കൃത്യം ഒരാഴ്ച മുന്‍പാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റത്. തിരഞ്ഞെടുപ്പ് റാലിക്കിടെ 130 മീറ്റര്‍ ദൂരത്ത് നിന്നൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമിയെ സുരക്ഷാജീവനക്കാര്‍ വധിച്ചെങ്കിലും ഈ സംഭവത്തോടെ അമേരിക്കയുടെ സീക്രട്ട് സര്‍വീസ് സംഘത്തെ കുറിച്ച് ചോദ്യങ്ങളുയരുകയാണ്. പ്രസിഡന്റിനേയും പ്രസിഡന്റ് സ്ഥാനാര്‍ഥികളേയും സംരക്ഷിക്കാന്‍ ചുമതലയുള്ള സീക്രട്ട് സര്‍വീസിന്റെ കണ്‍മുന്നില്‍ നടന്ന വധശ്രമം വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബേര്‍ലി ചീറ്റ്‌ലി രാജിവെയ്ക്കണമെന്ന് പോലും ആവശ്യമുയര്‍ന്നു. യഥാര്‍ഥത്തില്‍ ട്രംപിന്റെ സുരക്ഷാവിഷയത്തില്‍ സീക്രട്ട് സര്‍വീസിന് വീഴ്ച സംഭവിച്ചോ? എന്താണ് സീക്രട്ട് സര്‍വീസ്. അമേരിക്കയുടെ ഉന്നത അന്വേഷണ ഏജന്‍സികളെന്ന് വിശേഷിപ്പിക്കുന്ന സി.ഐ.എയ്ക്കും എഫ്.ബി.ഐയ്ക്കും മുകളിലാണോ ഇത്? സീക്രട്ട് സര്‍വീസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്? 

To advertise here,

എന്താണ് സീക്രട്ട് സര്‍വീസ്?

അമേരിക്കയുടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തരസുരക്ഷാ വകുപ്പിന് കീഴിലുള്ള ഒരു നിയമനിര്‍വഹണ ഏജന്‍സിയാണ് സീക്രട്ട് സര്‍വീസ്. 1865 ജൂലായ് അഞ്ചിനാണ് സീക്രട്ട് സര്‍വീസിന് രൂപം നല്‍കിയത്. രൂപീകരിച്ച് 160 വര്‍ഷം പിന്നിടുമ്പോള്‍ ഒമ്പതിനായിരത്തോളം അംഗങ്ങളാണ് സീക്രട്ട് സര്‍വീസിലുള്ളത്. പ്രധാനപ്പെട്ട മൂന്ന് ദേശീയസുരക്ഷാ ദൗത്യങ്ങളാണ് യുഎസ് കോണ്‍ഗ്രസ് സീക്രട്ട് സര്‍വീസിനെ ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കളെ സംരക്ഷിക്കുക, സാമ്പത്തിക, അടിസ്ഥാനസൗകര്യങ്ങള്‍ക്ക് സംരക്ഷണമൊരുക്കുക, നിര്‍ണായകമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയാണത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ നടത്തുക അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും അവരെ സന്ദര്‍ശിക്കാനെത്തുന്ന നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കുക, നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയവയെല്ലാം സീക്രട്ട് സര്‍വീസിന്റെ ചുമതലയാണ്. 

ആഭ്യന്തരയുദ്ധത്തിന് ശേഷം അമേരിക്കയുടെ സമ്പദ്ഘടനയിലേക്ക് വന്‍തോതില്‍ കള്ളപ്പണമൊഴുകിയിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന ആകെ കറന്‍സിയുടെ മൂന്നിലൊന്ന് മുതല്‍ പകുതി വരെ കള്ളപ്പണമായിരുന്നു. ഇത്തരത്തില്‍ സമ്പദ്‌വ്യവസ്ഥയിലേക്കെത്തുന്ന കള്ളപ്പണത്തെ കണ്ടെത്തുന്നതായിരുന്നു സീക്രട്ട് സര്‍വീസിന്റെ ആദ്യ ചുമതല. അതുകൊണ്ട് ആദ്യകാലത്ത് യു.എസ് ട്രഷറിയുടെ ഭാഗമായിരുന്നു സീക്രട്ട് സര്‍വീസ്. 1901 മുതലാണ് പ്രസിഡന്റിനേയും പ്രസിഡന്റ് സ്ഥാനാര്‍ഥികളേയും സംരക്ഷിക്കാനുള്ള ചുമതലകൂടി സീക്രട്ട് സര്‍വീസിന് ലഭിച്ചത്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന വില്ല്യം മക്കിന്‍ലിയുടെ കൊലപാതകത്തോടെയായിരുന്നു ഇത്. രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറ് മാസം പിന്നിടുമ്പോഴായിരുന്നു മക്കിന്‍ലിയുടെ കൊലപാതകം. 1901 സെപ്തംബര്‍ ആറിന് ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ സ്ഥിതി ചെയ്യുന്ന ടെമ്പിള്‍ ഓഫ് മ്യൂസികില്‍ പ്രസംഗിച്ച് മടങ്ങുകയായിരുന്നു വില്ല്യം മക്കിന്‍ലി. മടങ്ങുന്നതിനിടെ ജനങ്ങളോട് സംസാരിച്ച് ആള്‍ക്കൂട്ടത്തിനിടയ്ക്ക് നില്‍ക്കുമ്പോഴാണ് പോയിന്റെ ബ്ലാങ്കില്‍ മക്കിന്‍ലിക്ക് വെടിയേറ്റത്. ആളുകളോട് സംസാരിക്കുമ്പോള്‍ സുരക്ഷ വേണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ചട്ടംകെട്ടിയിരുന്നതിനാല്‍ സുരക്ഷാഉദ്യോഗസ്ഥരൊന്നും ഒപ്പമുണ്ടായിരുന്നില്ല. വെടിയേറ്റ പ്രസിഡന്റ് രക്ഷപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം സെപ്തംബര്‍ 14ന് അദ്ദേഹം മരണപ്പെട്ടു. മക്കിന്‍ലിയുടെ മരണത്തോടെയാണ് യു.എസ് സീക്രട്ട് സര്‍വീസിന് പ്രസിഡന്റിന്റെ സുരക്ഷാചമതല നല്‍കുന്ന നിയമം അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയത്. 

placeholder
സീക്രട്ട് സര്‍വീസ് ഏജന്‍റുമാര്‍

ആരെയൊക്കെ സംരക്ഷിക്കണം? 

പ്രസിഡന്റും അദ്ദേഹത്തിന്റെ കുടുംബവും നിയുക്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അവരുടെ അടുത്ത ബന്ധുക്കള്‍, പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍, ട്രഷറി സെക്രട്ടറി, ആഭ്യന്തരസുരക്ഷാവിഭാഗം സെക്രട്ടറി, യു.എസ് ഭരണകര്‍ത്താക്കളെ സന്ദര്‍ശിക്കാനെത്തുന്ന വിദേശരാജ്യങ്ങളുടെ തലവന്മാര്‍ തുടങ്ങിയവര്‍ക്കാണ് സീക്രട്ട് സര്‍വീസ് പ്രധാനമായും സുരക്ഷയൊരുക്കുന്നത്. ഇവരുടെ വസതികള്‍ക്കും ഓഫീസുകള്‍ക്കും സുരക്ഷയുണ്ട്. ഇതിന് പുറമേ പ്രസിഡന്റ് നിര്‍ദേശിക്കുന്ന ആളുകള്‍ക്കും സീക്രട്ട് സര്‍വീസിന്റെ സുരക്ഷ ലഭിക്കും. 

1901-ലാണ് ഫോര്‍മര്‍ പ്രസിഡന്റ് നിയമം അമേരിക്കയില്‍ പാസാക്കിയത്. മുന്‍ പ്രസിഡന്റുമാര്‍, അവരുടെ പങ്കാളികള്‍, 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ജീവിതകാലം മുഴുവൻ  സംരക്ഷണം നല്‍കുന്നതാണ് ഈ നിയമം. പങ്കാളികള്‍ പുനര്‍വിവാഹം ചെയ്താല്‍ നിയമം ബാധകമല്ല. അപായം സംഭവിക്കുന്നതിന് മുന്‍പ് അത് തടയുക എന്ന ലക്ഷ്യത്തോടെ അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിന് സീക്രട്ട് സര്‍വീസിന് വിശാലമായ ഇന്റലിജന്‍സ് സംവിധാനം നിലവിലുണ്ട്. അതിനാല്‍ ദേശീയപ്രാധാന്യമുള്ള പരിപാടികളുടെയെല്ലാം സുരക്ഷാചുമതല സീക്രട്ട് സര്‍വീസിനായിരിക്കും.

പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ ലഭിക്കുന്നതിന് 120 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നിരിക്കണമെന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സുരക്ഷാ വിഭാഗമാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നത്. 

placeholder
സീക്രട്ട് സര്‍വീസ് ഏജന്‍റുമാര്‍

എഫ്ബിഐ, സിഐഎ, സീക്രട്ട് സര്‍വീസ്

യുഎസ് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന്റെ കീഴിലുള്ള  ഒരു സുരക്ഷാവകുപ്പാണ് സീക്രട്ട് സര്‍വീസ്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങള്‍ക്കൊപ്പം ദേശീയ നേതാക്കളുടെ സംരക്ഷണം കൂടിയാണ് സീക്രട്ട് സര്‍വീസിന്റെ ചുമതല.

എഫ്.ബി.ഐ അഥവാ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാല്‍ ഫെഡറല്‍ സര്‍ക്കാരിന് വേണ്ടി കുറ്റാന്വേഷണം നടത്തുന്ന ഏജന്‍സി ആണ്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന് കീഴിലാണ് എഫ്.ബി.ഐ പ്രവര്‍ത്തിക്കുന്നത്. 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറല്‍ കുറ്റങ്ങളുടെ പേരില്‍ നടപടിയെടുക്കാന്‍ എഫ്.ബി.ഐക്ക് അധികാരമുണ്ട്. ഒപ്പം അന്വേഷണം, സുരക്ഷ, നിയമം നടപ്പാക്കല്‍ എന്നീ ചുമതലുകളും എഫ്.ബി.ഐയ്ക്കുണ്ട്. യു.എസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുടെ ഭാഗമാണിത്. 1908 ലാണ് സ്ഥാപിക്കപ്പെട്ടത്. സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം. ഭീകരാക്രമണങ്ങളില്‍ നിന്നും അമേരിക്കയെ  സംരക്ഷിക്കുക. വിദേശശക്തികളുടെ ചാരപ്രവര്‍ത്തനങ്ങള്‍ തടയുക. സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ആധുനിക സാങ്കേതിക കുറ്റകൃത്യങ്ങളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുക. അഴിമതികള്‍ കണ്ടെത്തി തടയുക, സിവില്‍ നിയമങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവയാണ് എഫ്.ബി.ഐയുടെ ചുമതലകള്‍. 

placeholder
Photo: Getty Images

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഓഫീസ് ഓഫ് സ്ട്രാറ്റജിക് സര്‍വീസസ് പിരിച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് 1946ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ രൂപം നല്‍കിയ സംഘടനയാണിത്. യു.എസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുടെ ഭാഗമായ സി.ഐ.എ 1947ലാണ് സ്ഥാപിക്കപ്പെട്ടത്. വിദേശ ഗവണ്മെന്റുകള്‍, കോര്‍പ്പറേഷനുകള്‍, വ്യക്തികള്‍ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്ത് ദേശീയസുരക്ഷ സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാരിന് വിദഗ്‌ധോപദേശം നല്‍കലാണ് സി.ഐ.എയുടെ പ്രധാനധര്‍മം. ആഗോളവിഷയങ്ങളെല്ലാം ഇത്തരത്തില്‍ സിഐഎയുടെ അന്വേഷണ പരിഗണനയിലെത്തും. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സി.ഐ.എയ്ക്കില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം. തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍, രഹസ്യാന്വേഷണം തുടങ്ങിയ നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്നാണ് സിഐഎ പ്രവര്‍ത്തിക്കുന്നത്.   

സീക്രട്ട് സര്‍വീസും ഇരട്ടക്കഴുകന്‍ സ്വര്‍ണനാണയവും

അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന നിര്‍ണായകമായ പല സാമ്പത്തിക കുറ്റകൃത്യങ്ങളുടേയും അന്വേഷണം നടത്തിയത് സീക്രട്ട് സര്‍വീസ് ആയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 1933ലെ ഡബിള്‍ ഈഗിള്‍ കോയിന്‍ വേട്ട. 1933ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കയില്‍ നിന്ന് 4.45 ലക്ഷം ഗോള്‍ഡ് കോയിനുകള്‍ ഖനനം ചെയ്‌തെടുത്തിരുന്നു. പ്രസിഡന്റ് തിയോഡര്‍ റൂസ്‌വെല്‍റ്റിന്റെ മേല്‍നോട്ടത്തില്‍ രൂപകല്‍പന ചെയ്ത ഈ നാണയം ഫിലാഡല്‍ഫിയയിലെ കോയിന്‍ മിന്റാണ് അച്ചടിച്ചത്. 

20 ഡോളറാണ് ഓരോ നാണയത്തിന്റേയും മൂല്യം. ഖനനം ചെയ്‌തെടുത്തെങ്കിലും ഇവയൊന്നും സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല. ഇതില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ഉരുക്കാനായിരുന്നു ഉത്തരവ്. എന്നാല്‍, ഉരുക്കാനായി കൊണ്ടുപോയിടത്ത് നിന്ന് 20 എണ്ണം മോഷ്ടിക്കപ്പെട്ടു. 9 എണ്ണം പിന്നീട് കണ്ടെത്തുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും അപൂര്‍വമായ ഈ നാണയങ്ങളില്‍ 13 എണ്ണം മാത്രമാണ് പിന്നീട് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ തന്നെ ഒരു നാണയം സ്വകാര്യ വ്യക്തിയുടെ കൈവശമാണുള്ളത്. വെയിറ്റ്‌സ്മാന്‍ സ്‌പെസിമെന്‍ എന്നറിയപ്പെടുന്ന ഇത് ഒരിക്കലും പുറത്ത് പ്രചരിക്കപ്പെട്ടിട്ടില്ല. 1933 ഡബിള്‍ ഈഗിള്‍ നാണയങ്ങള്‍ കൈവശം വെയ്ക്കുന്നത് അനധികൃതമാണെങ്കിലും വെയിറ്റ്‌സ്മാന്‍ സ്‌പെസിമെന്നിന് ഇത് ബാധകമല്ല. എങ്കിലും അജ്ഞാതമായ കൈകളില്‍ ഡബിള്‍ ഈഗിള്‍ കോയിനുകള്‍ അവശേഷിച്ചു. ഇവയെ കണ്ടെത്താനുള്ള ചുമതല സീക്രട്ട് സര്‍വീസിനായിരുന്നു. 

അന്ന് ഫെഡറല്‍ സര്‍ക്കാര്‍ കൈവശം വെച്ച രണ്ട് നാണയങ്ങള്‍ പിന്നീട് യുഎസ് നാഷണല്‍ നുമിസ്മാറ്റിക് കളക്ഷനിലേക്ക് മാറ്റി. 2002ലാണ് വെയിറ്റ്‌സ്മാന്‍ സ്‌പെസിമെന്‍ എന്നറിയപ്പെടുന്ന ഒരു കോയിന്‍ നാണയങ്ങള്‍ ശേഖരിക്കുന്ന സ്റ്റുവാര്‍ട്ട് വെയിറ്റ്‌സ്മാന് കൈമാറിയത്. 7.59 മില്ല്യണ്‍ ഡോളറിനായിരുന്നു കൈമാറ്റം. ഒരു യു.എസ് നാണയത്തിന് ലേലത്തില്‍ ലഭിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുകയായിരുന്നു ഇത്. ഇതേ നാണയം 2021ല്‍ മറ്റൊരാള്‍ക്ക് (വിവരങ്ങള്‍ ലഭ്യമല്ല) 18.9 മില്ല്യണ്‍ ഡോളറിന് വില്‍പന നടത്തിയതോടെ ലോകത്തില്‍ ഒരു നാണയത്തിന് ലേലത്തിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ മൂല്യമായി ഇത് മാറി.

1944കള്‍ക്ക് ശേഷമാണ് കാണാതായ സ്വര്‍ണ നാണയങ്ങള്‍ പ്രചാരത്തിലുണ്ടോ എന്ന് അന്വേഷിക്കാനായി സീക്രട്ട് സര്‍വീസ് രംഗത്തെത്തുന്നത്. കാണാതായതില്‍ എട്ട് നാണയങ്ങള്‍ ഇവര്‍ കണ്ടെത്തിയിരുന്നു. 1952ലാണ് ഈ കൂട്ടത്തിലെ അവസാന നാണയം കണ്ടെത്തി നശിപ്പിച്ചത്. ലോകത്താകെ നിലവില്‍ രണ്ടോ മൂന്നോ സ്വര്‍ണ നാണയങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. അത് തന്നെയാണ് ഈ നാണയത്തിന്‍റെ അപൂര്‍വതയും. 

അടുത്തിടെ സീക്രട്ട് സര്‍വീസ് ഏറ്റെടുത്ത പ്രധാനപ്പെട്ട അന്വേഷണങ്ങളിലൊന്നാണ് കോവിഡ് കാലത്ത് അമേരിക്കയില്‍ നടന്ന അഴിമതി. കോവിഡ് കാലത്ത് അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് ധനസഹായം നല്‍കാനായി പ്രഖ്യാപിച്ച കെയേഴ്​സ് ആക്ടുമായി ബന്ധപ്പെട്ട അഴിമതിയായിരുന്നു  കേസ്. ദുരിതാശ്വാസ പാക്കേജായ ഇതിനായി രണ്ട് ട്രില്ല്യണ്‍ ഡോളറാണ് മാറ്റിവെച്ചിരുന്നത്. പൗരന്മാര്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യങ്ങളും വായ്പകളും ഇതിലൂടെ നല്‍കിവന്നു. എന്നാല്‍ കോവിഡ് മുതലെടുത്ത് കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ അനധികൃതമായി പണം കൈപ്പറ്റി. ക്രമക്കേടുകള്‍ കാണിച്ച് ക്രിമിനലുകള്‍ സഹായത്തിനായി അപേക്ഷിച്ചു. കേസ് സീക്രട്ട് സര്‍വീസിലേക്കെത്തുകയും 2021 അവസാനത്തോടെ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ 1.2 ബില്യണ്‍ ഡോളറിലധികം തുക സീക്രട്ട് സര്‍വീസ് തിരിച്ചുപിടിക്കുകയും ചെയ്തു. 

placeholder
Sotheby'
Photo: Sotheby's

സീക്രട്ട് സര്‍വീസും വിവാദങ്ങളും

നിര്‍ണായക അന്വേഷണങ്ങള്‍ മാത്രമല്ല, സുരക്ഷാകാര്യങ്ങളിലടക്കം വീഴ്ച സംഭവിച്ച ചരിത്രവും സീക്രട്ട് സര്‍വീസിനുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന ആക്രമണം. സമാനമായ വീഴ്ചകള്‍ നേരത്തേയും സീക്രട്ട് സര്‍വീസിന്റെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട്. 

2020ല്‍ യുഎസ്സിലെ ലഫായെറ്റ് സ്‌ക്വയറില്‍ സമാധാനപരമായ ഒരു പ്രതിഷേധം നടക്കുകയുണ്ടായി. സേനയെ ഉപയോഗിച്ച് പ്രതിഷേധത്തെ നേരിടണമെന്നായിരുന്നു പോലീസിന്റെ ഓപ്പറേഷണല്‍ പ്ലാന്‍. എന്നാല്‍ പോലീസിന്റെ പ്ലാനിന് വിരുദ്ധമായി ഏഴ് മിനുട്ട് മുന്‍പ് സീക്രട്ട് സര്‍വീസ് രംഗത്തിറങ്ങുകയും ഇത് പ്രതിഷേധക്കാര്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കുപ്പികളും മുട്ടകളുമെറിഞ്ഞു. പെപ്പര്‍ സ്പ്രേ ഉപയോഗിച്ചാണ് സുരക്ഷാസേന ഇതിനെ നേരിട്ടത്. തൊട്ടടുത്ത ഒരു പള്ളിയില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു പ്രതിഷേധം അടിച്ചമര്‍ത്താനായി സീക്രട്ട് സര്‍വീസ് രംഗത്തിറങ്ങിയത്. സംഭവത്തില്‍ സീക്രട്ട് സര്‍വീസ് പിന്നീട് ഖേദം പ്രകടിപ്പിക്കുകയുണ്ടായി.  

2020 ഓഗസ്റ്റിൽ പെന്‍സില്‍വാനിയയിലെ ഒരു തെരുവില്‍ നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപിനെതിരെ ആക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് ആരോപിച്ച് ഒരാളെ സീക്രട്ട് സര്‍വീസ് വെടിവെച്ചിരുന്നു. കൈയില്‍ തോക്കേന്തിയ ആക്രമിയെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ നെഞ്ചില്‍ സീക്രട്ട് സര്‍വീസ് വെടിവെച്ചത്. എന്നാല്‍ പിന്നീട് കോടതി വിചാരണയില്‍ ഇയാള്‍ കൈയില്‍ പിടിച്ചിരുന്നത് ചീര്‍പ്പായിരുന്നുവെന്ന് തെളിഞ്ഞു. മാനസികപ്രശ്‌നമുണ്ടായിരുന്ന ഇയാള്‍ തന്റെ കൈയില്‍ ആയുധമുണ്ടെന്ന് ഉദ്യോഗസ്ഥരോട് കള്ളം പറയുകയായിരുന്നു. ഇത് സ്ഥിരീകരിക്കാതെയായായിരുന്നു സീക്രട്ട് സര്‍വീസിന്റെ നടപടി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2021 ജനുവരി ആറിന് അമേരിക്കന്‍ നിയമ നിര്‍മാണ സഭയായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായതിനെ ചുറ്റിപ്പറ്റിയും സീക്രട്ട് സര്‍വീസ് വിവാദത്തിലകപ്പെട്ടിരുന്നു. 

2022ല്‍ നാല് സീക്രട്ട് സര്‍വീസിന് ഉദ്യോഗസ്ഥര്‍ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ ആള്‍മാറാട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങളും സൗജന്യ അപ്പാര്‍ട്ട്‌മെന്റ് താമസവും കൈക്കൂലിയും കൈപ്പറ്റിയതിന്റെ പേരിലായിരുന്നു നടപടി. നാല് പേരിലൊരാള്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടയാളായിരുന്നു. 2023ല്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊച്ചുമകളായ നവോമി ബൈഡന്റെ സുരക്ഷാജീവനക്കാര്‍ മൂന്ന് പേര്‍ക്കെതിരേ വെടിയുതിര്‍ത്തിരുന്നു. സര്‍ക്കാര്‍ വാഹനത്തില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരിലായിരുന്നു നടപടി. ഇത് പിന്നീട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 

placeholder
ചെവിക്ക് പരിക്കേറ്റ ട്രംപ് | Photo: Getty Images

ട്രംപിനും സുരക്ഷാവീഴ്ച? 

ഏറ്റവും ഒടുവിലായി സീക്രട്ട് സര്‍വീസ് വിമര്‍ശനമുനയിലായിരിക്കുന്നത് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വെടിവെപ്പിന്റെ പേരിലാണ്. ജൂലായ് 13നായിരുന്നു സംഭവം. പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ വെച്ചായിരുന്നു ട്രംപിന് വെടിയേറ്റത്. അദ്ദേഹത്തിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. ആക്രമിയായ മാത്യൂ ക്രൂക്‌സ് എന്ന ഇരുപതുവയസ്സുകാരനെ തിരിച്ചറിയുകയും സീക്രട്ട് സര്‍വീസ് വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ട്രംപിന് നേരെയുണ്ടായത് വധശ്രമമാണെന്നാണ് വിലയിരുത്തുന്നത്. വെടിയേല്‍ക്കുന്നതിന് 10 മിനുട്ട് മുന്‍പുതന്നെ സീക്രട്ട് സര്‍വീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും എന്നാല്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമാണ് പ്രധാനവിമര്‍ശനം. 

ട്രംപിന് സമീപത്തുണ്ടായ സൈനപ്പര്‍മാരായിരുന്നു ആക്രമിയെ വധിച്ചത്. ട്രംപില്‍ നിന്ന് 130 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നായിരുന്നു ആക്രമി വെടിയുതിര്‍ത്തത്. സംഭവത്തില്‍ സീക്രട്ട് സര്‍വീസിന്റെ ഭാഗത്തുനിന്നും വലിയ സുരക്ഷാവീഴ്ചയുണ്ടായതായാണ് ആരോപണം. സീക്രട്ട് സര്‍വീസിന്റെ സുരക്ഷാവലയം ഭേദിച്ച് ഒന്നിലധികം തവണ ട്രംപിന് നേരെ വെടിയുതിര്‍ക്കാന്‍ സാധിച്ചത് സീക്രട്ട് സര്‍വീസിന്റെ കാര്യക്ഷമതയെകുറിച്ചും സംശയങ്ങളുയര്‍ത്തി. വിശദീകരണം നല്‍കാന്‍ സര്‍വീസ് ബാധ്യസ്ഥരാണെന്ന് എഫ്.ബി.ഐ ഫീല്‍ഡ് ഓഫീസര്‍ കെവിന്‍ കോജെക് പ്രതികരിച്ചു. അതേസമയം സംഭവത്തിലെ ഏത് സ്വതന്ത്രാന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബേര്‍ലി ചീറ്റ്‌ലി പറഞ്ഞിരുന്നു. 

placeholder
കിം ബേര്‍ലി ചീറ്റ്‌ലി | Photo: Getty Images 

ചോദ്യശരങ്ങളേറ്റ് കിം ബേര്‍ലി ചീറ്റ്‌ലി

ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സംഭവം സീക്രട്ട് സര്‍വീസിന്റെ ഡയറക്ടര്‍ കിംബേര്‍ലി ചീറ്റ്‌ലിയെ ചോദ്യമുനയിലെത്തിച്ചു. കിംബേര്‍ലി ചീറ്റ്‌ലി രാജിവെയ്ക്കണമെന്ന് പോലും ആവശ്യമുയര്‍ന്നിരിക്കുന്നു. വിഷയത്തില്‍ ജൂലൈ 22ന് ഉന്നതതല സമിതിക്ക് (House Committee on Oversight and Reform)മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ട്രംപിന്റെ റാലിയിലുണ്ടായത് സീക്രട്ട് സര്‍വീസിന്റെ ഭാഗത്തുനിന്നുണ്ടായ ചരിത്രപരമായ വീഴ്ചയാണ്. ട്രംപിന് നേരെയുണ്ടായ വധശ്രമത്തിനൊപ്പം നിഷ്‌കളങ്കനായൊരു യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു അവര്‍. ജനക്കൂട്ടത്തിനിടയിലുണ്ടായിരുന്ന മറ്റ് ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിനെല്ലാം അമേരിക്കക്കാരോട് ഉത്തരം പറയാന്‍ കിംബേര്‍ലിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്മിറ്റി പ്രതിനിധികള്‍ പ്രതികരിച്ചു. സീക്രട്ട് സര്‍വീസ് പോലെയൊരു ഏജന്‍സിയുടെ തലപ്പത്ത് കിംബേര്‍ലിയെ പോലെയൊരു വനിതയെ നിയമിച്ചതിലും സുരക്ഷയ്ക്കായി സ്ത്രീകളെ വിന്യസിക്കുന്നതിലും വിമര്‍ശനമുണ്ട്. സ്ത്രീകള്‍ പൊതുവേ ദുര്‍ബലരും ചെറുതും ശക്തിയില്‍ പിന്നാക്കം നില്‍ക്കുന്നവരുമാണ്. അതിനാല്‍ ഇത്തരം ചുമതലുകളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന് വരെ ആവശ്യമുയര്‍ന്നിട്ടുണ്ട്.