
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും അയൽരാജ്യമായ വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുവന്ന അമേരിക്കൻ നീക്കത്തിത്തിനു മേൽ പകച്ചുനിൽക്കുകയാണ് ലോകം. ട്രംപ് ഭരണകൂടം എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും വെനസ്വേലയിലെ എണ്ണസമ്പത്തിലാണ് അമേരിക്കയുടെ 'ജനാധിപത്യ' താൽപര്യങ്ങൾ അവസാനിക്കുക എന്നത് ട്രംപ് അനുകൂലികൾക്ക് പോലും ഉറപ്പാണ്. വെനസ്വേലയിൽ ആദ്യമായി കണ്ണുവെക്കുന്ന അമേരിക്കൻ ഭരണാധികാരി ട്രംപല്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. ട്രംപിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അമേരിക്ക വെനസ്വേലയിൽ കടന്നുകയറാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വെനസ്വേലയിൽ അസ്ഥിരതയുണ്ടാക്കാനും സർക്കാരുകളെ അട്ടിമറിക്കാനുമായി രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ നേതൃത്വത്തിൽ അമേരിക്ക പലതരത്തിലുള്ള ഇടപെടലുകൾ വെനസ്വേലയിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഹ്യൂഗോ ഷാവേസെന്ന ജനകീയനായ സോഷ്യലിസ്റ്റ് ഭരണാധികരിയുടെ ചെറുത്തുനിൽപ്പുകളാണ് അമേരിക്കയുടെ വെനസ്വേലൻ താൽപര്യങ്ങൾക്ക് വിലങ്ങുതടിയായി നിന്നത്. ഒടുവിൽ 58-ാമത്തെ വയസ്സിൽ കാൻസർ വന്ന് ഷാവേസ് മരിച്ച് വെറും പതിമൂന്ന് വർഷം പിന്നിടുമ്പോൾ അമേരിക്ക വെനസ്വേലയിൽ കടന്നുകയറിയിരിക്കുന്നു. ലോകമ്പാടുമുള്ള സാമ്രാജ്യത്വ വിമർശകരും സോഷ്യലിസ്റ്റുകളും കഴിഞ്ഞ പതിമൂന്ന് വർഷമായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യം ഇപ്പോൾ വീണ്ടും പ്രസക്തമാകുകയാണ്. വെനസ്വേലൻ ജനതയുടെ വീരനായകൻ ഹ്യൂഗോ ഷാവേസിന്റെ മരണം സ്വാഭാവിക മരണമായിരുന്നോ? അതോ കൊലപാതകമോ?
ആരായിരുന്നു ഷാവേസ്?
അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളെയെല്ലാം ഇല്ലാതാക്കിയിരുന്ന കാലമായിരുന്നു തൊണ്ണൂറുകൾ. ക്യൂബയൊഴിച്ചുള്ള മേഖലയിലെ ഇടതു സർക്കാരുകളെല്ലാം അക്കാലത്ത് വീണുകഴിഞ്ഞിരുന്നു. മേഖലയിലെ എല്ലാ രാജ്യങ്ങളിലെ ഭരണാധികാരികൾ അമേരിക്കയുടെ പാവകളായിരുന്നു. ലാറ്റിനമേരിക്കയിൽ നിന്ന് ഇടതുപക്ഷത്തെ തൂത്തെറിഞ്ഞതായി അമേരിക്ക അഹങ്കരിച്ചു. അക്കാലത്താണ് വെനസ്വേലയിലെ അന്നത്തെ പ്രസിഡന്റിനെതിരെ കലാപക്കൊടി ഉയർത്തി ഒരു യുവസൈനികൻ രംഗത്തുവരുന്നത്. ഹ്യൂഗോ ഷാവേസെന്നായിരുന്നു അയാളുടെ പേര്. വെനസ്വേലയിലെ സൈന്യത്തിന്റെ തലവൻമാരിലൊരാളായിരുന്ന ഹ്യൂഗോ ഷാവേസ് തന്റെ സൈനികരെ ഉപയോഗിച്ച് വലതുപക്ഷക്കാരനായ പ്രസിഡന്റ് കാർലോസ് ആൻഡ്രസ് പെരസിനെതിരെ കലാപമാരംഭിച്ചു. ഓപ്പറേഷൻ സമോറ എന്ന പേരിലാരംഭിച്ച ആ സൈനിക മുന്നേറ്റത്തിൽ അയാൾ പരാജയപ്പെട്ടു. വൈകാതെ ജയിലിലടക്കപ്പെട്ടു. പക്ഷേ, അയാൾ പിൻമാറാൻ തയ്യാറായിരുന്നില്ല. 1994ൽ ജയിൽമോചിതനായ അയാൾ ലാറ്റിനമേരിക്കയിലൂടെ സഞ്ചരിച്ച് വിപ്ലവത്തിനായുള്ള അറിവും ബന്ധങ്ങളും സമാഹരിച്ചു. നൂറു ദിവസങ്ങളോളം നീണ്ടുനിന്ന ആ യാത്രയാണ് ഹ്യൂഗോ ഷാവേസെന്ന വിപ്ലവകാരിയെയും ഭരണാധികാരിയെയും രൂപപ്പെടുത്തിയത്. നാല് വർഷങ്ങൾക്ക് ശേഷം വെനസ്വേലയിൽ പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷാവേസ് അധികാരത്തിലുമെത്തി.
ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു പ്രസിഡന്റ് ഷാവേസിന്റെ പട്ടികയിലെ ആദ്യത്തെ ഇനം. പിന്നാലെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക ഭദ്രതയും കൈവരിക്കാനുള്ള പദ്ധതികളാരംഭിച്ചു. 2002ൽ വീണ്ടും അധികാരത്തിലെത്തിയ ഷാവേസ് പിന്നീട് നടത്തിയത് അത്യന്തം വിപ്ലവകരമായ ഒരു നീക്കമായിരുന്നു. ആ നീക്കമാണ് അമേരിക്ക വെനസ്വേലയിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയും. അമേരിക്കയുടെ അഞ്ചിരട്ടിയാണ് വെനസ്വേലയിലെ എണ്ണ ശേഖരം. കിഴക്കൻ വെനസ്വേലയിലെ ഒറിനോകോ മേഖലയിൽ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുകയാണ് ഈ അമൂല്യ സമ്പത്ത്. ഇത് നിയന്ത്രിക്കുന്നവർക്ക് ആഗോള എണ്ണ വിപണിയെ നിയന്ത്രിക്കാനാകും. അവർക്ക് ലോകത്തെയും നിയന്ത്രിക്കാം. ഇക്കാര്യം ഷാവേസിന് കൃത്യമായ ധാരണയുണ്ടായിരുന്നു. അമേരിക്കൻ കമ്പനികൾ തുച്ഛമായ പണത്തിന് കൊള്ളയടിച്ചിരുന്ന വെനസ്വേലയുടെ എണ്ണവ്യവസായം പ്രസിഡന്റ് ഷാവേസ് ദേശസാത്കരിച്ചു. രാജ്യത്തെ എണ്ണ ഉൽപാദനത്തിന്റെയും വിപണനത്തിന്റെയും നിയന്ത്രണം പിഡിവിഎസ്എ (Petróleos de Venezuela, S.A) എന്ന പൊതുമേഖല കമ്പനിയിലേക്കെത്തി. ചൈനയും റഷ്യയും വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങി. അമേരിക്കയുടെ നഷ്ടം സങ്കൽപ്പിക്കുന്നതിനും അപ്പുറത്തായിരുന്നു. എക്‌സോൺമൊബീൽ ഉൾപ്പടെയുള്ള അമേരിക്കൻ ബഹുരാഷ്ട്ര ഭീമൻമാർക്ക് ബില്യണുകൾ നഷ്ടമുണ്ടായി. വീണ്ടും വീണ്ടും ജനപിന്തുണ വർധിപ്പിച്ച് അധികാരത്തിലെത്തിയ ഷാവേസ് പിന്നീട് കൊണ്ടുവന്ന പരിഷ്‌കാരങ്ങളും അമേരിക്കയെ ഞെട്ടിച്ചുകൊണ്ടിരുന്നു. ഐഎംഎഫിൽ നിന്നും ലോകബാങ്കിൽ നിന്നും പിൻവാങ്ങിയ വെനസ്വേല ബദലായി ബാങ്ക് ഓഫ് സൗത്ത് ആരംഭിച്ചു. 2001 ൽ- ഭൂമിയും സമ്പത്തും പുനർവിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ വെനസ്വേല പാസാക്കി. ക്യൂബയുമായും ഫിദൽ കാസ്‌ട്രോയുമായും മറ്റ് ഇടത് ലാറ്റിനമേരിക്കൻ നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിച്ച ഷാവേസ് അമേരിക്കയുടെ മൂക്കിൻതുമ്പിൽ പുതിയ ഇടത് അച്ചുതണ്ട് സൃഷ്ടിച്ചു.
കൊലപാതകശ്രമങ്ങൾ
ഇതിനിടയിൽ പല തവണ ഷാവേസിനെതിരായി അട്ടിമറികളുണ്ടായി. 2002ൽ അമേരിക്കൻ പിന്തുണയോടെ സൈന്യത്തിലെ ഒരു വിഭാഗം അട്ടിമറിക്ക് ശ്രമിച്ചെങ്കിലും പൊതുജനങ്ങളുടെ പിന്തുണയോടെ ഷാവേസ് അതിനെ അതിജീവിച്ചു. കലാപകാരികൾ ഷാവേസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജനങ്ങളും സൈന്യത്തിലെ ഒരു വിഭാഗവും ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. 48 മണിക്കൂറിനിടെ ഷാവേസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. ഈ അട്ടിമറിക്ക് പിന്നിൽ സിഐഎ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 2006ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഷാവേസ് ന്യൂയോർക്കിലെത്തിയപ്പോഴും കൊലപാതകശ്രമമുണ്ടായി. ന്യൂയോർക്കിൽ ഒരു പൊതുപരിപാടിയിൽ ഷാവേസ് സംസാരിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഷാവേസ് എത്തുന്നതിന് മുൻപ് അദ്ദേഹത്തിനായി ഒരുക്കിയ ഇരിപ്പിടത്തിൽ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. കസേരയിൽ വലിയ അളവിൽ റേഡിയേഷൻ. കൂടുതൽ പരിശോധനയിൽ ഷാവേസിനായി ഒരുക്കിയ കസേരയിൽ മാത്രമാണ് റേഡിയേഷനുള്ളതെന്നും ഉദ്യോഗസ്ഥർക്ക് മനസ്സിലായി. അമേരിക്കയിലായതിനാൽ തന്നെ കൂടുതൽ അന്വേഷണങ്ങളുണ്ടായില്ലെങ്കിലും ഇതിന് പിന്നിലും സിഐഎ ഇടപെടലുള്ളതായി വെനസ്വേല തെളിവുകൾ സഹിതം ആരോപിച്ചു. അന്ന് ആ കസേരയിൽ ഷാവേസ് ഇരുന്നിരുന്നെങ്കിൽ അദ്ദേഹത്തിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുകയും അതിന്റെ കാരണങ്ങൾ ആരാലും അറിയാതെ പോകുകയും ചെയ്യുമായിരുന്നു. ഇത് കൂടാതെയും ഷാവേസിനെ കൊല്ലാനുള്ള നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. ഇക്കൂട്ടത്തിൽ മനുഷ്യബോംബുകളും കൊടും ക്രിമിനലുകളും സ്‌നൈപ്പറുകളുമെല്ലാമുണ്ടായിരുന്നു.
കൊലപാതകമോ സ്വാഭാവിക മരണമോ?
2011 ജൂണിൽ ക്യൂബ സന്ദർശിക്കുന്നതിനിടയിലാണ് ഷാവേസിന് കാൻസർ ബാധിച്ച വിവരം പുറത്തറിയുന്നത്. തന്റെ ഇടുപ്പിനടുത്തുള്ള ഭാഗത്ത് (Pelvic region) ഒരു മുഴ കണ്ടെത്തിയതായും അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായതായും അദ്ദേഹം തന്നെ ലോകത്തെ അറിയിച്ചു. എന്നാൽ ഏതുതരം കാൻസറാണ് അദ്ദേഹത്തെ ബാധിച്ചതെന്ന് സർക്കാർ വളരെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ചികിത്സ പ്രധാനമായും ക്യൂബയിൽ തന്നെയായിരുന്നു. നിരവധി ശസ്ത്രക്രിയക്കും കീമോകൾക്കും അദ്ദേഹം വിധേയനായി. 2012ൽ രോഗാവസ്ഥയ്ക്കിടയിലും അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം അവസാനത്തോടെ രോഗം വീണ്ടും പിടിമുറുക്കുകയും നാലാമത്തെ ശസ്ത്രക്രിയക്കായി അദ്ദേഹം ക്യൂബയിലേക്ക് പുറപ്പെടുകയും ചെയ്തു. ക്യൂബൻ യാത്രയ്ക്ക് മുന്നോടിയായി വൈസ്പ്രസിഡന്റും പ്രിയപ്പെട്ട അനുയായിയുമായ നിക്കോളാസ് മഡുറോയെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. കരാക്കസിലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ അനുയായികൾ അദ്ദേഹത്തിന് വികാര നിർഭരമായ യാത്രയയപ്പാണ് നൽകിയത്.
2013 ഫെബ്രുവരിയിൽ ഷാവേസ് വെനസ്വേലയിൽ തിരിച്ചെത്തിയെങ്കിലും പൊതുവേദികളിലേക്ക് വന്നില്ല. ശ്വാസകോശ സംബന്ധമായ അണുബാധ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാക്കി. ഒടുവിൽ 2013 മാർച്ച് 5-ന്, 58-ാം വയസ്സിൽ കരാക്കസിലെ സൈനിക ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയാണ് കണ്ണീരോടെ ആ വിയോഗവാർത്ത ലോകത്തെ അറിയിച്ചത്. ഷാവേസിന് രോഗബാധ വന്ന നാൾക്കുമുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും സജീവമായിരുന്നു. ഷാവേസിന്റെ കാൻസർ സ്വാഭാവികമല്ലെന്നും അമേരിക്കയുടെ ഇടപെടൽ ഇതിന് പിന്നിലുണ്ടെന്നും മഡുറോ ഉൾപ്പടെയുള്ളവർ ആരോപിച്ചു. ഒരു പതിറ്റാണ്ടിനിടെ കാൻസർ രോഗബാധിതനാകുന്ന അഞ്ചാമത്തെ ലാറ്റിനമേരിക്കൻ ഇടത് നേതാവാണ് ഷാവേസെന്നുള്ളതും ഇതിന് ആക്കം കൂട്ടി. എന്നാൽ ഇതിനുള്ള തെളിവുകൾ പുറത്തുവിടാൻ അക്കാലത്ത് അവർക്കായില്ല.
ദ ഷാവേസ് കോഡ്
ഷാവേസിനെ അമേരിക്ക വധിച്ചതാണെന്ന് വിശ്വസിക്കുന്നവരിൽ ഷാവേസ് അനുകൂലികളും അമേരിക്കൻ വിമർശകരും മാത്രമല്ല ഉള്ളത്. അമേരിക്കൻ അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ ഇവ ഗോലിങ്കറെ പോലുള്ളവരുമുണ്ട്. The Chávez Code എന്ന പുസ്തകത്തിലുൾപ്പടെ ഇക്കാര്യം അവർ വിശദീകരിക്കുന്നുണ്ട്. 2006ൽ അമേരിക്കൻ ഗവൺമെന്റ് വെനസ്വേലയ്ക്കും ക്യൂബയ്ക്കുമായി 'ഡയറക്ടറേറ്റ് ഓഫ് നാഷണൽ ഇന്റലിജൻസി'ന് കീഴിൽ ഒരു പ്രത്യേക 'മിഷൻ മാനേജരെ' നിയമിച്ചിരുന്നതായി ഇവ പറയുന്നു. ഷാവേസിനെതിരെയുള്ള അട്ടിമറി ശ്രമങ്ങൾ നടത്താൻ ചുമതലപ്പെടുത്തിയ ഈ എലീറ്റ് ഇന്റലിജൻസ് യൂണിറ്റ്, കൊളംബിയയിലെ ഒരു ഇന്റലിജൻസ് സെന്റർ കേന്ദ്രീകരിച്ചാണ് രഹസ്യദൗത്യങ്ങൾ നയിച്ചിരുന്നത്. ഷാവേസിന്റെ മരണശേഷം അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില അനുയായികൾ രാജ്യം വിടുകയും അമേരിക്കയിൽ അഭയം നേടുകയും ചെയ്തിരുന്നു. ഷാവേസിന്റെ സഹചാരിയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ലീംസി സലാസാർ ഉൾപ്പടെയുള്ളവർ സ്‌പെയിൻ വഴി അമേരിക്കയിലെത്തിയത് അമേരിക്കൻ ഏജൻസിയായ ഡിഇഎയുടെ വിമാനത്തിലായിരുന്നു. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് കൊളംബിയയിലെ എലീറ്റ് യൂണിറ്റിലെ ഏജന്റുമാരായിരുന്നു. സലാസാർ ഉൾപ്പടെയുള്ളവരെ ഉപയോഗിച്ച് ഉയർന്ന റേഡിയേഷനിലൂടെയോ മറ്റേതെങ്കിലും രീതികളിലൂടെയോ ഷാവേസിനെ രോഗബാധിതനാക്കിയതാകാമെന്നാണ് ഈവ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
ഷാവേസിന്റെ മകൻ ഹ്യൂഗോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുൻ ആർമി ക്യാപ്റ്റൻ അഡ്രിയാൻ വെലാസ്‌ക്വസ് അഴിമതിക്കാരനായിരുന്നുവെന്ന് പനാമ പേപ്പേഴ്‌സിലൂടെ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മുൻ നേവി ഓഫീസറുമായ ക്ലോഡിയ പാട്രിസിയ ഡയസ് ഗില്ലെൻ വർഷങ്ങളോളം ഷാവേസിന്റെ നഴ്‌സായിരുന്നു. ഷാവേസിനെ തനിച്ച് കാണാൻ അവർക്ക് അനുവാദമുണ്ടായിരുന്നു. മാത്രമല്ല, വർഷങ്ങളോളം അദ്ദേഹത്തിനുള്ള മരുന്നുകളും കുത്തിവെപ്പുകളും ഭക്ഷണവുമെല്ലാം നൽകിയിരുന്നത് ക്ലോഡിയയായിരുന്നു. പനാമ പേപ്പേഴ്‌സ് പ്രകാരം ക്യാപ്റ്റൻ വെലാസ്‌ക്വസും ക്ലോഡിയയും ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപമുള്ള ഒരു ഷെൽ കമ്പനിയുടെ ഉടമകളാണ്. 2015ന് ശേഷം ഇരുവരും വെനസ്വേലയിലേക്ക് മടങ്ങിയിട്ടില്ല. സലാസാറിന്റെ അടുത്ത അനുയായിയിരുന്ന വെലാസ്‌ക്വസിനും ക്ലോഡിയക്കും ഷാവേസിന്റെ മരണവുമായി ബന്ധമുണ്ടാകാമെന്നാണ് ഈവ വിലയിരുത്തുന്നത്. അമേരിക്കൻ സൈന്യത്തിന്റെ രഹസ്യരേഖകൾ പ്രകാരം, രാഷ്ട്രീയ ശത്രുക്കളെ വധിക്കുന്നതിനായി കുത്തിവെക്കാവുന്ന റേഡിയേഷൻ ആയുധങ്ങൾ (Injectable radiation weapon) 1948 മുതൽക്കേ അവർ വികസിപ്പിക്കുന്നുണ്ട്. കെന്നഡി വധത്തെക്കുറിച്ച് അന്വേഷിച്ച ചർച്ച് കമ്മീഷൻ ഹൃദയാഘാതവും സോഫ്റ്റ് ടിഷ്യൂ ക്യാൻസറുകളും (Soft-tissue cancers) ഉണ്ടാക്കാൻ സി.ഐ.എ വികസിപ്പിച്ചെടുത്ത കൊലയാളി ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഷാവേസിന്റെ മരണകാര്യവും മാരകമായ സോഫ്റ്റ് ടിഷ്യു കാൻസറായിരുന്നു. അറുപത് വർഷങ്ങൾക്കിപ്പുറത്തേക്ക് അവരുടെ സങ്കേതികവിദ്യകൾ എത്രത്തോളം വളർന്നിട്ടുണ്ടാകാമെന്നും ഈവ ചോദിക്കുന്നു.
ഇതെല്ലാം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണെന്ന് വാദിക്കാമെങ്കിലും ഇതിനും അപ്പുറത്തുള്ള കാര്യങ്ങൾ പല രാജ്യങ്ങളിലും നടത്തിയിട്ടുള്ള അമേരിക്കയുടെ ചരിത്രം ലോകത്തെ നോക്കി പല്ലിളിച്ചുകാട്ടുന്നുണ്ട്. ഷാവേസിന്റെ മരണത്തിന് പിന്നിൽ അമേരിക്കയാണോ എന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ, ഷാവേസിന്റെ മരണം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അമേരിക്ക തന്നെയാണ്. ഷാവേസ് ഇല്ലാതായതോടെ വെനസ്വേലയുടെ തകർച്ച പുതിയ ഘട്ടത്തിലേക്കെത്തി. ജനകീയതയിൽ ഷാവേസിന്റെ നിഴലാവാൻ പോലും മഡുറോയ്ക്കായില്ല. അവസാനം ഷാവേസ് മരിച്ച് 13 വർഷങ്ങൾ മാത്രം പിന്നിടുമ്പോൾ അമേരിക്ക അവരുടെ സ്വപ്‌നം യാഥാർഥ്യമായിരിക്കുകയാണ്. വെനസ്വേലയിൽ നിന്ന് പുതിയ ഷാവേസുമാർ ഉയർന്നുവന്നില്ലെങ്കിൽ അമേരിക്ക വെനസ്വേലയ്ക്ക് മേൽ അവരുടെ സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്യും.
Content Highlights: Explore the controversial circumstances surrounding Hugo Chávez`s death. Was it natural, or was there a sinister plot? Uncover the geopolitical forces at play.
Published: 06 Jan 2026, 05:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented