ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ ഇറച്ചിക്കായി ഏകദേശം 2,700 പൂച്ചകളെ മോഷ്ടിച്ച് മറിച്ചുവിറ്റ സംഘത്തിലെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ പൂച്ചക്കെണികൾ, രോമം നീക്കം ചെയ്യുന്ന യന്ത്രങ്ങൾ, തൂക്കമെടുക്കുന്ന ത്രാസുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ ബൈക്കുകളിൽ ചെറിയ സംഘങ്ങളായി ജനവാസ മേഖലകളിൽ ചുറ്റിസഞ്ചരിച്ചാണ് കശാപ്പുചെയ്യാനുള്ള പൂച്ചകളെ ഇവർ മോഷ്ടിച്ചിരുന്നത്.
VnExpress International റിപ്പോർട്ട് അനുസരിച്ച്, 39 കാരനായ ലൂ താൻ ബിൻ ആണ് ഈ ശൃംഖലയുടെ തലവനെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബിന്നും മറ്റ് 11 കൂട്ടാളികളും ആസ്തി മോഷണക്കുറ്റത്തിനാണ് അന്വേഷണം നേരിടുന്നത്. പൂച്ചകളെ വളർത്തുന്ന വീടുകൾക്ക് പുറത്ത് മീൻ കഷണങ്ങൾ ഇരയായി വെച്ചാണ് പ്രതികൾ കെണികൾ ഒരുക്കിയിരുന്നത്. ഓരോ ഗ്രൂപ്പും ഒരു രാത്രിയിൽ നാലുമുതൽ 10 പൂച്ചകളെ വരെ മോഷ്ടിച്ചിരുന്നതായാണ് വിവരം.
ജൂലൈ എട്ടിന് ഡോങ് താൻ കമ്മ്യൂണിൽ നടന്ന റെയ്ഡിലാണ് ഈ സംഘം പിടിയിലായത്. അവിടെ നിന്ന് 50 പൂച്ചകളെയും 55 കെണികളും രണ്ട് ത്രാസുകളുമാണ് പോലീസ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ, ഏകദേശം 2,700 പൂച്ചകളെ മോഷ്ടിച്ച് വിറ്റതായി 12 പ്രതികളും സമ്മതിച്ചു. ഈ സംഘം എത്ര കാലമായി പ്രവർത്തിക്കുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
പൂച്ചകളെ മോഷ്ടിക്കുന്നതിന് പുറമെ, മറ്റ് സ്വതന്ത്ര വിൽപനക്കാരിൽ നിന്നും ബിൻ പൂച്ചകളെ വാങ്ങിയിരുന്നു. ജൂലൈയിലെ റെയ്ഡിൽ പിടിച്ചെടുത്ത 50 പൂച്ചകളിൽ 13 എണ്ണത്തിനെ പോലീസ് ഉടമസ്ഥർക്ക് തിരികെ നൽകി.
പൂച്ചയിറച്ചി ഉപഭോഗം
വിയറ്റ്നാമിൽ നായയുടെയും പൂച്ചയുടെയും ഇറച്ചി കഴിക്കുന്നത് നിയമവിധേയമാണ്. പ്രത്യേകിച്ച് വടക്കൻ മേഖലയിലെ മുതിർന്ന തലമുറയ്ക്കിടയിൽ. പൂച്ചയിറച്ചി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ടെങ്കിലും ഇത്തരം വാദങ്ങൾക്ക് ശാസ്ത്രീയ അടിത്തറയൊന്നുമില്ല.
വളർത്തുമൃഗങ്ങളുടെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങൾ റെസ്റ്റോറന്റുകൾ പരസ്യമായി പ്രദർശിപ്പിക്കാറുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് ഇത് വിൽക്കണമെങ്കിൽ, മൃഗങ്ങളെ എവിടെനിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഇത്തരം ഇറച്ചി വിൽക്കുന്നതിനുള്ള പെർമിറ്റും കച്ചവടക്കാർ കാണിക്കേണ്ടേതുണ്ട്.
2024-ൽ, വിയറ്റ്നാമിൽ നായകളുടെയും പൂച്ചകളുടെയും ഇറച്ചി കച്ചവടം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2.5 ലക്ഷത്തിലധികം ആളുകൾ നിവേദനത്തിൽ ഒപ്പുവെച്ചിരുന്നു. ഹോയി ആൻ (Hoi An) നഗരം 2021-ൽ ഇത്തരം ഇറച്ചികളുടെ വിൽപനയും ഉപഭോഗവും അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
Content Highlights: In Ho Chi Minh City, Vietnam, police arrested 12 individuals for stealing and selling approximately 2,700 cats for meat, using traps and other equipment to capture them at night. The operation was led by 39-year-old Luu Thanh Binh, and the group is under investigation for property theft; they used fish bait to trap cats outside homes.
Published: 07 Oct 2026, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented