തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. എന്ത് തെറ്റാണ് ഈ സർക്കാർ ചെയ്തതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കത്തിൽ ഈ സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ ആരോപണമുന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്. കൺസഷൻ അഗ്രിമെന്റ് പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരികൾ കൈമാറാൻ പാടില്ലെന്ന് വ്യക്തമായ വ്യവസ്ഥയുണ്ട്. 25 ശതമാനത്തിലധികം ഓഹരികൾ കൈമാറുന്നതിന് സർക്കാരിന്റെ മുൻകൂർ അപ്രൂവൽ ആവശ്യമാണെന്ന് കരാറിൽ വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുമതിക്കായി കമ്പനി കത്ത് നൽകിയാൽ മാത്രമേ അത് സർക്കാർ പരിശോധിക്കുകയുള്ളൂവെന്നും അതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
60 ശതമാനത്തോളം മാധ്യമങ്ങളും ഓഹരി കൈമാറ്റം നടന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ യഥാർത്ഥത്തിൽ അദാനി പോർട്ടും എം.എസ്.സിയും തമ്മിലുള്ള ചർച്ചകൾ ഒരു വർഷമായി നടന്നു വരികയാണെന്നും, 2026 ജൂൺ 5-ന് ദേശാഭിമാനി പത്രത്തിൽ ഇതുസംബന്ധിച്ച വാർത്തകൾ വന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ എം.ഡി ചുമതലയേൽക്കുന്നതിന് മുൻപേ തന്നെ ഈ നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല. സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഒരു കൈമാറ്റവും പാടില്ല. അദാനി പോർട്ട് MSC കമ്പനിയുമായി ഒരു വർഷമായി ചർച്ച ചെയ്യുകയാണ്. ദേശാഭിമാനി അത് റിപ്പോർട്ട് ചെയ്തു. അപ്പോൾ ഇത് കഴിഞ്ഞ സർക്കാരിന് അറിയാമായിരുന്നു. വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്.സി കമ്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നുവെന്നും അന്നത്തെ സർക്കാർ ഇതിനെ വലിയൊരു നേട്ടമായാണ് കണ്ടിരുന്നതെന്നുമാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. എം.എസ്.സിയുടെ വരവ് എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമായാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തതെന്നും' അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഹരി കൈമാറ്റം നടന്നാൽ തുറമുഖത്ത് കുത്തക ഉണ്ടാകുമെന്ന ആശങ്കയും സർക്കാർ തള്ളി. കരാർ വായിച്ചുപോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ സംസാരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കരാർ പ്രകാരം 'കോമൺ യൂസർ ഫസിലിറ്റി' ഉറപ്പാക്കിയിട്ടുണ്ടെന്നും ഒരാളുടെയും കുത്തക അവിടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരാറിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി കൈമാറ്റത്തിന് അന്തിമ അനുമതി നൽകുന്നതിന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും സുരക്ഷാ ക്ലിയറൻസ് അത്യാവശ്യമാണ്. ഇത് അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാനമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കമ്പനി സെബിക്ക് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നിരിക്കെ ഇത്തരമൊരു നീക്കം നടത്തിയതിലെ അസംതൃപ്തി സർക്കാർ അവരെ അറിയിച്ചിരുന്നു. അപ്പോൾ തന്നെ മുൻകൂർ അനുമതിക്കുള്ള കത്ത് നൽകി. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റി വിഷയം വിശദമായി പഠിച്ചുവരികയാണ്. ഈ സമിതിയുടെ റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ അനുമതിയും ലഭിച്ച ശേഷം മാത്രമേ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കൂ. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിക്ക് ഈ നീക്കം ഗുണകരമാണോ ദോഷകരമാണോ എന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഗവൺമെന്റ് മുന്നോട്ട് പോകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: CM clarifies there is no unauthorized share transfer at Vizhinjam Port. Learn how the 2026 agreement protects state interests.
Published: 08 Jul 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented