സുഖ ബാധിതരാവുക എന്നത് എല്ലാ ജീവികള്‍ക്കുമെന്നത്പോലെ മനുഷ്യര്‍ക്കും സ്വാഭാവികമാണ്. രോഗം വന്നാല്‍ ചികിത്സിക്കണം. എല്ലാവര്‍ക്കും ഒരു പോലെയുള്ള ചികിത്സ ലഭ്യമാക്കുക എന്ന ചിന്തയില്‍ നിന്നാണ് ജനാധിപത്യ സമൂഹങ്ങളില്‍ പൊതു ആരോഗ്യ പരിപാലനം രൂപമെടുത്തത്. അതിലൊരു രാഷ്ട്രീയമുണ്ട്. പൊതു നന്മയുടെ രാഷ്ട്രീയം. ഈ ആശയത്തിന്റെ എക്കാലത്തെയും ഗംഭീര ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് ഇംഗ്ലണ്ടിലെ  നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്. പൗര സമൂഹത്തിന്റെ ചികിത്സയ്ക്കായി പബ്ലിക് ഫണ്ടുപയോഗിക്കുക എന്ന ആശയം ആധുനിക  ജനാധിപത്യ സമൂഹങ്ങളുടെ വളര്‍ച്ചയുടെ ചിത്രമാവുന്നു. പൊതുജനത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നതില്‍ സംശയമില്ല. കോവിഡ് കാലത്ത് ഗംഗയില്‍ ശവങ്ങള്‍ ഒഴുകിയപ്പോള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ ഒരിടം കേരളമായിരുന്നു. ആയുര്‍ ദൈര്‍ഘ്യത്തിലും മാതൃ-ശിശു മരണ നിരക്കിലെ കുറവിലും പ്രതിരോധ കുത്തിവെപ്പിലുമൊക്കെ നമ്മള്‍ ഏറെ മുന്നിലാണ്.

To advertise here,

ഒരു ദിവസം കൊണ്ടുണ്ടാക്കിയ നേട്ടമല്ല ഇത്. അയ്യങ്കാളിയും നാരായണ ഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ വികസിപ്പിച്ച നവോത്ഥാന പരിസരത്തിലേക്കും മാറി മാറി വന്ന ജനാധിപത്യ ഭരണകൂടങ്ങളുടെ ഇടപെടലിലേക്കും ഇതിന്റെ വേരുകള്‍ നീണ്ടുപോകുന്നു. കേരളത്തിന് പുറത്ത് പണിയെടുക്കുന്ന മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണവും ഈ നേട്ടത്തിന് പിന്നിലുണ്ട്. കേരളത്തിന്റെ ആരോഗ്യ പരിപാലന മേഖലയിലെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ തന്നെ അത് നേരിടുന്ന വെല്ലുവിളികളും അപചയവും കാണുകയും വേണം. അത്തരമൊരു യാഥാര്‍ത്ഥ്യത്തിലേക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ വിരല്‍ ചൂണ്ടിയത്. എല്ലാ അര്‍ഥത്തിലും ഒരു ഒന്നാന്തരം വിസില്‍ ബ്ലോവിംഗ് (ഒരു സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിടത്തെ ജീര്‍ണതകളും പ്രശ്‌നങ്ങളും തുറന്നുകാട്ടുന്ന പ്രക്രിയ) ആയിരുന്നു അത്. കേരളത്തില്‍ മാത്രമല്ല സമകാലിക ഇന്ത്യയില്‍ തന്നെ ഇത്തരം വിസില്‍ ഊതലുകള്‍ അധികമുണ്ടായിട്ടില്ല. ഒരു നിവൃത്തിയുണ്ടെങ്കില്‍ ഡോക്ടര്‍ ഹാരിസ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ തിരിയുമായിരുന്നില്ല എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. ഇടത് മുന്നണിയോട് പ്രത്യേകിച്ച് സിപിഎമ്മിനോട് അത്രയും അനുഭാവമുള്ള വ്യക്തിയാണദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന് ഈ അറ്റകൈ പ്രയോഗം നടത്തേണ്ടി വന്നെങ്കില്‍ അദ്ദേഹം നേരിട്ട പ്രതിസന്ധി അത്രയും കടുത്തതാര്‍ന്നതായിരിക്കണം.

മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി

എന്തായിരുന്നു ആ പ്രതിസന്ധി? മൂത്രാശയക്കല്ല് പൊടിക്കുന്ന ലിത്തൊക്ലസ്റ്റ് പ്രോബ് എന്ന ഉപകരണമില്ലാത്തതുകൊണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങുന്നതാണ് ഡോക്ടര്‍ ഹാരിസിനെ മുഖ്യമായും വിഷമിപ്പിച്ചത്. 41,000 രൂപ വിലവരുന്ന ഉപകരണമാണിത്. ആരോഗ്യ മേഖലയില്‍ കേരള സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകവെച്ചു നോക്കിയാല്‍ കപ്പലണ്ടി വാങ്ങാനുള്ള കാശേ ഇതിന് വരൂ. പക്ഷേ, സിസ്റ്റം അനങ്ങണം. ഓരോ ഫയലും ജീവിതമാണെന്നും അവതാരങ്ങള്‍ ഈ വഴിക്ക് വരരുതെന്നും ഒമ്പത് കൊല്ലം മുമ്പ് പറഞ്ഞതാണ്. പക്ഷേ, ജീവിതങ്ങള്‍ ഇപ്പോഴും ഫയലുകളില്‍ കുടുങ്ങിക്കിടക്കുന്നു. അധികാര ഇടനാഴികളില്‍ അവതാരങ്ങള്‍ വിലസുന്നു. സര്‍ക്കാര്‍ സംവിധാനമാവുമ്പോള്‍ ഓരോന്നിനും അതിന്റേതായ വഴിയുണ്ട്. ആ വഴിയിലൂടെ പലവട്ടം ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടാവാതെ വന്നപ്പോഴാണ് ഡോക്ടര്‍ ഹാരിസ് സാമൂഹ്യ മാദ്ധ്യമത്തിലൂടെ ്രപതികരിച്ചത്. അതോടെ സംഗതി നാട്ടുകാരറിഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും ഉണര്‍ന്നു. സിസ്റ്റം ചലിച്ചു. ലിത്തൊക്ലസ്റ്റ് പ്രോബ് എത്തണ്ടിടത്തെത്തി. ശസ്ത്രക്രിയകള്‍ നടന്നു. അപ്പോള്‍ കൊള്ളേണ്ടിടത്ത് കൊണ്ടാല്‍ കിട്ടേണ്ടിടത്ത് കിട്ടും.

ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തലിനോട് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാതൃകാപരമായാണ് പ്രതികരിച്ചത്. പ്രശ്നം സിസ്റ്റത്തിന്റേതാണെന്നും ഡോക്ടര്‍ ഹാരിസിനെ ചേര്‍ത്ത് നിര്‍ത്തുമെന്നുമുള്ള മന്ത്രിയുടെ വാക്കുകള്‍  ഒരു ഭരണാധികാരിയില്‍ നിന്നും അടുത്തകാലത്ത് കേരളം കേട്ട ഏറ്റവും നല്ല മറുപടിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി പഠിക്കാന്‍ വിദഗദ്ധ ഡോക്ടര്‍മാരുടെ ഒരു കമ്മിറ്റി സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ ഹാരിസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് വിദഗ്ദ സമിതി സര്‍ക്കാരിന് കൈമാറിയിട്ടുള്ളതെന്നറിയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ ആണ് കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ 
ഈ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്തിരിക്കുന്ന നിലപാട് തീര്‍ച്ചയായും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഡോക്ടര്‍ സത്യസന്ധനും ഇടത് അനുഭാവിയുമൊക്കെയാണെങ്കിലും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് ആഘാതമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.  മുഖ്യമന്ത്രി പ്രകോപിതനാണെന്നറിഞ്ഞതോടെ പാര്‍ട്ടിയും അനുയായികളും ചുവട് മാറ്റി. ഡോക്ടര്‍ക്ക് മുന്നറിയിപ്പും താക്കീതുമായി എം.വി. ഗോവിന്ദനും സജി ചെറിയാനും ചാടി വീണു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ പകച്ചതുകൊണ്ടാവാം ആരോഗ്യമന്ത്രി അണിയറയ്ക്കുള്ളിലേക്ക് വലിഞ്ഞു.

അപ്രമാദിത്വം

മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ഒരു പ്രശ്‌നമുണ്ട്. ആത്മപരിശോധനക്കുള്ള പരിസരമാണ്  ഈ കാഴ്ചപ്പാട് ഇല്ലാതാക്കുന്നത്.  വിമര്‍ശിക്കുന്നവര്‍ ശത്രുക്കളാണെന്ന സമീപനം ഡോക്ടര്‍ ഹാരിസിനെ പോലുള്ള വിസില്‍ ബ്ലോവേര്‍സിനെ നിശ്ശബ്ദരാക്കും. ലേശം വൈകിയാണെങ്കിലും തെറ്റ് തിരുത്തലില്‍ അഭിമാനിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അങ്ങിനെയൊരു പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടാവുന്നത് ജനാധിപത്യ സമൂഹത്തെ നിരാശപ്പെടുത്തും. ഒരു തെറ്റും സംഭവിക്കാത്ത, ഒരു വീഴ്ചയുമുണ്ടാവാത്ത ഒരു സര്‍ക്കാരിനാണ് താന്‍ നേതൃത്വം കൊടുക്കുന്നതെന്നു ഭരണാധികാരികള്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ അത് രാജാക്കന്മാരും മാര്‍പ്പാപ്പമാരും ആശ്ലേഷിച്ചിരുന്ന അപ്രമാദിത്വത്തിന്റെ പുതുരൂപമാവും. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ പിണറായി സര്‍ക്കാര്‍ നേരിട്ട വലിയ വിവാദങ്ങളില്‍ - സ്പ്രിങ്കളര്‍, അലന്‍- താഹ കേസ്, മാവോയിസ്റ്റുകളെ വധിക്കല്‍, കെ റയില്‍, ' ജീവന്‍ രക്ഷാ പ്രവര്‍ത്തനം ',തൃശ്ശൂര്‍ പൂരം- ഒന്നിലൊന്നും തന്നെ, എന്തിന് ഏറ്റവും അവസാനം കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായ ദുരന്തത്തില്‍ പോലും ആത്മപരിശോധനയല്ല പൊള്ളയായ ന്യായീകരണമാണ് പൊതു സമൂഹം കാണുന്നത് .

അച്ചടക്കമുള്ള കോഴിമുട്ടകള്‍

ക്രൈസിസ് മാനേജര്‍ ( CM) എന്നാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കൊത്തയില്‍നിന്നിറങ്ങുന്ന ടെലിഗ്രാഫ് ദിനപ്പത്രം മുഖ്യമന്ത്രി പിണറായിയെ വിശേഷിപ്പിച്ചത്. നിപ്പയും പ്രളയവുമൊക്കെ തീര്‍ത്ത പ്രതിസന്ധി പിണറായി വിജയന്‍ കൈകാര്യം ചെയ്ത രീതിയാണ് ടെലിഗ്രാഫിന് പ്രചോദനമായത്. മുന്നില്‍ നിന്ന് പിണറായി നയിച്ച ആ ദിനങ്ങള്‍ മറക്കേണ്ടതില്ല. പക്ഷേ, ഇന്നിപ്പോള്‍ ആരോഗ്യ മേഖലയില്‍ കേരളം  പ്രതിസന്ധി നേരിടുന്നുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. നിപ്പയും കോളറയും അമീബിക് മസ്തിഷ്‌ക ജ്വരവും പേവിഷ ബാധയും ശൂന്യതയില്‍ നിന്നുണ്ടാവുന്നതല്ല. കേരളം ഒരു ചവറ്റ് കുട്ടയായിത്തീരുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ കൂടിയാണ് ഈ വ്യാധികള്‍. മാലിന്യ സംസ്‌കരണം എന്ന ഉത്തരവാദത്വത്തില്‍നിന്ന് ഭരണകൂടം ഒളിച്ചോടിയതിന്റെ പരിണത ഫലം. ക്രൈസിസ് ഉണ്ടെന്ന് വിളിച്ചു പറയുന്നവരെ നിശ്ശബ്ദരാക്കുകയല്ല അതിനുള്ള മറുമരുന്ന്.

വിമര്‍ശിക്കാതിരിക്കാന്‍ താന്‍ ദൈവമല്ലെന്നും വിമര്‍ശങ്ങളിലൂടെ മാത്രമേ വ്യക്തികളും പ്രസ്ഥാനങ്ങളും വളരുകയുള്ളുവെന്നും പറഞ്ഞത് ഇ.എം.എസ്സാണ്. അലഹബാദില്‍ തനിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന വാജ്‌പേയിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്ഷേപിച്ചപ്പോള്‍ നെഹ്രു തടഞ്ഞു. ''' ആ ചെറുപ്പക്കാരന്‍ നന്നായി പ്രസംഗിക്കുന്നുണ്ട്. അയാള്‍ പ്രസംഗിക്കട്ടെ.'' എന്നാണ് നെഹ്രു പറഞ്ഞത്. ഒരിക്കലും വിരിയാത്ത കോഴിമുട്ട അച്ചടക്കമുള്ള കോഴിമുട്ടയാണെന്ന് കരുതുന്നത് മൗഢ്യമാണെന്ന എം.എന്‍ വിജയന്റെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്ത്വെയ്ക്കണം. ഡോക്ടര്‍ ഹാരിസിനെപ്പോലുള്ളവര്‍ തോടുകള്‍ പൊട്ടിക്കുമ്പോള്‍ അതിന് നേരെ കാതുകള്‍ കൊട്ടി അടയ്ക്കുന്നവര്‍ മുന്നോട്ടല്ല ബഹുകാതം പിന്നോട്ടാണ് സഞ്ചരിക്കുന്നത്.