ഇന്ത്യന്‍ സഞ്ചാരികള്‍ കൈവിട്ടതോടെ അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി രംഗത്ത്! ഉഭയകക്ഷിബന്ധം വഷളായ സാഹചര്യത്തില്‍ മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യൻ  സഞ്ചാരികള്‍ രാജ്യത്തെത്തണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ അഭ്യര്‍ഥിച്ചത്. 'നമുക്കൊരു ചരിത്രമുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സര്‍ക്കാരിനും ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് താല്‍പര്യം. ഞങ്ങള്‍ എല്ലായ്പ്പോഴും സമാധാനവും സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ ജനങ്ങളും സര്‍ക്കാരും ഇന്ത്യന്‍ സഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യും. മാലദ്വീപ് വിനോദസഞ്ചാരത്തിന്റെ ഭാഗമാകാന്‍ ഇന്ത്യക്കാരോട് ടൂറിസം മന്ത്രി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളുടെ സമ്പദ്​വ്യവസ്ഥ ടൂറിസത്തെ  ആശ്രയിച്ചാണ് നിലനിൽക്കുന്നത്' - വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം ഫൈസല്‍ പറഞ്ഞു.

To advertise here,

'ഇന്ത്യ ഔട്ട്' മുദ്രാവാക്യമുയര്‍ത്തി ചൈനീസ് അനുകൂല നേതാവ് മുഹമ്മദ് മുയിസു അധികാരത്തിലെത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതോടെ ഇന്ത്യന്‍ സഞ്ചാരികള്‍ കൂട്ടത്തോടെ മാലദ്വീപിനെ ബഹിഷ്‌കരിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ബഹിഷ്‌കരണ ആഹ്വാനങ്ങളുണ്ടായി. സെലിബ്രിറ്റികള്‍ അടക്കുമുള്ളവര്‍ ഇതിന് പിന്തുണ നല്‍കി. ഇന്ത്യന്‍ സഞ്ചാരികള്‍ മാലദ്വിപിനെ ഒഴിവാക്കിയതോടെ അവരുടെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കി. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കലല്ലാതെ അവർക്ക് മറ്റ് മാർ​ഗങ്ങളില്ലാതായി. അതിന്റെ ഭാഗമാണ് മാലദ്വീപ് ടൂറിസംമന്ത്രിയുടെ അഭ്യര്‍ഥന.

placeholder
 മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ | Photo: twitter.com/lasiaf969

വിനോദസഞ്ചാരം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് 

മാലദ്വീപിലെ ഏറ്റവും വലിയ വ്യവസായമാണ് വിനോദസഞ്ചാരം. രാജ്യത്തിന്റെ പ്രാഥമിക സാമ്പത്തിക സ്രോതസുകളിലൊന്ന്. രാജ്യത്തിന്റെ  ജി.ഡി.പിയുടെ 28 ശതമാനവും വിദേശനാണയ വരുമാനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് വിനോദസഞ്ചാരമാണ്. നികുതി വരുമാനത്തിന്റെ 90 ശതമാനവും ഇറക്കുമതി തീരുവകളില്‍ നിന്നും ടൂറിസവുമായി ബന്ധപ്പെട്ട നികുതികളില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ പ്രത്യക്ഷമായും പരോക്ഷമായും വലിയ വിഭാഗത്തിന് തൊഴില്‍ നല്‍കുന്നതിലും വിനോദസഞ്ചാരവ്യവസായം പ്രധാന പങ്ക് വഹിക്കുന്നു. 1,000-ലധികം പവിഴദ്വീപുകളും മനോഹരമായ ബീച്ചുകളുമുള്ള മാലദ്വീപില്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ആകര്‍ഷണങ്ങൾ ഒരുപാടുണ്ട്. 1,000-ലധികം റിസോര്‍ട്ടുകളുള്ള മാലദ്വീപില്‍ മൊത്തം 18.8 ലക്ഷത്തിലധികം സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. 2022-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികളുടെ വരവില്‍ 12 ശതമാനം വര്‍ധനയുണ്ടായി. 2022-ല്‍ ഇത് 16.7 ലക്ഷമായിരുന്നു. ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, റഷ്യ, ചൈന, യുകെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്.

വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2022-ല്‍ മാലദ്വീപിന്റെ മൊത്തം സമ്പദ്​വ്യവസ്ഥയുടെ 58.3 ശതമാനവും ടൂറിസത്തിന്റെ സംഭാവനയാണ്. മാലിദ്വീപിലെ 70 ശതമാനം ആളുകളും  ടൂറിസവും അതുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. മാലദ്വീപ് മാര്‍ക്കറ്റിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോര്‍പ്പറേഷന്റെ പത്രക്കുറിപ്പ് പ്രകാരം 2023-ല്‍ 18 ലക്ഷം വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20-ന് തന്നെ അവര്‍ക്ക് അത് നേടിയെടുക്കാനായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സഞ്ചാരികളെയാണ് ഇത്തവണ മാലദ്വീപ് ലക്ഷ്യമിടുന്നത്. ജനുവരിയില്‍ രാജ്യത്ത് എത്തിയ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ കണക്കുകളെ  മറികടക്കുന്നതുമായിരുന്നു. പക്ഷേ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. 

placeholder
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലെ ബംഗാരം ദ്വീപ് സന്ദർശന വേളയിൽ | Photo: PTI

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം

2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നത്. ലക്ഷദ്വീപിന്റെ സൗന്ദര്യവും സാധ്യതകളും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് ചെയ്തതായിരുന്നു തുടക്കം. ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ ജനുവരി നാലിനാണ് ദ്വീപിന്റെ മനോഹാരിത വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ചത്. പിന്നാലെ ടൂറിസത്തിന്റെ കാര്യത്തില്‍ മാലദ്വീപിന് ബദലാകാന്‍ ലക്ഷദ്വീപിന് സാധിക്കുമെന്നും മോദിയുടെ സന്ദര്‍ശനം ലക്ഷദ്വീപിന്റെ ജനകീയത വര്‍ധിപ്പിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു. മോദിയുടെ സന്ദര്‍ശനംതന്നെ ഇതിനാണെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഇതിന് മറുപടിയെന്നോണം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കുമെതിരേ  പരിഹാസവുമായെത്തി. മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, മഹ്‌സും മജീദ് എന്നിവരായിരുന്നു വിവാദ പരാമര്‍ശത്തിനു പിന്നില്‍. മൂന്ന് പേരും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രിയേയും ഇന്ത്യയേയും പരിഹസിച്ചത്. മാലദ്വീപ് മന്ത്രിമാരുടെ പരിഹാസം ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. 

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അഞ്ചുദിന ചൈനാ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രിയെ മാലദ്വീപിലെ മന്ത്രിമാര്‍ അധിക്ഷേപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള  ബന്ധം വഷളാക്കി. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ക്കെതിരേ മാലദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നു. രാജ്യത്തിന്റെ സുരക്ഷയിലും അഭിവൃദ്ധിയിലും ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനമാണെന്ന് വ്യക്തമാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് സംഭവത്തെ അപലപിച്ചു. പിന്നാലെ അഭിപ്രായപ്രകടനം വിദ്വേഷ പ്രചാരണത്തിനാകരുതെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്നും മാലദ്വീപ് പ്രസ്താവനയിറക്കി. വിഷയം വഷളായതോടെ മൂന്ന് മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പക്ഷേ, ഇന്ത്യന്‍ സെലിബ്രിറ്റികളുടെയും ബോളിവുഡിന്റെയും മാലദ്വീപ് ബഹിഷ്‌കരണ ആഹ്വാനം അവര്‍ക്ക് തിരിച്ചടിയായി. അക്ഷയ് കുമാര്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം മാലദ്വീപ് യാത്രാ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. മാലദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് പോകാനായിരുന്നു ആഹ്വാനം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള മാലദ്വീപ് ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് വലിയ തോതിൽ റദ്ദാക്കപ്പെട്ടു. പല ഇന്ത്യന്‍ ട്രാവല്‍ കമ്പനികളും വിമാന ബുക്കിങ്ങുകളും പിന്‍വലിച്ചു.

placeholder
മാലദ്വീപിലെ ഹുൽഹുമലെയിലെ ബീച്ചിൽ നിന്നുള്ള ദൃശ്യം | Photo: Afrah MOHAMED / AFP

മാലദ്വീപിനെ കൈവിടുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ 

കോവിഡ് മഹാമാരിക്ക് ശേഷം മാലദ്വീപ് സന്ദര്‍ശികുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യയായിരുന്നു മുന്നില്‍. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2023-ല്‍ ആകെ 18 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ദ്വീപ് രാഷ്ട്രം സന്ദര്‍ശിച്ചു. അതില്‍ രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. രണ്ട് ലക്ഷത്തിലധികം റഷ്യന്‍ സഞ്ചാരികളും 1.8 ലക്ഷം ചൈനീസ് സഞ്ചാരികളും ഈ കാലയളവില്‍ മാലദ്വീപ് സന്ദര്‍ശിച്ചു. 2022-ല്‍ 2.4 ലക്ഷത്തിലധികം ഇന്ത്യന്‍ സന്ദര്‍ശകരുണ്ടായിരുന്നു. 2021-ല്‍ 2.11 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ മാലദ്വീപിലേക്ക് പറന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി വിമാനത്താവളങ്ങള്‍ തുറന്നു നല്‍കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് മാലദ്വീപ്. ആ കാലയളവില്‍ ഏകദേശം 63,000 ഇന്ത്യക്കാര്‍ മാലദ്വീപ് സന്ദര്‍ശിച്ചു. പക്ഷേ, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് 2024-ല്‍ രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ്. 

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ 42 ശതമാനം കുറവുണ്ടായതായാണ് മാലദ്വീപിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മാലദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നാണ് ഏറ്റവുമധികം ടൂറിസ്റ്റുകള്‍ എത്തിയിരുന്നത്. പക്ഷേ പിന്നാലെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മെയ് നാല് വരെ ഇന്ത്യയില്‍ നിന്ന് 43,991 വിനോദസഞ്ചാരികള്‍ മാലദ്വീപിലെത്തി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ മാലദ്വീപില്‍ 73,785 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് സന്ദര്‍ശനം നടത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇത് 42,638 മാത്രമാണ്. ചൈനയില്‍ നിന്ന് 87,168 വിനോദസഞ്ചാരികളും റഷ്യയില്‍ നിന്ന് 80,160 യാത്രികരും ബ്രിട്ടനില്‍നിന്ന് 76,823 പേരും ഇക്കാലയളവില്‍ മാലദ്വീപിലെത്തി. പുതിയ ഭരണകൂടം അധികാരമേറ്റതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായതാണ് ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ കുത്തനെയുള്ള ഇടിവിന് കാരണമെന്നുമാണ് മാലദ്വീപ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 

placeholder
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു | Photo: PTI

ഇന്ത്യ-മാലദ്വീപ്, അകലുന്ന അയല്‍ക്കാര്‍ 

ഇന്ത്യയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദ്വീപുകളുമായി ചരിത്രപരമായി ബന്ധമാണ് ഇന്ത്യ പുലര്‍ത്തി വന്നിരുന്നത്. മാറിമാറിവന്ന മാലദ്വീപ് സര്‍ക്കാരുകളുമായി സൗഹൃദം സൂക്ഷിക്കാന്‍ എല്ലാക്കാലത്തും ഇന്ത്യ ശ്രദ്ധിച്ചിരുന്നു. മാലദ്വീപിന്റെ അടുത്ത സുഹൃത്തും വ്യാപാര പങ്കാളിയുമായിരുന്ന ഇന്ത്യ, അപകട ഘട്ടങ്ങളിലെല്ലാം അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. പക്ഷേ, ഒരു വിഭാഗം രാഷ്ട്രീയക്കാര്‍, കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുപോന്നിരുന്നു. പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പി.പി.എം.) എല്ലാക്കാലത്തും ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ ആശങ്കാകുലരായിരുന്നു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും അവരുടെ രാഷ്ട്രീയ ക്യാമ്പിനും ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ താല്പര്യമില്ല. 2023 നവംബറില്‍ അധികാരമേറ്റെടുത്ത മുഹമ്മദ് മുയിസു പരസ്യമായി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഔട്ട് എന്നതായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രചാരണ മുദ്രാവാക്യം. മുയിസുവിന്റെ കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. ദ്വീപില്‍ ഇന്ത്യയുടേയോ ചൈനയുടേയോ സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് മുയിസു പ്രഖ്യാപിച്ചു. പിന്നാലെ മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. 

പരമ്പരാഗതമായി മാലദ്വീപ് ഭരണാധികാരികള്‍ സ്വീകരിച്ചതുപോലെ അധികാരമേറ്റാല്‍ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്ന കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. യു.എ.ഇ. സന്ദര്‍ശനത്തിനുപിന്നാലെ ചൈനയിലെത്തിയ മുയിസു, അവരുമായി നിര്‍ണായക കരാറുകളുണ്ടാക്കി. ഇന്ത്യന്‍ സൈനികരോട് തിരികെ പോകാന്‍ മുഹമ്മദ് മുയിസു നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പ്രതിരോധ മന്ത്രാലയം തിരികെ വിളിച്ചു. ഇന്ത്യ സൈനികരെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ചൈനയുമായി സൈനികസഹകരണ കരാറില്‍ മാലദ്വീപ് ഒപ്പുവെച്ചു. മാലദ്വീപിനോട് തൊട്ടടുത്തുള്ള മിനിക്കോയിയില്‍ നാവികത്താവളം തുറന്നാണ് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍, ഇതിന് ശേഷം മാലദ്വീപിന് കടാശ്വാസം നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച മുയിസു ഇന്ത്യയെ തന്റെ രാജ്യത്തിന്റെ 'അടുത്ത സഖ്യകക്ഷി' എന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞകൊല്ലം അവസാനത്തോടെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസംതേടിയിരിക്കുന്നത്. 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറുദ്വീപുരാജ്യമായ മാലദ്വീപിന് ഇന്ത്യയില്‍നിന്നുള്ള സാമ്പത്തികസഹായം അനിവാര്യമാണ്. ഇന്ത്യന്‍ കടം പെട്ടന്ന് തിരിച്ചടയ്ക്കേണ്ട ഘട്ടമുണ്ടായാല്‍ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. അതിനാല്‍ തന്നെയാണ് മുയിസു നിലപാട് മാറ്റിയത്. ഇന്ത്യന്‍ സഞ്ചാരികള്‍ തുടര്‍ന്നും തങ്ങളുടെ രാജ്യത്തെത്തണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി രംഗത്ത് എത്തിയതിന് പിന്നിലും കാരണം മറ്റൊന്നല്ല. ചൈനയില്‍ നിന്ന് സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയെ പൂര്‍ണമായും പിണക്കിക്കൊണ്ട് മുന്നോട്ട് പോകാന്‍ മാലദ്വീപിനാകില്ല. അത് തന്നെയാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലും.