
മേപ്പാടി ചൂരല്‍മല റോഡിലെ ദുരന്തവഴി. ഒരുവര്‍ഷം മുമ്പേ ഇതേ ദിനം പ്രളയഭൂമിയില്‍ നിന്നും ജീവന്റെ തുടിപ്പുമായി അറ്റുപോയ ശരീരവുമായി എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച മൃതദേഹങ്ങളുമായി നിര്‍ത്താത്ത സൈറണ്‍ മുഴക്കിക്കൊണ്ട് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞ ഒരു കുഞ്ഞ് റോഡ്. ചെളിയില്‍ പൊതിഞ്ഞ്, കിട്ടിയ ജീവനും കൊണ്ട് എണ്ണമില്ലാത്ത വാഹനങ്ങള്‍ ദിവസങ്ങളോളം ഒഴുകിയ ഇടം. ഒരു രാത്രി സന്തോഷത്തോടെ കിടുന്നുറങ്ങിയര് ഇരുട്ടുമാറുന്നതിന് മുമ്പെ എങ്ങോട്ടെന്നില്ലാതെ ചിതറിത്തെറിച്ചുപോയപ്പോള് ആ വഴി പിന്നീടവര്‍ യാത്ര ചെയ്തത് കൂടെപ്പിറപ്പിനേയും ജന്മം തന്നവരേയും കുഞ്ഞുങ്ങളേയും നഷ്ടപ്പെട്ട അടങ്ങാത്ത ദുഃഖത്തോടെയായിരുന്നു, പാതിയായിപ്പോയ ശരീരവും കൊണ്ടായിരുന്നു. കുട്ടികളെ താരാട്ടുപാടി ഉറക്കിയവര്ക്ക് ബാക്കി കിട്ടിയത് തിരിച്ചറിയാനുള്ള വിരലും നഖവും മുടിയും മാത്രം. ഒരുമിച്ചുറങ്ങിയ ഉറ്റവര്‍ വെറും അക്കങ്ങളായി മണ്ണിലൊടുങ്ങി.

ഇന്ന് ആ കുഞ്ഞുറോഡില് ദുരന്തത്തിന്റെ മറക്കാത്ത ഓര്‍മയെ ചേര്‍ത്തു നിര്‍ത്തി ജൂലായ് 30 എന്ന ബേക്കറിയും റസ്റ്റോറന്റും ചേര്‍ന്ന ഒരു കട തല ഉയര്‍ത്തി നില്‍പ്പുണ്ട്. ഞങ്ങളെത്തുമ്പോള്‍ അവിടെ മുണ്ടക്കൈക്കാരന്‍ നൗഫല്‍ കടയിലെത്തിയ രാവിലത്തെ തന്റെ പതിവുകാര്‍ക്ക് ഭക്ഷണം നല്കുന്ന തിരക്കിലായിരുന്നു. ഒറ്റ നിമിഷം കൊണ്ട്, തന്നെ അപ്പാടെ ഒറ്റക്കാക്കി കളഞ്ഞ ആ ദിവസം നൗഫലിനെ മാത്രം ബാക്കിയാക്കിയപ്പോള്‍ താങ്ങിനിര്‍ത്തിയവരാണ് ജൂലായ് 30 എന്ന കട നിര്‍മിച്ച് നല്‍കിയത്. അതിജീവനത്തിന്റെ പ്രതീകമായി നൗഫല്‍ മാറിയപ്പോഴും തന്റെ നഷ്ടത്തെ ഈ ഒരുവര്‍ഷം എങ്ങനെ തള്ളിനീക്കിയെന്ന് കണ്ണീരടക്കാനാവാതെ ഓര്‍ക്കാനാവുന്നില്ല ഈ ചെറുപ്പക്കാരന്.
പിതാവ് കുഞ്ഞുമൊയ്തീന്, മാതാവ് ആയിഷ, ഭാര്യ സജ്ന, മക്കളായ നഹ്ലാ നസറിന്, നിഹാല്‍, ഇഷാ മെഹ്റിന്, സഹോദരന് മന്‍സൂര്‍, ഭാര്യ മുഹ്സിന, മക്കള്‍ ഷഹല ഷെറിന്, സഫ്ന ഷെറിന്, ആയിഷ അമാന. കഴിഞ്ഞ ജൂലായ് 30 എനിക്കുണ്ടാക്കിത്തന്ന 11 പേരുടെ നേരിട്ടുള്ള നഷ്ടമാണിത്. കൂട്ടുകാരടക്കമുള്ളവരും കൂടെ കളിച്ചുവരും ഒരുമിച്ച് തമാശപറഞ്ഞ് മുണ്ടക്കൈയിലേക്ക് നടന്നുപോയവരുമെല്ലാം വേറെ. നൗഫല്‍ മാത്രം ബാക്കിയായി. കെ.എന്‍.എം സംഘടനയാണ് ഈ കടവെച്ചു നല്‍കിയത്. അവർ തന്നെ വീടുമൊരുക്കി തന്നു. കഴിഞ്ഞമാസം താക്കോല്‍ കൈമാറി. പക്ഷേ, ഇനി എന്ത് കിട്ടിയിട്ടെന്ത് കാര്യമെന്ന് ചോദിക്കുന്നു നൗഫല്‍. ഒന്നിനും പകരമാവാന്‍ കഴിയില്ലെങ്കിലും ജനിച്ചുപോയി എന്ന കുറ്റം കൊണ്ട് ജീവിക്കാതെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞവന്.

നൗഫലിന്റെ ജൂലായ് 30 എന്ന റസ്റ്ററന്റിലേക്ക് കയറുമ്പോള്‍ കടയുടെ ചുമരിന് ചുറ്റും പഴയ മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നത് കാണാം. പാലു പോലെയൊഴുകുന്ന പുന്നപ്പുഴയും തേയിലക്കാടുകള്ക്കിടയിലൂടേയുള്ള കുഞ്ഞുറോഡും പൊട്ടുപോലെ അടുത്തടുത്തായി തലപൊക്കി ഉയര്‍ന്ന് നിന്നിരുന്ന വീടുകളുമെല്ലാം പഴയ ഓര്‍മകളെ തിരികെ കൊണ്ടുവരും. ഇതുവരെ മുണ്ടക്കൈയും ചൂരല്‍മലയും കാണാത്തവരെ ആ ചിത്രങ്ങള്‍ മനംമയക്കും. പക്ഷേ, കടയില്‍ തിരക്കില്ലാത്തപ്പോള്‍ വീണ്ടും നൗഫല്‍ പഴയ ഓര്‍മയിലേക്ക് പോവും. മക്കളുമൊത്ത് കളിച്ച് ചിരിച്ച് നടന്ന ആ ദിവസങ്ങള്‍ തികട്ടി തികട്ടി വരും. അപ്പോള്‍ ആരും കാണാതെ പോയി ഇത്തിരി നേരം പ്രാര്‍ഥിക്കും.
ജീവിതപ്രാരബ്ധം വളരെ ചെറുപ്പത്തിലേ പ്രവാസലോകത്തേക്കെത്തിച്ചതാണ് നൗഫലിനെ. സഹോദരിമാരുടെ വിവാഹവും സ്വന്തം വിവാഹവും വീടെന്ന സ്വപ്നവുമെല്ലാം അവിടെ നിന്ന് പൂര്‍ത്തിയാക്കി. എപ്പോഴും ഭാര്യ സജ്ന പറയുമായിരുന്നു ഇനി നാട്ടില്‍ ഒരു ബേക്കറിയിട്ട് കുടുംബത്തോടൊപ്പം നില്ക്കാം. പക്ഷേ, ഇത്തിരിക്കൂടെ കഴിയട്ടെ എന്ന് പറഞ്ഞ് അത് സ്നേഹത്തോടെ നിരസിക്കുകയായിരുന്നു. ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ ഇങ്ങനെയായി. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അതിജീവിക്കാന്‍ എന്ത് വേണമെന്ന് സുമനസ്സുകൾ ചോദിച്ചപ്പോള്‍ സജ്നയുടെ ആഗ്രഹം പോലെ ഒരു ബേക്കറിയാവാമെന്ന് മറ്റൊന്നുമാലോചിക്കാതെ തീരുമാനിക്കുകയായിരുന്നു. ഗള്‍ഫിലെ ജോലിസ്ഥലത്ത് കാറ്ററിംഗ് സംരംഭമായിരുന്നു നൗഫലിന്. നല്ല രീതിയില്‍ മുന്നോട്ടുപോയ ജീവിതം. ഇതെല്ലാമാണ് ഒറ്റയടിക്ക് ഇല്ലാതായിപ്പോയത്. ആ രാത്രിക്ക് ഒരുവര്‍ഷം വന്നുവെന്ന് പറയുമ്പോള്‍ കലങ്ങിയ കണ്ണുകള്‍ മാത്രമായിപ്പോയി നൗഫലിന്റെ മറുപടി.

വീട്ടില്‍കൂടല്‍ സ്വപ്നം കണ്ടുറങ്ങിയവര്‍
രണ്ടാഴ്ച്ചകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ആറ്റുനോറ്റുണ്ടാക്കിയ വീട്ടില്‍ ഒരു ദിവസമെങ്കിലും താമസിക്കാനായല്ലോ എന്ന സമാധാനമുണ്ടായിരുന്നു ചൂരല്‍മലയിലെ ഷംസീറിനും കുടുംബത്തിനും. വീടിന്റെ ഭൂരിഭാഗം പണിയും പൂര്‍ത്തിയാക്കി വീട്ടില്‍ കൂടാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്ന ദിവസങ്ങള്‍. 2024 ഓഗസ്റ്റ് 18 ന് ചെറിയ ചടങ്ങുവെച്ച് വീട്ടില്‍കൂടലും തീരുമാനിച്ചിരുന്നു. പക്ഷേ, ആ ജൂലായ് 30 ഷംസീറിന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉരുള്‍രൂപത്തില്‍ ഒഴുക്കി കളഞ്ഞു. മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും മറ്റൊരു കുട്ടിയെയുമെടുത്ത് കഴുത്തോളം ചെളിയില്‍ നിന്ന് ജീവനും പറിച്ച് ഓടിയ ദിനത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഷംസീറിന് നടുക്കം മാറിയിട്ടില്ല. ഒടുവില്‍ പുതിയ വീട്ടില്‍ താമസിക്കേണ്ടവര്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുകളിലെ പഞ്ചായത്ത് ക്വാര്‍ട്ടേഴ്സിലായി ഒരുവര്‍ഷമായി കിടപ്പ്.
ഷംസീറും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വലിയ മാലിന്യമല കടന്നുവേണം ചെല്ലാന്‍. പഞ്ചായത്തിലെ ഹരിതകര്മസേനകള് ശേഖരിക്കുന്ന മാലിന്യങ്ങളെല്ലാം കൂട്ടിയിടുന്ന ഇടം. ഇതിനുള്ളിലൂടെ ചെറിയ നടവഴി. അവിടെയിന്ന് ഷംസീറും ഭാര്യ റബീനയും രണ്ടുമക്കളുമാണ് താമസിക്കുന്നത്. നേരത്തെ ചൂരല്‍മലയില്‍ ടൈല്‍സ് ജോലിക്കും മറ്റും പോയി ജീവിതം തള്ളിനീക്കിയ ഷംസീറിന് ഇന്ന് സ്ഥിരജോലിയില്ല. ഇതോടെ കൂട്ടുകാരനുമൊത്ത് ആരംഭിച്ച വര്‍ക്ഷോപ്പില്‍ പോയിരുന്ന് സമയം കളയും. ദിവസേന 300 രൂപ പോലും തികച്ച് കിട്ടാറില്ലെന്ന് പറയുന്നു ഷംസീര്‍.
സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യകൂപ്പണ്‍ വിശപ്പടക്കാനുള്ള വഴിയാകുമ്പോള്‍ ടൗണ്‍ഷിപ്പില്‍ വാഗ്ദാനം ചെയ്യപ്പെട്ട വീട് വൈകുന്നതിലെ ആശങ്കയിലും ഒപ്പം പ്രതീക്ഷയിലുമാണ് ഈ കുടുംബം. ഒരു കാലത്ത് അല്ലലില്ലാതെ ജീവിച്ചവര്‍ ഒറ്റരാത്രികൊണ്ട് അനാഥമായപ്പോള്‍ സാമ്പത്തികമായി മാത്രമല്ല മാനസികമായും തളര്‍ന്ന് പോയവരായിപ്പോയി. താനൊരു പത്തുവര്‍ഷം പിന്നോട്ടുപോയ അവസ്ഥയിലാണുള്ളതെന്ന് പറയുന്നു ഷംസീര്‍. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയും ജോലിയില്ലായ്മയും ഒരുമിച്ച് വന്നതോടെ ഉറക്കമില്ലാത്ത രാത്രികളായി. ഇതോടെ ഓട്ടിസം ബാധിതയായ മറ്റൊരു കുട്ടിയെ തൃശ്ശൂരിലെ സംരക്ഷണ കേന്ദ്രത്തിലാക്കി.

വീടുണ്ട്, പക്ഷേ, താമസിക്കാനാവില്ല; ലിസ്റ്റിനപ്പുറത്തെ ജീവിതങ്ങള്‍
ദുരന്തം പിഴുതെറിയപ്പെട്ടവര്‍ പലയിടത്തായി ചിതറിത്തെറിച്ച് പോയെങ്കിലും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരുടെ നിസ്സഹായമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് മേപ്പാടി താഴെ അരപ്പറ്റ പാടിയില്‍ താമസിക്കുന്ന 86 വയസ്സുകാരന് വേലപ്പനും 76 വയസ്സുകാരി ഭാര്യ മണിയമ്മയും.
ചൂരല്‍മല സ്കൂള്‍ റോഡിന് എതിര്‍വശത്താണ് ഇവര്‍ താമസിച്ചിരുന്നുതെങ്കിലും ഉരുള്‍പൊട്ടലുണ്ടായതോടെ വീട് ഭാഗികമായ വിണ്ടുകീറി. പക്ഷേ, വീട് പൂര്‍ണമായും തകര്‍ന്നില്ല എന്നതുകൊണ്ട് ലിസ്റ്റിന് പുറത്തുമായി. അവിടെ താമസിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ചൂറ്റോട് ചുറ്റും മണ്ണ് വന്ന് വഴി പോലുമില്ലാതായിപ്പോയ ഇവിടെ പ്രായമായ തങ്ങള്‍ എങ്ങനെ താമസിക്കുമെന്ന് ചോദിക്കുന്നു വേലപ്പനും മണിയമ്മയും. തങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല, കാണാത്ത ഉദ്യോഗസ്ഥരില്ല. പക്ഷേ, എല്ലാവരും ചോദിക്കുന്നത് വീട് പോയില്ലല്ലോ എന്നാണ്.
മണിയമ്മ 56 വര്‍ഷം എസ്റ്റേറ്റില്‍ ജോലി ചെയ്ത് ഉണ്ടാക്കിയതായിരുന്നു ഷീറ്റിട്ട ഒരു കുഞ്ഞുവീട്. ഉരുള്‍പൊട്ടി ആളുകളെ പൂര്‍ണമായി മാറ്റിപാര്പ്പിച്ചതോടെ ഇവിടെ ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടേയും വിഹാരകേന്ദ്രമായി. ചുറ്റോട് ചുറ്റമുള്ളവര്ക്കെല്ലാം വീട് കിട്ടി. പക്ഷേ, വീട് പൂര്‍ണമായി പോയില്ല എന്നതുകൊണ്ട് മണിയമ്മയും വേലപ്പനും ലിസ്റ്റിന് പുറത്തായി. 3000 രൂപയാണ് നിലവില്‍ താമസിക്കുന്നയിടത്ത് വാടക കൊടുക്കേണ്ടത്. സര്‍ക്കാരില്‍ നിന്ന് മറ്റ് ദുരിതബാധിതര്‍ക്ക് കിട്ടുന്ന ദിവസം 300 രൂപയെന്ന വേതനവും ലഭിക്കുന്നില്ല. ഇതോടെ അരപറ്റയില് നിന്ന് ചൂരല്‍മല വരെ ഈ എഴുപത്തിയാറാം വയസ്സിലും തൊഴിലുറപ്പിന് പോവുന്നത് മാത്രമാണ് മണിയമ്മയുടെ ഏക വരുമാനം. ഇതിനായി മാത്രം 100 രൂപയോളം ചിലവ് വരും. ഹൃദ്രോഗിയായ മണിയമ്മയ്ക്കും ഒരു കാലിന് സ്വാധീനമില്ലാത്ത വേലപ്പനും മാസം മരുന്നുവാങ്ങാന്‍ തന്നെ വലിയൊരു തുക വരും. ഇതിനൊപ്പം വാടകയും കൊടുക്കണം. ആയിരം രൂപയുടെ ഭക്ഷ്യ കൂപ്പണ്‍ വിശപ്പടക്കാനുള്ള വഴിയാകുന്നുണ്ടെങ്കിലും വീടെന്ന സ്വപ്നത്തിനത്തിനായി ഇനി എവിടെ കയറിയിറങ്ങണമെന്ന് ചോദിക്കുന്നു രണ്ടുപേരും. ചളിനിറഞ്ഞ മുറ്റം വഴി ഉയരത്തിലുള്ള പാടിക്കുള്ളില് കയറണമെങ്കില്‍ തന്നെ രണ്ടുപേര്‍ക്കും പരസഹായം വേണം. ഇതോടെ പലപ്പോഴും മറ്റുവീടുകളിലാണ് ഇവരുടെ താമസം.
ആദ്യം ആറ് മാസം ഇവര്‍ക്ക് വാടകയും പ്രതിദിനം മുന്നൂറ് രൂപയെന്ന സഹായവും ലഭിച്ചിരുന്നുവെങ്കിലും വീടുണ്ട് എന്ന പേരില്‍ അതെല്ലാം നിര്‍ത്തിയെന്ന് പറയുന്നു വേലപ്പന്. ഇതോടെ മറ്റ് ചിലവുകള്‍ക്ക് പണമില്ലാതായി. ഷീറ്റും പുല്ലും കൊണ്ട് മറിച്ച വീടായതുകൊണ്ട് തന്നെ പൂര്‍ണമായും ചോര്‍ന്നൊലിക്കും. വഴിയും നടപ്പാലവുമില്ല. ഉരുള്‍പൊട്ടി ആളൊഴിഞ്ഞുപോയ വഴിയായതിനാല്‍ ആനയും മറ്റ് മൃഗങ്ങളുമടക്കം സ്ഥിരം സന്ദര്‍ശകരാണെന്നും ഒറ്റയ്ക്ക് ഞങ്ങളെങ്ങനെ അവിടെ പോയി താമസിക്കുമെന്നും വേലപ്പന് ചോദിക്കുന്നു. ഇതൊന്നും ഉദ്യോഗസ്ഥര്‍ കാണുന്നില്ല. പകരം അവര്‍ നോക്കുന്നത് വീട് ബാക്കിയുണ്ടോ എന്ന് മാത്രമാണ്. വീട് മാത്രം ബാക്കിയുണ്ടായിട്ട് അങ്ങോട്ട് പോവാനാവാതെ എങ്ങനെ താമസിക്കാനാവുമെന്നും വേലപ്പനും മണിയമ്മയും ചോദിക്കുന്നു. രണ്ട് പെണ്മക്കളെ വിവാഹം കഴിച്ചയച്ചു, അവര്‍ തന്നെ ഏറെ ബുദ്ധിമുട്ടിലാണ്. അതുകൊണ്ടു തന്നെ അവര്‍ക്കൊപ്പം നില്‍ക്കാനും കഴിയില്ല.
ഇത് ഷംസീറിന്റേയും നൗഫലിന്റേയും വേലപ്പന്റേയും മാത്രം അവസ്ഥയല്ല. ടൗണ്‍ഷിപ്പെന്ന വാഗ്ദാനവും സഹായവുമെല്ലാം ഒരുവഴിക്ക് നടക്കുമ്പോഴും പഴയ ജീവിതത്തിലേക്ക് ഇന്നുമവര്‍ക്ക് തിരിച്ചെത്താനായിട്ടില്ല.ജോലിയും കൂലിയുമില്ലാത്തവരായി ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ജനങ്ങള്‍ മാറി. സാങ്കേതികത്വത്തില്‍ കുടുങ്ങി സഹായങ്ങള്‍ കിട്ടാതെ കിടപ്പാട ലിസ്റ്റില്‍ പെടാതെ പോയവര്‍ ഇന്നും നിസ്സഹായാരാണ്. പ്രത്യക്ഷത്തില്‍ എല്ലാം ശരിയാവുന്നുവെന്ന പ്രതീതിയുണ്ടാവുമ്പോഴും ഒരുപാട് ജീവിതങ്ങളാണ് ഒന്നുമല്ലാതായി പോയത്. അവരെ ഇനിയും ചേര്‍ത്ത് പിടിക്കുക തന്നെ വേണം.

ഇരുന്നൂറ് രൂപകൊണ്ട് നിങ്ങള്‍ക്ക് എത്രദിവസം കഴിയാനാവും
ഈ ഇരുന്നൂറ് രൂപ കണ്ടോ രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വണ്ടിക്ക് എണ്ണയടിക്കാന്‍ പോക്കറ്റിലെടുത്തു സൂക്ഷിച്ചതാണ്. ഇപ്പോ സമയം വൈകുന്നേരം മൂന്ന് മണിയോട് അടുക്കാറായി. എന്തെങ്കിലും ഓട്ടം കിട്ടിപ്പോവുമ്പോള് എണ്ണയടിക്കാമല്ലോ എന്ന് കരുതി ഇതുവരെ പോക്കറ്റില്‍ തന്നെ എടുത്തുവെച്ചതാണ്. പക്ഷേ, ഇതുവരെ ഒറ്റ ഓട്ടവും കിട്ടിയില്ല. രാവിലെ ഒമ്പത് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ്. തന്റെ പോക്കറ്റിലെ 200 രൂപ പുറത്ത് കാണച്ച് ഓട്ടോ ഡ്രൈവര്‍ നിഷാദ് പറയുന്നു. നിങ്ങള്‍ക്ക് ഒരു ദിവസം കഴിയാന്‍ എത്ര രൂപ വേണ്ടി വരും. ഇതാണ് ഇന്ന് ഓരോ ചൂരല്മലക്കാരന്റേയും അവസ്ഥ. പ്രത്യക്ഷത്തില്‍ എല്ലാം ശരിയാവുന്നു എന്ന് പറയുമ്പോഴും കുടുംബത്തില്‍ പുരുഷന്മാര് മാത്രം ജോലിക്ക് പോയിരുന്ന ഭൂരിഭാഗം വീട്ടുകാരുടേയും അവസ്ഥ ഇതാണ്. എല്ലാവരുമെത്തി വീട് കിട്ടിയതിനെ കുറിച്ചും സര്‍ക്കാര്‍ സഹായത്തെ കുറിച്ചുമെല്ലാം മാത്രമാണ് സംസാരിക്കുന്നത്. അതിനപ്പുറമുള്ള ഇന്നും ശരിയാവാത്ത ജീവിതങ്ങളെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. അവര്‍ എങ്ങനെ കഴിയുന്നുവെന്ന് ആര്‍ക്കുമറിയില്ല.
നേരത്തെയൊക്കെ ടൂറിസ്റ്റുകളെകൊണ്ടും മറ്റ് വിരുന്നകാരെ കൊണ്ടും വെള്ളാര്‍മല സ്കൂളിലെ കുട്ടികളെ കൊണ്ടുമല്ലാം നിറഞ്ഞിരുന്നതായിരുന്നു ചൂരല്‍മല അങ്ങാടി. അവരായിരുന്നു ഞങ്ങളുടെ വരുമാനവും. അല്ലലില്ലാതെ ജീവിച്ചവര്‍. ജീവന് നഷ്ടപ്പെട്ടതിനെ കുറിച്ച് മാത്രം എല്ലാവരും പറയുമ്പോള്‍ ബാക്കിയുള്ളവര്‍ എങ്ങനെ അതിജീവിച്ചുപോവുന്നുവെന്ന് ആരുമറിയാത്ത ആരോടും പറയാനാവാത്ത സങ്കടമാണ്. ഇന്ന് ചൂരല്‍മല അങ്ങാടിയില്‍ കുറച്ച് പോലീസുകാരും ഓന്നോ രണ്ടോ കടകളും മാത്രമാണുള്ളത്. ഇവിടം വെറും ശവപ്പറമ്പായി. നമുക്കെല്ലാം സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാവും. പക്ഷേ, വീട്ടിലെ കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവര്‍ എല്ലാം പെട്ടെന്ന് മറക്കും. അവര്‍ നേരത്തെ ജീവിച്ച് പോരുന്ന തരത്തില്‍, അല്ലെങ്കില്‍ അവര്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ സങ്കടമാവും. ഇതെല്ലാം വീട്ടിലുള്ള പുരുഷന്മാരുടെ തീരാത്ത നോവാണ്. പറഞ്ഞറിയിക്കാനാവാത്ത സങ്കടമാണ്.
ഈ കിട്ടുന്ന ഇരുന്നൂറ് രൂപ കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ട് പോവുക. ദുരന്തം കഴിഞ്ഞ ശേഷം ഇവിടെ ഒരു പത്ത് ഓട്ടോറിക്ഷകളാണ് ഓടാനെത്തുന്നത്. ബാക്കിയുള്ളവര്‍ സ്പെഷ്യല്‍ പെര്‍മിറ്റില്‍ മേപ്പാടി ഓടുന്നു. മൂന്നൂറ് രൂപയില്‍ കൂടുതല്‍ ഓട്ടം കിട്ടിയ ദിവസം ഇതുവരെയുണ്ടായിട്ടില്ല. സ്വന്തമായി ഓട്ടോ ഉണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ സഹായത്തിനും പുറത്താണ്. മറ്റെവിടെയുമിട്ട് ഓടാനുള്ള സാഹചര്യവുമില്ല. ഇതൊക്കെ പറയുമ്പോള്‍ അതിലും വലതല്ലേ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ടവരുടെ അവസ്ഥയെന്ന് തോന്നാം. പക്ഷേ, ജീവന് തിരിച്ചുകിട്ടിയവരുടെ മുന്നോട്ട് പോക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ഇങ്ങനെയാണ്. മാനസികമായും സാമ്പത്തികമായും തകര്‍ന്ന് പോയവര്‍. പലരും ലോണെടുത്തും മറ്റുമൊക്കെയാണ് വണ്ടി വാങ്ങി ഓട്ടം തുടങ്ങിയത്. വീടിന്റെ ലോണും കുട്ടികളുടെ പഠിപ്പുമൊക്കെ എല്ലാം പാതിവഴിയിലായി. ഞങ്ങളുടെ വീടുകളിലെല്ലാം ഭൂരിഭാഗവും പുരുഷന്മാര് മാത്രമാണ് ജോലിക്ക് പോയിരുന്നത്. അത്തരക്കാരാണ് എവിടേയും എത്താനാവാതെ പോവുന്നതും. നമ്മള് ഒറ്റപ്പെട്ടവരെ കുറിച്ച് എപ്പോഴും പറയില്ലേ... പക്ഷേ, ആരും കാണാതെ പോവുകയാണ് ഞങ്ങളെ പോലുള്ളവരുടെ സങ്കടം, അവരുടെ അതിജീവനം.
ഇത് നിഷാദിന്റെയും ഷംസീറിന്റെയും നൗഫലിന്റെയും വേലപ്പന്റെയും മാത്രം അവസ്ഥയല്ല. ടൗണ്‍ഷിപ്പെന്ന വാഗ്ദാനവും സഹായവുമെല്ലാം ഒരുവഴിക്ക് നടക്കുമ്പോഴും പഴയ ജീവിതത്തിലേക്ക് ഇന്നുമവര്‍ക്ക് തിരിച്ചെത്താനായിട്ടില്ല. ജോലിയും കൂലിയുമില്ലാത്തവരായി ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങള്‍ മാറി. സാങ്കേതികത്വത്തില്‍ കുടുങ്ങി സഹായങ്ങള്‍ കിട്ടാതെ, കിടപ്പാട ലിസ്റ്റില്‍ പെടാതെ പോയവര്‍ ഇന്നും നിസ്സഹായാരാണ്. പ്രത്യക്ഷത്തില്‍ എല്ലാം ശരിയാവുന്നുവെന്ന പ്രതീതിയുണ്ടാവുമ്പോഴും ഒരുപാട് ജീവിതങ്ങളാണ് ഒന്നുമല്ലാതായി പോയത്. അവരെ ഇനിയും ചേര്‍ത്തുപിടിക്കുക തന്നെ വേണം.

മകള്‍, വീട്, ജീവിതമാര്‍ഗം| ഉരുളെടുത്ത നഷ്ടത്തില്‍ തിരിച്ചു കയറാനാവാതെ സുരേഷ്
ഒരുവര്ഷത്തിനപ്പുറത്തെ അര്‍ധരാത്രി, അന്ന് ഇരുട്ടിന്റെ മറപിടിച്ചെത്തിയ പ്രളയജലം തൂത്തെറിഞ്ഞു കളഞ്ഞത് ചൂരല്‍മലക്കാരന്‍ സുരേഷിന്റെ സ്വപ്നങ്ങളും ജീവിതവുമാണ്. ഭാര്യക്കും മകള്‍ക്കുമൊപ്പം ഒരുമിച്ച് കിടുന്നുറങ്ങിയ ആ രാത്രിയിലെ മഴ അന്ന് സംഹാരരൂപം പൂണ്ടപ്പോള്‍ ചെളിയില്‍ നിന്ന് പറിച്ചെടുത്ത ജീവനുകളില്‍ ഒഴുകിയില്ലാതായിപ്പോയത് തന്റെ പ്രിയപ്പെട്ട മകള്‍. രണ്ടാം ദിനം കോഴിക്കോട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ജോലിക്ക് കയറേണ്ടവള്‍. ജീവന്റെ തുടിപ്പു തേടിയിറങ്ങിയവര്‍ക്ക് മകളുടെ ജീവനറ്റ ശരീരം കിട്ടിയത് പോത്തുകല്ലില്‍ വെച്ച്. ഒരായുഷ്കാലം സ്വരുക്കൂട്ടിയതും സ്വന്തമെന്ന് കരുതിയതുമെല്ലാം പ്രളയജലമന്ന് ചിതറിത്തെറുപ്പിച്ചു കളഞ്ഞു. മറ്റ് രണ്ട് പെണ്മക്കള് ദുരന്ത ദിനം വീട്ടിലില്ലാത്തത് കൊണ്ടുമാത്രം ജീവന് തിരിച്ചുകിട്ടി.
കാല്നൂറ്റണ്ടോളമുള്ള അധ്വാനം, ഒടുവിലുയര്‍ന്ന കുഞ്ഞുവീട്. അതാണ് മണ്ണിനടിയിലായത്. താങ്ങാവേണ്ട മകളും ഇരമ്പിയൊഴുകി വന്ന ഉരുളിന്റെ ശക്തിയറിഞ്ഞു. ഇന്ന് ചൂരല്‍മല ടൈലറിംഗ് എന്ന ബോര്‍ഡ് വെച്ച് വാടക ക്വാര്‍ട്ടേഴ്സിലും മേപ്പാടി ടൗണിലുമായി അതിജീവനത്തിന്റെ മെഷീന് ചക്രങ്ങള്‍ വീണ്ടും ചവിട്ടുമ്പോഴും പിടിച്ച് നില്ക്കാനാവാതെ തളര്‍ന്ന് പോവുന്നു സുരേഷും കുടുംബവും. സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ ഇടം കിട്ടിയിട്ടുണ്ട്. പക്ഷെ അതിനപ്പുറമുള്ള നഷ്ടത്തെ കൈവിട്ടുപോയ ജീവിതത്തെ ഇവര്‍ക്ക് തിരിച്ചുപിടിക്കാനാവുന്നില്ല
മൂക്കോളം മുങ്ങിയ കട്ടച്ചെളിയില് നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറിയെങ്കിലും ആ അച്ഛന്റേയും അമ്മയുടേയും മാനസിക നിലതന്നെ തളര്‍ന്നുപോയി. നീണ്ടകാലത്തെ ആശുപത്രിവാസം, തീരാകണ്ണീര്‍, പറഞ്ഞറിയിക്കാനാവാത്ത നഷ്ടം. ചൂരല്‍മല ടൈലറിംഗ് എന്ന ബോര്‍ഡ് കാണുമ്പോള്‍ കയറിവരുന്നവര്‍ മാത്രമാണ് ഇന്ന് സുരേഷിന്റെ കടയിലെ ആവശ്യക്കാര്‍. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയില്‍ ജീവിതം തന്നെ സ്തംഭിച്ച് നില്‍ക്കുമ്പോഴും വീടിന് മുന്നിലെ ആ മാലിന്യമലയിറങ്ങി അതിജീവന മാര്‍ഗം തേടുന്നു സുരേഷ്. പഴയ ജീവിതത്തെ തിരിച്ച് പിടിക്കാന്‍ ഒരുവര്‍ഷത്തിനിപ്പുറവും തുണിസഞ്ചിയും കൈയിലേന്തി നടന്നു നീങ്ങുന്നു ഈ അച്ഛന്.
Content Highlights: One year after the devastating Wayanad landslides, Mathrubhumi.com revisits the lives of survivors
Published: 27 Jul 2025, 04:50 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented