എങ്ങനെയാണ് ചബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെത്തിയത്? എന്താണ് ചബഹാറിന്റെ പ്രാധാന്യം? അമേരിക്കൻ ഉപരോധം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ഇന്ത്യയ്ക്കെതിരേ വീണ്ടും കടുത്ത നീക്കവുമായി അമേരിക്ക! ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ അമേരിക്ക പിൻവലിക്കും. തുറമുഖത്തിന് 2018-ൽ നൽകിയ ഉപരോധങ്ങളിലെ ഇളവ് പിൻവലിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ചബഹാര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്നാണ് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് ഭീഷണിപ്പെടുത്തിയത്. സെപ്റ്റംബർ 29 മുതൽ ഇത് നടപ്പാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് മേൽ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി അവര്‍ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്താനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. പക്ഷേ, പാകിസ്താനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാറിന് ഉപരോധം വന്നാല്‍ തുറമുഖത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാകും. വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്നതാണിത്. എങ്ങനെയാണ് ചബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെത്തിയത്? എന്താണ് ചബഹാറിന്റെ പ്രാധാന്യം? അമേരിക്കൻ ഉപരോധം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?
ചബഹാർ, മധ്യേഷ്യയിലേക്കുള്ള കവാടം
തന്ത്രപരവും സാമ്പത്തികവും പ്രാദേശികവുമായ കാരണങ്ങളാൽ പതിറ്റാണ്ടുകളായി ഇറാനിലെ ചബഹാർ തുറമുഖത്തിൽ ഇന്ത്യയ്ക്ക് താൽപര്യമുണ്ട്. ഒമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചബഹാറിന്റെ പ്രാധാന്യം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഇന്ത്യ തിരിച്ചറിയുന്നത്. പാകിസ്താനെ ആശ്രയിക്കാതെ, അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും കരമാർഗവും സമുദ്രമാർഗവും പ്രവേശനം നൽകാൻ കഴിവുള്ള ഇറാന്റെ തുറമുഖമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഇത് വളരെ പ്രധാനമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്താനിലൂടെയുള്ള കരമാർഗ വ്യാപാര മാർഗങ്ങൾ പലപ്പോഴും സാധ്യമല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. 2002-ൽ അന്നത്തെ ഇറാനിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹസൻ റൂഹാനിയും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയും ഇക്കാര്യത്തിൽ ചർച്ച നടത്തിയതോടെയാണ് ചബഹാറുമായുള്ള ഇന്ത്യയുടെ ബന്ധം ഔദ്യോഗികമായി ആരംഭിക്കുന്നത്.
തുറമുഖ വികസനത്തിലും പ്രാദേശിക കണക്റ്റിവിറ്റി പദ്ധതികളിലും പങ്കാളിത്തത്തിനുള്ള അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ചകൾ. അടുത്ത വർഷം പ്രസിഡന്റ് ഖതാമിയുടെ ഇന്ത്യാ സന്ദർശനവേളയിൽ, അദ്ദേഹവും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും തന്ത്രപരമായ സഹകരണത്തിനുള്ള ഒരു ‘റോഡ് മാപ്പി’ൽ ഒപ്പുവച്ചു, ചബഹാറിന്റെ വികസനം മുൻഗണനയായി പ്രഖ്യാപിച്ചു. പക്ഷേ, ആ സമയത്താണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. അതോടെ, ചബഹാര്‍ അനിശ്ചിത്വത്തിലുമായി. ഇറാനെതിരായ ഉപരോധങ്ങൾ, രാഷ്ട്രീയ സങ്കീർണതകൾ എന്നിവ കാരണം ആദ്യവർഷങ്ങളിൽ പുരോഗതി മന്ദഗതിയിലായിരുന്നു.
2015-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിൽ സ്ഥിരാംഗങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും ഇറാനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ചബഹാർ തുറമുഖത്തിന്റെ കാര്യത്തിൽ പിന്നീട് പുരോഗതി ഉണ്ടാകുന്നത്. ആ വർഷം ജൂലായ് 15-ന് ഇറാനുമായി രാജ്യങ്ങള്‍ ജോയന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്ന ആണവക്കരാറില്‍ ഒപ്പുവെച്ചതോടെ ഇറാന്റെ മേലുള്ള ഉപരോധങ്ങളുടെ പിടി അയഞ്ഞു. അതോടെ ചബഹാറിനെ ഇന്ത്യ ഏറ്റെടുക്കാനുള്ള വഴികള്‍ വീണ്ടും തുറന്നു. 2016 മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന് സന്ദര്‍ശനവേളയില്‍ ചബഹാർ തുറമുഖ വികസനത്തിനുള്ള ഉടമ്പടിൽ ഇന്ത്യയും ഇറാനും ഒപ്പുവെച്ചു.
തുറമുഖത്തെ കാർഗോ ബെർത്തുകളും ടെർമിനലും വികസിപ്പിക്കുന്നതിന് മാത്രം 200 മില്യൺ ഡോളറാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിനൊപ്പം ചബഹാർ തുറമുഖത്തെ അഫ്ഗാനിലെ സറൻജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയും പ്രഖ്യാപിച്ചു. ഇന്ത്യ- ഇറാൻ- അഫ്ഗാനിസ്താൻ എന്നീ മൂന്നു രാജ്യങ്ങളും ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കൊറിഡോറിലൂടെയുള്ള ചരക്കുനീക്കത്തിനായി ത്രികക്ഷി കരാറിലും ഒപ്പുവെച്ചു. പദ്ധതിക്കായി ഇന്ത്യ 500 മില്യൺ ഡോളര്‍ (ഏകദേശം 3376 കോടി രൂപ) നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ, പ്രത്യേകിച്ച് ഷാഹിദ് ബെഹെഷ്തി ടെർമിനലിൽ ഇന്ത്യ പ്രഖ്യാപിച്ച നിക്ഷേപം രാജ്യത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര തുറമുഖ പ്രവർത്തനമായി മാറി.
ഇറാനുമായി ഉണ്ടാക്കിയ ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയാണെന്ന് 2018 മേയ് 8-ന് അമേരിക്ക പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഇറാനുമായി വ്യാപാര-വ്യാണിജ-നിര്‍മാണ കരാറുകൾ ഉണ്ടാക്കിയ രാജ്യങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍, വ്യക്തികള്‍, തുടങ്ങിയവർ സ്വയം പിന്മാറണമെന്നായിരുന്നു അമേരിക്ക ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം ഇടപാടുകള്‍ മരവിപ്പിക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. അതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
ഒരുഘട്ടത്തിൽ യുഎസിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കുറയ്ക്കുകയും ചെയ്തു. പക്ഷേ, പിന്നീട് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുള്‍പ്പടെ എട്ട് സുഹൃദ്രാജ്യങ്ങള്‍ക്ക് യുഎസ് അനുമതി നല്കി. ചബഹാര്‍ തുറമുഖത്തിലും യു.എസ്. ഇന്ത്യയ്ക്ക് ഇളവ് നല്കി. ചബഹാര്‍ തുറമുഖത്തെ അഫ്ഗാനിസ്താനുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍ നിര്‍മാണം തുടരാനും അനുമതി ലഭിച്ചു. അഫ്ഗാന്റെ ഉപയോഗത്തിനായി ഉപരോധ പട്ടികയില്‍പ്പെടാത്ത വസ്തുക്കള്‍ തുറമുഖംവഴി കൊണ്ടുപോകാനും തടസമുണ്ടായിരുന്നില്ല. അന്നത്തെ അഫ്ഗാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ തടസമുണ്ടാകാതിരിക്കാനായിരുന്നു ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത്.
എന്താണ് ചബഹാറിന്റെ പ്രാധാന്യം?
ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായി വളരെ പ്രാധാന്യമുണ്ട് ചബഹാര്‍ തുറമുഖത്തിന്. ഇറാന്റെ തെക്കന്‍ തീരത്തെ എണ്ണസമ്പുഷ്ടമായ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചബഹാര്‍ ആഴക്കടല്‍ തുറമുഖം. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും ചബഹാറിനേക്കാള് മികച്ചൊരു കവാടം ഇന്ത്യയ്ക്ക് തുറന്നുകിട്ടാനില്ല. ഇന്ത്യയ്ക്ക് കരമാര്‍ഗമാണ് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്കുനീക്കം വേഗത്തിൽ സാധ്യമാകുക. അതിന് പാകിസ്താൻ വെല്ലുവിളിയാണ്. പാകിസ്താനിലൂടെ ഇന്ത്യയുടെ ചരക്കുനീക്കം സാധ്യമല്ല. സൂയസ് കനാൽ, കരിങ്കടൽ വഴി കപ്പലുകളിൽ യൂറോപ്പിൽ എത്തിച്ച് കരയിലൂടെയോ കാസ്പിയൻ വഴിയോ അയക്കുകയാണ് ഒരു മാർഗം. ഇത് ചെലവേറിയതും കൂടുതൽ സമയം എടുക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണ് ചബഹാർ. മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ കേന്ദ്രമാകാന്‍ ഈ തുറമുഖത്തിന് കഴിയും. അഫ്ഗാനിസ്താന്, മധ്യേഷ്യ, വിശാലമായ യുറേഷ്യന്‍ മേഖല എന്നിവയിലേക്കുള്ള ഇന്ത്യയുടെ നിര്‍ണായകമായ കണക്ടിവിടി ലിങ്കായി ചബഹാര്‍ മാറും.
പാകിസ്താൻ വഴിയുള്ള പരമ്പരാഗത പാതകളെ അപേക്ഷിച്ച് ചരക്കുനീക്കത്തിനുള്ള ചെലവിൽ 30% ലാഭിക്കാനും യാത്രാസമയം 40 ശതമാനത്തോളം ലാഭിക്കാനും ചബഹാർ വഴിയുള്ള ബദൽ കടൽ-കര പാതയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പാത സാധ്യമാകുന്നതോടെ വിഭവസമൃദ്ധമായ മധ്യേഷ്യൻ വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം സുഗമമാക്കുകയും ഇന്ത്യൻ കയറ്റുമതിക്കും നിക്ഷേപത്തിനും അവസരങ്ങൾ നൽകുകയും ചെയ്യും. അഫ്ഗാനിസ്താനിലേക്ക് ഗോതമ്പ്, മരുന്ന് പോലുള്ള സഹായം കാര്യക്ഷമമായി നൽകാൻ തുറമുഖം ഇന്ത്യയെ പ്രാപ്തമാക്കുന്നു. ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറുമായുള്ള (ഐഎൻഎസ്ടിസി) സംയോജനം വഴി ഇന്ത്യയെ റഷ്യ, ഇറാൻ, യൂറോപ്പ്, യുറേഷ്യ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ വ്യാപാരത്തെ വൈവിധ്യവൽക്കരിക്കുകയും നിർണായക സമുദ്ര ചോക്ക്പോയിന്റുകളിലുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും.
ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചൈന വികസിപ്പിക്കുന്ന പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തിന് 90 കിലോമീറ്റര്‍ മാത്രം അകലെയാണ് ചബഹാര്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ ചൈനയ്ക്കും പാകിസ്താനുമുള്ള മറുപടി. അയല്‍രാജ്യങ്ങളിലെ തുറമുഖത്ത് സ്വാധീനമുറപ്പിച്ച് ഇന്ത്യയെ വരിഞ്ഞു മുറുക്കാനുള്ള ചൈനീസ് തന്ത്രത്തിന് ബദല്‍ എന്ന നിലയില്‍ നമുക്ക് നിര്‍ണായകമാണ് ചബഹാര്‍. ഗ്വാദർ തുറമുഖത്തിന്റെ വികസനത്തിന് ഒരു പ്രതിരോധമായി ഈ തുറമുഖം പ്രവർത്തിക്കുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലും പശ്ചിമേഷ്യയിലും ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ തടയുന്നു. അറേബ്യൻ കടലിലെയും അറേബ്യൻ ഗൾഫിലെയും കടൽപാതകൾ നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കടൽക്കൊള്ളയുടെയും പ്രാദേശിക അസ്ഥിരതയുടെയും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് ചബഹാറിനെ ഒരു നാവികതാവളമായി ഉപയോഗിക്കാം. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തെയും സാമ്പത്തിക ബന്ധത്തെയും പിന്തുണയ്ക്കുന്നതിലൂടെ, ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രാദേശിക സ്ഥിരതയ്ക്ക് ചബഹാർ സംഭാവന നൽകുന്നു.
ഇന്ത്യയ്ക്ക് മുന്നിലെന്ത്?
ഇറാനെതിരായ അമേരിക്കൻ ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഉപരോധങ്ങൾ വകവെക്കാതെ തുറമുഖത്തിന്റെ വികസനത്തിന് സഹകരിച്ച ഏക വിദേശരാജ്യം ഇന്ത്യയാണ്. 2017 ഡിസംബറിൽ, ഷാഹിദ് ബെഹെഷ്തി തുറമുഖത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു. അതേവർഷം തന്നെ ഇന്ത്യ ചബഹാർ വഴി അഫ്ഗാനിസ്താനിലേക്ക് ഗോതമ്പിന്റെ ആദ്യ ലോഡ് അയച്ചു. 2018 ഡിസംബറിൽ, ഷാഹിദ് ബെഹെഷ്തിയിലെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ്(ഐപിജിഎൽ) ഏറ്റെടുത്തു. ഐപിജിഎൽ പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം ഷാഹിദ് ബെഹെഷ്തി തുറമുഖം നാല് ഘട്ടങ്ങളായാണ് വികസിപ്പിക്കുന്നത്. നാല് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ, തുറമുഖശേഷി പ്രതിവർഷം 82 ദശലക്ഷം ടൺ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇറാനുമായി വ്യാപാര ഇടപാടുകളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് ഇളവ് അനുവദിച്ചു.
ചബഹാര്‍ സംബന്ധിച്ച നിലവിലെ അമേരിക്കൻ തീരുമാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. 2018-ലെ ഇറാന് ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫെറേഷന് ആക്ട്(ഐഎഫ്സിഎ) പ്രകാരമാണ് നിലവിൽ ഉപരോധമേര്‍പ്പെടുത്തുന്നത്. ഇളവ് പിൻവലിച്ചത് ഇന്ത്യൻ കമ്പനികളെ, പ്രത്യേകിച്ച് ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡിനെ, ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ-പ്രൊലിഫറേഷൻ ആക്ട് (IFCA) പ്രകാരമുള്ള ഉപരോധങ്ങൾക്ക് വിധേയമാക്കുന്നു. ഉപരോധങ്ങൾ ഇന്ത്യയുടെ പ്രവർത്തനങ്ങളെയും തുറമുഖത്തിലെ നിക്ഷേപങ്ങളെയും സങ്കീർണമാക്കുന്നു.
തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ടെർമിനൽ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഇറാനുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ച് ഒരു വർഷത്തിന് ശേഷമുള്ള അമേരിക്കൻ തീരുമാനം ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഈ നീക്കം ഇന്ത്യയുടെ 500 മില്യൺ ഡോളറിന്റെ നിക്ഷേപത്തെ മാത്രമല്ല, പാകിസ്താനെ മറികടന്ന് മധ്യേഷ്യയുടെ വിപണികളിൽ ഇടപെടുന്നതിനെയും അടിസ്ഥാനമാക്കിയുള്ള ദീർഘകാല കണക്റ്റിവിറ്റി പദ്ധതികൾക്കും വെല്ലുവിളിയാണ്.
Content Highlights: US revokes sanctions waiver for India`s Chabahar Port project in Iran. Impact on India`s trade, connectivity, and strategic interests in Central Asia.
Published: 26 Sept 2025, 05:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented