
ഫെബ്രുവരി 17, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് രാജ്യത്തെ അതിസമ്പന്നരായ ഏതാനും വ്യവസായികളുമായി ചര്‍ച്ച നടത്തുകയാണ്. ഈ കൂടിക്കാഴ്ചയില്‍ അസ്വഭാവികമായൊരു സംഭവമുണ്ടായി. മീറ്റിങ്ങില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ശതകോടീശ്വരൻ ജാക്ക് മാ ആയിരുന്നു. ആലിബാബയുടെ സഹസ്ഥാപകനായ ജാക്ക് മാ തന്നെ. ഏറെക്കാലത്തെ ഒളിവുജീവിതത്തിനുശേഷം ജാക്ക് മാ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ പരിപാടികളിൽ ഒന്നായിരുന്നു അത്. ഇ-കൊമേഴ്‌സിന്റെ അനന്തസാധ്യതകള്‍ അവതരിപ്പിച്ചുകൊണ്ട് ലോകത്തിന് മുന്നിലെ ചൈനയുടെ മുഖമായിരുന്നു ആലിബാബ. എന്നാല്‍, വളര്‍ത്തിയതിനേക്കാള്‍ വേഗത്തിലായിരുന്നു ജാക്ക് മായെ ചൈന വെട്ടിവീഴ്ത്തിയത്. ഏറെക്കാലമായി ജാക്ക് മായെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
തിരോധാനവും തടങ്കലുമെല്ലാം ചര്‍ച്ചയാവുന്നതിനിടെയാണ് മൂന്ന് വര്‍ഷത്തിനുശേഷം ജാക്ക് മാ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതും ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച തന്നെ. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതേ ചാഞ്ഞാല്‍ അത് വെട്ടണമെന്നാണ് പഴമൊഴി. ജാക്ക് മാ എന്ന ടെക്ക് ഭീമനോട് ചൈന ചെയ്തതും അതുതന്നെയായിരുന്നു. അതെല്ലാം പഴങ്കഥയായിരിക്കുന്നു. ബഹിഷ്‌കരണാഹ്വാനങ്ങളോ സംഘടിതമായ എതിര്‍സ്വരങ്ങളോ ഇല്ലാതെ ചൈന വീണ്ടും ജാക് മായെ ചേര്‍ത്തുപിടിക്കുന്നു. എന്താണ് കാരണം, വെട്ടിനിരത്തിയ ചൈന തന്നെ കൈപിടിച്ചുയര്‍ത്തുന്നതിന് പിന്നിലെ ലക്ഷ്യം എന്തായിരിക്കാം?
ആരാണ് ജാക്ക് മാ?
ചൈനയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്ന ജാക്ക് മാ. ആലിബാബ ഉള്‍പ്പെടെയുള്ള നിരവധി ബിസിനസ് സാമ്രാജ്യങ്ങളുടെ തലവനും നിക്ഷേപകനും രാഷ്ട്രീയക്കാരനും തത്ത്വചിന്തകനുമൊക്കെ ജാക്ക് മായുടെ വിശേഷണങ്ങളാണ്. ഫോബ്‌സ് നടത്തിയ പട്ടികയില്‍ ലോകത്തെ അതിസമ്പന്നരില്‍ ആദ്യസ്ഥാനത്ത് തന്നെ ജാക്ക് മാ ഉണ്ടായിരുന്നു. വിജയങ്ങള്‍ മാത്രമുണ്ടായിരുന്ന ധനികരിലും ധനികന്‍. എന്നാല്‍ സമ്പന്നതയുടെ മടിത്തട്ടിലേക്ക് എത്തുന്നതിന് മുന്‍പ് ഏറെ സമ്മര്‍ദങ്ങള്‍ നിറഞ്ഞൊരു ജീവിതം ജാക്ക് മായ്ക്കുണ്ടായിരുന്നു.
ജാക്ക് മായുടെ യഥാര്‍ഥ പേര് മാ യുന്‍ എന്നായിരുന്നു. ജന്മദേശമായ ഹാങ്ചൗവില്‍ ടൂറിസ്റ്റ് ഗൈഡായാണ് അദ്ദേഹം ജോലി ചെയ്തുതുടങ്ങിയത്. വിദേശത്ത് നിന്നെത്തുന്ന ടൂറിസ്റ്റുകളുമായി സംസാരിച്ച് മാ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടി. സഞ്ചാരികളായെത്തി സുഹൃത്തുക്കളാവുന്നവര്‍ ഇംഗ്ലീഷ് പഠിക്കാന്‍ ജാക്ക് മായെ സഹായിച്ചു. അങ്ങനെ ഒരിക്കല്‍ സൗഹൃദത്തിലായൊരു സഞ്ചാരിയാണ് മാ യുന്‍ എന്ന പേര് മാറ്റി ആദ്യമായി ജാക്ക് മാ എന്ന പേര് വിളിച്ചത്. ചൈനീസ് പേര് വിളിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരുന്നു അദ്ദേഹം അവനെ ജാക്ക് എന്നു വിളിച്ചത്. സഞ്ചാരികളുമായുള്ള നിരന്തര ഇടപെടലിലൂടെ ജാക്ക് മാ അതിവേഗത്തിലാണ് ഇംഗ്ലീഷ് പഠിച്ചെടുത്തത്. ചൈനയ്ക്ക് പുറത്ത് ഒരിക്കല്‍ പോലും പോവാതിരുന്ന ജാക്ക് മാ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ പഠിച്ചു.
കോളേജില്‍ ചേരാനുള്ള പ്രവേശന പരീക്ഷ മൂന്നു പ്രാവശ്യമാണ് ജാക്ക് മാ തോറ്റത്. നിരവധി ജോലികൾക്ക് ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. 30 ജോലികള്‍ക്ക് അപേക്ഷിച്ചതില്‍ ഒന്നുപോലും ലഭിച്ചില്ല. പോലീസില്‍ ചേരാനാഗ്രഹിച്ചു. അതും പഠന നിലവാരം കാരണം സാധിച്ചില്ല. കെ.എഫ്.സി ചൈനയില്‍ ആരംഭിച്ചപ്പോള്‍ അവിടെയും ജോലിയന്വേഷിച്ച് പോയി. 24 പേരുണ്ടായിരുന്നതില്‍ 23 പേരെയും അവര്‍ ജോലിക്കെടുത്തു. പുറത്താക്കപ്പെട്ട ആ ഇരുപത്തിനാലാമന്‍ ഞാനായിരുന്നു എന്നാണ് ജാക്ക് മാ, ആലിബാബ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത്. അധ്യാപകനാവാനുള്ള കോഴ്‌സ് പഠിച്ചെങ്കിലും ചൈനയ്ക്ക് പുറത്തുപോവുകയായിരുന്നു അക്കാലത്ത് മായുടെ ലക്ഷ്യം. അതിനിടെയാണ് അമേരിക്കയോട് പ്രണയം തോന്നി ജോലി തേടി അവിടേയ്ക്ക് ചേക്കേറുന്നത്.
ആലിബാബ പിറക്കുന്നു
അമേരിക്കയിലെത്തിയതോടെ ജാക്ക് മായുടെ ജീവിതം മാറിമറിഞ്ഞു. അവിടെ സുഹൃത്തിന്റെ കടയിലാണ് ആദ്യമായി ഇന്റര്‍നെറ്റ് കാണുന്നത്. ഇഷ്ടമുള്ളത് സെര്‍ച്ച് ചെയ്താല്‍ കാണാന്‍ സാധിക്കുന്ന ആ വിദ്യയില്‍ ജാക്ക് ചൈനയെന്ന് തിരഞ്ഞെങ്കിലും ചൈനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിലാണ് ജാക്ക് മായുടെ മുന്നില്‍ ഒരു സാധ്യത തെളിഞ്ഞത്. സുഹൃത്തിന്റെ സഹായത്തോടെ ചൈനയ്ക്ക് വേണ്ടിയൊരു വെബ് പേജ് ആരംഭിച്ചു. ചൈനയെ കുറിച്ചുള്ള വിവരങ്ങള്‍ പേജില്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് വിവരങ്ങള്‍ അന്വേഷിച്ച് എത്തിയത്. ലോകത്തിലെ തന്നെ വലിയൊരു ഓണ്‍ലൈന്‍ വ്യവസായത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു. അങ്ങനെ ഒരു വരി കമ്പ്യൂട്ടര്‍ കോഡ് പോലും എഴുതാനറിയാത്ത ജാക്ക് മായിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഈ കൊമേഴ്‌സ് സ്ഥാപനത്തിന്റെ അധിപനിലേക്കുള്ള യാത്രയുടെ തുടക്കവും അവിടെ നിന്നായിരുന്നു.
ഇന്റര്‍നെറ്റിലായിരുന്നു ജാക്ക് മായുടെ പിന്നീടുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ മുന്നില്‍കണ്ടുകൊണ്ട് ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തി. ചൈനയിലെ അത്രയൊന്നും അറിയപ്പെടാത്ത ഒരു നാട്ടില്‍ ഒരു ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനത്തിന് തുടക്കം കുറിച്ചു.1999-ല്‍ ആലിബാബ ആരംഭിക്കുമ്പോള്‍ ആളുകള്‍ അദ്ദേഹത്തെ കിറുക്കനെന്ന് വിളിച്ചു. അക്കാലത്ത് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജാക്ക് മായെ ക്രേസി ജാക്ക് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. തുടക്കത്തില്‍ ജാക്ക് മാ സ്ഥാപിച്ച രണ്ട് സംരംഭങ്ങളും പരിപൂര്‍ണ പരാജയങ്ങളായിരുന്നു. പക്ഷേ, ആ പരാജയങ്ങളില്‍ തളരാന്‍ ജാക്ക് മാ ഒരുക്കമായിരുന്നില്ല. നാല് വര്‍ഷത്തോളം കാത്തിരുന്ന് തന്റെ 17 കൂട്ടുകാരേയും കൂട്ടി പുതിയൊരു കമ്പനിക്ക് മാ രൂപം കൊടുത്തു. അതിന്റെ പേരാണ് ആലിബാബ. പൂര്‍ണമായൊരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായിരുന്നു ആലിബാബ.
സാധനങ്ങള്‍ നേരിട്ട് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ കഴിയുന്ന സംവിധാനം ചൈനയ്ക്ക് തീര്‍ത്തും പുതുമയുള്ളതായിരുന്നു. എങ്കിലും ആലിബാബയെ രാജ്യം ഏറ്റെടുത്തു. പതിയെ ലോകവും ആലിബാബയില്‍ ആകൃഷ്ടരായി. അതോടെയാണ് ലോകമെങ്ങും ശാഖകളുള്ള വന്‍കിട ഇ കൊമേഴ്‌സ് സ്ഥാപനമായി ആലിബാബ വളര്‍ന്നത്. ലോകമെമ്പാടുമുള്ള കമ്പനികളിൽ ആലിബാബ നിക്ഷേപമിറക്കി. 2013ല്‍ 150 ബില്ല്യണ്‍ ഡോളറിന്റെ ഐ.പി.ഒ ആണ് ആലിബാബ ഇറക്കിയത്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അന്ന് ആലിബാബയിലൂടെ മാ നടത്തിയത്. അതേവര്‍ഷമാണ് ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായി മാ മാറുന്നതും. 25 ബില്ല്യണ്‍ ഡോളറായിരുന്നു മായുടെ ആസ്തി. ലോകത്ത് ചൈനയുടെ വാണിജ്യ മുഖമായ ആലിബാബയിലൂടെ ചൈനയെ ആഗോള ഇ-കൊമേഴ്‌സ് വിപണിയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചതിന് പിന്നില്‍ ജാക് മായുടെ പങ്ക് ചെറുതൊന്നുമല്ല.
ഇ കൊമേഴ്‌സും കടന്ന് ഓണ്‍ലൈന്‍ ബാങ്കിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റല്‍ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, കോര്‍പ്പറേറ്റ് മെസേജിങ് സര്‍വീസ്, മൈക്രോ വ്‌ലോഗിങ്ങ്, സോഷ്യല്‍ മീഡിയ തുടങ്ങി ജാക്ക് മാ കൈ വെയ്ക്കാത്ത മേഖലകളില്ല. റോക്ക്‌സ്റ്റാറിന്റെ പരിവേഷമാണ് അദ്ദേഹത്തിന്. 2017 ല്‍ ഇറങ്ങിയ ഗോങ്ഷു ദാവോ എന്ന ചിത്രത്തില്‍ കുങ്ഫു മാസ്റ്ററായാണ് ജാക് മാ അഭിനയിച്ചത്. ഒരിക്കലും പരാജയപ്പെടാത്ത അഭ്യാസിയായിരുന്നു അതില്‍ അദ്ദേഹം. ചൈനയില്‍ പുറത്തിറങ്ങിയ ഏതാനും മ്യൂസിക് ആല്‍ബങ്ങളില്‍ സ്വന്തം തല കാണിച്ച് ജാക് മാ പാടിത്തകര്‍ത്തിട്ടുണ്ട്. ചൈനയിലെ പ്രശസ്തനായ കലാകാരനായ സെന്‍ ഫാന്‍ഷിക്കൊപ്പം ജാക് മാ വരച്ച ചിത്രം ലേലത്തില്‍ പോയത് ലക്ഷക്കണക്കിന് ഡോളറിനാണ്. ഫാഷനും ട്രെന്‍ഡും വ്യവസായവും തുടങ്ങി ചൈനയില്‍ ജാക് മായുടെ തല കാണാത്ത മേഖലകളില്ലായിരുന്നു. ചിലര്‍ അദ്ദേഹത്തെ ഡാഡി മാ എന്നും വിളിക്കാറുണ്ടായിരുന്നു.
ചൈനീസ് സര്‍ക്കാരും മായും
രാജ്യത്തെ വന്‍കിട വ്യവസായികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നത് ചൈനയുടെ നയങ്ങളിലൊന്നാണ്. പാര്‍ട്ടിയേയോ സര്‍ക്കാരിനെയോ പിണക്കാതെ കാര്യങ്ങള്‍ സുഗമമായി നടത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ബിസിനസ്സ് ഭീമന്‍മാരെല്ലാം പാര്‍ട്ടിയിലേക്ക് ചേരാനും സന്നദ്ധരാവും. ഇങ്ങനെയാണ് ജാക് മായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കെത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ വ്യവസായികള്‍ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ മിക്കപ്പോഴും ആശയസംഘട്ടനങ്ങളുണ്ടാകും. സമാനമായി ചൈനീസ് സര്‍ക്കാരിനെതിരേ മാ പരാമര്‍ശമുയര്‍ത്തിയതാണ് പാര്‍ട്ടിയെ അസ്വസ്ഥരാക്കിയത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിക്കിടെയായിരുന്നു മായുടെ പരാമര്‍ശം. ചൈനയിലെ സര്‍ക്കാര്‍ ബാങ്കുകളെ മാ പണയകേന്ദ്രങ്ങളെന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ പ്രകോപനമായി ചര്‍ച്ച ചെയ്യപ്പെട്ടത്.
ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നും മാ പറഞ്ഞു. ഈ പരാമര്‍ശത്തെ വളരെ അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെ മാ നയിക്കുന്ന ആലിബാബയ്ക്കെതിരേ ചൈനീസ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചൈനയുടെ പ്രത്യക്ഷനയത്തിന് വിപരീതമായി സ്വതന്ത്ര വിപണിയെ അനുകൂലിച്ച് സംസാരിക്കുന്നയാളാണ് ജാക് മാ. അതേസമയം വിപണിയുടെ മത്സരാധിഷ്ഠിത സ്വഭാവത്തിന് വിപരീതമായി കുത്തകയായി മാറാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മായുടെ ആലിബാബ ഗ്രൂപ്പിനെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മായുടെ ഫിന്‍ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിനോട് പണമിടപാട് മാത്രം നടത്തുന്ന കമ്പനിയായി മാറാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മാത്രമല്ല മായുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വില്‍ക്കാനുള്ള പദ്ധതി (ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്) ചൈനീസ് സര്‍ക്കാര്‍ തടഞ്ഞു. മാ സദാസമയവും സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും നിരീക്ഷണത്തിലുമായി.
ജാക്ക് മായുടെ ആന്റ് ഗ്രൂപ്പും ആലിബാബയും മറ്റൊരു പ്രധാന കമ്പനിയായ ടെന്‍സെന്റുമടക്കമുള്ള വന്‍കിട കമ്പനികള്‍ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ഈ കുത്തകകള്‍ ഉപയോഗിക്കുന്നതിനെതിരേ ചൈനീസ് സര്‍ക്കാര്‍ നടത്തിയ പ്രതിരോധമാണ് ജാക് മായ്‌ക്കെതിരേ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന വിശദീകരണങ്ങള്‍ ഉയര്‍ന്നിരുന്നു. സിനാവീബോ എന്ന മൈക്രോബ്ലോഗിങ് സൈറ്റ്, സ്‌നാപ്ചാറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം, സൗത്ത് ചൈന മോണിങ് പോസ്റ്റ് തുടങ്ങിയ ചെറുകിട വന്‍കിട മാധ്യമസ്ഥാപനങ്ങളിലെല്ലാം മാ നയിച്ച ആലിബാബയ്ക്ക് നിക്ഷേപങ്ങളുണ്ട്. മാധ്യമസാമ്രാജ്യത്തലവനെന്ന നിലയിലേക്ക് വളര്‍ന്നുകൊണ്ട് പൊതുജനാഭിപ്രായത്തെ രൂപീകരിക്കാന്‍ മായ്ക്ക് സാധ്യമാവുമെന്നതിനെ ചൈനീസ് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. സര്‍ക്കാരിനും അതീതനാവുമെന്ന ഈ ഭയം തന്നെയാണ് മായ്‌ക്കെതിരേ നടപടിയെടുക്കുന്നതിലേക്ക് ഷീ ജിന്‍ പിങ്ങിനെ പ്രേരിപ്പിച്ചത്.
ആലിബാബയോട് വിടപറഞ്ഞ് മാ
പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടണമെന്ന് പറയുന്നത് പോലെയായിരുന്നു ചൈനയ്ക്ക് ജാക് മാ. അദ്ദേഹത്തിന് മറ്റാരേക്കാളും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിയുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഷീ ജാക് മായ്‌ക്കെതിരേ തിരിഞ്ഞത്. മായ്ക്കെതിരേ സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിക്കണമെന്ന ആഹ്വാനം അക്കാലത്ത് സമൂഹമാധ്യമങ്ങളിലുയര്‍ന്നു. അധികം വൈകാതെ ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജാക് മാ പടിയിറങ്ങി. 2018ലാണ് ആലിബാബ ഗ്രൂപ്പിന്റെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടാണ് ജാക്ക് മായുടെ പടിയിറക്കമെന്ന് അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പലതും വ്യാഖ്യാനിച്ചെങ്കിലും അതിനെയെല്ലാം ഖണ്ഡിക്കുന്ന നിലപാടായിരുന്നു ജാക് മാ സ്വീകരിച്ചത്. തനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപക വൃത്തിയിലേക്കും സന്നദ്ധപ്രവര്‍ത്തനങ്ങളിലേക്കും വീണ്ടും തിരിച്ചുപോവുന്നുവെന്നായിരുന്നു പടിയിറങ്ങുമ്പോള്‍ ജാക് മാ പറഞ്ഞിരുന്നത്. നിത്യവുമെന്നോണം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ജാക്ക് മായെ കുറിച്ച് പിന്നീട് ഒരു വിവരവും പുറത്തുവന്നില്ല. സര്‍ക്കാരിന്റെ അപ്രീതിക്കിരയായ ജാക് മായെ അറസ്റ്റ് ചെയ്‌തെന്നും തടങ്കലിലാക്കിയെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങള്‍ അക്കാലത്തെല്ലാം പ്രചരിച്ചിരുന്നു. ജാക് മാ എവിടെയാണെന്നോ എന്താണെന്നോ ഉള്ള യാതൊരു സൂചനകളും ചൈന പുറത്തുവിട്ടില്ല. അഭ്യൂഹങ്ങള്‍ രൂക്ഷമായി വ്യാപിച്ചു. ചര്‍ച്ചകള്‍ സജീവമായി തുടര്‍ന്നെങ്കിലും ചൈന അതിനെയെല്ലാം ഫലപ്രദമായി അവഗണിച്ചു.
മാ തിരിച്ചുവരുന്നു, ഇരുകൈയും നീട്ടി സ്വീകരിച്ച് ചൈന
കൃത്യം മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ജാക് മാ വീണ്ടും പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏതാനും ദിവസങ്ങളായി ജാക് മാ വെള്ളിവെളിച്ചത്തിൽ തന്നെ തുടരുകയാണ്. ബഹിഷ്‌കരണാഹ്വാനങ്ങളോ സംഘടിതസ്വരങ്ങളോ ഇല്ലാതെ ചൈന വീണ്ടും ജാക് മായെ ചേര്‍ത്തുപിടിക്കുന്നു. എന്താണ് കാരണം, വെട്ടിനിരത്തിയിടത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തുന്നതില്‍ പിന്നില്‍ ചൈനയുടെ ലക്ഷ്യം എന്തായിരിക്കാം?
കഴിഞ്ഞയാഴ്ചയാണ് പ്രസിഡന്റിന്റെ ഓഫീസില്‍വെച്ച് മാ അടക്കമുള്ള ബിസിനസുകാരുമായി ഷീ ജിന്‍ പിങ് കൂടിക്കാഴ്ച നടത്തിയത്. എന്താണ് ഉദ്ദേശമെന്ന് വ്യക്തമാവുന്നതിന് മുന്‍പേ തന്നെ ഇത് ഓഹരിവിപണിയിലും പ്രതിഫലിച്ചിരുന്നു. ചൈനീസ് ടെക്ക് സെക്ടറിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യാന്‍ സാധ്യതയുള്ള കൂടിക്കാഴ്ചയെന്ന നിലയ്ക്ക് ആലിബാബയുടേത് ഉള്‍പ്പെടെയുള്ള സ്റ്റോക്കുകള്‍ വിപണിയില്‍ നേട്ടം കൊയ്തു. എട്ട് ശതമാനത്തിലധികം നേട്ടമാണ് ആലിബാബ ഓഹരികള്‍ നേടിയത്.
ജാക്ക് മായെ കൂടാതെ ഡീപ്‌സീക് സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ജാക്ക് മാ എന്താണ് സംസാരിച്ചത് എന്നതിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, മുന്‍നിരയില്‍ ഇരുന്നതും ഷീ ജിന്‍ പിങ്ങിന് ഹൃദ്യമായി കൈകൊടുത്ത് സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ട്. ഇത് മായോടുള്ള ചൈനയുടെ നീരസം ഒഴിവായതിന്റെ കൃത്യമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ചൈന ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ നേരിടാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് വന്‍കിട ശക്തികളുമായുള്ള കൂടിക്കാഴ്ച. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ചൈനയില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. വളര്‍ച്ച മന്ദഗതിയിലായത് മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കടബാധ്യതകളും തൊഴിലില്ലായ്മാ നിരക്കും ഉത്പാദനക്ഷമത കുറഞ്ഞതുമെല്ലാം ചൈനയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കി. ഇത് താല്‍ക്കാലികമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളിലൂടെ നിലവിലെ പ്രതിസന്ധി മറികടക്കാനും ഭാവി സുസ്ഥിരമാക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. സ്വകാര്യസംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ കഴിവ് തെളിയിക്കാനും 'ശരിയായ സമയം' ഇതാണെന്നാണ് ഷീ ജിന്‍ പിങ് കൂടിക്കാഴ്ചയില്‍ പറഞ്ഞത്. സ്വകാര്യനിക്ഷേപങ്ങള്‍ക്ക് പൂര്‍ണതോതിലുള്ള പച്ചകൊടിയാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നാണ് ഇതിനെ വിലയിരുത്തുന്നത്. നേരത്തെ കോര്‍പ്പറേറ്റുകള്‍ക്ക് മേല്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെയും നിരീക്ഷണങ്ങളുടേയും അനന്തരഫലം കൂടിയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
ചൈനയുടെ പ്രതിസന്ധിക്ക് കാരണം ഉപരോധവുമോ?
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ ലോകരാഷ്ട്രങ്ങള്‍ വ്യാപാരത്തില്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് തീരുവ. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് എത്തിക്കണമെങ്കില്‍ വലിയ നികുതിഭാരമാണ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ചൈനയിലെ പ്രതിസന്ധിക്ക് ഇതും സംഭാവന ചെയ്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ആഗോള ടെക്ക് ലോകത്ത് മത്സരം കടുത്തിരിക്കെ, സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിലുള്‍പ്പെടെയുള്ള പ്രതിസന്ധി മറികടക്കണമെങ്കില്‍ രാജ്യത്തിനകത്തെ സംരംഭകരോട് അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കണമെന്ന് ചൈന തിരിച്ചറിയുന്നുണ്ട്. ദേശീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ക്ക് ഊര്‍ജം നല്‍കേണ്ടതുണ്ട്. അതിനായാണ് കമ്പനികളുമായി സിംപോസിയം സംഘടിപ്പിച്ചത്. 2035 ഓടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ കുതിച്ചുചാട്ടം നടത്താനാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള ആയുധങ്ങളിലൊന്നാവാം ആലിബാബയും ജാക്ക് മായും.
Content Highlights: who is jack maa, What does Jack Ma's return to the chinese market mean
Published: 25 Feb 2025, 06:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented