മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായ ഖഷോഗിയുടെ വധത്തെക്കുറിച്ച് സല്‍മാന്‍ രാജകുമാരന് അറിയാമായിരുന്നെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ ട്രംപ് തള്ളി. സല്‍മാന്‍ രാജകുമാരനുമായി ചേര്‍ന്ന് ഓവല്‍ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ഖഷോഗി വധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ശബ്ദമുയര്‍ത്തിയാണ് ട്രംപ് നീരസം പ്രകടിപ്പിച്ചത്. എബിസിയുടെ വൈറ്റ്ഹൗസ് ചീഫ് കറസ്പോണ്ടന്റ് മേരി ബ്രൂസിനെ 'മോശം റിപ്പോര്‍ട്ടര്‍' എന്ന് അധിക്ഷേപിക്കുകയും ചെയ്തു. ആദരണീയനായ വ്യക്തിയെ അപമാനിക്കുംവിധം ചോദ്യംചോദിച്ചതിന് എബിസി നെറ്റ്​വർക്കിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഭീഷണി മുഴക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനായി സൗദി രാജകുമാരന്‍ വാഷിങ്ടണിലെത്തിയപ്പോഴായിരുന്നു ട്രംപിന്റെ അതിരുവിട്ട പ്രതികരണം.

To advertise here,

2018-ല്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇരുരാജ്യവും തമ്മില്‍ പിരിമുറുക്കമുണ്ടായശേഷം ഇതാദ്യമായാണ് സൗദി രാജകുമാരന്‍ അമേരിക്കയിലെത്തുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലെത്തുന്നതിന് തൊട്ടുമുമ്പ് സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ സമാധാനപദ്ധതി ഇസ്രയേലിന്റെ പിന്തുണയോടെ മുമ്പോട്ട് കൊണ്ടുപോകുന്നതിനിടെയാണ് സൗദി രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ട്രംപ് ലക്ഷ്യമിടുന്നത്. എങ്ങനെയാണ് നല്ല രീതിയില്‍ പോയിരുന്ന സൗദി-അമേരിക്ക ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്? ചൈനയെ പേടിച്ചാണോ സൗദിയെ കൂടെ നിര്‍ത്താന്‍ ട്രംപ് ശ്രമിക്കുന്നത്? ട്രംപിന്റെ ശ്രമങ്ങള്‍ എത്രത്തോളം വിജയിക്കും?

കോണ്‍സുലേറ്റിലെ കൊലപാതകം

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് 2018 ഒക്ടോബര്‍ രണ്ടിന് കയറിപ്പോയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി പിന്നീട് തിരികെ എത്തിയില്ല. അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസിച്ചിരുന്ന അദ്ദേഹം വിവാഹവുമായി ബന്ധപ്പെട്ടാണ് ഈസ്താംബൂളിലേക്ക് പോയത്. ആദ്യവിവാഹം വേര്‍പ്പെടുത്തിയതിന്റെ രേഖകള്‍ക്കായി കോണ്‍സുലേറ്റിലേക്ക് പോയ അദ്ദേഹം പിന്നെ മടങ്ങിയില്ല. കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് തുര്‍ക്കി സ്ഥിരീകരിക്കുന്നത്. കോണ്‍സുലേറ്റില്‍വെച്ച് അദ്ദേഹം വധിക്കപ്പെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ തുര്‍ക്കി അറിയിച്ചു. ഖഷോഗി കോണ്‍സുലേറ്റില്‍ എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞ സൗദി, അദ്ദേഹത്തെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നായിരുന്നു ആരോപണം. ഇതിനായി സൗദിയില്‍ നിന്ന് 15 പേര്‍ രാജ്യത്തെത്തി കൃത്യം നടത്തി തിരികെപ്പോയെന്നാണ് തുര്‍ക്കി പറഞ്ഞത്. എങ്കിലും ഇതിന്റെ തെളിവുകള്‍ ആ ഘട്ടത്തില്‍ നല്‍കാന്‍ തുര്‍ക്കിക്കായില്ല. ആരോപണങ്ങള്‍ സൗദി നിഷേധിക്കുകയും ചെയ്തു.

സൗദി അറേബ്യയിലെ മാത്രമല്ല, അറബ് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി. 30 വര്‍ഷമായി മാധ്യമപ്രവര്‍ത്തന ജീവിതം നയിച്ച അദ്ദേഹത്തിന്റെ കുടുംബത്തിന് സൗദി രാജകുടുംബവുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. കുടുംബാംഗമായ മുഹമ്മദ് ഖാലിദ് ഖഷോഗി സൗദി രാജാവായിരുന്ന അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ഡോക്ടറായിരുന്നു. ബ്രിട്ടനിലെയും അമേരിക്കയിലെയും സൗദി സ്ഥാനപതിമാരുടെ ഉപദേശകനുമായിരുന്നിട്ടുണ്ട് ജമാല്‍ ഖഷോഗി. അതേസമയം 'അറബ് വസന്ത'ത്തിനു നല്‍കിയ പിന്തുണ അദ്ദേഹത്തെ രാജകുടുംബത്തിന് അനഭിമതനാക്കി. മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളോടുള്ള എതിര്‍പ്പും ഖഷോഗിയുടെ തുറന്നുപറച്ചിലുകളും ശത്രുക്കളെ വിളിച്ചുവരുത്തി. ഇതോടെ 2017-ല്‍ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. അറസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ല എന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹം രാജ്യം വിട്ടത്. പിന്നാലെ അമേരിക്കന്‍ മാധ്യമമായ 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രത്തില്‍ കോളമിസ്റ്റായി.

കോണ്‍സുലേറ്റിലെത്തിയ ഖഷോഗി, ഉച്ചതിരിഞ്ഞ് മടങ്ങിപ്പോയെന്നും അദ്ദേഹത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നും സൗദി ആവര്‍ത്തിച്ചു. ഒടുവില്‍ തുര്‍ക്കി നിരത്തിയ തെളിവിനും അന്താരാഷ്ട്ര സമ്മര്‍ദത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒക്ടോബര്‍ 15-നാണ് ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി സമ്മതിക്കുന്നത്. കോണ്‍സുലേറ്റിനുള്ളില്‍ നടന്ന കൈയാങ്കളിയില്‍ കൊലപാതകം നടന്നു എന്നായിരുന്നു വിശദീകരണം. കോണ്‍സുലേറ്റില്‍ പ്രവേശിച്ചയുടനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം കഷണങ്ങളാക്കി നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും മൃതദേഹം എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഖഷോഗിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികള്‍ എന്ന് സൗദി കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

സല്‍മാന്‍ രാജകുമാരന്‍ പ്രതിക്കൂട്ടില്‍!

കൊലപാതകത്തില്‍ അന്താരാഷ്ട്ര സമൂഹം വലിയ പ്രതിഷേധം ഉയര്‍ത്തി. സൗദി അറേബ്യ മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകമാണിതെന്ന് തുര്‍ക്കി ആരോപിച്ചു. വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമെന്ന് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ തുറന്നടിച്ചു. അധികം വൈകാതെ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആസൂത്രിത കൊലപാതകമാണെന്ന് വിശേഷിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ പലതും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. അന്താരാഷ്ട്രരോഷം തണുപ്പിക്കുന്നതിന്റെ ഭാഗമായി 18 പേരെ സൗദി അറസ്റ്റുചെയ്തു. അഞ്ച് ഉന്നതോദ്യോഗസ്ഥരെ പുറത്താക്കി. ഇതിനിടെ തെളിവുകള്‍ സല്‍മാന്‍ രാജകുമാരനെതിരായി. സൗദി പുറത്താക്കിയവരിലൊരാളായ സൗദ് അല്‍ ഖതാനിയാണ് കൊല നിയന്ത്രിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഖഷോഗിയെ കൊല്ലാന്‍ കോണ്‍സുലേറ്റില്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന 15 അംഗ സംഘത്തിലെ മഹെര്‍ അബ്ദുള്‍ അസീസ് മുത്റെബിന്റെ ഫോണിലേക്ക് ഖതാനി വിളിച്ചിരുന്നതായാണ് പുറത്തുവന്ന വിവരം. സംഭവത്തിനിടെ ഖതാനി നാലുതവണ സല്‍മാന്‍ രാജാവിന്റെ ഓഫീസ് മേധാവിയായ ബാദെര്‍ അല്‍ അസാകറെ വിളിച്ചെന്ന് ഒരു തുര്‍ക്കി ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു.

തെളിവുകള്‍ മുഹമ്മദ് ബിന്‍ സല്‍മാനിലേക്ക് നീണ്ടതോടെ തുര്‍ക്കിയുമായും അമേരിക്കയുമായുള്ള സൗദിയുടെ ബന്ധം ഉലഞ്ഞു. എതിരാളികളെ നിശബ്ദരാക്കാനും വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉപയോഗിച്ച തന്ത്രമായി അവര്‍ കൊലപാതകത്തെ കണ്ടു. ഇതോടെ സ്വതന്ത്രചിന്താഗതിക്കാരന്‍ എന്ന് പാശ്ചാത്യലോകത്തിന് മുന്നില്‍ പ്രതിച്ഛായയുണ്ടാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന് പിഴച്ചു. യുഎസ് കോണ്‍ഗ്രസ്, മാധ്യമങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ചോദ്യമുനയില്‍ നിര്‍ത്തി. 2021-ല്‍, യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഖഷോഗിയുടെ മരണത്തിന് നേരിട്ട് രാജകുമാരന്‍ മുഹമ്മദിന്റെ മേല്‍ കുറ്റം ചുമത്തി. ഖഷോഗിയുടെ കൊലപാതകത്തിന് മുഹമ്മദ് സല്‍മാന്‍ ഉത്തരവിട്ടതായാണ് സിഐഎ നിഗമനത്തിലെത്തിയത്. കിരീടാവകാശിയുടെ സഹോദരനും ഖഷോഗിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം, സൗദി കോണ്‍സുലേറ്റിനുള്ളില്‍ സ്ഥാപിച്ച ഉപകരണത്തില്‍നിന്നുള്ള ഓഡിയോ റെക്കോര്‍ഡിങ് എന്നിവയുള്‍പ്പെടെ രഹസ്യാന്വേഷണ സ്രോതസ്സുകളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തല്‍. സിഐഎയുടെ നിഗമനം സൗദിയെ സമ്മര്‍ദത്തിലാക്കിയെങ്കിലും അവരത് നിഷേധിച്ചു.

സല്‍മാനുമായും സൗദിയുമായും അടുത്ത ബന്ധം നിലനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ യുഎസ് കോണ്‍ഗ്രസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. യെമന്‍ യുദ്ധത്തില്‍ സഹകരണം അവസാനിപ്പിക്കാനുള്ള നടപടി സെനറ്റ് അംഗീകരിക്കുകയും സല്‍മാനെ കുറ്റപ്പെടുത്തുന്ന ഒരു പ്രമേയം പാസാക്കുകയും ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളാണെന്ന് കരുതുന്ന സൗദി പൗരന്മാര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. സൗദിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആയുധ വില്‍പ്പന നിയന്ത്രിക്കണമെന്നും ആവശ്യം ശക്തമായി. രാജ്യത്തിന്റെ നിക്ഷേപ സമ്മേളനം കമ്പനികള്‍ ബഹിഷ്‌കരിച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനിടയിലും അന്വേഷണം തുടര്‍ന്നു. 2019 ജനുവരി മുതല്‍ സൗദി അറേബ്യയില്‍ 11 പ്രതികള്‍ക്കെതിരെ വിചാരണ നടന്നു. കേസില്‍ അഞ്ച് പേര്‍ക്ക് സൗദി വധശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം തടവ് വിധിച്ചപ്പോള്‍ മൂന്ന് പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു. എങ്കിലും, സുതാര്യതയില്ലായ്മയുടെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ വിചാരണ വിമര്‍ശിക്കപ്പെട്ടു. ഒപ്പം ഖഷോഗിയുടെ മൃതദേഹം എവിടെയായിരുന്നു, കൊലപാതകത്തിന് ആരാണ് ഉത്തരവിട്ടത് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. സൗദി-യുഎസ് ബന്ധങ്ങളില്‍ ഇതൊരു തര്‍ക്കവിഷയമായി.

തള്ളിപ്പറയാതെ ട്രംപും ബൈഡനും

രാജ്യത്തിനകത്ത് നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും സമ്മര്‍ദം ശക്തമായിട്ടും ട്രംപ് സൗദിക്കൊപ്പം നിന്നു. യുഎസ് കോണ്‍ഗ്രസ് കര്‍ശന നടപടികള്‍ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയിട്ടും ട്രംപ് വഴങ്ങിയില്ല. ആയുധ ഇടപാടുകളിലെ താല്പര്യങ്ങളും പ്രാദേശിക സുരക്ഷയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ട്രംപ് സൗദി നേതൃത്വത്തെ നേരിട്ട് ലക്ഷ്യംവയ്ക്കാന്‍ മടിച്ചു. സല്‍മാന്‍ രാജകുമാരനെ വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും സിഐഎയുടെ വിലയിരുത്തലുകളെ പല ഘട്ടത്തിലും ചോദ്യംചെയ്യുകയും ചെയ്തു. സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും എണ്ണ, സുരക്ഷ, പ്രാദേശിക സ്ഥിരത എന്നിവയെക്കുറിച്ചുള്ള ട്രംപിന്റെ തന്ത്രപരമായ പരിഗണനകള്‍ ഒടുവില്‍ മുന്‍ഗണന നേടി. ട്രംപിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ പ്രസിഡന്റ് ജോ ബൈഡന്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള ആദ്യ ഔദ്യോഗികയാത്രയില്‍ സൗദി രാജാവിനെയും കിരീടാവകാശിയെയും സന്ദര്‍ശിച്ചു. ബന്ധം മെച്ചപ്പെടുത്താനും ഇറാന്റെ ആണവപദ്ധതി നിയന്ത്രിക്കാനും മറ്റ് പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമമായാണ് ഈ യാത്രയെ വിശേഷിപ്പിച്ചത്. ഇതും പക്ഷേ വലിയ വിമര്‍ശനം വിളിച്ചു വരുത്തി. സല്‍മാന്‍ രാജകുമാരനെ ബൈഡന്‍ കണ്ടതിനെതിരേ ഖഷോഗിയുടെ പ്രതിശ്രുതവധുവില്‍ നിന്ന് ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നു.

ഈ ഘട്ടത്തില്‍ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മില്‍ യുഎസ് മധ്യസ്ഥതയിലുള്ള അബ്രഹാം കരാറുകളില്‍ ചേരാന്‍ സൗദിയെ അമേരിക്ക സമ്മര്‍ദം ചെലുത്തി. അമേരിക്കയുമായി ഒരു പ്രതിരോധ ഉടമ്പടിയും ഒരു പൂര്‍ണ ആണവോര്‍ജ പദ്ധതിക്കുള്ള അംഗീകാരവുമാണ് സൗദി തിരിച്ച് പ്രതീക്ഷിച്ചത്. അതേസമയം, ബൈഡന്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റിയില്ല. ഇതിനൊപ്പം പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പിന്നാലെ ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും യുദ്ധം ആരംഭിക്കുകയും ചെയ്തതോടെ സൗദിയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷ മങ്ങി. ഇതിനിടെ സൗദി ചൈനയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപ്, മിഡില്‍ ഈസ്റ്റിലെ തന്റെ പര്യടനത്തിലെ ആദ്യ ലക്ഷ്യസ്ഥാനമാക്കി സൗദി അറേബ്യയെ മാറ്റി. ഒടുവില്‍ വൈറ്റ്ഹൗസിലെ തന്റെ കൂടിക്കാഴ്ചയില്‍ അദ്ദേഹം നേരിട്ട ആദ്യത്തെ ചോദ്യങ്ങളിലൊന്ന് ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചായിരുന്നു. അപ്പോഴും ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാനെ ന്യായീകരിച്ചു.

ഭയത്തിന് കാരണം ചൈനയോ?

മധ്യേഷ്യയിലെ അമേരിക്കയുടെ സൈനികനീക്കങ്ങളില്‍ സൗദി അറേബ്യ ഒരു നിര്‍ണായക സഖ്യകക്ഷിയാണ്. ഇറാനെതിരായ നീക്കങ്ങള്‍ക്ക് സൗദിയുടെ പ്രാധാന്യം വളരെ വലുതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക പ്രതിരോധ കരാറുകളും അടുത്ത സൈനിക സഹകരണവും പങ്കാളിത്തവുമാണുള്ളത്. ഊര്‍ജം, സാങ്കേതികവിദ്യ, സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ സൗദിയിലെ വിശാലമായ നിക്ഷേപ സാധ്യതകളെയും അമേരിക്ക മുന്‍കൂട്ടി കാണുന്നു. ആയുധ വില്‍പ്പനയിലും പ്രതിരോധ കരാറുകളിലും എല്ലാക്കാലത്തും അമേരിക്ക കണ്ണുവെയ്ക്കുന്നു. ആഗോള എണ്ണ വിപണിയില്‍ സൗദി നിര്‍ണായക സ്ഥാനം വഹിക്കുന്നതും അമേരിക്കയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഊര്‍ജസുരക്ഷയ്ക്കും വില സ്ഥിരതയ്ക്കും അവരുമായുള്ള സഹകരണം നിര്‍ണായകമാണ്. ട്രംപ് മാത്രമല്ല, ഏതൊരു അമേരിക്കന്‍ ഭരണകൂടവും ഇക്കാര്യങ്ങള്‍ക്കെല്ലാം മുന്‍ഗണന നല്‍കുന്നു. അതിനാല്‍ തന്നെയാണ് നയതന്ത്ര വിവാദങ്ങള്‍ക്കിടയിലും സാമ്പത്തികബന്ധം നിലനിര്‍ത്താന്‍ അമേരിക്ക ശ്രമിച്ചത്.

ഖഷോഗിയുടെ കൊലപാതകത്തെ അമേരിക്കന്‍ കോണ്‍ഗ്രസും മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചെങ്കിലും ബൈഡനും ട്രംപും മനുഷ്യാവകാശ വാദത്തേക്കാള്‍ ദേശീയ താല്‍പ്പര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കിയതെന്ന് അവരുടെ നടപടികള്‍ വ്യക്തമാക്കുന്നു. പലപ്പോഴും സംഭവത്തെ കുറച്ചുകാണുകയോ പഴിചാരുന്നത് ഒഴിവാക്കുകയോ ചെയ്തു. സൗദിയെ ഒപ്പം നിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പലപ്പോഴും നിലപാടിനെ ന്യായീകരിക്കുകയും ചെയ്തു. സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് മിഡില്‍ ഈസ്റ്റിലെ തന്ത്രപരമായ ലക്ഷ്യങ്ങളെ അപകടത്തിലാക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. സൗദി നേതൃത്വത്തിന്റെ വിമര്‍ശകനായ ഖഷോഗിയുടെ കൊലപാതകത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്ന് ഓവല്‍ ഓഫീസിലിരുന്ന് ട്രംപ് പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെയാണ്.

മിഡില്‍ ഈസ്റ്റിലെ ചൈനീസ് സ്വാധീനത്തെയും ട്രംപ് ഭയക്കുന്നു. ചൈനയുടെ മധ്യസ്ഥതയിലാണ് 2023-ല്‍ സൗദി-ഇറാന്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഉടമ്പടിയുണ്ടാക്കിയത്. സൗദിയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി എന്ന യുഎസിന്റെ സ്ഥാനവും കഴിഞ്ഞവര്‍ഷം ചൈന കൈയടക്കി. ആയുധവ്യാപാരകാര്യത്തില്‍ യുഎസാണ് വലിയ പങ്കാളിയെങ്കിലും കഴിഞ്ഞമാസം സൗദിയില്‍വെച്ച് ചൈനയുമായി സൈനികാഭ്യാസവും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ സൗദിക്ക് എഫ്-35 വിമാനങ്ങള്‍ വില്‍ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉദ്ദേശ്യത്തിന് പിന്നിലും ലക്ഷ്യങ്ങള്‍ ഏറെയുണ്ട്. അടുത്തബന്ധമുള്ളതിനാല്‍ സാങ്കേതികവിദ്യ അവരില്‍നിന്ന് ചൈന ചോര്‍ത്തിയെടുക്കുമോ എന്ന ഭയത്തിനിടയിലാണ് എഫ്-35 നല്‍കാന്‍ അമേരിക്ക തയ്യാറാകുന്നത് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. സൗദിയെ ഒപ്പം നിര്‍ത്തുക തന്നെയാണ് ലക്ഷ്യം. ഇതിനെ ചൈനീസ് സ്വാധീനത്തെ മറികടക്കുന്നതിനുള്ള മാര്‍ഗമായികൂടെ ട്രംപ് ഭരണകൂടം കാണുന്നു. ചൈന എണ്ണ എത്ര വാങ്ങിയാലും ചൈനീസ് കമ്പനികള്‍ സൗദിയില്‍ എത്ര നിക്ഷേപം നടത്തിയാലും സൗദി ഒരു യുഎസ് പങ്കാളിയായി തുടരണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു.