
ആദ്യമായി അറ്റ്‌ലാന്റിക്കിനു കുറുകേ വിമാനത്തില്‍ യാത്ര ചെയ്ത പെണ്‍കരുത്ത്, ഏറ്റവും ഉയരത്തില്‍ പറന്ന വനിത, ഓട്ടോജൈറോ പറത്തിയ ആദ്യവനിത, ഹവായ് ദ്വീപുകളില്‍ നിന്ന് അമേരിക്കയിലേക്ക് തനിച്ച് പറന്ന ആദ്യ വ്യക്തി തുടങ്ങി നിരവധി റെക്കോഡുകളില്‍ മുത്തമിട്ട ഒരു വൈമാനിക അവളുടെ മുപ്പത്തിയെട്ടാം വയസില്‍ തന്റെ സ്വപ്ന പറക്കലിനിടയില്‍ നിഗൂഢത അവശേഷിപ്പിച്ച് അപ്രത്യക്ഷയായി. എട്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ തിരോധാനത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ലോകചരിത്രത്തിലെ വിമാന അപകടങ്ങളിലും തിരോധാനങ്ങളിലും അഭ്യൂഹങ്ങളുടെ നീണ്ടനിരതന്നെയുള്ള ഒരു ചരിത്രസംഭവമായി അമീലിയ എയര്‍ഹാര്‍ട്ട് എന്ന അമേരിക്കന്‍ വൈമാനികയുടെ തിരോധാനം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
വൈമാനിക ലോകത്തെ പെൺകരുത്ത്
ചെറുപ്പം മുതലേ സാഹസികതയോട് പ്രിയം തോന്നിയ അമീലിയ മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തമായ മേഖലകളിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. വ്യോമയാന മേഖലയില്‍ പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന, പൈലറ്റുമാരോ മെക്കാനിക്കുകളോ എഞ്ചിനീയര്‍മാരോ ആയി സ്ത്രീകളെ കാണാന്‍ പലരും വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലത്ത്, ഈ തടസ്സങ്ങള്‍ ഭേദിച്ച് വൈമാനിക ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അമീലിയ. ഫെഡറേഷന്‍ എയറോനോട്ടിക്ക് ഇന്റര്‍നാഷണലില്‍ (എഫ്എഐ) നിന്ന് പൈലറ്റ് ലൈസന്‍സ് നേടിയ അമേരിക്കയിലെ ചുരുക്കം ചില സ്ത്രീകളില്‍ ഒരാളായിമാറി അവര്‍ ചരിത്രം സൃഷ്ടിച്ചു. 'വ്യോമയാനമേഖലയില്‍ മൂല്യമുള്ള എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'വെന്ന് ഉയരങ്ങളെ പ്രണയിച്ച അമീലിയഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അങ്ങോട്ട് ഒരു വൈമാനിക എന്ന നിലയില്‍ അവര്‍ നേടിയെടുത്ത നേട്ടങ്ങള്‍ റെക്കോര്‍ഡുകളാകുന്നതിനാണ് അമേരിക്കയും ലോകവും സാക്ഷിയായത്.
1928-ല്‍, അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ വിമാനയാത്രികയായി പറന്ന ആദ്യത്തെ വനിതയായി മാറിയപ്പോള്‍തന്നെ അമീലിയ പൊതുശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു.പൈലറ്റ് വില്‍മര്‍ സ്റ്റള്‍ട്ട്സിനും കോ-പൈലറ്റ് ലൂയിസ് ഗോര്‍ഡനുമൊപ്പമായിരുന്നു ആ യാത്ര.വിമാനത്തിന്റെ നിയന്ത്രണം അമീലിയയുടെ കരങ്ങളിലായിരുന്നില്ലെങ്കിലും ആ യാത്ര അവള്‍ക്ക് വലിയ പ്രശംസകള്‍ നേടിക്കൊടുത്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1932-ല്‍ അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് നിര്‍ത്താതെ വിമാനം പറത്തിയ ആദ്യത്തെ വനിതയായി അമീലിയ വീണ്ടും ചരിത്രം സൃഷ്ടിച്ചു. കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡില്‍ നിന്ന് അയര്‍ലണ്ടിലേക്ക് ഏകദേശം 2,026 മൈല്‍ (3,254 കിലോമീറ്റര്‍) ദൂരം 13 മണിക്കൂറും 30 മിനിറ്റും കൊണ്ടാണ് അമീലിയ പിന്നിട്ടത്. ഈ നേട്ടത്തിന് അമീലിയയെ യു.എസ്. ഡിസ്റ്റിങ്ഗ്വിഷ്ഡ് ഫ്‌ലൈയിങ്ങ് ക്രോസ് ബഹുമതി നല്‍കി ആദരിച്ചിരുന്നു.

1930കള്‍ അമീലിയയുടെ പുതിയ ദൗത്യങ്ങളുടെയും നേട്ടങ്ങളുടെയും കാലമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലും അവര്‍ മുന്നിലുണ്ടായിരുന്നു. അക്കാലത്ത് വ്യോമയാനമേഖല പോലുള്ള പുരുഷ മേധാവിത്വം നിഴലിച്ചിരുന്ന മേഖലകളില്‍ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്താന്‍ അവര്‍ പ്രചോദനമായി. ദി നയന്റി-നയന്‍സ് എന്ന വനിതാ പൈലറ്റുമാരുടെ സംഘടന രൂപീകരിക്കുന്നതില്‍ അവര്‍ മുഖ്യപങ്ക് വഹിച്ചു.
അവസാന വിമാനയാത്രയും അപ്രത്യക്ഷമാകലും
1937 ലായിരുന്നു വ്യോമയാനമേഖലയില്‍ വലിയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ള അമീലിയയുടെ ആ യാത്ര. ഭൂമിയെ ചുറ്റി റെക്കോഡിടുക എന്നതായിരുന്നു ലക്ഷ്യം. വിമാനത്തില്‍ ലോകം ചുറ്റുന്ന ആദ്യത്തെ വനിതയാകാന്‍ ഇറങ്ങിയ അമീലിയക്കൊപ്പം നാവിഗേറ്റര്‍ ഫ്രെഡ് ന്യൂനാനുമുണ്ടായിരുന്നു. 29,000 മൈലിലധികം ദൂരമുള്ള ഒരു യാത്രയായിരുന്നു അത്. ഭൂമധ്യരേഖയ്ക്ക് കുറുകെയായി ഭൂഗോളത്തെ ചുറ്റുക എന്നതായിരുന്നു അവളുടെ ആത്യന്തിക ലക്ഷ്യം. ഇതിനായി 1937 മാര്‍ച്ചില്‍ ആദ്യ ശ്രമം നടത്തിയിരുന്നുവെങ്കിലും ലാന്‍ഡിങ് ഗിയര്‍ പൊട്ടി, വിമാനം തെന്നിമാറിയതോടെ പരാജയപ്പെടുകയായിരുന്നു. പരിക്കുകളൊന്നുമേല്‍ക്കാതെ അമീലിയ അന്ന് രക്ഷപ്പെട്ടു. വിമാനത്തിന്റെ തകരാറുകള്‍ പരിഹരിച്ച് മേയ് 21-ന് കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ നിന്ന് ഇലക്ട്ര 10-ഇ വിമാനത്തില്‍ അമീലിയയും ഫ്രെഡും വീണ്ടും പറന്നുയര്‍ന്നു.
ആഴ്ചകള്‍ പിന്നിട്ട് യാത്രമുന്നോട്ട് നീങ്ങി. നാവിഗേഷനിലും സാങ്കേതികപരമായും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ഇരുവരും തങ്ങളുടെ ലക്ഷ്യത്തിലേക്ക് പറന്നുകൊണ്ടേയിരുന്നു. എന്നാല്‍, തങ്ങളുടെ യാത്രയുടെ ഏകദേശ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ ഇരുവരെയും കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളായിരുന്നു.
പാപുവ ന്യൂ ഗിനിയയില്‍ നിന്ന് 2000 മൈല്‍ അകലെ പസഫിക് സമുദ്രത്തിന്റെ നടുവില്‍ ഹൗലാന്‍ഡ് ദ്വീപിന് സമീപം എസ്എസ് ഇറ്റാസ്‌ക കപ്പല്‍ അവര്‍ക്കായി കാത്തുനിന്നിരുന്നു. അമീലിയയുടെ വിമാനം കടലില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഇന്ധനം നിറക്കുകയെന്നതായിരുന്നു ദൗത്യം. 1937 ജൂലായ് രണ്ടിന്, മധ്യ പസഫിക്കിലെ ഹൗലാന്‍ഡ് ദ്വീപ് എന്ന ചെറിയ ദ്വീപിനു സമീപമെത്താറായപ്പോള്‍ എയര്‍ഹാര്‍ട്ടും ന്യൂനാനും ഒരു ഡിസ്ട്രസ് സിഗ്‌നല്‍ റേഡിയോ സന്ദേശം നല്‍കി. പ്രാദേശിക സമയം രാവിലെ 8:43 നായിരുന്നു അവസാനത്തെ ആശയവിനിമയം. പിന്നീട് സിഗ്‌നല്‍ നഷ്ടപ്പെട്ട് ആശയവിനിമയം നിലച്ചു. അവര്‍ തിരിച്ചെത്തിയില്ല. തീവ്രമായ തിരച്ചില്‍ നടത്തിയിട്ടും ഇരുവരെയും കുറിച്ചോ വിമാനത്തെ കുറിച്ചോ യാതൊരു സൂചനകളും ലഭിച്ചില്ല. ആഴ്ചകള്‍ നീണ്ട തിരച്ചിലിന് ശേഷം 1937 ജൂലൈ 19 ന് ഇരുവരുടെയും തിരോധാനം അമേരിക്ക സ്ഥിരീകരിച്ചു.പിന്നീട് എയര്‍ഹാര്‍ട്ടിന്റെ തിരോധാനം സംബന്ധിച്ച് പലതരത്തിലുള്ള വാദപ്രതിവാദങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നു.

വിമാനം ഇന്ധനം തീർന്ന് തകർന്നുവീണു
അമീലിയയുടെ വിമാനം ഇന്ധനം തീര്‍ന്ന് പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണുവെന്നതാണ് ഒരുവാദം. എയര്‍ഹാര്‍ട്ടും ന്യൂനാനും ഹൗലാന്‍ഡ് ദ്വീപ് കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ദിശ തെറ്റിയെന്നും റേഡിയോ ബന്ധം നഷ്ടപ്പെട്ടുവെന്നുമാണ് വിശദീകരണം. വിമാനം സമുദ്രത്തില്‍ മുങ്ങിപ്പോയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന ഈ വാദത്തെയാണ് കൂടുതലായും അംഗീകരിക്കുന്നത്.
ഗാർഡ്നർ ദ്വീപ്
ഹൗലാന്‍ഡ് ദ്വീപില്‍ നിന്ന് ഏകദേശം 350 മൈല്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഗാര്‍ഡ്നര്‍ ദ്വീപില്‍ (ഇപ്പോഴത്തെ നികുമാരോറോ) എയര്‍ഹാര്‍ട്ടും ന്യൂനാനും എത്തിയെന്ന ഒരു വാദം 1990-കളില്‍ രൂപപ്പെട്ടു. ഗവേഷകനും വ്യോമയാന ചരിത്രകാരനുമായ ഫ്രെഡ് ഗോര്‍ണറാണ് ഈയൊരു സാധ്യതയെ കുറിച്ച് വാദിച്ചത്. ക്രാഷ്-ലാന്‍ഡിങിന് ശേഷം ദ്വീപില്‍ കുറച്ചുകാലം അതിജീവിച്ചുവെന്നാണ് വാദം. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ഈ വാദത്തെ അംഗീകരിക്കുന്നവര്‍ കുറവാണ്.
ജപ്പാൻ പിടികൂടി
പറക്കലിനിടെ ചാരവൃത്തി സംശയിച്ച് ജാപ്പനീസ് സൈന്യം അവരെ വെടിവെച്ച് വീഴ്ത്തുകയോ പിടികൂടുകയോ ചെയ്തുവെന്നാണ് മറ്റൊരു വാദം. 1930-കളിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയും സൈനിക രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ പ്രവര്‍ത്തനങ്ങളില്‍ എയര്‍ഹാര്‍ട്ട് ഭാഗമായിരുന്നുവെന്ന തരത്തിലുള്ള കിംവദന്തികളും ഉടലെടുത്തിരുന്നു. അമീലിയയാണെന്ന തരത്തില്‍ മുഖം വ്യക്തമാകാത്ത ചില ചിത്രങ്ങള്‍ അന്ന് പ്രചരിച്ചുവെങ്കിലും കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ഇതും വെറും വാദങ്ങളില്‍ മാത്രം ഒതുങ്ങി.
മെക്കാനിക്കൽ തകരാർ
ചില വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തില്‍, വിമാനത്തിന് മെക്കാനിക്കല്‍ തകരാര്‍ സംഭവിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്നും വാദമുണ്ട്. മെക്കാനിക്കല്‍ തകരാറും മോശം കാലാവസ്ഥയും തകര്‍ച്ചയിലേക്ക് നയിച്ചതാവാമെന്നാണ് വാദം.
അമീലിയ എയര്‍ഹാര്‍ട്ടിന്റെ തിരോധാനത്തിന്റെ നിഗൂഢത ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, വ്യോമയാനരംഗത്തെ അവരുടെ സംഭാവനകളും 20-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സ്ത്രീകളെ വിവിധ മേഖലകളില്‍ മുന്നിലെത്തിക്കുന്നതിന് അവര്‍ വഹിച്ച പങ്കും ഒരിക്കലും മറക്കാനാവില്ല. അമീലിയുടെ തിരോധാനം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്തരങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇനിയും തുടരാം, എന്നാല്‍ വ്യോമയാനരംഗത്തെ ഏറ്റവും ധീരരായ വ്യക്തികളില്‍ ഒരാളെന്ന നിലയില്‍ ചരിത്രത്തില്‍ അമീലിയ എയര്‍ഹാര്‍ട്ടിന്റെ സ്ഥാനം എക്കാലവും സുരക്ഷിതമാണ്.
Content Highlights: Where are Amelia and Fred unanswered question for more than eight decades
Published: 13 Jan 2025, 11:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented