ഇറാന്റെ സംവിധാനങ്ങൾ എത്രത്തോളം ആധുനികമാണെന്നതിനെ ആശ്രയിച്ചായിരിക്കും എബ്രാഹം ലിങ്കണെതിരേയുള്ള പ്രതിരോധ നില

മധ്യപൂർവേഷ്യയെ അസ്ഥിരമാക്കിക്കൊണ്ട് അമേരിക്ക-ഇറാൻ തർക്കം തുടരുകയാണ്. സമീപകാല സൈനിക മുന്നേറ്റങ്ങളും നിലവിലുള്ള നയതന്ത്ര പിരിമുറുക്കങ്ങളും സാഹചര്യം കൂടുതൽ വഷളാക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സന്നാഹമൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അത് ദുർബലമാണ്. ട്രംപിന്റെ പരസ്യമായ ഭീഷണികളും ഇറാനെതിരേ നിലനിൽക്കുന്നു. എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കാരണം, നിലവിലെ സമ്മർദങ്ങൾ പ്രാദേശിക യുദ്ധമായി മാറുമോ? ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ നാവികവ്യൂഹം നീങ്ങുകയാണോ?
പ്രശ്നങ്ങൾ പുതിയതല്ല!
2025 ജനുവരിയിൽ ട്രംപ് പ്രസിഡന്റ് കസേരയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്ക് വീണ്ടും ആരംഭിച്ചത്. ആണവകരാറായിരുന്നു കാരണം. കരാറിലേക്ക് തിരിച്ചെത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിയതോടെ അമേരിക്ക ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. 2025 ഏപ്രിലിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും ഫലവത്തായില്ല. അമേരിക്കയുടെ ഭീഷണി സ്വരമായിരുന്നു അതിന് പിന്നിൽ. ഇറാൻ ആണവായുധം വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ആണവ ഏജൻസിയുടെ കണ്ടെത്തൽ പുറത്തുവന്നതോടെ ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷവും ആരംഭിച്ചു. അമേരിക്കയും ഇതിൽ ഇടപെട്ടു.
2025 ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിനിടയിൽ അമേരിക്ക ഇറാന്റെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇതിന് പകരമായി ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തി. എന്നാൽ ആളപായമുണ്ടായില്ല. അന്നേ ദിവസമാണ് പ്രസിഡന്റ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എങ്കിലും ചെറിയ തോതിലുള്ള ആക്രമണങ്ങൾ പിന്നീടുമുണ്ടായിട്ടുണ്ട്. ഇറാനിലെ പ്രോക്സികളുടെ ആക്രമണങ്ങൾ മറ്റൊരു ഭാഗത്ത് തുടർന്നെങ്കിലും വെടിനിർത്തൽ ഏറെക്കുറേ നിലനിന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.
ഇക്കഴിഞ്ഞ ഡിസംബർ അവസാനം ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭമാണ് പുതിയ പ്രശ്നങ്ങളിലേക്ക് നയിച്ചത്. വിലക്കയറ്റവും പണപ്പെരുപ്പവുമടക്കമുള്ള സാമ്പത്തിക പ്രതിസന്ധികളാണ് ജനങ്ങളെ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുന്നതിലേക്ക് നയിച്ചത്. തലസ്ഥാനനഗരമായ ടെഹ്റാനിലെ വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കടകൾ അടച്ചിട്ടു. ഇത് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സർവകലാശാലകളിലേക്കും വ്യാപിച്ചു. വിദ്യാർഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ഇറാനിയൻ ഭരണകൂടം അറസ്റ്റ്, ഭീഷണി, ബലം പ്രയോഗിക്കൽ എന്നിവയുമായി രംഗത്തെത്തി. പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. രാജ്യത്തിന് പുറത്തുള്ളവരാണ് ജനകീയ പ്രതിഷേധത്തിന് പിന്നിലെന്നായിരുന്നു ഇറാൻ ഭരണകൂടം ആരോപിച്ചത്. അമേരിക്കയെ ആയിരുന്നു ഇറാൻ പരോക്ഷമായി കുറ്റപ്പെടുത്തിയത്.
അതേസമയം, പ്രതിഷേധങ്ങളെ ഇറാൻ അടിച്ചമർത്തുന്നതിനെതിരേ അമേരിക്ക ശക്തമായി പ്രതികരിച്ചു. 'സമാധാനപരമായ പ്രതിഷേധിക്കുന്നവരെ ഇറാൻ ക്രൂരമായി കൊലപ്പെടുത്തിയാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും' എന്നായിരുന്നു 2026 ജനുവരി രണ്ടിന് ട്രൂത്ത് സോഷ്യലിലൂടെ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. അതിന് ഞങ്ങൾ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടിച്ചമർത്തലിനെ അപലപിച്ചു. ഇറാനിലെ നിലവിലെ പ്രതിഷേധങ്ങളിൽ അമേരിക്ക നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തിയിട്ടില്ല. എന്നാൽ ഇടപെടാൻ തയ്യാറാണെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പ്രക്ഷോഭകരോടുള്ള നടപടികളിൽ പ്രതിഷേധിച്ച് ഇറാനിൽ വ്യോമാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
അമേരിക്കയുടെ നിലപാടിനെ ഇറാൻ തള്ളിക്കളയുന്നുണ്ടെങ്കിലും സംഘർഷ സാധ്യത മുന്നിലുണ്ടെന്നാണ് നിരീക്ഷണം. 2025-ലെ ആണവ ആക്രമണങ്ങൾക്ക് ശേഷമുള്ള ഭരണകൂടത്തിന്റെ അസ്ഥിരത മുതലെടുക്കുക, ആണവ വിഷയങ്ങളിൽ ഇളവുകൾക്കായി സമ്മർദം ചെലുത്തുക, ഇറാനിയൻ പ്രതിനിധികളുടെ ഭീഷണികൾക്കിടയിൽ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് അമേരിക്കയുടെ ലക്ഷ്യങ്ങൾ. ഇസ്ലാമിക് റിപ്പബ്ലിക്കിനെ ദുർബലപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതും. ഇറാൻ, തങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് ആരോപിക്കുകയും അമേരിക്കൻ സേനയ്ക്കെതിരെ തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി അത്തരമൊരു ഭീഷണിയാണ് ഉയർത്തിയതും. ഏതൊരു അമേരിക്കൻ ആക്രമണവും യുദ്ധത്തിന് തിരികൊളുത്തുമെന്നും, ഇറാനിയൻ എണ്ണ, പ്രകൃതിവാതക വിഭവങ്ങളെ അമേരിക്ക ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ചർച്ചകൾക്കുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇറാനിയൻ ഉദ്യോഗസ്ഥരും ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
‘എബ്രഹം ലിങ്കൺ' അയച്ച് അമേരിക്ക
രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ നേരിടാൻ ഇറാൻ നടത്തിയ നടപടികൾക്കിടയിൽ പശ്ചിമേഷ്യയിലേക്ക് അമേരിക്ക ചില യുദ്ധക്കപ്പലുകൾ അയച്ചു. അതിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ, നിമിറ്റ്സ് ക്ലാസ് വിമാനവാഹിനിക്കപ്പൽ, അതുപോലെ CSG-3ന് കീഴിലുള്ള മൂന്ന് യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നുണ്ട്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ മിഡിൽ ഈസ്റ്റിൽ നാവിക കപ്പലുകളെ വിന്യസിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ കപ്പൽപ്പടയിലെ അഭിമാനമാണ് എബ്രഹം ലിങ്കൺ.
ആണവ ഊർജത്തിൽ പ്രവർത്തിക്കുന്ന നിമിറ്റ്സ് ക്ലാസ്സ് വിമാനവാഹിനിക്കപ്പലാണ് എബ്രഹം ലിങ്കൺ. നിമിറ്റ്സ് ക്ലാസ് വിഭാഗത്തിൽപെട്ട പത്ത് വിമാനവാഹിനി കപ്പലുകളാണ് അമേരിക്കൻ നേവിക്കുള്ളത്. ഇതിൽ അഞ്ചാമത് കപ്പലാണിത്. അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റായ എബ്രഹം ലിങ്കണോടുള്ള ബഹുമാനാർഥമാണ് കപ്പലിന് ഇത് പേര് നൽകിയത്. കാലിഫോർണിയയിലെ സാൻ ഡീഗോയിലുള്ള നേവൽ എയർ സ്റ്റേഷൻ നോർത്ത് ഐലൻഡ് ആണ് ഇതിന്റെ ഹോം പോർട്ട്. രണ്ട് A4W ആണവ റിയാക്ടറുകളാണ് കപ്പലിന് ഇന്ധനം നൽകുന്നത്.
1984 മുതൽ 1989 വരെ ന്യൂപോർട്ട് ന്യൂസ്ഷിപ്പ് ബിൽഡിങ്ങിലാണ് ഈ വിമാനവാഹിനി കപ്പൽ നിർമ്മിച്ചത്. 1989 ഒക്ടോബർ 30-ന് യുഎസ് നാവികസേന ഈ കപ്പൽ ഏറ്റെടുത്തു, 1989 നവംബർ 11-ന് ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. അക്കാലത്ത് കപ്പലിന് 2.24 ബില്യൺ ഡോളർ (ഏകദേശം 206.06 ബില്യൺ രൂപ) ചെലവായിരുന്നു. ഏകദേശം 1,092 അടി (333 മീറ്റർ) നീളവും 252 അടി വീതിയും ഏകദേശം 100,000 ടൺ ഭാരവും ഉണ്ട്. രണ്ട് വെസ്റ്റിംഗ്ഹൗസ് A4W ആണവ റിയാക്ടറുകളും 260,000 ഷാഫ്റ്റ് ഹോഴ്സ് പവറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്, മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ (56 കിലോമീറ്റർ) വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. ഏകദേശം 5,700 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് കപ്പലിന്. അതിൽ 3,200 ജീവനക്കാരാണ്. F/A-18 ഹോർനെറ്റ്, F-35 ലൈറ്റ്നിംഗ് II വിമാനങ്ങൾ ഉൾപ്പെടെ 60 മുതൽ 75 വരെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിന് കൊണ്ടുപോകാം.
മിസൈലുകൾക്കും വിമാനങ്ങൾക്കുമെതിരായ പ്രതിരോധത്തിനായി കപ്പലിൽ രണ്ട് സീ സ്പാരോ മിസൈൽ ലോഞ്ചറുകൾ, രണ്ട് 6 റോളിംഗ് എയർഫ്രെയിം മിസൈൽ സംവിധാനവും നൂതനമായ സെൻസറുകളും സജ്ജീകരിച്ചിരിക്കുന്നു. കപ്പലിന്റെ എയർ വിംഗിൽ E-2D ഹോക്ക്ഐ എയർബോൺ ഏർലി-വാണിംഗ് വിമാനങ്ങളും ഉൾപ്പെടുന്നു. ഇത് ദീർഘദൂര റഡാർ നിരീക്ഷണം നടത്തുകയും വരുന്ന വിമാനങ്ങളെയോ മിസൈലുകളെയോ നേരത്തെ കണ്ടെത്തി വിവരം പങ്കുവെയ്ക്കുകയും ചെയ്യും.
1990-ൽ അറ്റ്ലാന്റിക്, കരീബിയൻ എന്നിവിടങ്ങളിൽ നാറ്റോ മിസൈൽ പരീക്ഷണങ്ങൾ ഉൾപ്പെടെ ഈ കപ്പൽ ഉപയോഗിച്ച് നടത്തിയിരുന്നു. ഗൾഫ് യുദ്ധകാലത്തും വിന്യസിച്ചു. പല തവണയായി ഇന്തോ-പസഫിക് മേഖലയിലും എബ്രഹം ലിങ്കണെ വിന്യസിച്ചിരുന്നു. ഡെസേർട്ട് സ്റ്റോം, റെസ്റ്റോർ ഹോപ്പ്, 9/11 ന് ശേഷമുള്ള മിഡിൽ ഈസ്റ്റ്, സൗത്ത് ചൈന കടൽ തുടങ്ങിയ മേഖലകളിലെ ദൗത്യങ്ങളിലും പങ്കെടുത്തു. ഏറ്റവും ഒടുവിലായി, ഇറാനുമായുള്ള സംഘർഷസാധ്യത മുന്നിൽ നിൽക്കെ പശ്ചിമേഷ്യൻ അറബിക്കടലിൽ എബ്രഹം ലിങ്കണെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ സൈന്യം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാന്റെ റഡാർ കണ്ണിലൊളിപ്പിക്കാനാവുമോ?
333 മീറ്ററിലധികം നീളമുള്ള വിമാനവാഹിനിയാണ് എബ്രഹം ലിങ്കൺ. ഇത്രയും വലിയൊരു കപ്പലിനെ നഗ്നനേത്രങ്ങളിൽ നിന്നോ ഉപഗ്രഹങ്ങളിൽ നിന്നോ സ്വയം മറഞ്ഞിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ നിലവിലില്ല. എന്നാൽ, എതിർപക്ഷത്തിന്റെ റഡാറുകളെ ബ്ലോക്ക് ചെയ്യാനുള്ള മറുസാങ്കേതികവിദ്യകളാണ് പ്രയോഗിക്കപ്പെടുന്നത്. ശത്രുക്കളുടെ സെൻസറുകളെ കബളിപ്പിക്കാൻ യുഎസ് നാവികസേന അതിനൂതനമായ ഇലക്ട്രോണിക് യുദ്ധ (EW) സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ശത്രു റഡാറുകളെ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കിൽ മത്സ്യബന്ധന ബോട്ടുകളായി തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുകയാണ്.
യുഎസ്എസ് എബ്രഹാം ലിങ്കണിൽ AN/SLQ-32 ഇലക്ട്രോണിക് യുദ്ധ സ്യൂട്ട് ഘടിപ്പിച്ചിട്ടുണ്ട്. ഈ നൂതന സംവിധാനം ശത്രു റഡാർ സിഗ്നലുകൾ കണ്ടെത്തുകയും മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കാൻ ഹൈ-ടെക് ജാമിങ് വിന്യസിക്കുകയും ചെയ്യും. ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രത്തെ പ്രതിരോധിക്കുന്നതിലൂടെ ഇറാനിയൻ റഡാർ ഓപ്പറേറ്റർമാർക്ക് കപ്പലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ കഴിയില്ല.
ഇറാനിൽ പ്രാദേശികമായി നിർമ്മിച്ചതും ഇറക്കുമതി ചെയ്തതുമായ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്. യുഎസ് നാവികസേനയ്ക്ക് പ്രത്യേക ഫ്രീക്വൻസികൾ ജാം ചെയ്യാനുള്ള ശേഷിയുണ്ടെങ്കിലും ഈ മേഖലയിലെ സമുദ്രമേഖല ഇടുങ്ങിയതായതിനാൽ പൂർണമായും മറഞ്ഞിരിക്കാൻ സാധിക്കില്ല. എബ്രഹം ലിങ്കൺ പോലുള്ള വലിയ വിമാനവാഹിനി കപ്പൽ വ്യക്തമായ ചലനവും താപവും പുറത്തുവിടും. ഇത് ഒപ്റ്റിക്കൽ ഡ്രോണുകളോ ഉപഗ്രഹങ്ങളോ പോലുള്ള റഡാർ ഇതര സെൻസറുകൾക്ക് ഇപ്പോഴും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നവയാണ്. എങ്കിലും ഒരു സംഘർഷ സാഹചര്യമുണ്ടായാൽ ഇലക്ട്രോണിക് ജാമിങ്ങ് ഉപയോഗിച്ച് ശത്രുവിന് കപ്പലിനെ കൃത്യമായി ലക്ഷ്യമിടുന്നതിനെ വൈകിപ്പിക്കാനോ പ്രയാസമുള്ളതാക്കാനോ മാത്രമായിരിക്കും കപ്പലിന് കഴിയുക. ഇറാന്റെ സംവിധാനങ്ങൾ എത്രത്തോളം ആധുനികമാണെന്നതിനെ ആശ്രയിച്ചായിരിക്കും ഈ പ്രതിരോധനില.
ഇറാനും പിന്നിലല്ല
ഇറാൻ ലോകത്തിലെ ആദ്യ 20 സൈനിക ശക്തികളിൽ ഒന്നാണെങ്കിലും അവരുടെ വ്യോമസേനയെ വലിയ ആക്രമണ ഭീഷണിയായി കണക്കാക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഇറാന്റെ പക്കലുള്ള ചെറുതും പഴക്കം ചെന്നതുമായ വിമാനങ്ങളിൽ കൂടുതലും 1979-ന് മുമ്പ് ലഭിച്ച അമേരിക്കൻ നിർമ്മിത വിമാനങ്ങളായ F-4 ഫാന്റം II, F-14 ടോംകാറ്റ്, സോവിയറ്റ് നിർമ്മിത MiG-29 'ഫുൾക്രംസ്', Su-24 'ഫെൻസേഴ്സ്' എന്നിവയാണ്. വർഷങ്ങളായി നിലനിൽക്കുന്ന അന്താരാഷ്ട്ര ഉപരോധം മൂലം ഇറാന് സ്വന്തം വ്യോമസേനയെ കാലോചിതമായി നവീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 250 യുദ്ധസജ്ജമായ ഫൈറ്റർ ജെറ്റുകളും ഏകദേശം 140 ഹെലികോപ്റ്ററുകളും ഇറാൻ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും മിസൈൽ പദ്ധതിയാണ് ഇറാന് പ്രധാനപ്പെട്ടത്. പശ്ചിമേഷ്യയിൽ തന്നെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരമുള്ള രാജ്യമാണ് ഇറാൻ. ദീർഘദൂര പ്രൊജക്റ്റൈലുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, കപ്പൽവിരുദ്ധ മിസൈലുകൾ എന്നിവ അതിലുൾപ്പെടുന്നുണ്ട്.
ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾക്ക് 2,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇതിൽ ഏകദേശം 2,000-2,500 കിലോമീറ്റർ ദൂരമുള്ള സെജിൾ, ഏകദേശം 1,400 കിലോമീറ്റർ ദൂരമുള്ള ഖൈബർ, ഫത്താഹ്-2 എന്നിവ ഉൾപ്പെടുന്നു. അതായത് ഇറാന് തത്വത്തിൽ ഇസ്രയേൽ ഉൾപ്പെടെ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളേയും ലക്ഷ്യമിടാൻ കഴിയും. കഴിഞ്ഞ വർഷം ഇറാൻ 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ആന്റി-വാർഷിപ്പ് ക്രൂയിസ് മിസൈൽ പരീക്ഷിച്ചിരുന്നു. സമുദ്രത്തിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവിക കപ്പലുകളിൽ എത്താൻ കഴിവുള്ളവയാണിവ. ജാമിങ് പ്രതിരോധിക്കാനുള്ള കഴിവുള്ളവയാണ് ഈ മിസൈൽ എന്ന് റെവല്യൂഷണറി ഗാർഡിന്റെ നാവികസേന മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ്എസ് എബ്രഹാം ലിങ്കണിനെ നശിപ്പിക്കാൻ ഇതിന് കഴിയുമോ?
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു വിമാനവാഹിനിക്കപ്പലും ആക്രമങ്ങളെ തുടർന്ന് സമുദ്രത്തിലേക്ക് പൂർണമായും മുങ്ങിപ്പോയിട്ടില്ലെങ്കിലും ഒരു കപ്പലും ആക്രമണങ്ങളിൽ നിന്ന് പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടില്ല. യുഎസ്എസ് എബ്രഹാം ലിങ്കണിന് ശക്തമായ പ്രതിരോധ സംവിധാനങ്ങളുള്ളതിനാൽ ആക്രമിക്കുകയെന്നത് ഇറാന് ദുഷ്കരമായ ദൗത്യമായിരിക്കും. വിമാനവാഹിനിക്കപ്പലുകൾ ഒരു സ്ഥാനത്ത് കൂടുതൽ സമയം നിൽക്കാറില്ലെന്നതും ഇറാന്റെ പ്രയാസം വർധിപ്പിക്കും. യുഎസ്എസ് എബ്രഹാം ലിങ്കൺ മിസൈൽ പരിധിയിൽ നിൽക്കാൻ സാധ്യതയില്ല. പകരം ഒമാൻ ഉൾക്കടലിലോ അറേബ്യൻ കടലിലോ തുറന്ന ജലാശയങ്ങളിലാവും പ്രവർത്തിക്കുക. ഈ മേഖലയിൽ കപ്പലിന് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യവും ഭീഷണികൾക്കെതിരേ പ്രതികരിക്കാൻ കൂടുതൽ സമയവും ലഭിക്കും.
ഇനി അഥവാ, ഇറാന്റെ സമീപത്തേക്ക് നീങ്ങിയാലും എബ്രഹാം ലിങ്കൺ ഒറ്റയ്ക്കായിരിക്കില്ല. അർലെ ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർമാരായ യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ ജൂനിയർ (DDG-121), യുഎസ്എസ് സ്പ്രൂൻസ് (DDG-111), യുഎസ്എസ് മൈക്കിൾ മർഫി (DDG-112) എന്നീ കപ്പലുകളും ഒപ്പമുണ്ടാകും. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും വേണ്ടിയാണ് ഇവ വിന്യസിച്ചിരിക്കുന്നത്. ഈ കപ്പലുകളിൽ ഏജിസ് കോംബാറ്റ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്, ഇത് ഒരേ സമയം നൂറുകണക്കിന് എയർ, മിസൈൽ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും ഏറ്റവും അപകടകരമായവയെ വിർച്വൽ ലോഞ്ച് സെല്ലുകളിലൂടെ നശിപ്പിക്കാനും കഴിയും. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ലോംഗ് റേഞ്ച് ഇന്റർസെപ്റ്റർ മിസൈലുകളും (SM-6 ക്ലാസ്) ഇവ വഹിക്കുന്നുണ്ട്. എങ്കിലും ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ ചെയ്തതുപോലെ, ഒരു മിസൈൽ ആക്രമണത്തിലൂടെ വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെ തകർക്കാൻ ഇറാൻ ശ്രമിച്ചേക്കാം. പക്ഷേ, ഒരു വിമാനവാഹിനിക്കപ്പലിനെ ആക്രമിക്കുന്നതിന് ഇറാന് ഇതുവരെ ലഭ്യമല്ലാത്ത സാങ്കേതികവിദ്യകൾ ആവശ്യമായി വരും. അതായത്, ഇറാൻ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിക്കാൻ സാധ്യതയുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങൾവെച്ച് അത് എത്രത്തോളം വിജയകരമായിരിക്കുമെന്നതാണ് സംശയം.
Content Highlights: Analyze the escalating US-Iran conflict, recent military moves, and the deployment of USS Abraham Lincoln. Will this lead to regional war?
Published: 04 Feb 2026, 03:24 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented