തെക്കേ അമേരിക്കയുടെ തന്നെ ഭാവി മാറ്റിമറിച്ചേക്കാവുന്ന നിര്‍ണായകമായ ഒരു വിധിയെഴുത്താണ് ഡിസംബര്‍ മൂന്നിന് വെനസ്വേലയിലെ ജനങ്ങള്‍ നടത്തിയത്. അയല്‍ രാജ്യമായ ഗയാനയുടെ മൂന്നില്‍ രണ്ട് ഭാഗം വരുന്ന ഭൂപ്രദേശം വെനസ്വേലയുടേതാണെന്ന് അംഗീകരിക്കുന്നുണ്ടോ എന്നാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോ (Nicolás Maduro)യുടെ സര്‍ക്കാര്‍ ഹിതപരിശോധനയില്‍ ജനങ്ങളോട് ചോദിച്ചത്. ഗയാനയുടെ എണ്ണ-ധാതു സമ്പന്ന പ്രദേശമായ എസ്സെക്വിബോ(Essequibo)യില്‍ അവകാശവാദം ഉന്നയിക്കുന്നതിനുള്ള പദ്ധതി വെനസ്വേലയിലെ വോട്ടര്‍മാര്‍ അംഗീകരിച്ചു. 95 ശതമാനം പേരും ഇതിനോട് അനുകൂലിച്ചെന്നാണ് വെനസ്വേല സര്‍ക്കാര്‍ അവകാശപ്പെട്ടത്. എസ്സെക്വിബോയ്ക്ക് മേലുള്ള ഗയാനയുടെ നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് വെനസ്വേലയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതിന് പിന്നാലെയായിരുന്നു ഹിതപരിശോധന. രാജ്യത്തിനെതിരായ ഭീഷണി എന്നാണ് ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലി ഇതിനെ വിശേഷിപ്പിച്ചത്. 

To advertise here,

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് എസ്സെക്വിബോ (Essequibo) പ്രദേശത്തെച്ചൊല്ലി വെനസ്വേലയും ഗയാനയും തമ്മിലുള്ള തര്‍ക്കം. കൊളോണിയല്‍ കാലഘട്ടത്തില്‍ തുടങ്ങിയതാണ് തര്‍ക്കം. വെനസ്വേല തങ്ങളുടെ പ്രദേശമായി അവകാശപ്പെടുന്നതും ഇപ്പോള്‍ ഗയാന കൈവശം വെച്ചിരിക്കുന്നതുമായ നിബിഡവനങ്ങളുള്ള മേഖല (ഗയാനയുടെ ആകെ ഭൂപ്രദേശത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം)യാണ്  തര്‍ക്കത്തിന്റെ മൂലകാരണം. ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1899-ല്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ ഒരു വിധി പ്രകാരമാണ് ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി നിശ്ചയിച്ചത്. പക്ഷേ വെനസ്വേല ഇത് അംഗീകരിക്കുന്നില്ല. മാത്രമല്ല എസ്സെക്വിബോ സ്വന്തം പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, അടുത്തിടെയാണ് തര്‍ക്കം രൂക്ഷമായത്. കൃത്യമായി പറഞ്ഞാല്‍ 2015-ന് ശേഷം. ഇതോടെ ഗയാനയുടെ പരമാധികാരത്തിനെതിരായ വെനസ്വേലയുടെ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു. പക്ഷ, എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ മൂലകാരണം? എസ്സെക്വിബോ മേഖല എന്തുകൊണ്ടാണ് ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാകുന്നത്? ഇത്രയും കാലത്തിന് ശേഷം വിഷയം രൂക്ഷമാകാന്‍ കാരണമെന്താണ് ? നിക്കോളാസ് മഡുറോയുടെ നയങ്ങള്‍ എങ്ങനെയാകും പ്രദേശത്തിന്റെ ഭാവിയെ ബാധിക്കുക? 

അഞ്ച് ഗയാനകളും എസ്സെക്വിബോയും

തെക്കേ അമേരിക്കയുടെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശമാണ് 'ദി ഗയാനാസ്' (The Guianas). രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം സ്പാനിഷില്‍ 'ഗുയാനാസ്' (Guayanas) എന്നും വിളിക്കപ്പെടുന്നു. സ്‌പെയിന്‍, ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ് എന്നീ അഞ്ച് കൊളോണിയല്‍ ശക്തികള്‍ ഈ പ്രദേശം വീതിച്ചെടുക്കുകയായിരുന്നു. ഇന്ന്, സ്വതന്ത്ര രാജ്യങ്ങളായ ഗയാന (ബ്രിട്ടീഷ് ഗയാന), സുരിനാം (ഡച്ച് ഗയാന), ഫ്രഞ്ച് ഓവര്‍സീസ് പ്രദേശമായ ഫ്രഞ്ച് ഗയാന, വെനസ്വേലന്‍ ഗയാന (സ്പാനിഷ് ഗയാന), ബ്രസീലിലെ അമാപ (Amapá) സംസ്ഥാനം (പോര്‍ച്ചുഗീസ് ഗയാന) എന്നീ പ്രദേശങ്ങളാണ് വിശാല അര്‍ത്ഥത്തില്‍ 'ദി ഗയാനാസ്' എന്ന് വിളിക്കപ്പെടുന്നത്. ദീര്‍ഘകാലം വ്യത്യസ്ത യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. ഒറ്റപ്പെട്ട ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം ഭൂമിയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഗയാന (ബ്രിട്ടീഷ് ഗയാന), സുരിനാം, ഫ്രഞ്ച് ഗയാന എന്നീ മൂന്ന് പ്രധാന പ്രദേശങ്ങളിലെ മൊത്തം ജനസംഖ്യ 17 ലക്ഷം മാത്രമാണ്; ഗയാനയില്‍ 804,567, സുരിനാമില്‍ 612,985, ഫ്രഞ്ച് ഗയാനയില്‍ 301,099.

placeholder
എസ്സെക്വിബോ നദി | Photo ; Patrick FORT / AFP

ഇതില്‍ സ്വതന്ത്രരാജ്യമായ ഗയാനയുടെ ഭാഗമായതും അയല്‍രാജ്യമായ വെനസ്വേല അവകാശവാദം ഉന്നയിക്കുന്നതുമായ പ്രദേശമാണ് എസ്സെക്വിബോ. ഗയാനയുടെ മൂന്നില്‍ രണ്ട് ഭാഗവും ഉള്‍ക്കൊള്ളുന്ന 159,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് എസ്സെക്വിബോ. എസ്സെക്വിബോ നദിയുടെ പടിഞ്ഞാറ് വശത്തായതിനാലാണ് ഈ പ്രദേശത്തെ എസ്സെക്വിബോ എന്ന് വിളിക്കുന്നത്. ഗയാനയിലെ ഏറ്റവും വലിയ നദിയാണ് എസ്സെക്വിബോ. ബ്രസീല്‍-ഗയാന അതിര്‍ത്തിക്കടുത്തുള്ള അകാറായി പര്‍വതനിരകളില്‍ ഉത്ഭവിച്ച് 1,014 കിലോമീറ്റര്‍ ഒഴുകി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുന്ന നദിയുടെ നിയന്ത്രണം ഗയാനയ്ക്കാണ്. പക്ഷേ ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വാഭാവിക അതിര്‍ത്തിയായി വെനസ്വേല പരിഗണിക്കുന്നത് എസ്സെക്വിബോ നദിയേയാണ്. നദിയുടെ പടിഞ്ഞാറുള്ള മുഴുവന്‍ ഭൂമിയും വെനസ്വേല അവകാശപ്പെടുന്നു. തങ്ങളുടെ ഭൂപടത്തിലും അവര്‍ ഈ പ്രദേശത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'സോണ്‍ ഇന്‍ റിക്ലമേഷന്‍' എന്നാണ് വെനസ്വേല പ്രദേശത്തെ പരാമര്‍ശിക്കുന്നത്. 2023-ലെ കണക്കുകള്‍ പ്രകാരം 1.25 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.  പ്രദേശത്തിന്റെ ഭൂരിഭാഗവും നിബിഢ വനവുമാണ്. ഈ പ്രദേശത്തെ ഗയാന ആറ് ഭരണ മേഖലകളായി തിരിച്ചിരിക്കുന്നു. 

എസ്സെക്വിബോ തര്‍ക്കത്തിന്റെ ചരിത്രം

ബ്രിട്ടീഷ്, സ്പാനിഷ് കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഗയാനയ്ക്കും വെനസ്വേലയ്ക്കും ഇടയിലുള്ള എസ്സെക്വിബോ അതിര്‍ത്തി തര്‍ക്കം. സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ എസ്സെക്വിബോയ്ക്കുമേല്‍ വെനസ്വേല അവകാശവാദം ഉന്നയിക്കുന്നുണ്ട്. സ്പാനിഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ എസ്സെക്വിബോ തങ്ങളുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വെനസ്വേലയുടെ അവകാശവാദങ്ങള്‍. ബ്രിട്ടീഷ് ഗയാനയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.  1814-ല്‍ നെതര്‍ലന്‍ഡ്സുമായുള്ള ഉടമ്പടി പ്രകാരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ ബ്രിട്ടീഷ് ഗയാന (ഇപ്പോഴത്തെ ഗയാന) സ്വന്തമാക്കുന്നത്. അക്കാലത്ത് ബ്രിട്ടീഷ് ഗയാനക്ക് വെനസ്വേലയുമായി കൃത്യമായ അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലായിരുന്നു. 1835-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റോബര്‍ട്ട് ഷോംബര്‍ക്കി( Robert Schomburgk)നെ അതിര്‍ത്തി പ്രദേശം സര്‍വേ ചെയ്യാനും അതിര്‍ത്തി വരയ്ക്കാനും നിയോഗിക്കുന്നതുവരെ ഈ സ്ഥിതി തുടര്‍ന്നു. ഗയാനയുടെ നിലവിലെ പടിഞ്ഞാറന്‍ അതിര്‍ത്തിക്ക് സമാനമായ അതിര്‍ത്തി അദ്ദേഹം വരച്ചു. ഈ അതിര്‍ത്തി ഷോംബര്‍ക്ക് ലൈന്‍ (Schomburgk Line) എന്നറിയപ്പെടുന്നു. പക്ഷേ, ഗയാനയുടെ മധ്യഭാഗത്തുകൂടി ഒഴുകുന്ന എസ്സെക്വിബോ നദിയുടെ പടിഞ്ഞാറ് ഭൂപ്രദേശത്തിന്മേല്‍ വെനസ്വേല അവകാശവാദം ഉന്നയിച്ചു.

placeholder
എസ്സെക്വിബോയുടെ മാപ്പ് | Photo: google.com/maps

പിന്നാലെ തര്‍ക്കപ്രദേശത്ത് സ്വര്‍ണം കണ്ടെത്തിയതോടെ ബ്രിട്ടന്‍, അവര്‍ കൈവശപ്പെടുത്തിയ സ്ഥലത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഷോംബര്‍ക്ക് ലൈനിന് പടിഞ്ഞാറുള്ള 33,000 ചതുരശ്ര മൈല്‍ പ്രദേശമാണ് അധികമായി അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ വെനസ്വേല ഇതിനെ ശക്തമായി എതിര്‍ത്തു. 1876-ല്‍, വെനസ്വേല തര്‍ക്കം പരിഹരിക്കാന്‍ അമേരിക്കയെ സമീപിച്ചു. 1895-ല്‍ മാത്രമാണ് അമേരിക്ക ഈ വിഷയത്തില്‍ ഇടപെടാന്‍ സമ്മതിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട അമേരിക്ക തര്‍ക്കപരിഹാരത്തിനായി ബോര്‍ഡ് നിശ്ചയിച്ചു. ആര്‍ബിറ്റേഷന്‍ ബോര്‍ഡ് തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന് ഉറപ്പിച്ചാണ് വെനസ്വേല മധ്യസ്ഥതയ്ക്ക് സമ്മതിച്ചത്. അമേരിക്ക എന്ത് തീരുമാനമെടുത്താലും അത് അനുസരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരും തയ്യാറായി. പക്ഷേ, 1899 ഒക്ടോബര്‍ 3-ന് മധ്യസ്ഥര്‍ അതിര്‍ത്തിയായി ഷോംബര്‍ക്ക് ലൈന്‍ പിന്തുടരാന്‍ നിര്‍ദ്ദേശിച്ചു. വെനസ്വേലയെ ഞെട്ടിച്ചുകൊണ്ടാണ് ആര്‍ബിട്രേഷന്‍ ബോര്‍ഡ് 1835-ലെ ബ്രിട്ടീഷ് അവകാശവാദത്തിന് അനുകൂലമായി തീരുമാനമെടുത്തത്. എസ്സെക്വിബോയ്ക്ക് മേലുള്ള വെനസ്വേലയുടെ അവകാശവാദങ്ങളും സ്വര്‍ണ്ണഖനികള്‍ക്കുമേലുള്ള ബ്രിട്ടന്റെ അവകാശവാദങ്ങളും ആര്‍ബിട്രേഷന്‍ ബോര്‍ഡ് തള്ളിക്കളയുകയും ചെയ്തു. വെനസ്വേലന്‍ സര്‍ക്കാര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും എസ്സെക്വിബോയില്‍ അവകാശവാദം നിലനിര്‍ത്തുകയും ചെയ്തു.

വെനസ്വേലയുടെ അവകാശവാദങ്ങള്‍ 

1899-ല്‍ ഗയാന ബ്രിട്ടീഷ് കോളനിയായിരുന്ന സമയത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ മധ്യസ്ഥര്‍ മുന്നോട്ടുവെച്ച അതിര്‍ത്തി വെനസ്വേല അംഗീകരിക്കുന്നില്ല. ഈ അതിര്‍ത്തി സംബന്ധിച്ച് വെനസ്വേല ദീര്‍ഘകാലമായി തര്‍ക്കം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരാണ് ആ അതിര്‍ത്തി നിശ്ചയിച്ചത്. വെനസ്വേലന്‍ സര്‍ക്കാര്‍ ബ്രിട്ടനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനാല്‍ യു.എസ്സാണ് ചര്‍ച്ചകളില്‍ വെനസ്വേലയെ പ്രതിനിധീകരിച്ചത്. 1899-ലെ ഈ അതിര്‍ത്തിയാണ് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഗയാന അംഗീകരിക്കുന്നത്. പക്ഷേ, വെനസ്വേല ഈ അതിര്‍ത്തി നിര്‍ണയത്തെ 'ആംഗ്ലോ-റഷ്യന്‍ ഗൂഢാലോചന' എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രദേശം ഗയാനയ്ക്ക് വിട്ടുകൊടുത്ത മധ്യസ്ഥരുടെ തീരുമാനത്തെ അനുസരിക്കില്ലെന്ന് 1962-ല്‍ അവര്‍ പ്രഖ്യാപിച്ചു. ഗയാനയുടെ ഏകദേശം 70% പ്രദേശം സ്വന്തം പ്രദേശമാണെന്ന് വെനസ്വേല അവകാശപ്പെടുന്നു. വിഷയം ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ കൊണ്ടുവരുന്നതുള്‍പ്പെടെ ശ്രമങ്ങള്‍ അവര്‍ നടത്തിയിരുന്നു. പക്ഷേ അത് ഒരിക്കലും ശക്തരായ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ശത്രുത പുലര്‍ത്തിയില്ല. 

1960-കളില്‍, ബ്രിട്ടന്‍ ഗയാനക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഘട്ടത്തില്‍ വെനസ്വേല യു.എന്നിലടക്കം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പരാജയപ്പെട്ടു. മിക്ക രാജ്യങ്ങളും എസ്സെക്വിബോയെ ഗയാനയുടെ ഭാഗമായാണ് കണക്കാക്കുന്നത്. പിന്നാലെ 1966-ല്‍ ബ്രിട്ടനില്‍ നിന്ന് ഗയാന സ്വാതന്ത്ര്യം നേടി. തര്‍ക്കപരിഹാരത്തിന് കമ്മീഷന്‍ രൂപീകരിക്കാന്‍ ആ വര്‍ഷം ജനീവ ഉടമ്പടി ഒപ്പുവച്ചു. ഉടമ്പടി ഒപ്പുവെച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വെനസ്വേലന്‍ സൈനികസേന ഗയാന അതിര്‍ത്തിയിലെ അങ്കോക്കോ ദ്വീപ് (Ankoko Island) കൈവശപ്പെടുത്തി. ഗയാന, വെനസ്വേല, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി അതിര്‍ത്തി കമ്മിഷന്‍ രൂപീകരിച്ചെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. തര്‍ക്കം പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികളൊന്നും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ അത് പരാജയപ്പെട്ടു. 1967-ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റില്‍ (ഒ.എ.എസ്.) അംഗമാകാനുള്ള ഗയാനയുടെ ശ്രമത്തെ വെനസ്വേല വീറ്റോ ചെയ്തു പരാജയപ്പെടുത്തി. 1969-ല്‍ വെനസ്വേല തര്‍ക്കപ്രദേശത്ത് നടന്ന പ്രക്ഷോഭത്തെയും പിന്തുണച്ചു. പക്ഷേ, കടുത്ത നയതന്ത്ര സമ്മര്‍ദത്തിനൊടുവില്‍ 1970-ല്‍ വെനസ്വേല 12 വര്‍ഷക്കാലത്തേക്ക് തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരില്ലെന്ന് സമ്മതിച്ചു. 1981-ല്‍ ഇത് പക്ഷേ പുതുക്കാന്‍ വെനസ്വേല വിസമ്മതിച്ചു. പക്ഷേ, ഇരു രാജ്യങ്ങളിലെയും ഭരണമാറ്റത്തിന് പിന്നാലെ 1990-കളില്‍ ബന്ധം മെച്ചപ്പെട്ടിരുന്നു. 

placeholder
വെനസ്വേല തലസ്ഥാനമായ കാരക്കാസിലെ തെരുവില്‍ എസ്സെക്വിബോ പ്രദേശം ഉള്‍പ്പെടുന്ന വെനസ്വേലന്‍ ഭൂപടത്തിന്റെ ചുവര്‍ചിത്രം | Photo: Matias Delacroix/ AP 

സമീപകാല സംഭവവികാസങ്ങള്‍ 

1999-ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വീണ്ടും തലപൊക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വെനസ്വേല സൈന്യം ഇടപെട്ടത് ഗയാനയില്‍ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. 2007-ല്‍, വെനസ്വേലന്‍ സൈന്യം അതിര്‍ത്തിയിലെ സ്വര്‍ണ്ണഖനികള്‍ നശിപ്പിച്ചതായി ഗയാന അവകാശപ്പെട്ടു. ഇതിനിടെ 2013-ല്‍ നിക്കോളാസ് മഡുറോ അധികാരത്തിലെത്തിയതോടെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. മഡുറോ വെനസ്വേലയുടെ വാദങ്ങള്‍ ശക്തിപ്പെടുത്തുകയും ഗയാനയുടെ അവകാശവാദത്തെ തള്ളിക്കളയുകയും ചെയ്തു. 2013-ല്‍ എസ്സെക്വിബോയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വെച്ച് ഒരു എണ്ണ പര്യവേക്ഷണ കപ്പല്‍ വെനസ്വേല നാവികസേന പിടിച്ചെടുത്തു. ഗയാന സര്‍ക്കാരിന് വേണ്ടി എണ്ണ പര്യവേക്ഷണം നടത്തുകയായിരുന്നു കപ്പല്‍.  2015-ല്‍ തര്‍ക്ക പ്രദേശത്തെ സമുദ്രമേഖലയില്‍ നാവികസേനയെ വിന്യസിക്കാനുള്ള വെനസ്വേലയുടെ തീരുമാനവും പിരിമുറുക്കത്തിന് കാരണമായി. ഇതിനിടെ 2018-ല്‍ തര്‍ക്കം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തി. മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഐക്യരാഷ്ട്രസഭ തര്‍ക്കം അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ)യിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 2020 ജൂണ്‍ 30-ന് നടന്ന ഹിയറിംഗില്‍ വെനസ്വേല പങ്കെടുത്തില്ല. വിഷയത്തില്‍ ഇടപെടാന്‍ ഐസിജെയ്ക്ക് അധികാരമില്ലെന്നാണ് വെനസ്വേല പറഞ്ഞത്. തുടര്‍ന്നുള്ള ചര്‍ച്ചകളിലും അവര്‍ പങ്കെടുത്തില്ല. 2020 സെപ്റ്റംബറില്‍, പ്രദേശത്ത് കടല്‍ പട്രോളിംഗില്‍ ഗയാനക്കൊപ്പം ചേരുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചു.

മറുവശത്ത് എസ്സെക്വിബോ മേഖല സംബന്ധിച്ച വെനസ്വലയുടെ അവകാശവാദങ്ങളെല്ലാം ഗയാന തള്ളിക്കളയുന്നു. ഒരുഘട്ടത്തിലും ഭരണാധികാരികള്‍ രാജ്യത്തിന്റെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോക്കം പോയിട്ടില്ല. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് വരുന്ന പ്രദേശം നഷ്ടമായാല്‍ അഭിമാനപ്രശ്‌നം എന്നതിലുപരി, വലിയ സാമ്പത്തിക നഷ്ടമാണ് ഗയാനക്ക് ഉണ്ടാകുന്നത്. എസ്സെക്വിബോയുടെ മേലുള്ള തങ്ങളുടെ പരമാധികാരത്തെ ഊട്ടിയുറപ്പിക്കുന്നതിനും വെനസ്വേലയുടെ 'ഭീഷണിക്ക്' മറുപടിയായി, കൂടുതല്‍ പിന്തുണ നേടുന്നതിനും പൊതുബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രാദേശികതര്‍ക്കവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് അവര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 2022 സെപ്തംബറില്‍, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ എസ്സെക്വിബോ ഉള്‍പ്പെടെയുള്ള വെനസ്വേല ഭൂപടത്തോടൊപ്പം കൈറ്റൂര്‍ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഗയാനയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കൈറ്റൂര്‍. ഇത് ഗയാനയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

placeholder
എസ്സെക്വിബോയ്ക്ക് മേലുള്ള വെനസ്വേലന്‍ പരമാധികാരത്തെക്കുറിച്ചുള്ള റഫറണ്ടത്തിന്റെ ഫലം പ്രഖ്യാപിച്ച ശേഷം വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു | Photo : Pedro Rances Mattey / AFP

വെനസ്വേലയുടെ മനസിലെന്ത് ? 

എസ്സെക്വിബോയെ സംബന്ധിച്ച ഗയാന-വെനസ്വേല തര്‍ക്കത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത് മേഖലയിലെ എണ്ണ നിക്ഷേപമാണ്. 1950-കള്‍ മുതല്‍ എണ്ണപര്യവേഷണം നടക്കുന്നുണ്ട്. പക്ഷേ, അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ എക്സോണ്‍മൊബില്‍ 2015 മെയ് മാസത്തിലാണ് തീരപ്രദേശത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെ എണ്ണ സാന്നിധ്യം തിരിച്ചറിഞ്ഞതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കണ്ടെത്തലുകളിലൊന്നായിരുന്നു ഇത്. 2018-ന്റെ തുടക്കത്തില്‍ മേഖലയില്‍ വീണ്ടും നിക്ഷേപം കണ്ടെത്തി. 2015 മുതല്‍ ഗയാനയില്‍ 46 എണ്ണപ്പാടങ്ങളാണ് കണ്ടെത്തിയത്. 2023-ല്‍ മാത്രം ഗയാന തീരത്ത് നാല് എണ്ണപ്പാടങ്ങള്‍ കണ്ടെത്തി. എസ്സെക്വിബോ ഓഫ്ഷോറിലാണ് ഇതെല്ലാം കണ്ടെത്തിയത്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും നിക്ഷേപം കണ്ടെത്തിയതാണ് മേഖലയ്ക്ക് മേലുള്ള വെനസ്വേലയുടെ അവകാശവാദം ശക്തിപ്രാപിക്കാനുള്ള പ്രധാന കാരണം. എണ്ണനിക്ഷേപം കണ്ടെത്തിയ 2015 മുതല്‍ വെനസ്വേല ഇത് ശക്തമാക്കി. ഈ കരുതല്‍ ശേഖരങ്ങള്‍ക്ക് ഗയാനയെ മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി മാറ്റാനുള്ള കഴിവുണ്ട്. ഇത് വെനസ്വേലയ്ക്കും വലിയ തിരിച്ചടിയാണ്. 

എസ്സെക്വിബോ തീരത്തെ എണ്ണപ്പാടങ്ങള്‍ ഗയാനയുടെ തലവര മാറ്റുന്നതായിരുന്നു. എണ്ണശേഖരം കണ്ടെത്തിയതിനുശേഷം രാജ്യത്തിന്റെ ചിത്രം തന്നെ മാറിമറിഞ്ഞു. എണ്ണയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു. ഈ പണം രാജ്യത്തെ വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് അവര്‍ വിനിയോഗിക്കുന്നത്. ഈ പതിറ്റാണ്ടിന്റെ മധ്യത്തോടെ ഈ പ്രദേശത്തെ എണ്ണ ഉല്‍പ്പാദനം ഏകദേശം 700,000 മുതല്‍ 1,000,000 ബാരല്‍ വരെയാകുമെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള രാജ്യമായ വെനസ്വേലയെ ഉത്പാദനത്തില്‍ ഗയാന മറികടക്കുമെന്നും കരുതുന്നു. കോവിഡ് മൂലമുണ്ടായ എണ്ണ വില പ്രതിസന്ധി വെനസ്വേലയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. എണ്ണ ഉത്പാദനം കാര്യമായി കുറഞ്ഞു. ഒപ്പം പ്രസിഡന്റ് മഡുറോയുടെ കീഴില്‍ വെനസ്വേല സാമ്പത്തികവും രാഷ്ട്രീയവുമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. എണ്ണ വരുമാനത്തിലെ കുറവ്, കാര്യക്ഷമമല്ലാത്ത ഭരണം, അന്താരാഷ്ട്ര ഉപരോധങ്ങള്‍ എന്നിവ രാജ്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കോവിഡ് വ്യാപനം സാഹചര്യം കൂടുതല്‍ വഷളാക്കി. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തികമായ വീണ്ടെടുക്കലിന് ഊര്‍ജ്ജ നിക്ഷേപം നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. എസ്സെക്വിബോ മേഖലയില്‍ കണ്ടെത്തിയ കരുതല്‍ ശേഖരം രാജ്യത്തിന് പ്രയോജനം ചെയ്യുമെന്ന് മഡുറോ വിശ്വസിക്കുന്നു. 

ഇതിനൊപ്പം പ്രസിഡന്റ് നിക്കോളാസ് മഡുറോ 2024-ല്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഗയാനയില്‍ നിന്ന് തര്‍ക്കപ്രദേശമായ എസ്സെക്വിബോ പിടിച്ചെടുക്കാനുള്ള ശ്രമം പോലും വെനസ്വലേയില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ്. തിരഞ്ഞെടുപ്പില്‍ അതീവ്ര പ്രാധാന്യമുള്ള വിഷയവും. വെനസ്വേലന്‍ അനുകൂല വികാരങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് പൗരന്മാരുടെ പ്രീതി നേടാനുള്ള ഒരു മാര്‍ഗമായി മഡുറോയുടെ ഉത്തരവുകളും നീക്കങ്ങളും കാണാം. കോവിഡ് വരുത്തിവെച്ച സാമ്പത്തിക തകര്‍ച്ചയും  അഭയാര്‍ത്ഥി പ്രതിസന്ധിയും അനുഭവിക്കുന്ന ഒരു രാജ്യത്തെ ജനങ്ങളെ തിലൂടെ തനിക്ക് അനുകൂലമാക്കാമെന്ന് മഡുറോ പ്രതീക്ഷിക്കുന്നുണ്ടാകാം. അധിനിവേശം ഉള്‍പ്പെടെ നടക്കാനുള്ള സാധ്യത ചില രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മഡുറോയുടെ അധികാരത്തോടുള്ള ആര്‍ത്തി കണക്കിലെടുക്കുമ്പോള്‍, വെനസ്വേലന്‍ പ്രസിഡന്റ് നേരിട്ട് അധിനിവേശത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അതിശയിക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

placeholder

ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി| Photo: Adrian Dennis/AP

യുദ്ധത്തിലേക്ക് നീങ്ങുമോ ? 

എസ്സെക്വിബോ സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വരുന്നത് 2023 ഏപ്രിലിലാണ്. എസ്സെക്വിബോയ്ക്ക് മേലുള്ള ഗയാനയുടെ നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നും ഐസിജെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെനസ്വേലന്‍ വോട്ടര്‍മാര്‍ക്കായി 2023 ഡിസംബറില്‍ ഹിതപരിശോധന നടത്തിയത്. ഇതില്‍ 95 ശതമാനം പേരും എസ്സെക്വിബോ മേഖല അവകാശപ്പെടാന്‍ വോട്ട് ചെയ്തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, ഐ.സി.ജെയുടെ ഇടപെടലിനെ വെനസ്വേല തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. ഒപ്പം അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഇടപെടല്‍ പക്ഷപാതപരമാണെന്നും മഡുറോ ആരോപിക്കുന്നു.  പ്രാദേശിക സംഘര്‍ഷങ്ങളില്‍ സ്വതന്ത്ര, ഉഭയകക്ഷി തര്‍ക്ക പരിഹാര സംവിധാനം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതെല്ലാമാണെങ്കിലും ഇരുരാജ്യങ്ങളും എസ്സെക്വിബോ മേഖലയെച്ചൊല്ലി യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. വിഷയത്തില്‍ കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരിക്കോമിന്റെ പിന്തുണ ഗയാനയ്ക്കാണ്. മഡുറോയുടെ തീരുമാനങ്ങളെ അപലപിക്കുന്ന യു.എസ്., സഖ്യകക്ഷിയല്ലെങ്കിലും ഗയാനക്കൊപ്പം സൈനികാഭ്യാസങ്ങള്‍ നടത്തുന്നു. ഇതും മഡുറോയെ ചൊടിപ്പിക്കുന്നതാണ്. 

എസ്സെക്വിബോ പ്രദേശത്തിന്റെ പൂര്‍ണമായ നിയന്ത്രണം തന്നെയാകും മഡുറോ ലക്ഷ്യംവയ്ക്കുന്നത്. അതിനാല്‍ തന്നെ മേഖലയില്‍ ഏത് നിമിഷവും ഒരു ഉരസലിന് സാധ്യതയുണ്ട്. ഗയാന സര്‍ക്കാരിന് വേണ്ടി ഗവേഷണം നടത്തുന്ന ഏതെങ്കിലും കപ്പല്‍ പിടിച്ചെടുക്കാന്‍ വെനസ്വേല തീരുമാനിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പക്ഷേ, സംഘര്‍ഷസാധ്യത കുറയ്ക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന് വെനസ്വേലന്‍ അധികാരികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകും. വെനസ്വേല ഇതിനകം തന്നെ അമേരിക്കയുടെ കനത്ത ഉപരോധം നേരിടുന്നതിനാല്‍, കൂടുതല്‍ ഉപരോധ ഭീഷണി അവര്‍ക്ക് നേരിടാനാകില്ല. ഉപരോധങ്ങള്‍ എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്‍ക്കുമെന്നതിനാല്‍ തുടര്‍ ഉപരോധങ്ങള്‍ ഗയാനയുമായി നേരിട്ട് ഏറ്റുമുട്ടുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചേക്കാം. അന്താരാഷ്ട്ര സമ്മര്‍ദത്തെ മറികടന്ന് പ്രദേശം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചാലും അമേരിക്ക ഭയന്ന് പല രാജ്യങ്ങളും വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ തയ്യാറായേക്കില്ല. ഇതും മനസില്‍വെച്ച് മാത്രമേ ഒരു തുറന്ന യുദ്ധത്തിന് മഡുറോ ഇറങ്ങിപ്പുറപ്പെടാന്‍ സാധ്യതയുള്ളൂ. അതിനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കണ്ട് തന്നെ അറിയണം.