ വലിയ തോതിൽ പുനഃക്രമീകരിക്കുകയും ഇസ്രായേലിനെ നയതന്ത്രപരമായി സംരക്ഷിക്കുന്ന ഒരു പ്രാദേശിക സഖ്യം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇറാന്റെ സമാധാന ചർച്ചകളിൽ ഈ ഉടമ്പടിയെ ഒരു വിലപേശൽ ഘടകമാക്കാനുള്ള യു.എസിന്റെ ഇപ്പോഴത്തെ കടുത്ത സമ്മർദ തന്ത്രങ്ങൾ പശ്ചിമേഷ്യൻ യാഥാർഥ്യങ്ങളുമായി ഒത്തുപോകുന്നതല്ല. തങ്ങളുടെ സൈനിക താത്​പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രാദേശിക വികാരങ്ങളെയും ചരിത്രപരമായ സംഘർഷങ്ങളെയും അവഗണിച്ചുകൊണ്ട് യു.എസ് രൂപപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ സഖ്യങ്ങൾ കൂടുതൽ അസ്ഥിരതയ്ക്കാണ് വഴിതുറക്കുന്നത്.