ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ഒരാള്‍, അഞ്ചുകൊല്ലം യുഎസ് സൈന്യത്തിന്റെ തടവില്‍ കഴിഞ്ഞയാള്‍. അല്‍-ഖ്വയ്ദയുടെ സിറിയന്‍ അനുബന്ധ ഗ്രൂപ്പായ അല്‍ നുസ്ര ഫന്റി(Al-Nusrah Front)ന്റെ തലവനായ ഇയാളുടെ തലയ്ക്ക് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് ഒരുകോടി ഡോളറാണ്. അബു മുഹമ്മദ് അല്‍ ജുലാനി എന്ന അഹമ്മദ് അല്‍ ഷരാ(Ahmed al-Sharaa). വിമതവിപ്ലവത്തിലൂടെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് സിറിയയില്‍ അധികാരംപിടിച്ച സിറിയന്‍ ഇടക്കാല പ്രസിഡന്റ്. ഒരുകാലത്ത് തലയ്ക്ക് വിലപറഞ്ഞ് ഭീകരനായി കണ്ടിരുന്ന അല്‍ ഷരാ അമേരിക്കയ്ക്ക് സ്വീകാര്യനാകുകയാണ്. മേയ് 14-ന് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. സൗദി സന്ദര്‍ശനവേളയിലായിരുന്നു കൂടിക്കാഴ്ച. 25 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമാണ് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ നേരില്‍ കാണുന്നത്. മധ്യേഷ്യയെ സംബന്ധിച്ച് എന്തുകൊണ്ടും പ്രധാനപ്പെട്ട കൂടിക്കാഴ്ച. 

To advertise here,

സിറിയയെ സുസ്ഥിരമാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അല്‍ ഷരാ സര്‍ക്കാറിന് സാധിക്കുമെന്നും ട്രംപ് പ്രത്യാശപ്രകടിപ്പിച്ചു. സിറിയയുടെ ദീര്‍ഘകാല ശത്രുവായ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ ട്രംപ് അല്‍ ഷരായോട് ആവശ്യപ്പെട്ടു.  ഇസ്രയേല്‍-അറബ് ബന്ധം സാധാരണനിലയിലാക്കാനായി 2020-ല്‍ അമേരിക്കയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ അബ്രഹാം ഉടമ്പടിയില്‍ സിറിയ പങ്കാളിയാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഉചിതമായ സമയത്ത് സൗദി അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. ഒപ്പം ആഭ്യന്തരയുദ്ധം തുടങ്ങിയ 2011 മുതല്‍ സിറിയക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. സിറിയയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനം. പതിമൂന്നു വര്‍ഷത്തെ ആഭ്യന്തരയുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയുടെ പുനര്‍നിര്‍മാണത്തിനാണ് ഇതോടെ വഴി തെളിയുന്നത്. 

സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍

സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് നീണ്ട വര്‍ഷത്തെ ചരിത്രമുണ്ട്. സിറിയയ്ക്കെതിരേ വ്യത്യസ്തഘട്ടങ്ങളിലായി മൂന്ന് ഉപരോധങ്ങളാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. 1979-ല്‍ രാജ്യം ഹാഫിസ് അല്‍-അസദിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത് ആരംഭിച്ചതാണ് ഈ ഉപരോധങ്ങള്‍. അയല്‍രാജ്യമായ ലെബനന്റെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ടതും അവിടുത്തെ സായുധ ഗ്രൂപ്പുകളെ പിന്തുണച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആദ്യത്തെ ഉപരോധം. ഭീകരസംഘടനയായ ഹിസ്ബുള്ള ഗ്രൂപ്പുമായി ശക്തമായ ബന്ധം എടുത്തുപറഞ്ഞുകൊണ്ട് അമേരിക്ക സിറിയയെ 'ഭീകരതയുടെ സ്‌പോണ്‍സര്‍' ആയി പ്രഖ്യാപിക്കുകയും സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒപ്പം വിദേശസഹായം വിലക്കുകയും ആയുധഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

1986-ല്‍ റൊണാള്‍ഡ് റീഗന്റെ ഭരണകൂടം സിറിയന്‍ വിമാനങ്ങള്‍ യുഎസില്‍ ഇറങ്ങുന്നത് നിരോധിക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2003-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യൂ. ബുഷ്, സിറിയ കൂട്ടനശീകരണ ആയുധങ്ങള്‍ കൈവശം വച്ചിട്ടുണ്ടെന്ന് അരോപിച്ചു. ഹിസ്ബുള്ളയും ഹമാസും ഉള്‍പ്പെടെ മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ അവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ഇറാഖിനെയും ലെബനനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു അമേരിക്കയുടെ ആരോപണം. പിന്നലെ അദ്ദേഹം Syria Accountability and Lebanese Sovereignty Restoration Act ഒപ്പുവെച്ചു. ഉപരോധം ശക്തമാകുകയും ഇത് സിറിയയുടെ സാമ്പത്തിക ഇടപെടലുകള്‍ കൂടുതല്‍ പരിമിതപ്പെടുത്തുകയും ചെയ്തു. കയറ്റുമതി നിരോധിക്കുന്നതിനൊപ്പം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. 

placeholder
ബാഷര്‍ അല്‍ അസദ് | Photo : Borna News/Matin Ghasemi/Aksonline ATPImages/Getty Images

ഹാഫിസ് അല്‍-അസദിന് പിന്നാലെ മകന്‍ ബാഷര്‍ അല്‍-അസദ് അധികാരത്തിലെത്തിയിട്ടും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. 2011-ന് ശേഷംനടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ബാഷര്‍ അല്‍-അസദ് സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തി. ഇത് സിറിയയെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചു.  യുദ്ധക്കുറ്റകൃത്യങ്ങള്‍ക്കും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ ഭരണകൂടവുമായി ബന്ധമുള്ള വ്യക്തികളുടെ ആസ്തികള്‍ മരവിപ്പിക്കുകയും യൂറോപ്പിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തു. സാങ്കേതികവിദ്യ, എണ്ണ, പ്രകൃതി വാതകം എന്നിവയുള്‍പ്പെടെയുള്ളവയുടെ വാങ്ങല്‍, വില്‍പ്പന, കയറ്റുമതി എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ഭക്ഷണവും മരുന്നും ഒഴികെ, സിറിയയിലേക്കുള്ള യുഎസ് സാധനങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാരബന്ധങ്ങളും നിരോധിച്ചുകൊണ്ട് യുഎസ് കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോയി. 2019-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് Caesar Syria Civilian Protection Act പ്രകാരം ഉപരോധങ്ങള്‍ കടുപ്പിച്ചു. സിറിയന്‍ കമ്പനികളുമായും സ്ഥാപനങ്ങളുമായും ഇടപാടുകളില്‍ ഏര്‍പ്പെട്ടാല്‍ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇതോടെ അമേരിക്കയ്ക്ക് സാധിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ചൈനയും റഷ്യയും വീറ്റോ ചെയ്തതിനാല്‍ രാജ്യത്തിന്മേല്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയില്ല. പക്ഷേ രാജ്യത്തുനിന്നുള്ള നിരവധി ഗ്രൂപ്പുകളെ ഭീകര സംഘടനകളായി യു.എന്‍. പ്രഖ്യാപിച്ചു. 

സിറിയയെ തകര്‍ത്ത് ഉപരോധങ്ങള്‍ 

നീണ്ട വര്‍ഷത്തെ ഉപരോധങ്ങള്‍ സിറയന്‍ ജനതയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. അമേരിക്കന്‍ ഉപരോധങ്ങളും മറ്റ് രാജ്യങ്ങളുടെ സമാന നടപടികളും സിറിയന്‍ സമ്പദ്വ്യവസ്ഥയേയും രാജ്യത്തെ ദൈനംദിന ജീവിതത്തേയും ബാധിച്ചു. ഇന്ധനം മുതല്‍ മരുന്ന് വരെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമത്തിലേക്കാണ് അത് രാജ്യത്തെ നയിച്ചത്. സിറിയയില്‍നിന്നുള്ള കയറ്റുമതി വലിയ തോതില്‍ കുറഞ്ഞു. മറ്റു രാജങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക്‌ സിറിയയിലേക്ക് കയറ്റുമതി സാധ്യമല്ലായെയായി. സിറയയുമായുള്ള മിക്കവാറും എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിച്ചതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ രാജ്യം പാടുപെട്ടു. കള്ളക്കടത്ത് വസ്തുക്കളുടെ കരിഞ്ചന്ത വളരുന്നതിന് ഇത് കാരണമായി. യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങളില്‍നിന്ന് ഉപരോധങ്ങള്‍മൂലം സമ്പദ്വ്യവസ്ഥയ്ക്ക് കരകയറാനായില്ല. ജലവിതരണം, ഊര്‍ജ്ജവിതരണം പോലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പോലും ഇതോടെ പരിഹരിക്കാന്‍ കഴിഞ്ഞില്ല. വൈദ്യുതി, വെള്ളം, ഗതാഗതം തുടങ്ങിയ ഏറ്റവും അടിസ്ഥാന സേവനങ്ങള്‍ പോലും പ്രവര്‍ത്തനരഹിതമായി. യുദ്ധവും ഉപരോധങ്ങളും രാജ്യത്തെ ആരോഗ്യമേഖലയേയും വിദ്യാഭ്യാസ രംഗത്തേയും സാരമായി ബാധിച്ചു. 

സ്മാര്‍ട്ട്ഫോണുകള്‍ അപ്ഡേറ്റ് ചെയ്യുന്നത് പോലുള്ള ലളിതമായ പ്രവര്‍ത്തികള്‍ക്ക്‌ പോലും രാജ്യത്ത് ബുദ്ധിമുട്ട് നേരിട്ടു. ഇന്റര്‍നെറ്റ് സേവനത്തിനായി പലരും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളെയോ വിപിഎന്നിനേയോ ആശ്രയിക്കേണ്ടിവന്നു. സിറിയന്‍ ഐപി വിലാസങ്ങളുള്ള പല വെബ്സൈറ്റുകളും തടയപ്പെട്ടു. മനുഷ്യത്വപരമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇളവുകള്‍ ഉണ്ടായിരുന്നെങ്കിലും സിറിയയുമായി ഇടപെടാന്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും വിസമ്മതിച്ചു. ഒരുഘട്ടത്തില്‍ അമേരിക്ക ഉപരോധങ്ങള്‍ കടുപ്പിച്ചതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ പോലും തടസ്സപ്പെടുകയും സിറിയന്‍ ജനതയ്ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്തു. സിറിയ അന്താരാഷ്ട്ര ബാങ്കിങ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അതിനാല്‍തന്നെ ഒരു നിക്ഷേപകനും നിയമപരവും സുതാര്യവുമായ മാര്‍ഗങ്ങളിലൂടെ സിറിയയിലേക്ക് പണം അയക്കാന്‍ സാധിച്ചില്ല. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ സഹായിക്കാനും സിറിയയില്‍ നിക്ഷേപിക്കാനും ആഗ്രഹിച്ചിരുന്ന അറബ് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്ക് ഉപരോധങ്ങള്‍ കാരണം അത് ചെയ്യാനും കഴിഞ്ഞില്ല. 

രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള സഹായമെത്തിക്കുന്ന മനുഷ്യാവകാശസംഘടനകളുടെ പ്രവര്‍ത്തനത്തേയും ഉപരോധം ബാധിച്ചു. അത്തരം സംഘടനകള്‍ക്ക് ധനസഹായം സ്വീകരിക്കാനും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാനും സാധിക്കാതെ വന്നു. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ 7.8 തീവ്രതയുള്ള ഭൂകമ്പത്തിന് ശേഷം ഇതിന്റെ ആഘാതം രൂക്ഷമായി. യുദ്ധംമൂലമുണ്ടായ നാശവും ദുരിതവും ഭൂകമ്പത്തോടെ അതിന്റെ പരിധിവിട്ടു. ഈ ഘട്ടത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും അമേരിക്ക ആറ് മാസത്തെ ഇളവ് നല്‍കിയിരുന്നു. പക്ഷേ, ബാങ്കുകളും കമ്പനികളും ഭാവിയിലുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ ഭയപ്പെട്ടതോടെ ഈ നടപടികള്‍ക്ക് പരിമിതമായ ഫലമേ ഉണ്ടാക്കിയുള്ളൂ. യുദ്ധത്തിന്റെയും ഉപരോധങ്ങളുടെയും ഫലമായി, സിറിയയിലെ 23 ദശലക്ഷം ജനങ്ങളില്‍ 90 ശതമാനത്തിലധികവും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2010-നും 2023-നും ഇടയില്‍ സമ്പദ്വ്യവസ്ഥ 84 ശതമാനം ചുരുങ്ങി. ഡോളറിനെതിരെ സിറിയന്‍ പൗണ്ട് കൂപ്പുകുത്തി.

placeholder
സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി കൂടിക്കാഴ്ച നടത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് | ഫോട്ടോ: AFP

അമേരിക്കയുടെ നയങ്ങളില്‍ വലിയ മാറ്റം

ബാഷര്‍ അല്‍-അസദിന്റെ ഭരണകാലത്താണ് അമേരിക്ക സിറിയയ്ക്ക് മേല്‍ വ്യാപകമായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. അസദ് ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്. ഇത് പക്ഷേ ബാധിച്ചത് സിറിയയിലെ സാധാരണക്കാരെയാണ്. ഉപരോധങ്ങളുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതായിരുന്നു. 1971 മുതല്‍ 2024 വരെ അസദ് രാജ്യം ഭരിച്ചു. 54 വര്‍ഷം നീണ്ട അസദ് കുടുംബവാഴ്ച അട്ടിമറിച്ച് 2024 ഡിസംബറിലാണ് വിമതസേനയെ നയിച്ച അബൂ മുഹമ്മദ് അല്‍ ജുലാനി എന്ന അല്‍ ഷരാ ഇടക്കാല പ്രസിഡന്റാകുന്നത്. വിമതസേന രാജ്യം പിടിച്ചപ്പോള്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. അസദിനെ പുറത്താക്കി ഷരാ അധികാരത്തിലെത്തിയതോടെ പക്ഷേ അമേരിക്ക നയംമാറ്റി. ഉപരോധം പിന്‍വലിക്കുന്നതിലേക്കടക്കം അത് എത്തി. മധ്യേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ചത്.

പിന്നാലെ അദ്ദേഹം രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി കൂടിക്കാഴ്ച നടത്തി.  2000-ലായിരുന്നു അവസാനമായി ഇരുരാജ്യങ്ങളുടേയും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ നേരില്‍ കണ്ടത്. ഷരായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കും പ്രത്യേകതകള്‍ ഏറെടുണ്ടായിരുന്നു. ഒരുകാലത്ത് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചയാളായിരുന്നു അദ്ദേഹം. ഇറാഖ് യുദ്ധസമയത്ത് ഭീകരസംഘടനയായ അല്‍ ഖായിദയില്‍ അംഗമായിരുന്നു അല്‍ ഷരാ. അഞ്ചുകൊല്ലം ഇയാള്‍ യുഎസ് സൈന്യത്തിന്റെ തടവിലായി. പിന്നീട് സിറിയയിലെ അല്‍ നുസ്ര ഫന്റിന്റെ തലവനായ ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് യുഎസ് ഒരുകോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അല്‍ ഷരാ നേതൃത്വം നല്‍കിയ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) 2024 ഡിസംബറില്‍ സിറിയയില്‍ അധികാരംപിടിച്ചശേഷമാണ് അത് പിന്‍വലിക്കുന്നത്. പക്ഷേ അപ്പോഴേക്കും അല്‍ഖായിദയുമായുള്ള ബന്ധം വിച്ഛേദിച്ച് അല്‍ ഷരാ മിതവാദിയുടെ മുഖം സ്വീകരിച്ചിരുന്നു. 2025 ജനുവരിയില്‍ അദ്ദേഹം സിറിയയുടെ പ്രസിഡന്റായി.

മധ്യേഷ്യന്‍ രാഷ്ട്രീയത്തെ അപ്പാടെ സ്വാധീനിക്കാന്‍ ശേഷിയുള്ള ട്രംപിന്റെ ഈ നീക്കം യുഎസ് നയത്തിലെ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുന്നതാണ്. പ്രഖ്യാപനം സിറിയയിലും പ്രതിഫലിച്ചുതുടങ്ങി. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിറിയയുടെ കറന്‍സി 60 ശതമാനം നേട്ടമുണ്ടാക്കി. ഉപരോധങ്ങള്‍ നീക്കിയാല്‍ അത് എത്രത്തോളം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുണകരമായി പ്രതിഫലിക്കുമെന്നതിന്റെ സൂചനയായിരുന്നു അത്. എന്നിരുന്നാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ എന്തെങ്കിലും പ്രകടമായ മാറ്റങ്ങള്‍ പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എങ്കിലും അമേരിക്ക ഏര്‍പ്പെടുത്തിയ മൂന്ന് ഉപരോധ വ്യവസ്ഥകളും നീക്കം ചെയ്യുന്നത് സിറിയക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബാങ്കുകള്‍ക്ക് അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിലേക്ക് മടങ്ങാന്‍ സാധിക്കും. കയറ്റുമതിയുടെ നിയന്ത്രണങ്ങള്‍ നീങ്ങും, വിദേശത്ത് നിന്ന് ഇറക്കുമതി സാധ്യമാകും. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുകയും പുനര്‍നിര്‍മ്മാണ പദ്ധതികള്‍ പുരോഗമിക്കുകയും ചെയ്താല്‍, അതിജീവിവനത്തിനായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന നിരവധി സിറിയക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് സ്ഥിതിയാകും. 13 വര്‍ഷത്തെ ആഭ്യന്തരയുദ്ധം കാരണം തകര്‍ന്നു തരിപ്പണമായ സിറിയയുടെ പുനര്‍നിര്‍മാണത്തിന് ഇത് വഴിവെച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മാത്രമല്ല, മധ്യപൂര്‍വേഷ്യയിലെ ശാക്തിക ബലാബലത്തെ ഇത് മാറ്റിമറിക്കുകയും ചെയ്യും. 

placeholder
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,  സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷരാ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ | Photo : SANA / AFP

മാറുമോ സിറിയയുടെ പ്രതിസന്ധികള്‍? 

ഉപരോധങ്ങള്‍ നീക്കിയത് സിറിയയ്ക്ക് ആഗോള സാമ്പത്തിക മുഖ്യധാരയില്‍ ചേരാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള വാതില്‍ തുറക്കുന്നതാണ്. സിറിയയുടെ എണ്ണയിലും വാതകത്തിലും നിക്ഷേപിക്കാന്‍ ഷരാ ഇതിനകം അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. ഉപരോധങ്ങള്‍ നീക്കിയതിന് പിന്നിൽ ട്രംപിന്റെ വ്യാപാര താല്പര്യങ്ങളാണെന്ന് ഇതിനകം വിവിധ കോണുകളിൽനിന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.  പുനര്‍നിര്‍മ്മാണത്തിനും മറ്റ് ബിസിനസ് അവസരങ്ങള്‍ക്കുമായി സമ്പന്ന അറബ് രാജ്യങ്ങളില്‍നിന്ന് യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലേക്ക് പണം ഒഴുകിയേക്കാം. എന്നാല്‍ ഒരു ചോദ്യം അവശേഷിക്കുന്നു; മുന്‍പ് അല്‍ ഖായിദയില്‍ പ്രവര്‍ത്തിച്ച അബു മുഹമ്മജ് അല്‍ ജൊലാനി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് അല്‍ ഷരാ ഏത് തരത്തിലുള്ള സിറിയയാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്? നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുമെന്നും മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും ഷരാ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഷരായും അദ്ദേഹത്തിന്റെ എച്ച്.ടി.എസ്. അധികാരം പിടിച്ചെടുത്തതിനുശേഷം, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങള്‍ സിറിയയില്‍ ഉണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍, പ്രസിഡന്റ് അസദിനെ പുറത്താക്കിയ വിഭാഗമായ അലവൈറ്റുകള്‍ ഉള്‍പ്പെടുന്ന നൂറുകണക്കിന് അലവൈറ്റുകള്‍ തീരദേശ ലതാകിയ മേഖലയില്‍ ഇസ്ലാമിക തോക്കുധാരികളാല്‍ കൊല്ലപ്പെട്ടു.

മധ്യസിറിയയില്‍ വിഭാഗീയ സംഘര്‍ഷങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, അവിടം ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സമീപകാലത്ത് സിറിയയിലെ ന്യൂനപക്ഷം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ കുര്‍ദുകള്‍ ഒരു വികേന്ദ്രീകൃത ജനാധിപത്യ സിറിയയ്ക്ക് ആഹ്വാനം ചെയ്യുന്നുണ്ട്. എച്ച്ടിഎസിന്റെ കേന്ദ്രീകൃത ഭരണരീതിയെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. അയല്‍ക്കാരുമായും സിറിയക്ക് പ്രശ്‌നങ്ങളുണ്ട്. ഷരായുടെ നേതൃത്വത്തിലുള്ള വിമതര്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതിനുപിന്നാലെ അത്ര രസത്തിലല്ല സിറിയയും ഇറാഖും.അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ ഐഎസും രാജ്യത്ത് തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതും അന്താരാഷ്ട്ര അംഗീകാരവും സിറിയയെ വീണ്ടും സമൃദ്ധിയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അതിനായി, അഹമ്മദ് അല്‍ ഷരാക്ക് ആദ്യം രാജ്യത്തിനകത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിവരും.  തീവ്രവാദ സായുധ ഗ്രൂപ്പുകളെ ഇല്ലാതാക്കുകയും എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന അവരെ ഉള്‍ക്കൊള്ളുന്ന ഭരണഘടന സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ ലിബിയയുടെയോ അഫ്​ഗാനിസ്താന്റെയോ പാതയിലേക്ക് സിറിയയും വീണുപോകാന്‍ സാധ്യതയേറെയാണ്.