കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാവീടിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍.

To advertise here,

വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി തുടങ്ങി. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃകാവീടിന്റെ നിര്‍മാണം 30-ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്. ശൗചാലയം, സിറ്റൗട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇനിചെയ്യാനുള്ളത്.

കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി തുടങ്ങുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു. ജില്ലയില്‍ തുടര്‍ച്ചയായിപെയ്യുന്ന മഴയില്‍ വീടിന്റെ ചുമരുകള്‍ നനയുന്നത് പെയിന്റടിക്ക് പ്രതിസന്ധിയാവുകയാണ്. ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര്‍ ചൂടാക്കിയശേഷം പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. ഏഴുസെന്റില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റനിലയില്‍ പണിതീരുന്ന വീട് ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.

രണ്ട്കിടപ്പുമുറി, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃകാവീട്ടില്‍ പൂര്‍ത്തിയാവുന്നത്.

അഞ്ചുസോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 16-നാണ് ടൗണ്‍ഷിപ്പില്‍ മാതൃകാവീടിന്റെ നിര്‍മാണം തുടങ്ങിയത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുംവിധമുള്ള വീടുകളാണ് രൂപകല്പനചെയ്തിട്ടുള്ളത്.