
'ഹൈഡ്ര-ഹിറ്റ്‌ലർക്ക് ഇഷ്ടപ്പെട്ട വാക്കാണ്. അദ്ദേഹത്തിന്റെ പ്രധാന സംഘത്തെ വിളിച്ചിരുന്നത് ഹൈഡ്ര എന്നാണ്. അവർ ആരേയും വധിക്കും. അതിനാൽ ഞാൻ ഹിറ്റ്‌ലറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു, അതിന് ഹൈഡ്രയെന്ന് പേരിട്ടു'.
ഏകാധിപത്യപ്രവണതയെ ഇക്കാലത്ത് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി താൻ ഹിറ്റ്‌ലറുടെ ആരാധകനാണെന്ന് തുറന്നു പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടേതായിരുന്നു വാക്കുകൾ. ടിഡിപി വഴി കോൺഗ്രസിലെത്തിയ മുൻ എബിവിപിക്കാരനായ രേവന്ത് റെഡ്ഡിയുടെ വാക്കുകൾ വലിയ വിവാദമായി. തെലങ്കാനയിലെ രാഷ്ട്രീയ എതിരാളികളായ ബിആർഎസിനും ബിജെപിക്കും പുറമേ, കേരളത്തിലെ പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും വിമർശനവുമായി രംഗത്തെത്തി. പിണറായി-രേവന്ത് ഏറ്റുമുട്ടലിന്റെ ഫ്‌ളാഷ്ബാക്ക് മലയാളികളുടെ ഓർമയിലുണ്ടാവും. ഒടുവിൽ കോൺഗ്രസ് നേതൃത്വം രേവന്തിന് താക്കീത് നൽകി.
എന്നാൽ, രേവന്ത് റെഡ്ഡി ഹിറ്റ്‌ലറിൽ ആരോപിച്ച 'ഹൈഡ്ര' അഭിനിവേശത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? ചരിത്രപരമായി ഒട്ടുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെലങ്കാനയിലെ കൈയേറ്റ വിരുദ്ധ കർമസേനയായ ഹൈഡ്രയ്ക്കും ഹിറ്റ്‌ലറിനും തമ്മിൽ ഒന്നുമില്ലെന്ന് അവർ പറയുന്നു. അപ്പോൾ രേവന്ത് റെഡ്ഡി, നമ്മുടെ എഐ മോഡലുകളെപ്പോലെ ഹാലൂസിനേറ്റ് ചെയ്യുകയായിരുന്നോ?
ഹൈഡ്രയുടെ യാഥാർഥ്യം
ഗ്രീക്ക് പുരാണങ്ങൾ പ്രകാരം, ഓരോ തവണ വെട്ടുമ്പോഴും രണ്ടുവീതം വളരുന്ന തലയുള്ള സർപ്പത്തിന് സമാനമായ രാക്ഷസജീവിയാണ് ഹൈഡ്ര. ലെർന തടാകമാണ് അതിന്റെ വാസസ്ഥലം. അതിനാൽ ലെർനീനിയൻ ഹൈഡ്രയെന്നും ലെർനയിലെ ഹൈഡ്രയെന്നും ഇവയെ വിളിക്കുന്നു. പുരാണത്തിൽനിന്ന് പ്രചോദിതമായി, പരിഹരിക്കാൻ ശ്രമിക്കുംതോറും പെരുകുന്ന പ്രശ്‌നങ്ങളെ ഹൈഡ്ര എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാറുണ്ട്.
ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാംഫിൽ ഹൈഡ്ര എന്ന വാക്ക് പരാമർശിക്കുന്നുണ്ട്. പക്ഷേ, അവയൊന്നും രേവന്ത് റെഡ്ഡി ഉപയോഗിച്ച സാഹചര്യത്തിലല്ല. രണ്ടാം ലോകമഹായുദ്ധകാലത്ത്, ജർമൻ ആയുധ വികസന കേന്ദ്രമായ പെനെമണ്ടെയിൽ റോയൽ എയർ ഫോഴ്‌സ് നടത്തിയ ബോംബ് ആക്രമണത്തിന് ഓപ്പറേഷൻ ഹൈഡ്ര എന്നായിരുന്നു പേര്.
എന്നാൽ, രേവന്ത് റെഡ്ഡി പറഞ്ഞ, ക്രൂരന്മാരായ കൊലയാളി സംഘമെന്ന നിലയിൽ ഹൈഡ്ര മാർവൽ കോമിക്‌സിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ. പൂർണമായും ഒരു സാങ്കൽപ്പിക സൃഷ്ടി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന് കീഴിൽ വളരുന്ന ഒരു ഗൂഢസംഘമായാണ് ഹൈഡ്രയെ കാണിക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ പലയിടത്തും ഹൈഡ്രയുടെ സാന്നിധ്യം കാണാം, പ്രത്യേകിച്ച് ക്യാപ്റ്റൻ അമേരിക്ക പരമ്പരയിൽ.
രേവന്ത് റെഡ്ഡിയുടെ ഹൈഡ്ര
വിശാല ലക്ഷ്യങ്ങളോടെ തെലങ്കാനയിലെ രേവന്ത് റെഡ്ഡി സർക്കാർ രൂപവത്കരിച്ച ഭരണസംവിധാനമാണ് ഹൈഡ്ര. 2024 ജൂലായിലാണ്, നിലവിലുള്ള എൻഫോഴ്‌സ്‌മെന്റ്, വിജിലൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വിങ്ങിന് പകരമായി, ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര) രൂപവത്കരിച്ചു. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പരിധിയിലേയും സമീപ പ്രദേശങ്ങളിലേയും ജലാശയങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ തടയുക, സർക്കാർ സ്വത്തുക്കൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, രങ്കറെഡ്ഡി, മേധാചൽ-മൽക്കാജ്ഗിരി, സങ്കറെഡ്ഡി ജില്ലകളിലായി, ഔട്ടർ റിങ് റോഡിനുള്ളലായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലാണ് ഹൈഡ്രയ്ക്ക് അധികാരപരിധി. പ്രിൻസിപ്പൽ സെക്രട്ടറിയുടേയോ മുഖ്യമന്ത്രിയുടേയോ കീഴിലാണ് ഹൈഡ്ര പ്രവർത്തിക്കുന്നത്.
അതിവേഗത്തിലുള്ള നഗരവത്കരണമാണ് ഹൈഡ്ര രൂപവത്കരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ പ്രതിപാദിക്കപ്പെടുന്ന പ്രധാനവിഷയം. പ്രതിവർഷം 3.2% എന്ന തോതിലാണ് തെലങ്കാനയിൽ നഗരവത്കരണത്തിന്റെ വളർച്ച. ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് നഗരപരിധി അതിവേഗം വ്യാപിക്കുന്നു. ഇതോടെയാണ് ഹൈദരാബാദ് കോർ അർബൻ റീജിയണിലെ (ടിസിയുആർ) ദുരന്തനിവാരണവും പൊതുസ്വത്ത് സംരക്ഷണവും ഏകോപിപ്പിക്കുന്നതിനായി ഒരു ഏകീകൃത ഏജൻസി രൂപവത്കരിക്കുക എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്.
മുഖ്യമന്ത്രി ചെയർമാനായ ഹൈഡ്രയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നത് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഐജി എ.വി. രംഗനാഥ് ആണ്. മൂന്ന് വിഭാഗങ്ങളായി ഹൈഡ്രയെ തിരിച്ചിരിക്കുന്നു. ആസ്തി സംരക്ഷണ വിഭാഗം, ദുരന്ത നിവാരണ വിഭാഗം, ലോജിസ്റ്റിക് സപ്പോർട്ട് വിഭാഗം. തടാകങ്ങൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, പൊതുവഴികൾ, നടപ്പാതകൾ എന്നിവ കൈയേറ്റങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ആസ്തി സംരക്ഷണ വിഭാഗത്തിന്റെ ചുമതല. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ചമുതലപ്പെട്ടിരിക്കുന്നതാണ് രണ്ടാമത്തെ വിഭാഗം. ഇവ എൻഡിആർഎഫും എസ്ഡിആർഎഫും അഗ്നിശമന സേനാ വിഭാഗവുമായും ചേർന്ന് പ്രവർത്തിക്കുന്നു. ജീവനക്കാരുടെ നിയമനവും ഭരണപരമായ കാര്യങ്ങളും നിർവഹിക്കുന്നതാണ് ലോജിസ്റ്റിക്‌സ് സപ്പോർട്ട് വിങ്.
സ്വന്തമായി പോലീസ് സ്‌റ്റേഷൻ
ഹൈഡ്ര രൂപവത്കരണത്തിന് ശേഷമുള്ള പ്രധാന ചുവടുവെപ്പായിരുന്ന സെക്കന്തരാബാദിൽ സ്ഥാപിക്കപ്പെട്ട പോലീസ് സ്‌റ്റേഷൻ. കഴിഞ്ഞവർഷം മേയ് എട്ടിന് ബുദ്ധ ഭവനിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഒരുഎസിപി, ആറ് ഇൻസ്‌പെക്ടർമാർ, 12 എസ്‌ഐമാർ, 30 കോൺസ്റ്റബിൾമാർ അടക്കമുള്ളതാണ് പോലീസ് സ്‌റ്റേഷൻ. 70-ഓളം അത്യാധുനിക വാഹന സൗകര്യങ്ങളും പോലീസ് സ്‌റ്റേഷന് അനുവദിച്ചു. പൊതുസ്വത്തുകളിലെ അനധികൃത നിർമാണവും കൈയേറ്റവും സംബന്ധിച്ച കേസുകളാണ് പോലീസ് സ്‌റ്റേഷൻ കൈകാര്യം ചെയ്യുന്നത്.
വിശാല അധികാരങ്ങളാണ് ഹൈഡ്രയ്ക്കുള്ളത്. കയ്യേറ്റങ്ങൾ പരിശോധിക്കാനും നോട്ടീസ് നൽകാനും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുമുള്ള പൂർണ അധികാരം ഹൈഡ്രയ്ക്ക് സർക്കാർ അനുവദിച്ചു. റോഡുകളിലേയും നടപ്പാതകളിലേയും അനധികൃത നിർമാണങ്ങൾ മുൻകൂർ നോട്ടീസ് ഇല്ലാതെ ഏജൻസിക്ക് നീക്കം ചെയ്യാം. 1955-ലെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നിയമം, തെലങ്കാന ഇറിഗേഷൻ ആക്ട്, തെലങ്കാന വാട്ടർ ലാൻഡ് ട്രീസ് അതോറിറ്റി ആക്ട്, തെലങ്കാന ലാൻഡ് എൻക്രോച്ച്‌മെന്റ് ആക്ട് തുടങ്ങി ഒട്ടേറെ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് ഹൈഡ്രയുടെ അധികാര പരിധി നിർണയിച്ചത്.
പണികിട്ടിയവരിൽ നാഗാർജുനയും
ജൂൺ ആറിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരുലക്ഷം കോടി രൂപയുടെ പൊതുസ്വത്ത് ഹൈഡ്ര തിരിച്ചുപിടിച്ചുവെന്നാണ് സർക്കാരിന്റെ അവകാശവാദം. പുപ്പാലഗുഡയ്ക്കും ഖാജാഗുഡയ്ക്കുമിടയിലെ 200 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിച്ചതാണ് ഇതുവരെയുള്ളതിൽ ഹൈഡ്രയുടെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യം. 30,000 കോടി രൂപ മതിപ്പുവില വരുന്ന ഭൂമിയാണ് ഇതോടെ സർക്കാർ തിരിച്ചുപിടിച്ചത്. സംഗറെഡ്ഡി ജില്ലയിലെ അമീൻപുരിലും ഖുത്ബുള്ളാപുരിലെ ഗജുലാരാമരം എന്ന പ്രദേശത്തും 15,000 കോടി രൂപയുടെ വീതം ഭൂമി ഹൈഡ്ര ഒഴിപ്പിച്ചെടുത്തു.
ഒഴിപ്പിക്കൽ നടപടിയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിച്ചത് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്ററിന്റെ പൊളിച്ചുനീക്കൽ ദൗത്യത്തിനാണ്. 2024 ഓഗസ്റ്റ് 24-നാണ് ഹൈദരാബാദിലെ മാധാപുരിൽ സ്ഥിരിചെയ്യുന്ന എൻ-കൺവെൻഷൻ സെന്റർ ഹൈഡ്ര അധികൃതർ പൊളിച്ചുനീക്കിയത്. നാഗാർജുനയുടെ സഹ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്ററാണിത്. ടോളിവുഡിലെ സെലിബ്രിറ്റി കല്യാണങ്ങളുടെ സ്ഥിരം വേദിയായാണ് അതിന് മുമ്പ് വരെ എൻ-കൺവെൻഷൻ സെന്റർ അറിയപ്പെട്ടിരുന്നത്.
തമ്മിടികുണ്ട തടാകത്തിന്റെ ഫുൾ ടാങ്ക് ലെവലിലും ബഫർ സോണിലും അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് പൊളിച്ചുനീക്കൽ നടപടിയുണ്ടായത്. ഒരു ജലാശയത്തിന്റെ പരമാവധി വെള്ളം ഉൾക്കൊള്ളുന്ന സ്ഥലത്തെയാണ് ഫുൾ ടാങ്ക് ലെവൽ എന്ന് വിളിക്കുന്നത്. ഇവിടെ നിർമാണം നിരോധിക്കപ്പെട്ടിരിക്കുന്നു. 10 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന എൻ-കൺവെൻഷൻ സെന്റർ, തമ്മിടികുണ്ട തടാകഭൂമിയുടെ 1.12 ഏക്കറും എഫ്ടിഎൽ-ബഫർ സോണുകളിലായി രണ്ടേക്കറും കൈയേറിയെന്നായിരുന്നു ഹൈഡ്ര ചൂണ്ടിക്കാട്ടിയത്.
ഹൈഡ്രയുടെ നടപടി നിയമവിരുദ്ധമാണെന്ന് നാഗാർജുന ആരോപിച്ചു. ഹൈഡ്രയുടെ ദൗത്യം കോടതി കയറി. പൊളിച്ചുനീക്കൽ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കൺവെൻഷൻ സെന്ററിലെ നിയമവിരുദ്ധ നിർമാണങ്ങൾ പൊളിച്ചുനീക്കിയ ശേഷം രണ്ടേക്കർ കൈയേറ്റഭൂമി തിരിച്ചേൽപ്പിച്ചതായി കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. നാഗാർജുന തന്നെ നേരിൽകണ്ട് സ്വമേധയാ ഭൂമി തിരിച്ചേൽപ്പിക്കുകയായിരുന്നുവെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.
വിവാദങ്ങൾ
ഹൈഡ്രയുടെ ഒഴിപ്പിക്കൽ നടപടികൾ പല തവണ കോടതി കയറിയിട്ടുണ്ട്. ഹൈഡ്ര സംഹാരത്തിനല്ല, സംരക്ഷമത്തിനുള്ള ഏജൻസിയാണെന്ന് സർക്കാർ വാദിക്കുന്നത്. എന്നാൽ, പലപ്പോഴും ഏജൻസി നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഒഴിപ്പിക്കൽ നടത്തുന്നതെന്നാണ് വിമർശനം. പണക്കാർക്കും സ്വാധീനമുള്ളവർക്കും നോട്ടീസ് നൽകി കോടതിയിൽ പോകാൻ സമയം നൽകുന്ന ഹൈഡ്ര, ദരിദ്രരുടേയും മധ്യവർഗത്തിന്റേയും വീടുകൾ നഷ്ടപരിഹാരമോ, നോട്ടീസോ പോലും നൽകാതെ പൊളിച്ചുനീക്കുന്നുവെന്ന വിമർശനം ബിജെപി ഉയർത്തുന്നുണ്ട്.
ഹൈഡ്ര അമിതാധികാരം പ്രയോഗം തുടർന്നാൽ ജുഡീഷ്യൽ പവർ എന്താണെന്ന് ബോധ്യപ്പെടുത്തേണ്ടിവരുമെന്ന് തെലങ്കാന ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നിർമാണ അനുമതി തേടിയുള്ള ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ, നോട്ടീസ് നൽകാതെ പൊളിച്ചുനീക്കൽ നടപടി സ്വീകരിച്ച ഹൈഡ്രയ്‌ക്കെതിരേ മറ്റൊരു കേസിൽ ഹൈക്കോടതി കടുത്ത പരാമർശം നടത്തി. ഏകപക്ഷീയ നടപടികൾ ജനാധിപത്യരാജ്യത്ത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നായിരുന്നു മുന്നറിയിപ്പ്.
അവധി ദിനങ്ങൾ ഹൈഡ്ര നടത്തുന്ന ഒഴിപ്പിക്കൽ നടപടികൾക്കെതിരേയും കോടതികൾ വിമർശനം ഉന്നയിച്ചിരുന്നു. ഞായറാഴ്ചകളിൽ ഉൾപ്പെടെ പൊളിക്കൽ നടപടി തുടരുന്നത്, കോടതിയെ സമീപിക്കാനുള്ള സാധ്യത അടയ്ക്കാനാണെന്നാണ് കോടതി നിരീക്ഷിച്ചിരുന്നു. ഹൈഡ്ര രൂപവത്കരണത്തിന് മുമ്പ് നിർമിക്കപ്പെട്ട താമസസ്ഥലങ്ങൾ പൊളിച്ചുനീക്കില്ലെന്നും മറ്റ് നിർമാണങ്ങൾക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് സർക്കാർ നിലപാട്.
Content Highlights: HYDRAA (Hyderabad Disaster Response and Asset Protection Agency) was established in July 2024 to protect government assets and water bodies. The agency is empowered to remove illegal constructions without prior notice in certain cases. Actor Nagarjuna's N-Convention Center was demolished due to alleged encroachment on the Thammidikunta lake buffer zone. The Telangana High Court has criticized the agency for its unilateral demolition actions and lack of due process. The government claims to have reclaimed public property worth one lakh crore rupees through these efforts
Published: 10 Jun 2026, 12:37 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented