ലിയ കുടുംബങ്ങള്‍ സൃഷ്ടിക്കണമെന്ന ആഹ്വാനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. 'കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നവരാണ് നമ്മുടെ ജനങ്ങളിലധികവും. റഷ്യന്‍ കുടുംബങ്ങളില്‍ നാലോ അഞ്ചോ അതിലധികമോ കുട്ടികളെ വളര്‍ത്തിയിരുന്നു. നമ്മുടെ മുത്തശ്ശിമാര്‍ക്കും മുതുമുത്തശ്ശിമാര്‍ക്കും ഏഴും എട്ടും കുട്ടികളുണ്ടായിരുന്നുവെന്ന് ഓര്‍ക്കുക. നമുക്ക് ഈ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും പുനഃരുജ്ജീവിപ്പിക്കുകയും ചെയ്യാം. ധാരാളം കുട്ടികള്‍, ഒരു വലിയ കുടുംബം, റഷ്യയിലെ എല്ലാ ജനങ്ങളുടെയും ജീവിതരീതിയായി മാറണം'',  മോസ്‌ക്കോയിൽ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പുതിന്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം ജനസംഖ്യയിലുണ്ടാക്കിയ നഷ്ടം നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും അതുമായി ബന്ധപ്പെട്ടിരിക്കുന്നത് തന്നെയായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ മൂന്ന് ലക്ഷം റഷ്യന്‍ സൈനികര്‍ മരിച്ചതായാണ് പാശ്ചാത്യരാജ്യങ്ങള്‍ കണക്കുകൂട്ടുന്നത്. പക്ഷേ, ഇതിലും എത്രയോ കുറഞ്ഞ കണക്കാണ് റഷ്യ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. സംഘര്‍ഷം ഭയന്ന് രാജ്യം വിട്ടവരും നിരവധി. 

To advertise here,

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന റഷ്യ, ഭൂമിയുടെ ഭൂവിസ്തൃതിയില്‍ 11 ശതമാനം ഉള്‍ക്കൊള്ളുന്നു. ഏകദേശം നാല് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റഷ്യ, പ്രകൃതിവാതകം, കല്‍ക്കരി, എണ്ണ തുടങ്ങിയവയുടെ സമൃദ്ധമായ കരുതല്‍ ശേഖരമുള്ള രാജ്യംകൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജശക്തി. ഒപ്പം വനവിഭവങ്ങളുടെയും ശുദ്ധജലത്തിന്റേയും വലിയ ശേഖരം. ഒരു ജനസമൂഹത്തിന് ആഗോളശക്തിയായി വളര്‍ന്നുവരാന്‍ ആവശ്യമുള്ളതെല്ലാം റഷ്യയിലുണ്ട്. പക്ഷേ, ഇതെല്ലാമാണെങ്കിലും റഷ്യയെ ബുദ്ധിമുട്ടിക്കുന്ന ഒന്നുണ്ട്; അത് ജനസംഖ്യയുണ്ടാകുന്ന വലിയ ഇടിവാണ്. ലോകം ജനസംഖ്യാപെരുപ്പം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍, റഷ്യയില്‍ ആവശ്യത്തിന് ജനങ്ങളില്ല എന്നതാണ് വസ്തുത. ഉള്ളതാകട്ടെ ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞും വരുന്നു. ഒപ്പം വലിയ തോതിലുള്ള കൂട്ടപ്പലായനം കൂടിയാകുമ്പോള്‍ അതിഗൗരവമായ സ്ഥിതിവിശേഷത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ റഷ്യന്‍ കുടുംബങ്ങളില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന പക്ഷക്കാരനാണ് പുതിന്‍. മുമ്പും ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒന്നുകൂടി വ്യക്തമായി പറയുകയാണ് പുതിന്‍. 

placeholder
മോസ്‌ക്കോയില്‍ റെഡ് സ്‌ക്വയറിലൂടെ നടന്നുനീങ്ങുന്നവര്‍ | Photo : Spencer Platt/Getty Images

റഷ്യയുടെ ജനസംഖ്യാ പ്രതിസന്ധി 

അതിഗൗരവകരമായ ജനസംഖ്യാ പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. രാജ്യത്തിന്റെ ജനസംഖ്യ ഓരോ വര്‍ഷവും അപകടകരമായ രീതിയില്‍ കുറഞ്ഞുവരികയാണ്. തൊണ്ണൂറുകളുടെ മധ്യത്തിലാണ് റഷ്യയുടെ ജനസംഖ്യ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയത്. 1993-ലാണ് രാജ്യം ഏറ്റവും ഉയര്‍ന്ന ജനസംഖ്യ കൈവരിച്ചത്. 14.89 കോടിയായിരുന്നു അന്നത്തെ ജനസംഖ്യ. 2021-ലെ സെന്‍സസ് പ്രകാരം 14.71 കോടിയാണ് രാജ്യത്തെ ജനസംഖ്യ. 2022-ന്റെ തുടക്കത്തില്‍ ഇത് 14.56 കോടിയായി കുറഞ്ഞു. യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയിലെ 2.4 മില്യണ്‍ ജനസംഖ്യ ഒഴിവാക്കിക്കൊണ്ടുള്ള യു.എന്‍. കണക്കായിരുന്നു ഇത്. പ്രത്യക്ഷത്തില്‍ ചെറിയ കുറവാണെന്ന് തോന്നും. പക്ഷേ, അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇതിന്റെ ഗൗരവം വ്യക്തമാകുക. 1990 മുതല്‍ 2020 വരെ യു.എസ്. ജനസംഖ്യ 33 ശതമാനം വര്‍ദ്ധിച്ചു. റഷ്യയുടെ ആയുര്‍ദൈര്‍ഘ്യം യു.എസിലെ 77 വയസുമായി താരതമ്യപ്പെടുത്തുമ്പോള്‍ 71 വര്‍ഷം മാത്രമാണെന്ന് ലോകബാങ്ക് കണക്കാക്കുന്നു. പുരുഷന്മാര്‍ക്കിടയില്‍ ഇത് ഇതിലും കുറവാണ്. ഇതാവട്ടെ ഉത്തര കൊറിയ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേക്കാള്‍ കുറവുമാണ്. റഷ്യയ്ക്ക് ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയുണ്ടെങ്കിലും ആയുര്‍ദൈര്‍ഘ്യത്തില്‍ 96-ാം സ്ഥാനത്താണ് എന്ന് പറയുമ്പോഴാണ് ഇതിലെ വിരോധാഭാസം മനസിലാകുക. 

റഷ്യയുടെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടികള്‍ മാത്രമാണ് എന്നതാണ് പ്രധാന പ്രശ്‌നം. ഇത് ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാള്‍ കുറവാണ്. റഷ്യയിലെ ജനനനിരക്ക് കുറയുന്നതിന് പിന്നില്‍ കര്‍ശനമായ ഗര്‍ഭച്ഛിദ്ര നിയമങ്ങളും മോശമായ സമ്പദ് വ്യവസ്ഥയുമാണെന്ന് വിദഗ്ധര്‍ പറയുന്നു. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിരക്ക് വലിയ കുറവല്ല. പക്ഷേ, അസാധാരണമാംവിധം ഉയര്‍ന്ന മരണനിരക്കില്‍ റഷ്യ വേറിട്ടുനില്‍ക്കുന്നു, പ്രത്യേകിച്ച് പുരുഷന്മാര്‍ക്കിടയില്‍. ഹൃദയസംബന്ധമായ അസുഖങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, അപകടങ്ങള്‍ എന്നിവ റഷ്യന്‍ പുരുഷന്മാരുടെ ജീവനെടുക്കുന്നു. രാജ്യത്തിന്റെ വരുമാനവും വിദ്യാഭ്യാസ നിലവാരവും കണക്കിലെടുക്കുമ്പോള്‍ ഈ കാരണങ്ങളാലും റഷ്യന്‍ മരണങ്ങള്‍ പ്രതീക്ഷിച്ചതിലും പലമടങ്ങ് കൂടുതലാണ്. റഷ്യയുടെ ആരോഗ്യ പരിപാലന സംവിധാനം, പരിസ്ഥിതി മലിനീകരണം, അമിതമായ മദ്യപാനം, മയക്കുമരുന്ന് ആസക്തി എന്നിവയെല്ലാം ഇതിന് വളംവെയ്ക്കുന്നതാണ്. 

യുദ്ധം, രോഗം, പലായനം എന്നിവയുടെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, സാധാരണ സംഭവിക്കുന്നതിനേക്കാള്‍ 20 ലക്ഷത്തോളം പൗരന്മാരെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. 2022 ഏപ്രിലില്‍ ജനിച്ച റഷ്യക്കാരുടെ എണ്ണമാകട്ടെ, ഹിറ്റ്ലറുടെ അധിനിവേശ സമയത്തിന് സമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം റഷ്യന്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യമാകട്ടെ ഏകദേശം അഞ്ച് വര്‍ഷം കുറഞ്ഞു. യുദ്ധം മാത്രമല്ല, ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. പക്ഷേ എല്ലാ പ്രതിസന്ധികളേയും അത് വഷളാക്കി. റഷ്യയുടെ പുറത്തുവിട്ട കണക്കുകളില്‍ പൊരുത്തക്കേടുണ്ടെങ്കിലും മൂന്ന് ലക്ഷത്തോളം റഷ്യന്‍ സൈനികള്‍ യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ പറയുന്നത്. ഇക്കാലയളവില്‍ അഞ്ച് ലക്ഷ്യത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ യുവാക്കള്‍ രാജ്യം വിട്ടുവെന്നാണ് കണക്കാക്കുന്നത്. മറ്റ് ജനസംഖ്യാപ്രശ്‌നങ്ങളില്ലെങ്കില്‍ പോലും ചുരുങ്ങിയ സമയത്ത് ഒരു രാജ്യത്തിന് ഇത്രയും അധികം പൗരന്മാരെ നഷ്ടപ്പെടുന്നത് ആശങ്കാജനകമായ സ്ഥതിവിശേഷമാണ്. ഇതിനകം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്ക് ഇത് കൂടുതല്‍ ആഘാതം സൃഷ്ടിക്കും. വലിയ പ്രതിസന്ധിയും. 

placeholder
റഷ്യയിലെ ജനങ്ങള്‍ | Photo : Alexander Aksakov/Getty Images

റഷ്യയില്‍ എന്താണ് സംഭവിക്കുന്നത് ? 

റഷ്യയുടെ ജനസംഖ്യാപ്രശ്‌നത്തിന്റെ വേര് തേടിയാല്‍ അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിലെ പാറ്റേണ്‍ തുടരുകയാണെങ്കില്‍, അടുത്ത 50 വര്‍ഷത്തില്‍ ഇത് 12 കോടി മാത്രമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കുകൂട്ടുന്നത്. ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് റഷ്യയുടെ മാത്രം പ്രത്യേകതയല്ല; പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം ഇതിന് സമാനമായ ഇടിവുണ്ട്. പക്ഷേ, അവരുടെ ഇടിവ് മന്ദഗതിയിലുള്ളതും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ സമീപദശകങ്ങളില്‍ റഷ്യയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞു. ഇതിനിടെ 2007 മുതല്‍ 10 വര്‍ഷത്തേക്ക് മെറ്റേണിറ്റി ക്യാപിറ്റല്‍ പെയ്മെന്റ് എന്ന പേരില്‍ രണ്ടു കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി റഷ്യ അവതരിപ്പിച്ചിരുന്നു. ഒപ്പം  മുന്‍ സോവിയറ്റ് യൂണിയന്റെ ചില ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റവും റഷ്യയിലേക്കുണ്ടായി. അലവന്‍സുകളും കൂടുതല്‍ ഉദാരമായ സമീപനവും വന്നതോടെ ജസംഖ്യയിലും മാറ്റം സംഭവിച്ചു. പക്ഷേ, തുടര്‍ന്ന് വീണ്ടും ഇടിവ് സംഭവിച്ചു. സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ കണക്കനുസരിച്ച്, 2020-ലും 2021-ലും രാജ്യത്തെ ജനസംഖ്യ 13 ലക്ഷത്തോളം കുറഞ്ഞു. റഷ്യന്‍ വംശജര്‍ക്കിടയിലാണ് ഏറ്റവും വലിയ ഇടിവ്. ജനസംഖ്യയുടെ അവരുടെ പങ്ക് 78% ല്‍ നിന്ന് 72% ആയി കുറഞ്ഞു. 

യുദ്ധത്തിന് മുമ്പ് കോവിഡാണ് റഷ്യയെ ആകെ തകര്‍ത്തുകളഞ്ഞത്. രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ ഔദ്യോഗിക മരണസംഖ്യ 388,091 ആണ്. ഇത് താരതമ്യേന കുറവാണ്. പക്ഷേ, കോവിഡിന്റെ സമയത്ത് റഷ്യയില്‍ 12 ലക്ഷം മുതല്‍ 16 ലക്ഷം വരെ അധിക മരണങ്ങള്‍ ഉണ്ടായതായാണ് ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൃത്യമാണെങ്കില്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ റഷ്യയില്‍ സംഭവിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാല്‍, ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണസംഖ്യ സംഭവിച്ച രാജ്യങ്ങളിലൊന്നാണ് റഷ്യ. യുദ്ധം മൂലമുള്ള പലായനവും കോവിഡ് മരണവുമെല്ലാം ചേര്‍ത്ത് സ്വാഭാവികമായ മരണങ്ങള്‍ക്ക് പുറമേ 2020 മുതല്‍ 2023 വരെയുള്ള കാലത്ത് റഷ്യയ്ക്ക് 19 ലക്ഷത്തിനും 28 ലക്ഷത്തിനും ഇടയില്‍ ആളുകളെ നഷ്ടപ്പെട്ടു. 2000-കളുടെ തുടക്കത്തില്‍ ജനസംഖ്യ കുറഞ്ഞതിനേക്കാള്‍ രൂക്ഷമായ മാറ്റമാണ് ഇതെന്നാണ് കണക്കാക്കുന്നത്. രണ്ടു കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി റഷ്യ അവതരിപ്പിച്ചിച്ചിട്ടും 2017-ന് ശേഷം ജനനനിരക്കിലെ കുറവ് വീണ്ടും പ്രകടമായി. ഒറ്റക്കുട്ടി പോലും വേണ്ടെന്ന നിലപാടിലായി പലരും. സാമ്പത്തിക അസ്ഥിരതയാണ് ഇക്കൂട്ടരെ ഭയപ്പെടുത്തിയത്. സാമ്പത്തിക നിലയാണ് ജനനനിരക്കിനെ സ്വാധീനിക്കുന്നതെന്ന കണ്ടെത്തലാണ് പല പദ്ധതികളും വീണ്ടും ആരംഭിക്കാന്‍ കാരണം. 

placeholder
മോസ്‌ക്കോയില്‍ കോവിഡ്- 19 ബാധിച്ച് മരിച്ചവരെ അടക്കം ചെയ്ത സ്ഥലങ്ങളിലൊന്നായ ബ്യൂട്ടോവ്‌സ്‌കോയ് സെമിത്തേരിയിൽ | Photo: AP/PTI Photo

മദര്‍ ഹീറോയിന്‍ പുരസ്‌കാരം 

മുന്‍ സോവിയറ്റ് യൂണിയനും ഇപ്പോള്‍ റഷ്യയും വലിയ കുടുംബങ്ങളുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമതിയാണ് മദര്‍ ഹീറോയിന്‍ (Mother Heroine). വലിയ കുടുംബങ്ങളെ ആദരിക്കുകയും ഗര്‍ഭിണികള്‍, അമ്മമാര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിപാലനവുമാണ് പദ്ധതിയുടെ ലക്ഷ്യം. 1944-ല്‍ ജോസഫ് സ്റ്റാലിലാണ് ബഹുമതി കൊണ്ടുവന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഏകദേശം രണ്ടരക്കോടി ആളുകളെയാണ് അന്നത്തെ സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ അംഗവിഹീനരായി. യുദ്ധത്തിന് മുമ്പ് 19.5 കോടിയായിരുന്ന സോവിയറ്റ് ജനസംഖ്യ 17 കോടിയായി കുറഞ്ഞു. ആരോഗ്യമുള്ള യുവജനങ്ങളുടെ കുറവ് രാജ്യത്തെ പിന്നോട്ടടിക്കുമെന്ന് മനസിലാക്കിയ സ്റ്റാലിന്‍ 1944-ല്‍ യുദ്ധം അവസാനിക്കുന്നതിന് മുമ്പ് തന്നെ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ചു. ജനസംഖ്യ വര്‍ധിപ്പിക്കുക എന്നത് തന്നെയായിരുന്നു പ്രാഥമിക ലക്ഷ്യം. 10 മക്കള്‍ക്ക് ജന്മം നല്‍കുകയും അവരെ സോവിയറ്റ് യൂണിയന്‍ പൗരത്വമുള്ളവരായി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ബഹുമതി നല്‍കിയിരുന്നത്. ശീര്‍ഷകത്തോടൊപ്പം 'മദര്‍ ഹീറോയിന്‍' എന്ന ഓര്‍ഡറും സോവിയറ്റ് യൂണിയന്റെ സുപ്രീം സോവിയറ്റിന്റെ പ്രസീഡിയം നല്‍കിയ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.

10 മക്കളും (സ്വാഭാവികമോ ദത്തെടുത്തതോ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാത്രമായിരുന്നു ഈ ബഹുമിതി ലഭിച്ചിരുന്നത്. എന്നാല്‍ രാജ്യസേവനത്തിനിടയില്‍ മക്കളുടെ ജീവന്‍ നഷ്ടപ്പെടുകയോ കാണാതാകുകയോ ചെയ്താല്‍ ഇക്കാര്യത്തില്‍ ഇളവുണ്ടായിരുന്നു. പത്താമത്തെ കുട്ടിയുടെ ആദ്യത്തെ ജന്മദിനത്തിലാണ് ബഹുമതി ലഭിച്ചിരുന്നത്. അധികം കുട്ടികളുള്ളവര്‍ക്ക് ഓര്‍ഡര്‍ ഓഫ് മെറ്റേണല്‍ ഗ്ലോറി, മെറ്റേണിറ്റി മെഡല്‍ എന്നിവയും നല്‍കിയിരുന്നു. പെന്‍ഷന്‍, പബ്ലിക് യൂട്ടിലിറ്റി ചാര്‍ജുകള്‍, ഭക്ഷണത്തിന്റെയും മറ്റ് സാധനങ്ങളുടെയും വിതരണം എന്നിവയിലും ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. 1944-ല്‍ മുതല്‍ നല്‍കി വന്നിരുന്ന ഈ അവാര്‍ഡ് 1953-ല്‍ സ്റ്റാലിന്റെ മരണശേഷം ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. 1991 ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഈ പദ്ധതി നിര്‍ത്തലാക്കപ്പെട്ടു. സോവിയറ്റ് കാലഘട്ടത്തില്‍ ഏകദേശം 4.3 ലക്ഷം സ്ത്രീകള്‍ക്ക് ബഹുമതി ലഭിച്ചിരുന്നു. ഏകദേശം 50 ലക്ഷത്തോളം സ്ത്രീകള്‍ ഓര്‍ഡര്‍ ഓഫ് മെറ്റേണല്‍ ഗ്ലോറി മെഡലുകളും നേടി. പിന്നീട് 2022 ഓഗസ്റ്റ് 15-നാണ് വ്ളാഡിമിര്‍ പുടിന്‍ ഇത് വീണ്ടും കൊണ്ടുവന്നത്. 

placeholder
ജോസഫ് സ്റ്റാലിന്‍ | Photo: Hulton-Deutsch Collection/CORBIS Source: MBI Weekly 

ഗര്‍ഭച്ഛിദ്രം നിരോധിക്കാനും ശ്രമങ്ങള്‍

1920-ല്‍ ഗര്‍ഭച്ഛിത്രം നിയമവിധേയമാക്കിയ ആദ്യ രാജ്യമായിരുന്നു സോവിയറ്റ് റഷ്യ. പക്ഷേ 16 വര്‍ഷത്തിന് ശേഷം വീണ്ടും നിരോധനം പ്രാബല്യത്തില്‍ വന്നു. ജനനനിരക്കിനേക്കുറിച്ചുള്ള ആശങ്ക തന്നെയായിരുന്നു കാരണം. പക്ഷേ, ആരോഗ്യകാരണങ്ങള്‍ മൂലമുള്ള ഗര്‍ഭച്ഛിദ്രത്തിന് ഇളവ് നല്‍കിയിരുന്നു. ഒരു കുട്ടിക്ക് ജന്മം നല്‍കുക എന്നത് സ്വകാര്യ വിഷയമല്ലെന്നും അത് സമൂഹിക പ്രാധാന്യമുള്ള വിഷയമാണെന്നുമാണ് അന്ന് ജോസഫ് സ്റ്റാലിന്‍ പറഞ്ഞത്. തുടര്‍ന്നുവന്ന സോവിയറ്റ് സര്‍ക്കാരുകളൊന്നും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ എതിര്‍ത്തിരുന്നില്ല. പക്ഷേ, അവ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ അവര്‍ കാര്യമായൊന്നും ചെയ്തില്ല. നിലവില്‍ ഗര്‍ഭച്ഛിദ്രം റഷ്യയില്‍ നിയമപരവും വ്യാപകവുമാണ്. പക്ഷേ ഗര്‍ഭച്ഛിദ്രം നിരോധിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷമായി നടക്കുന്നുണ്ട്. ജനസംഖ്യ കുറയുമെന്ന ഭയവും യാഥാസ്ഥിതിക മനോഭാവവുമാണ് ഇതിന് പിന്നില്‍. സ്വകാര്യ ക്ലിനിക്കുകളില്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനുള്ള കരട് ഭേദഗതി റഷ്യന്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കുമെന്ന് നിയമനിര്‍മാതാക്കള്‍ അടുത്തിടെ പറഞ്ഞതായി ദ മോസ്ക്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ പ്രദേശങ്ങളായ മൊര്‍ഡോവിയയും ത്വെറും ഇതിനിടെ സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ പാസാക്കിയിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ ഇറക്കുമതി നിയന്ത്രിക്കുന്ന നിയമനിര്‍മാണത്തിന് റഷ്യ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ചില ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വില്‍പ്പനയെ ഇത് ബാധിക്കും. അതേസമയം, ക്രിമിയയിലെ എല്ലാ സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകളും ഗര്‍ഭച്ഛിദ്രം പൂര്‍ണമായും നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതായി സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ മെഡൂസ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയിലെ മറ്റ് സ്വകാര്യ ക്ലിനിക്കുകളും ഗര്‍ഭച്ഛിദ്രത്തിനുള്ള വ്യവസ്ഥകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. കാത്തിരിപ്പ് അധികമുള്ള സര്‍ക്കാര്‍ ക്ലിനിക്കുകളെ സമീപിക്കാന്‍ ഇത് സ്ത്രീകളെ നിര്‍ബന്ധിതരാക്കി. ഈ ക്ലിനിക്കുകളില്‍, ഗര്‍ഭധാരണം തുടരാന്‍ ജീവനക്കാര്‍ രോഗികളെ സമ്മര്‍ദത്തിലാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹമോചനം, തൊഴിലില്ലായ്മ അല്ലെങ്കില്‍ വരുമാനക്കുറവ് എന്നിങ്ങനെയുള്ള 'സാമൂഹിക കാരണങ്ങളാല്‍' 22 ആഴ്ച വരെയും നിബന്ധനകളില്ലാതെ 12 ആഴ്ച വരെയും സ്ത്രീകള്‍ക്ക് ഗര്‍ഭം അവസാനിപ്പിക്കാന്‍ കഴിയുന്ന നിയമം ഇതിനിടെ പിന്‍വലിച്ചിരുന്നു. പിന്നാലെ 2011 ഒക്ടോബര്‍ 21-ന് റഷ്യന്‍ പാര്‍ലമെന്റ് ഗര്‍ഭഛിദ്രത്തിന്റെ ആദ്യ 12 ആഴ്ചകളില്‍ ഗര്‍ഭച്ഛിദ്രം പരിമിതപ്പെടുത്തുന്ന നിയമം പാസാക്കി. ബലാത്സംഗത്തിന്റെ ഫലമാണെങ്കില്‍ 22 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദനിയമാണ്. പക്ഷേ, മെഡിക്കല്‍ ആവശ്യകതയ്ക്കായി ഇത് ഏത് സമയത്തും നടത്താം.

placeholder
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ | Photo : Burak Kara/Getty Images

എന്താണ് റഷ്യയുടെ ഭാവി? 

മദര്‍ ഹീറോയിന്‍ പദ്ധതി അവസാനിച്ചതിന് ശേഷം റഷ്യന്‍ ജനസംഖ്യ നെഗറ്റീവ് വളര്‍ച്ചയിലാണ്. രാജ്യത്തെ കുറഞ്ഞുവരുന്ന ജനസംഖ്യ പുതിനെ കുറച്ചൊന്നുമല്ല ആകുലനാക്കുന്നത്. 10 മക്കള്‍ നയം പ്രാവര്‍ത്തികമാക്കിയാല്‍ 2030 -ഓടെ നഷ്ടപ്പെട്ട സാമ്പത്തിക, സൈനിക പ്രതാപം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് റഷ്യ. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് 2007 മുതല്‍ 10 വര്‍ഷത്തേക്ക് മെറ്റേണിറ്റി ക്യാപിറ്റല്‍ പെയ്മെന്റ് എന്ന പേരില്‍ രണ്ടു കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി റഷ്യ അവതരിപ്പിച്ചത്. പക്ഷേ, 2017-ന് ശേഷം ജനനനിരക്ക് വീണ്ടും കുറഞ്ഞു. സാമ്പത്തിക അസ്ഥിരത ഭയപ്പെടുത്തിയതോടെ ഒറ്റക്കുട്ടി പോലും വേണ്ടെന്ന നിലപാടിലായി പലരും. ഇതോടെയാണ് രാജ്യം നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി മുന്നില്‍ കണ്ട് പുതിന്‍ പുതിയ നേരിട്ട് ഇറങ്ങിത്തിരിച്ചത്. സാമ്പത്തിക സഹായങ്ങള്‍ നല്‍കി രാജ്യത്തെ കുടുംബങ്ങളുടെ വലിപ്പവും ജനസംഖ്യയും വര്‍ധപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തി. നിരന്തം ജനങ്ങളോട് അതിന്റെ പ്രാധാന്യത്തെപ്പിറ്റി പറഞ്ഞു മനസിലാക്കി. കുറഞ്ഞ ജനനനിരക്ക് പ്രശ്‌നം പരിഹരിക്കുക എന്നത് പുതിന്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രധാന അജണ്ടയായിരുന്നു. 

ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകള്‍ക്കായി സോവിയറ്റ് കാലഘട്ടത്തിലെ മദര്‍ ഹീറോയിന്‍ അവാര്‍ഡ് റഷ്യ വീണ്ടും ആരംഭിച്ചത് ഇതിന്റെ ഭാഗമായായിരുന്നു. ഒപ്പം മധ്യേഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ, ഈ നടപടികളും പ്രതീക്ഷിച്ചത്ര വേഗത്തില്‍ ജനസംഖ്യ വര്‍ധിപ്പിച്ചില്ല. മാത്രമല്ല, റഷ്യയുടെ ജനസംഖ്യാനഷ്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050-ഓടെ 13.5 കോടിയായും 2075-ഓടെ 12 കോടിയായും കുറയുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഒമ്പതാമത്തെ രാജ്യമായ റഷ്യ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 22-ാം സ്ഥാനത്തേക്ക് വീഴുമെന്നും പ്രവചിക്കപ്പെടുന്നു.

പുതിന്‍ ഭയക്കുന്നതുപോലെ ജനസംഖ്യ അപകടകരമാംവിധം കുറയുമ്പോള്‍ എന്തായിരിക്കും റഷ്യയുടെ ഭാവി? രാജ്യത്തിന്റെ ജനസംഖ്യ അസാധാരണമാംവിധം വേഗത്തില്‍ കുറയുകയും ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ 13 കോടിയായി കുറയുകയും ചെയ്താല്‍ ആളില്ലാത്ത പ്രദേശമായി റഷ്യ മാറിയേക്കുമെന്ന ഭയം പുതിനുണ്ട്. ഒരു രാജ്യത്തിന്റെ ജനസംഖ്യയിലുണ്ടാകുന്ന കുറവ് വളരെ സങ്കീര്‍ണമായാണ് അതിനെ ബാധിക്കുക. ജനസംഖ്യ കുറയുന്നത് സൈനികമായും റഷ്യക്ക് കടന്ന തിരിച്ചടിയാണ്. സൈനിക സേവനത്തിന് യുവാക്കളെ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സൈന്യത്തിലേക്ക് അവശ്യമായ പ്രായത്തിലുള്ള പ്രായത്തിലുള്ള റഷ്യക്കാരുടെ എണ്ണം കുറയുന്നത് സായുധ സേനയ്ക്ക് പതിവ് റിക്രൂട്ട്‌മെന്റ്  ബുദ്ധിമുട്ടാക്കും. ഇതിന് പുറമേ ജനസംഖ്യ കുത്തനെ ഇടിയുന്നത് റഷ്യയെ മോശമായി തന്നെ ബാധിക്കും. യുവാക്കളുടേയും കുട്ടികളുടെയും ജനസംഖ്യ കുറയുന്നതും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും റഷ്യയെ പിന്നോട്ടടിക്കുന്നതാണെന്ന് പുതിന് വ്യക്തമായറിയാം. മറ്റെല്ലാ വിഭവങ്ങളുണ്ടെങ്കിലും മനുഷ്യവിഭവമില്ലെങ്കില്‍ ഒരു രാജ്യത്തിനും മുന്നോട്ട് പോക്ക് എളുപ്പമായേക്കില്ല. അതു തന്നെയാണ് റഷ്യയുടെ ഏറ്റവും വലിയ ഭയവും!