ശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പരസ്പരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും ആക്രമണങ്ങൾ കനക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിലാണെങ്കിലും അത് ലോകത്തെ മുഴുവനും പല രീതിയിൽ ബാധിക്കുന്നുണ്ട്. ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നുകഴിഞ്ഞു. ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതാണ് എണ്ണവില ഉയരാൻ കാരണമായത്. ഇതിനുള്ള തിരിച്ചടിയായി ഇറാൻ ചില കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന വാർത്തകൾ സജീവമാണ്. അതിൽ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും തടസ്സപ്പെടുത്തുമെന്ന പ്രവചനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചാൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങളാണ് അത് ആഗോളതലത്തിലുണ്ടാക്കുക. എണ്ണവില പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് ഉയർന്ന് ബാരലിന് മൂന്നക്ക ഡോളർ എന്ന സാഹചര്യത്തിലേക്ക് പോലും എത്തിയേക്കാം.

To advertise here,

സംഘർഷം രൂക്ഷമായാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതിനെ കുറിച്ച് ഇറാൻ ചിന്തിക്കുന്നുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ IRINN കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ പാർലമെന്റ് അംഗമായ ഇസ്മായീൽ കൗസാരിയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2024ൽ ഇറാൻ-ഇസ്രയേൽ സംഘർഷമുണ്ടായപ്പോഴും ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അന്ന് ഹോർമൂസ് കടലിടുക്കിനടുത്ത് വെച്ച് ഒരു വിദേശ കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തിരുന്നു. ഇത്തവണ കാര്യങ്ങൾ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ നിർണായക നീക്കങ്ങളിലൊന്നായി പരിഗണിക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാൻ തങ്ങളുടെ പ്രതികാരം ഹോർമൂസ് വഴി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഏത് രീതിയിലാകുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണികൾ.

placeholder
ഹോർമൂസ് കടലിടുക്ക് ബഹിരാകാശത്ത് നിന്നുള്ള ചിത്രം. 1981ൽ അമേരിക്കൻ സ്‌പേസ് ഷട്ടിലിൽ നിന്ന് പകർത്തിയത് | NASA

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന ജലപാത

പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശനകവാടമാണ് ഹോർമൂസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള തന്ത്രപ്രധാനമായ ജലപാതയാണിത്. ഇതിന്റെ ഒരു ഭാഗത്ത് ഇറാനും മറുഭാഗത്ത് ഒമാനും യു.എ.ഇയുമാണ്. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമവുമായി ബന്ധപ്പെട്ട ട്രാൻസിറ്റ് ജലപാത വകപ്പിന് കീഴിൽ വരുന്ന ഒമാന്റെയും ഇറാന്റെയും പ്രദേശങ്ങളിലൂടെയാണ് കപ്പലുകൾ കടന്നുപോകുന്നത്. പേർഷ്യൻ ഗൾഫിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങൾക്ക് ഈ പാതയിലൂടെയല്ലാതെ സമുദ്രത്തിലേക്ക് പ്രവേശിക്കാനാവില്ല. ഒപെക് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, യു.എ.ഇ, കുവൈത്ത്, ഇറാഖ്, ഇറാൻ എന്നിവ അവരുടെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തെ പ്രധാന എണ്ണ ഉത്പാദന രാജ്യങ്ങളെല്ലാം ഈ പ്രദേശത്തായതിനാൽ തന്നെ ആഗോള എണ്ണ കയറ്റുമതിയുടെ അഞ്ചിൽ ഒന്നും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഏതാണ്ട് രണ്ട് കോടി ബാരൽ എണ്ണയാണ് ഒരു ദിവസം ഇതിലൂടെ കടത്തുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസിറ്റ് ചെക്ക്‌പോയിന്റ് എന്നാണ് ഹോർമൂസ് കടലിടുക്കിനെ യു.എസ് എനർജി ഇൻഫർമേഷൻ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും ഇടുങ്ങിയ പ്രദേശത്തിന് 33 കിലോമീറ്ററാണ് വീതി. എന്നാൽ ജലപാതയിലെ ഷിപ്പിങ് ലൈനുകൾ അതിലും ഇടുങ്ങിയതാണ്. അതിനാൽ തന്നെ ഇവിടെ കപ്പലുകൾ തടയാനും ആക്രമിക്കാനും പാത അടയ്ക്കാനും ഇറാന് സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ വിലയിരുത്തുന്നത്

ഇറാന്റെ വജ്രായുധം

രണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടാകുമ്പോൾ എതിരാളികളുടെ വ്യാവസായിക കപ്പലുകളെ ആക്രമിക്കുക എന്നത് ഒരു സമ്മർദതന്ത്രമായി ഉപയോഗിക്കുന്ന രീതി സമീപകാലത്ത് വ്യാപകമാണ്. ഇത്തരം ആക്രമണങ്ങൾ നിരവധി തവണ ഹോർമൂസിന് സമീപമുണ്ടായിട്ടുണ്ട്. 1980-88ലെ ഇറാൻ ഇറാഖ് യുദ്ധത്തിൽ ഇരുരാജ്യങ്ങളും ഈ പാതയിലെ കപ്പലുകളെ ആക്രമിക്കുന്നത് പതിവായിരുന്നു. ടാങ്കർ വാർ എന്നറിയപ്പെട്ടിരുന്ന ഈ ആക്രമണങ്ങളിൽ നിരവധി കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് പോലും ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിരുന്നില്ല. 2019ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഹോർമൂസിന് സമീപം ഫുജൈറ തീരത്ത് വെച്ച് നാല് കപ്പലുകൾ ആക്രമിക്കപ്പെട്ടത് ഇറാനും അമേരിക്കയും തമ്മിൽ വലിയ സംഘർഷസാധ്യതകളിലേക്ക് നയിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയെങ്കിലും ഇറാൻ ഇത് നിഷേധിക്കുകയായിരുന്നു. തുടർന്നും ഇസ്രയേൽ, യൂറോപ്യൻ കപ്പലുകൾ ഇവിടെ വച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പൂർണമായി ഇവിടുത്തെ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ഇതുവരെ മുതിർന്നിട്ടില്ല. എങ്കിലും ദീർഘകാലമായി ഇത്തരമൊരു സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ അറേബ്യൻ ഉപദ്വീപിന്റെ മറുവശത്ത് ചെങ്കടലിനെ ഏദൻ കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ബാബ്-എൽ-മാൻഡെബ് കടലിടുക്കിൽ ഹൂതികളും കപ്പലുകളെ ആക്രമിച്ചിരുന്നു. ഇത് ആഗോള വ്യാപാരത്തെ ബാധിക്കാൻ തുടങ്ങിയതോടെ ആഫ്രിക്കയെ ചുറ്റിയാണ് കപ്പലുകൾ ഈ പാതയെ ഒഴിവാക്കിയത്. ചെങ്കടലിലൂടെയുള്ള പാതയേക്കാൾ ദീർഘമാണെങ്കിലും ഹൂതി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കപ്പലുകളെ ഇത് സഹായിച്ചു. ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങൾ ഒഴിവായി. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിന് മറ്റൊരു ബദലുമില്ലെന്നുള്ളതാണ് സ്ഥിതിഗതികളെ സങ്കീർണമാക്കുന്നത്. ഈ പാതയിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് ബാധിക്കുക ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്രോൾ വാങ്ങുന്ന രാജ്യങ്ങളെ മാത്രമാകില്ല. ഈ പാതയിലൂടെയുള്ള ചരക്കു ഗതാഗതം ഇല്ലാതായാൽ ആഗോള മാർക്കറ്റിലെ പെട്രോളിയം ലഭ്യതയിൽ വൻ കുറവ് വരും. ഇത് വിപണിയിൽ പെട്രോൾവില നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് കുതിക്കുന്നതിന് കാരണമാകും. എല്ലാ രാജ്യങ്ങളെയും ഇത് ബാധിക്കുകയും ചെയ്യും. ക്രൂഡ് ഓയിൽ വിതരണത്തിൽ ഹോർമൂസിലെ ഈ അനിശ്ചിതാവസ്ഥ മറികടക്കാനായി സൗദി ഉൾപ്പടെയുള്ള രാജ്യങ്ങൾ പൈപ്പ്ലൈൻ കണക്റ്റിവിറ്റി വർധിപ്പിച്ചിരുന്നു. എങ്കിലും ഈ രാജ്യങ്ങളെല്ലാം ഇപ്പോഴും തങ്ങളുടെ ഭൂരിപക്ഷം എണ്ണ കയറ്റുമതിക്കും ഈ പാതയെ തന്നെയാണ് ആശ്രയിക്കുന്നത്.

placeholder

അമേരിക്ക ഇടപെടുമോ?

എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായാൽ സ്വാഭാവികമായും അതിന് പ്രതിഫലനങ്ങളുണ്ടാകും. പാത മൊത്തമായി തടയുന്നതിന് പകരം കപ്പലുകൾ ആക്രമിക്കുന്ന രീതിയാണ് പൊതുവിൽ ഉണ്ടാകാൻ സാധ്യതയുള്ളത്. ഇത്തരം നീക്കങ്ങളിലേക്ക് കടന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ സംഘർഷത്തിലേക്ക് നേരിട്ട് ഇടപെടാൻ അത് കാരണമായേക്കും. ഗൾഫ് മേഖലയിൽ പലയിടത്തും അമേരിക്കയ്ക്ക് സൈനിക കേന്ദ്രങ്ങളുണ്ടെന്നുള്ളതും ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിൽ ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളിയായിട്ടില്ല. ഇസ്രയേലിന് പിന്തുണ നൽകുന്നുണ്ടെങ്കിലും അമേരിക്ക നേരിട്ട് യുദ്ധത്തിലിടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇറാനും ഇസ്രയേലിനെ തിരിച്ചടിക്കുകയല്ലാതെ പ്രദേശത്തെ അമേരിക്കൻ സ്ഥാപനങ്ങളെ ഇതുവരെ ആക്രമിച്ചിട്ടില്ല. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത് അമേരിക്കയുടെ സാമ്പത്തിക ഇടപാടുകളെ നേരിട്ട് ബാധിക്കുമെന്നതിനാൽ അത്തരമൊരു സാഹചര്യത്തിൽ നേരിട്ട് ഇടപെടാതിരിക്കാൻ ഡൊണാൾഡ് ട്രംപിന് സാധിക്കില്ല. അത് ഇറാന് നേരെയുള്ള സൈനിക നീക്കമായിരിക്കുമോ അതോ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തലാകുമോ എന്നതാണ് പ്രധാന ചോദ്യം.

മറ്റൊരു കാര്യം ഹോർമൂസ് പാത തടസ്സപ്പെടുത്തുന്നത് ഇറാന്റെ ശത്രുക്കളെ പോലെ തന്നെ ഇറാന്റെ മിത്രങ്ങളെയും കാര്യമായി ബാധിക്കും. പ്രത്യേകിച്ച് ചൈനയെ. ഈ പാതയിലൂടെയുള്ള എണ്ണവരവ് തടസ്സപ്പെടാനോ അതിലൂടെ എണ്ണവില വർധിക്കാനോ ചൈന ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ഇറാനെ ഇത്തരമൊരു നീക്കത്തിൽ നിന്ന് പിൻവലിപ്പിക്കാൻ ചൈനയും കാര്യമായി പരിശ്രമിക്കും. നിലവിലെ സാഹചര്യത്തിൽ ഇറാന് ചൈനയുടെ പിന്തുണ നിർണായകമായതിനാൽ തന്നെ ചൈന അതിൽ വിജയിക്കാനാണ് സാധ്യത. ഇസ്രയേലിന്റെ ആക്രമണത്തെ ഏറ്റവും രൂക്ഷമായ ഭാഷയിൽ അപലപിച്ച രാജ്യം കൂടിയാണ് ചൈന. നിലവിൽ ഇറാൻ ഹോർമൂസ് കടലിടുക്ക് തടസപ്പെടുത്തിയേക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ, സാഹചര്യങ്ങൾ സങ്കീർണമായാൽ ഇറാൻ ഈ കാർഡ് ഇറക്കിയേക്കുമെന്ന സൂചനയാണ് ഇസ്മായീൽ കൗസാരിയുടെ പ്രസ്താവന ഉൾപ്പടെ വിരൽ ചൂണ്ടുന്നത്.