രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന്റെ ഉദ്ഘാടനത്തോടെ അന്താരാഷ്ട്ര സമുദ്രാധിഷ്ഠിത വ്യാപാരരംഗത്ത് ചൈനയുമായുള്ള ആഗോള മത്സരത്തില്‍ പുതിയൊരു ചുവടു വെച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്. പോര്‍ട്ട് മാനേജ്മെന്റ് മേഖലയില്‍ വലിയ മേധാവിത്വമുണ്ട് ചൈനയ്ക്ക്. ചുരുങ്ങിയ കാലം കൊണ്ട് അവര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഗുജറാത്തി കമ്പനിയുടെ കൊടുങ്കാറ്റു വേഗത്തിലെ വളര്‍ച്ച ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് (ബി.ആര്‍.ഐ) പദ്ധതിക്കും ആഗോള തുറമുഖ രംഗത്തെ അപ്രമാദിത്വത്തിനും മേല്‍ നിഴല്‍ വീഴ്ത്തിക്കഴിഞ്ഞു.

To advertise here,

ഇന്ത്യയില്‍ നിരവധി തുറമുഖങ്ങള്‍ നടത്തുന്നത് അദാനി ഗ്രൂപ്പാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളിലൊന്നായ മുന്ദ്രയടക്കം. അന്താരാഷ്ട്ര രംഗത്താണെങ്കില്‍ കൊളംബോ, ഇസ്രായേലിലെ ഹൈഫ, ടാന്‍സാനിയയിലെ ദാരുസ്സലാം എന്നിവയും വൈകാതെ നടപ്പാക്കാനിരിക്കുന്ന വിയറ്റ്നാമിലെ ഡാ നാങ് എന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖവും അദാനി ഗ്രൂപ്പിനാണ്. ഫിലിപ്പീന്‍സിലെ ബതാനിലെ ആഴക്കടല്‍ തുറമുഖം മിക്കവാറും അദാനിക്കു കിട്ടിയേക്കും. ഈ മേഖലകളൊക്കെ നിലവിലെ ഭൗമരാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും വളരെ നിര്‍ണായകമാണെന്നു പറയേണ്ടതില്ലല്ലോ.

തന്ത്രപ്രധാനമായ മേഖലകളില്‍ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ കഴുത്തിനു ചുറ്റും 'മുത്തുമാല'യിട്ട് ശ്വാസംമുട്ടിക്കാനുള്ള ചൈനയുടെ ദീര്‍ഘകാല പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു കൊളംബോ തുറമുഖത്തിന്റെ പടിഞ്ഞാറന്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്താനുള്ള കരാര്‍ അദാനി നേടിയെടുത്തത്. 70 കോടി ഡോളറിന്റെ കരാറാണ് അദാനി ഒപ്പുവച്ചിട്ടുള്ളത്; ആ രാജ്യത്തെ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം. സമീപത്തെ കൊളംബോ പോര്‍ട്ട് സിറ്റി വികസിപ്പിക്കുന്നത് ചൈനയാണ്. നേരത്തേ, ഇന്ത്യയ്ക്കും ലങ്കയ്ക്കുമിടയ്ക്കുള്ള കടലിടുക്കിലെ ദ്വീപുകളില്‍ സൗരോര്‍ജ പദ്ധതികള്‍ നടത്താന്‍ ചൈനയ്ക്കു നല്‍കിയിരുന്ന കരാര്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്ക റദ്ദാക്കിയിരുന്നു. ഈ മേഖലയില്‍ 500 മെഗാവാട്ടിന്റെ ഊര്‍ജപദ്ധതിക്കുള്ള കരാര്‍ 2022-ല്‍ അദാനിക്കു ലഭിച്ചു. 

placeholder
വിഴിഞ്ഞം തുറമുഖം. Photo: ANI

മെഡിറ്ററേനിയനിലെ പ്രധാന സമുദ്രവ്യാപാര കേന്ദ്രമായ ഹൈഫ തുറമുഖം കഴിഞ്ഞ വര്‍ഷമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്, 103 കോടി ഡോളറിന്. രാജ്യത്തിന് യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള കവാടമാവും ഈ തുറമുഖം. ഇസ്രയേലില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ചരക്കുകളുടെ 99 ശതമാനവും ഈ തുറമുഖം വഴിയാണ്. ഹൈഫയില്‍ ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര പോര്‍ട്ട് ഗ്രൂപ്പിന് ഇപ്പോള്‍ തന്നെ ഒരു തുറമുഖമുണ്ട്. അതിനാല്‍, മെഡിറ്ററേനിയന്‍ മേഖലയില്‍ ചൈനീസ് സ്വാധീനത്തിന് തടയിടാനാണ് ഈ തുറമുഖം ഏറ്റെടുത്തതെന്ന് കരുതുന്നവരുണ്ട്. ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യാ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് കോറിഡോറിലെ (ഐംഇഇസി)-മധ്യേഷ്യ വഴി യൂറോപ്പിലേക്കുള്ള ഇടനാഴി- പ്രധാന ഘടകമായിക്കഴിഞ്ഞു ഹൈഫ. ബി.ആര്‍.ഐക്കു ബദലാണ് ഈ ഇടനാഴിയെന്നാണ് പരക്കെ നിരീക്ഷിക്കപ്പെടുന്നത്.

കോവിഡ് കാലത്തിനു ശേഷം അനുഭവപ്പെടുന്ന മാന്ദ്യം മാത്രമല്ല, കൊളംബോയും പാകിസ്താനും ബംഗ്ലാദേശും പോലുള്ള നിരവധി രാജ്യങ്ങളെ കടക്കണിയില്‍പെടുത്തി അന്യായമായ സൗജന്യങ്ങള്‍ അവര്‍ പിടിച്ചുപറിക്കുന്നതും ചൈനയെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും അകറ്റുന്നു. ഇന്ത്യയ്ക്കെതിരായ കൂട്ടായ്മയില്‍ ഒപ്പം നില്‍ക്കുന്ന പാകിസ്താനോടു പോലും അവര്‍ കരുണ കാട്ടുന്നില്ല. കടക്കെണി നയതന്ത്രം എന്നുവിളിക്കപ്പെടുന്ന ഈ രീതി അടുത്ത സുഹൃദ് രാജ്യങ്ങളെപ്പോലും ആദ്യം കിട്ടുന്ന അവസരത്തില്‍ കൂറുമാറാന്‍ പ്രേരിപ്പിക്കുന്നതാണ്. ചൈനയുടെ അധികാരം വ്യാപിക്കുന്നത് അത്ര നല്ല കാര്യമായി ഭൂരിഭാഗം രാജ്യങ്ങളും കാണുന്നില്ല. അദാനി കൊളംബോ തുറമുഖ നടത്തിപ്പ് ഏറ്റെടുത്തപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ പദ്ധതിയില്‍ 50 കോടി ഡോളര്‍ മുടക്കാന്‍ സന്നദ്ധമായത് ഉദാഹരണം. 

അദാനി ഗ്രൂപ്പ് ഉയര്‍ത്തുന്ന വെല്ലുവിളി ചൈന കാണാതിരിക്കുന്നില്ല എന്നു മാത്രമല്ല, അവരെ തടയാന്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട് എന്ന് ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യത്തില്‍ ഒറ്റയടിക്ക് 59 ശതമാനം ഇടിവു വരുത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓര്‍മിക്കുക. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ അതിന്റെ പിന്നില്‍ ചൈനീസ് കരങ്ങളുണ്ട്! അദാനി ഗ്രൂപ്പ് നടത്തിയതായി പറയുന്ന ക്രമക്കേടുകളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് രണ്ടുമാസം മുമ്പേ ന്യൂയോര്‍ക്കിലെ ഹെജ് ഫണ്ട് കമ്പനിയുടമ മാര്‍ക്ക് കിങ്ഡനു കൈമാറിയിരുന്നു. അതിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഷോര്‍ട്ട് പൊസിഷന്‍സ് എടുത്ത് ഓഹരി ഇടിയുന്നതിനു കാത്തിരുന്ന കമ്പനി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വന്‍ലാഭമുണ്ടാക്കുകയും അതിന്റ വിഹിതം ഹിന്‍ഡന്‍ബര്‍ഗിനു നല്‍കുകയും ചെയ്തുവന്നാണ് സെബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കിങ്ഡന്റ ഭാര്യ അന്‍ലാ ചെങ്  ചൈനയുടെ ചാരവനിതയാണെന്നും ഭര്‍ത്താവുമൊത്ത് അദാനിക്കെതിരായ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഹിന്‍ഡന്‍ബര്‍ഗിനെ ചുമതലപ്പടെുത്തുകയായിരുന്നുവെന്നും ബി.ജെ.പി എം.പി മഹേഷ് ജേഠ്മലാനി ആരോപിച്ചിരുന്നു. മുമ്പ് ശ്രീലങ്കയില്‍ അദാനി തുറമുഖം സ്വന്തമാക്കിയതിനെതിരെയും ചൈന പ്രതിഷേധിച്ചിരുന്നു.

placeholder
ഗുജറാത്തിലെ മുന്ദ്ര തുറമുഖം. Photo: AFP

വിഴിഞ്ഞം തന്ത്രപ്രധാനം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം കേരളത്തിനു മാത്രമല്ല, രാജ്യത്തിനും വളരെ ഗുണകരമാവും. മദര്‍ഷിപ്പുകള്‍ക്കും എത്താന്‍ പറ്റുന്ന സ്വാഭാവിക ആഴവും (ഇന്ത്യയിലേക്കും ആഴം കൂടിയതാണ് ഈ തുറമുഖം) അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയോടുള്ള സാമീപ്യവും മാത്രമല്ല, അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.

അന്താരാഷ്ട്ര സമുദ്രാധിഷ്ഠിത വ്യാപാരരംഗത്ത് രാജ്യത്തിന്റെ വിഹിതം വര്‍ധിപ്പിക്കുന്ന വിഴിഞ്ഞത്ത് ദക്ഷിണേഷ്യയില ഏറ്റവും മികച്ച കണ്ടെയ്നര്‍ ഹാന്‍ഡ്ലിങ് ടെക്നോളജിയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി പറയുന്നു. വെസല്‍ ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഓട്ടൊമേഷന്‍ കൂടിയാവുമ്പോള്‍ ലോകത്തിലേക്കും മികച്ച അത്യാധുനിക ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടുകളിലൊന്നാവും വിഴിഞ്ഞമെന്നും അദ്ദേഹം പറയുന്നു.

ആദ്യഘട്ടത്തില്‍ ഒരു മില്യണ്‍ ടി.ഇ.യു (20 ഫുട്ട് ഇക്വിവാലെന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടയ്നറിന്റേതിനു തുല്യമായ വ്യാപ്തി) കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 1.5 മില്യണായി ഉയര്‍ത്താനാവുമെന്ന് വിഴിഞ്ഞത്തെത്തിയ ആദ്യ മദര്‍ഷിപ്പിനു സ്വീകരണം നല്‍കുന്ന യോഗത്തില്‍ അദാനി വ്യക്തമാക്കിയിരുന്നു. നാലു ഘട്ടങ്ങളും പൂര്‍ത്തിയാവുമ്പോള്‍ തുറമുഖത്തിന്റെ ശേഷി അഞ്ച് മില്യണായി ഉയര്‍ന്നേക്കും, തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത് മൂന്നു മില്യണായിരുന്നെങ്കിലും. 2047-ല്‍ പണി പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആഗോളസാധ്യതകള്‍ കണക്കിലടുത്ത് 2028-29 ആകുമ്പോഴേയ്ക്കും നടപ്പാക്കാനാണ് ധാരണ.

placeholder
Filephoto of Vizhinjam Port
വിഴിഞ്ഞം തുറഖം. Photo:  PTI

ലോകനിലവാരമുള്ള വന്‍കിട തുറമുഖങ്ങള്‍ നിര്‍മിക്കാനും ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബുകള്‍ വികസിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്ദേശം 1.25 ലക്ഷം കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന മാരിടൈം ഇന്ത്യ വിഷന്‍ 2030 പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. കോവിഡിനെ തുടര്‍ന്ന് ക്ഷീണിച്ച ചൈനയില്‍ നിന്നും ഉത്പാദകരെയും സപ്ലൈ ചെയിനുകളെയും ഇന്ത്യയിലേക്കാകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ക്കും വിഴിഞ്ഞം ശക്തി പകരും.

ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ കണ്ടെയ്നര്‍ ട്രാഫിക് 2020-ല്‍ 17 മില്യണ്‍ ടി.ഇ.യു മാത്രമായിരുന്നു. അന്ന് ചൈനയുടേത് 245 ടി.ഇ.യു ആയിരുന്നു. അതായത്, ചൈനയുടെ കണ്ടെയ്നര്‍ ട്രാഫിക്കിന്റെ പത്തു ശതമാനത്തില്‍ താഴെ. ഇന്ത്യ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്ഷിപ്പ്ഡ് ചരക്കിന്റെ 75 ശതമാനവും രാജ്യത്തിനു പുറത്താണ് കൈകാര്യം ചെയ്യുന്നത്. 90 ശതമാനം കൈകാര്യം ചെയ്യുന്നത് കൊളംബോ, സിംഗപ്പുര്‍, ജെബല്‍ അലി തുറമുഖങ്ങളാണ്. ഇതില്‍ പകുതിയും കൊളംബോയ്ക്കാണ്. ഇന്ത്യയ്ക്ക് ഇതിലൂടെ ഉണ്ടാവുന്ന അവസരനഷ്ടം 200 ദശലക്ഷം ഡോളറില്‍ കുറയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാവുമ്പോള്‍ ഇന്ത്യയ്ക്കു വേണ്ടിയല്ലാത്ത ചരക്കുകളും കൈകാര്യം ചെയ്യാന്‍ നമുക്കാവും.

അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണിന്റെ 2024 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ലക്ഷ്യം 400 മില്യണ്‍ ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുകയാണ്. പക്ഷേ, നിലവില്‍ മാസം 35 മില്യണ്‍ ടണ്‍ എന്ന നിക്കില്‍ മുന്നോട്ടു പോവുന്ന കമ്പനി അതും മറികടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. തുറമുഖ വിപണി വളരുന്നത് എട്ടുശതമാനം നിരക്കിലാണെങ്കിലും അദാനിയുടെ വളര്‍ച്ച (കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ വലിപ്പം അനുസരിച്ച്) 20 ശതമാനത്തോട് അടുക്കുകയാണ്. ആയിരം പേര്‍ക്ക് 109 ടി.ഇ.യുവാണ് ആഗോള ശരാശരി. ഇന്ത്യയില്‍ ഇത് വെറും 14 യൂണിറ്റേയുള്ളൂ. അതായത്, വന്‍തോതിലുള്ള വളര്‍ച്ച ഈ രംഗത്ത് സാധ്യമാണ്.

ലോകമെങ്ങും സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ അനിശ്ചിതത്വവും നിലനില്‍ക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി കുതിക്കുകയാണ് ഇന്ത്യ. ആ വളര്‍ച്ച തുടരാന്‍ തുറമുഖ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായേ പറ്റൂ. അദാനി-ചൈന കിടമത്സരം സമുദ്രാധിഷ്ഠിത വ്യാപാരത്തിന്റെയും ഭൗമരാഷ്ട്രീയത്തിന്റെയും മേഖലകളില്‍ അതിവേഗമുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്നത്തെ ബഹുധ്രുവലോകത്തെ ശാക്തിക ബലതന്ത്രത്തിലും നിര്‍ണായക സ്വാധീനമാവും ഈ തുറമുഖ ഗുസ്തി.