കേരളം കാതോര്‍ത്തിരുന്ന സുപ്രധാനമായ ദിനങ്ങളാണ് വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് വരാനുള്ളത്. ഇന്ത്യയിലെ ആദ്യത്തെ മദര്‍ഷിപ്പ് പോര്‍ട്ടായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ അടുത്തു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ -15 എന്ന കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. കപ്പലിനെ വിഴിഞ്ഞത്തേക്ക് സ്വീകരിക്കുന്നതിന്റെ ഔദ്യോഗിക ചടങ്ങ് വരുന്ന 15-നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തെ ചരക്ക് നീക്കത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറാനൊരുങ്ങുകയാണ് ഈ തുറമുഖം. അതുവഴി കേരളവും ലോക സമുദ്രയാന ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും. പതിറ്റാണ്ടുകളായി കേരളത്തെ ഉറങ്ങാന്‍ സമ്മതിക്കാത്ത സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുഖം. കൃത്യമായ ഇച്ഛാശക്തിയുടെ അഭാവം വളരെ ഏറെ വൈകിച്ചെങ്കിലും തുറമുഖം യാഥാര്‍ഥ്യമാകുന്നത് കേരളത്തിനും രാജ്യത്തിനും നിര്‍ണായകമാണ്. 

To advertise here,

വിഴിഞ്ഞത്തിന്റെ പ്രത്യേകതകള്‍

അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍പാതയുടെ സാമീപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവ തുറമുഖത്തിന്റെ സവിശേഷതകളാണ്. ഇന്ത്യയിലൊരിടത്തും നിലവില്‍ ഇത്തരമൊരു തുറമുഖമില്ല എന്നുള്ളത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നു. ആയിരക്കണക്കിന് കണ്ടെയ്നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. ഇന്ത്യയിലെ വമ്പന്‍ തുറമുഖങ്ങള്‍ പോലും മദര്‍ഷിപ്പുകള്‍ക്ക് യോജിച്ചവയല്ല. 14,000 മുതല്‍ 20,000 കണ്ടെയ്നറുകളാണ് മിക്ക മദര്‍ഷിപ്പുകളിലുമുള്ളത്.  ഇങ്ങനെ ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ മുഴുവന്‍ സമീപമുള്ള മറ്റ് മദര്‍പോര്‍ട്ടുകളിലേക്കാണ് മാറ്റുക. കൊളംബോ, സലാല, സിങ്കപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഇത്തരം കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെനിന്ന് ചെറിയ കപ്പലുകളില്‍ കണ്ടെയ്നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്. വലിയതോതില്‍ സമയം, പണം തുടങ്ങിയവ നഷ്ടപ്പെടുത്തുന്ന രീതിയാണെങ്കിലും രാജ്യത്തിന് ഇതല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. 

placeholder
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചിത്രകാരന്റെ ഭാവനയില്‍

ആയ് രാജവംശ കാലത്ത് തന്നെ വിഴിഞ്ഞം ഒരു തുറമുഖമെന്ന നിലയില്‍ അറിയപ്പെട്ടിരുന്നതാണ്. പിന്നീട് അതിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും അന്താരാഷ്ട്ര കപ്പല്‍പാതയോട് ചേര്‍ന്നുള്ള സാമിപ്യം വിഴിഞ്ഞത്തെ വീണ്ടും പലപ്പോഴായി ശ്രദ്ധയില്‍ എത്തിച്ചു. അതിനൊപ്പം വിഴിഞ്ഞം തീരത്തെ സ്വാഭാവിക ആഴം. 20 അടിയോളം ആഴമുണ്ട് ഇവിടെ. ഇന്ത്യയിലെ മറ്റ് തുറമുഖങ്ങള്‍ക്ക് ഈ സവിശേഷതയില്ല. പലപ്പോഴും കപ്പലുകള്‍ക്ക് വേണ്ടി കടലിന്റെ ആഴം കൂട്ടാന്‍ മണ്ണ് നീക്കം ചെയ്യേണ്ടി വരും. വിഴിഞ്ഞം തുറമുഖത്തിന് പക്ഷെ അത്തരം പ്രശ്നങ്ങളില്ല. അതുകൊണ്ട് തന്നെ മദര്‍ ഷിപ്പുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ തക്ക ആഴം വിഴിഞ്ഞം തുറമുഖത്തിനുണ്ട്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെ. ഇതോടെ കൊളംബോ, സലാല, സിങ്കപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളോട് മത്സരിക്കാനൊരുങ്ങുകയാണ് വിഴിഞ്ഞം. 

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായത്. എന്നാല്‍, പാറക്കല്ലുകളുടെ ക്ഷാമം, ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികള്‍, രാഷ്ട്രീയവിവാദം, തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍. ഇതിനെല്ലാം ഒടുവിലാണ് തുറമുഖം യാഥാര്‍ഥ്യമാകുന്നത്. കണ്ടെയ്നര്‍ ബെര്‍ത്ത് നിര്‍മാണം 73% പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം 34 ശതമാനവും പുലിമുട്ട് നിര്‍മാണം 53 ശതമാനവും ഡ്രെഡ്ജിംഗ് 65 ശതമാനവും പൂര്‍ത്തിയായി. തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39% കെട്ടിടങ്ങളും സജ്ജം. ആദ്യഘട്ടത്തില്‍ ഒരേസമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം. വിഴിഞ്ഞത്തെ ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. അതായത് ഇന്ത്യയിലേക്ക് ആവശ്യമായ ചരക്കുകള്‍ വിഴിഞ്ഞം തുറമുഖം വഴിയാകും കൈകാര്യം ചെയ്യുക. ഇവിടെനിന്ന് മറ്റ് തുറമുഖങ്ങളിലേക്ക് ചെറുകപ്പലുകളിലൂടെ ചരക്കുക്കള്‍ മാറ്റും. മറ്റ് രാജ്യങ്ങളിലെ മദര്‍പോര്‍ട്ടുകളെ ആശ്രയിക്കുന്നതുവഴി രാജ്യത്തിന് നഷ്ടപ്പെടുന്ന വിദേശനാണ്യം ലാഭിക്കാനാകും. മാത്രമല്ല ചരക്കുനീക്കത്തിനെടുക്കുന്ന സമയനഷ്ടം കുറയ്ക്കാം. 

തടസങ്ങള്‍, കടമ്പകള്‍; മറികടന്നത് വലിയ പ്രതിസന്ധികള്‍

ആയ് രാജവംശത്തിന്റെ ഭരണകാലത്ത് എട്ടാം നൂറ്റാണ്ടിലാണ് വിഴിഞ്ഞം തുറമുഖം വികസിക്കുന്നത്. പിന്നീട് ചേര-ചോള- പാണ്ഡ്യ രാജവംശങ്ങള്‍ തുറമുഖത്തിന്റെ അവകാശത്തിന് വേണ്ടി പരസ്പരം പോരാടിയിട്ടുണ്ട്. ചോളന്മാരുടെ ആക്രമണത്തില്‍ തുറമുഖം നശിച്ചു. ഏറെക്കാലത്തിന് ശേഷം വിഴിഞ്ഞത്ത് പുതിയ തുറമുഖം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് തിരുവിതാംകൂര്‍ ദിവാന്‍ രാമസ്വാമി അയ്യരാണ്. 1940-കളില്‍ ഇതിനായി ഒരു സര്‍വേ നടത്തുകയും ചെയ്തു. എന്നാല്‍, രാജ്യം കോളനിവാഴ്ചയില്‍നിന്ന് മുക്തമാവുകയും രാജഭരണം ജനാധിപത്യത്തിന് വഴിമാറുകയും ചെയ്തതോടെ വിഴിഞ്ഞം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി. വിഴിഞ്ഞം തുറമുഖം വരുന്നത് കൊച്ചി തുറമുഖത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് പതിയെ വിഴിഞ്ഞത്തിനെ തഴഞ്ഞു. 

എന്നാല്‍, ചരക്കുകപ്പലുകളുടെ ശേഷിയിലും രൂപത്തിലുമൊക്കെ പില്‍ക്കാലത്ത് വലിയ മാറ്റങ്ങള്‍ക്ക് ഉണ്ടായി. 18,000 മുതല്‍ 24,0000 ടി.ഇ.യു. ശേഷിയുള്ള കൂറ്റന്‍ ചരക്കുകപ്പലുകള്‍ വന്നതോടെ ഇന്ത്യയിലൊരിടത്തും അത്തരം കപ്പലുകള്‍ക്ക് അടുക്കാന്‍ സാധിക്കുന്ന സാഹചര്യമില്ലാതെയായി. ഇത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഇതോടെ 2000-ല്‍ വിഴിഞ്ഞം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശബ്ദം ലഭിച്ചു തുടങ്ങി. പദ്ധതി നടപ്പിലാക്കാന്‍ രാഷ്ട്രീയ തീരുമാനം വരികയും ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ആദ്യ റൗണ്ടില്‍ കരാര്‍ കിട്ടിയത് കേന്ദ്രത്തില്‍നിന്ന് സുരക്ഷാ അനുമതി ലഭിക്കാത്ത ചൈനീസ് കമ്പനിക്കാണ്.

placeholder
തിരുവനന്തപുരത്ത് അദാനി ഗ്രൂപ്പിനെതിരെ നടത്ത പ്രതിഷേധം (ഫയല്‍ ചിത്രം) | Photo: PTI

പിന്നാലെ രണ്ടാം റൗണ്ടില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ലാങ്കോയ്ക്ക് കരാര്‍ നല്‍കി. എന്നാല്‍, അതിനെതിരേ നിയമപോരാട്ടം നടന്നു. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനിയായ സൂം ഡെവലപ്പേഴ്സ് ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. നിയമപോരാട്ടത്തിനൊടുവില്‍ ലാങ്കോ ഗ്രൂപ്പ് കരാറില്‍നിന്ന് പിന്മാറി. 2009-ല്‍ തുറമുഖത്തിന്റെ മുഖ്യ ഉപദേഷ്ടാവായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയമിച്ചിരുന്നു. ഐഎഫ്സി 2009-2010 വര്‍ഷം നടത്തിയ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും ഒരു പരമ്പര, ഭൂവുടമ മാതൃകയില്‍ പദ്ധതി ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ ശുപാര്‍ശ ചെയ്തു. ഈ പദ്ധതി അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പിന്നീട് ടെന്‍ഡറില്‍ യോഗ്യത നേടാനായതെങ്കിലും തുടര്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ ഇല്ലാതാകുമോയെന്ന് കരുതിയിരുന്ന സമയത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി വിഴിഞ്ഞം പദ്ധതിക്ക് 2013-ല്‍ ലഭിച്ചത്. ഇതോടെ സ്വപ്നങ്ങള്‍ക്ക് ഗതിവേഗം വര്‍ധിച്ചു. വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. ഇത്തവണ അദാനി ഗ്രൂപ്പ് യോഗ്യത നേടുകയും 2015-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കരാര്‍ അദാനിക്ക് നല്‍കുകയും ചെയ്തു. 

1000 ദിനം ആദ്യത്തെ കപ്പല്‍ എത്തുമെന്ന് പ്രഖ്യാപനം

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2015 ഡിസംബര്‍ അഞ്ചിന്  വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചു. 1000 ദിനങ്ങള്‍ക്കൊണ്ട് ആദ്യത്തെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 2018 സെപ്റ്റംബര്‍ ഒന്നിന് ആദ്യകപ്പല്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പിന്നീട് നിരവധി പ്രതിസന്ധികളാണ് തുറമുഖ നിര്‍മാണത്തിന് നേരിടേണ്ടി വന്നത്. നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കെ 2017-ല്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് തുറമുഖനിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച ബ്രേക്ക് വാട്ടറിന് കേടുപാടുണ്ടായി. ഇതിനായി നിക്ഷേപിച്ച പുലിമുട്ടുകളും കല്ലുകളും കടലെടുത്തതോടെ നിര്‍മാണം പിന്നോട്ടുപോയി. പിന്നാലെ പ്രധാന അസംസ്‌കൃത വസ്തുവായ കല്ലിനും ചുണ്ണാമ്പുകല്ലിനും ക്ഷാമം നേരിട്ടു. കല്ലുകള്‍ സംസ്ഥാനത്തെ തന്നെ പാറമടകളില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ എത്തിക്കാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, പിന്നാലെയെത്തിയ കോവിഡ് വ്യാപനം എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി. 

placeholder
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മാണവേളയില്‍ (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി

കോവിഡ് വ്യാപനത്തിന് പിന്നാലെ 2022 ജൂലൈ 20 മുതല്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടങ്ങി. ഈ സമയത്ത് കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. തീരങ്ങള്‍ കടലെടുക്കാന്‍ കാരണം തുറമുഖ നിര്‍മാണമാണെന്നും അത് തങ്ങളുടെ ഉപജീവനം തടസപ്പെടുമെന്നും പറഞ്ഞുള്ള പ്രക്ഷോഭം സെക്രട്ടേറിയേറ്റിന് മുന്നിലും പിന്നീട് തുറമുഖ നിര്‍മാണ മേഖലയിലേക്കും മാറി. ഉപരോധമടക്കമുള്ള സമരമുറകള്‍ ആരംഭിച്ചതോടെ തുറമുഖ നിര്‍മാണം തടസപ്പെട്ടു. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തി വീണ്ടും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നതായിരുന്നു സമരക്കാരുടെ ഏറ്റവും വലിയ ആവശ്യം. സമരം പോലീസിനെ ആക്രമിക്കുന്ന തരത്തില്‍ അക്രമാസക്തമാവുകയും ചെയ്തു. 2022 നവംബര്‍ 27-ന് രാത്രി, ചില പ്രതിഷേധക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ഡ്യൂട്ടിയിലായിരുന്ന മുപ്പതിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. തലേദിവസം കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയയ്ക്കണമെന്ന ആവശ്യമുന്നയിച്ച് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചാണ് അക്രമാസക്തമായത്.

പിന്നാലെ സമരക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി തുടങ്ങി.  2022 ഡിസംബര്‍ ആറിന്, പ്രതിഷേധക്കാരും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിഷേധം പിന്‍വലിച്ചു. ഇതിന് ശേഷവും കല്ലിന്റെ ക്ഷാമവും മറ്റും നിര്‍മാണത്തെ ബാധിച്ചു. മാത്രമല്ല ബ്രേക്ക് വാട്ടര്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ നല്‍കേണ്ട തുക അനുവദിക്കുന്നതിലും കാലതാമസമുണ്ടായി. ഇപ്പോഴും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരാര്‍ പ്രകാരം സര്‍ക്കാര്‍ നല്‍കാനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് മുഴുവനും കൊടുത്ത് തീര്‍ത്തിട്ടുമില്ല. ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും തുറമുഖത്ത് ആദ്യ കപ്പല്‍ എത്തിയത് ചരിത്ര മുഹൂര്‍ത്തമാണ്. ഇനി ഒരു മാസത്തിനുള്ളില്‍ കപ്പലില്‍ കൊണ്ടുവന്ന ക്രെയിനുകള്‍ തുറമുഖത്ത് സ്ഥാപിക്കും. ഇതിന് ശേഷം ആറുമാസം ക്രെയിനുകളുടെ പരീക്ഷണം നടത്തും. ചൈനയില്‍ നിന്നാണ് ക്രെയിനുകളെത്തിയത്. ഇതിന് ശേഷം ഇവയുടെ നിയന്ത്രണം അദാനി ഗ്രൂപ്പാകും ചെയ്യുക. അടുത്ത വര്‍ഷം മെയ് മാസത്തോടെ തുറമുറഖം രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.