
ഇന്ത്യക്കെതിരായ അധികത്തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കൂ എന്ന് വ്യക്തമാക്കിയിരിക്കുന്നു. രാജ്യതാല്‍പ്പര്യങ്ങള്‍ ബലികഴിച്ച് ട്രംപിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുവേദിയില്‍ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. 25 ശതമാനം പിഴത്തീരുവ പ്രാബല്യത്തില്‍ വരാന്‍ മൂന്നാഴ്ച സമയമുണ്ട്. അതിനുമുമ്പ് ഓഗസ്റ്റ് 25-ന് ഇന്ത്യയില്‍ നടക്കാനിരുന്ന വ്യാപാരചര്‍ച്ച നടക്കില്ലെന്നര്‍ത്ഥം. കാര്‍ഷികോല്‍പ്പന്ന, ഡെയറി, ഫിഷറീസ് മേഖലകളിലെ വിട്ടുവീഴ്ചയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. വ്യക്തിപരമായ നഷ്ടം സഹിക്കേണ്ടി വന്നാലും വിട്ടുവീഴ്ച പറ്റില്ലെന്നാണ് മോദിയുടെ നിലപാട്.
പക്ഷേ, അധികത്തീരുവയ്ക്ക് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം വേറൊന്നാണ്. റഷ്യയില്‍ നിന്നും ഇന്ത്യ വലിയ തോതില്‍ എണ്ണ വാങ്ങുന്നത് യുക്രൈനുമായുള്ള യുദ്ധം തുടരാനും അവിടത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുതിന് സഹായകമാവുന്നുവെന്ന് അമേരിക്ക ആരോപിക്കുന്നു. ശരിക്കും ട്രംപിനെ അസ്വസ്ഥപ്പെടുത്തുന്നതെന്താണ്, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതോ, അതോ ഇന്ത്യയുടെ ആഭ്യന്തരവിപണി അമേരിക്കക്കു മുന്നില്‍ തുറന്നിടാത്തതോ, പുതിന്റെ അവഗണന നിറഞ്ഞ ചിരിയോ? മൂന്നും എന്നാവും ഉത്തരം.
ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിവെച്ചതിന്റെ ക്രെഡിറ്റെടുക്കാന്‍ ട്രംപിനെ അനുവദിക്കാത്തതാണ് ഇന്ത്യയോടുള്ള നിലപാടില്‍ പെട്ടെന്നുവന്ന മാറ്റത്തിന് കാരണമെന്ന് മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനും പ്രശസ്ത ദക്ഷിണേഷ്യാവിദഗ്ധന് മൈക്കേല്‍ കൂഗല്മനും പറയുന്നു. അല്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ചൈനയ്ക്കും പിന്നില്‍ മൂന്നാമതുള്ള ഇന്ത്യയെ ടാര്‍ഗറ്റു ചെയ്യുമായിരുന്നില്ല- അവര്‍ പറയുന്നു. വെടിനിര്‍ത്തലില്‍ മറ്റാരുടെയും ഇടപെടലുണ്ടായില്ലെന്ന് മോദി പാര്‍ലമെന്റില്‍ പറഞ്ഞു, ട്രംപിനോട് ഫോണില്‍ നേരിട്ടും പറഞ്ഞു. എന്തായാലും ആമസോണും വാള്‍മാര്‍ട്ടും ഇന്ത്യയില്‍ നിന്ന് വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നത് നിര്‍ത്തിവെച്ചു കഴിഞ്ഞു!
ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കെന്താണ് ചെയ്യാന്‍ കഴിയുക? കഴിഞ്ഞവര്‍ഷം ഇന്ത്യ അമേരിക്കയിലേക്കു കയറ്റി അയച്ചത് 86.5 ബില്യന്‍ ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ്. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. ഒറ്റയടിക്ക് ഈ വ്യാപാരം തടസ്സപ്പെട്ടാല്‍ സാമ്പത്തികനഷ്ടം മാത്രമല്ല, വലിയ തോതിലെ തൊഴില്‍നഷ്ടവും ഉണ്ടാവും. അതിനാല്‍ വളരെ നയപരമായി പ്രശ്നത്തെ തരണം ചെയ്യേണ്ടിയിരിക്കുന്നു. തര്‍ക്കം തീര്‍ന്നാലേ വ്യാപാരചര്‍ച്ചകള്‍ നടത്തൂ എന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും രഹസ്യചര്‍ച്ചകള്‍ നടത്താം. അമേരിക്ക നിര്‍ബന്ധം പിടിക്കുന്ന ചില മേഖലകളില്‍ ചേതമില്ലാത്ത ഇളവുകള്‍ നല്കുന്ന കാര്യം ആലോചിക്കാം.
ഒപ്പം തന്നെ, അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള വഴികളും നോക്കണം, അപൂര്വമൂലക വിപണിയിലെ കുത്തക ചൈന ഫലപ്രദമായി ഉപയോഗിച്ചതു പോലെ. കഴിഞ്ഞദിവസം ഇന്ത്യ അമേരിക്കന്‍ നിര്‍മിത പി-18 നാവിക വിമാനങ്ങള്‍ വേണ്ടെന്നും പറഞ്ഞതും എഫ് 35 പോര്‍വിമാനങ്ങള്‍ നിരസിച്ചതും അമേരിക്കന്‍ ആയുധവിപണിക്ക് ഉല്‍ക്കണ്ഠയുണ്ടാക്കും. ലോകത്തിലേക്കും വലിയ ആയുധ ഇറക്കുമതി രാജ്യം ഇന്ത്യയാണ്. എഐ പോലുള്ള മേഖലകളില്‍ അടിത്തറ ബലപ്പെടുത്തി രാജ്യത്തിനുള്ള മുന്‍തൂക്കം ശക്തിപ്പെടുത്തുക, ബ്രിക്സ് പോലുള്ള കൂട്ടായ്മകള്‍ പ്രയോജനപ്പെടുത്തുക, തീരുവ ബാധിച്ചേക്കാവുന്ന വ്യവസായങ്ങള്‍ക്ക് ബദല്‍ കമ്പോളങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍ ആരായണം.
പുതിനുമായി സൗഹൃദമുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. അതിനാല്‍ അദ്ദേഹം താന്‍ പറയുന്നതു കേള്‍ക്കുമെന്നും അധികാരത്തില്‍ എത്തിയാലുടന്‍ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്താണ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് ജയിച്ച് പ്രസിഡന്റായത്. പക്ഷേ, ആറുമാസമാകാറായിട്ടും യുദ്ധം തുടരുകയാണ്. അടുത്തെങ്ങും തീരുന്ന ലക്ഷണവും കാണുന്നില്ല. യുദ്ധം നിറുത്താന്‍ ട്രംപ് പുറപ്പെടുവിച്ച അന്ത്യശാസനങ്ങളൊക്കെ റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുതിന് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. യുദ്ധം നിര്‍ത്താന്‍ ആദ്യം അമ്പതു ദിവസത്തെ സമയം നല്കിയ ട്രംപ് പിന്നീട കാലാവധി പത്തു ദിവസമായി ചുരുക്കി. അതിനു മുമ്പ് ട്രംപ് തന്റെ സുഹൃത്തും പ്രത്യേകദൂതനുമായ സ്റ്റീവ് വിറ്റ്കോഫിനെ റഷ്യയില്‍ ചര്ച്ചക്കയച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ദീര്‍ഘമായി അദ്ദേഹം പുതിനുമായി സംസാരിച്ചെങ്കിലും എന്തെങ്കിലും കാര്യമായ നിലപാടുമാറ്റമുണ്ടായതിന്റെ സൂചനയില്ല. ട്രംപുമായി ഒരു നിഷ്പക്ഷരാജ്യത്തു വെച്ച് കൂടിക്കാഴ്ച നടത്താന്‍ പുതിന് സമ്മതിച്ചുവെന്നും അത് അടുത്തയാഴ്ച സംഭവിച്ചേക്കുമെന്നാണ് സൂചന.
യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുതിന് അറിയിച്ചിട്ടുണ്ട്. പക്ഷേ, റഷ്യന്‍ പ്രസിഡന്റിനെ പഠിച്ചിട്ടുള്ളവര്‍ പറയും, അദ്ദേഹം ലക്ഷ്യം കാണാതെ യുദ്ധം നിര്‍ത്തില്ലെന്ന്, ഈ ചര്‍ച്ചക്ക് സമ്മതിച്ചത് സമയം നീട്ടിക്കിട്ടാനുള്ള അടവാണെന്ന്. ലോകത്തിലേക്കും കൂടുതല്‍ ഉപരോധം നേരിട്ട രാജ്യമാണ് റഷ്യ. അതൊക്കെ വിജയകരമായി തരണം ചെയ്ത റഷ്യയെ പുതിയ ഭീഷണികളും വിഷമിപ്പിക്കാനിടയില്ല. ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറയുന്നത് ഉപരോധങ്ങള്‍ രാജ്യത്തെ ഏറെക്കുറെ ബാധിക്കാത്ത അവസ്ഥയായിട്ടുണ്ട് എന്നാണ്.
നയതന്ത്രപരമായി തിരക്കുപിടിച്ച ദിവസങ്ങളാണ് മോസ്കോയില്‍. ട്രംപിന്റെ അധികത്തീരുവ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് വിറ്റ്കോഫ് റഷ്യയില്‍ ചര്‍ച്ചക്കെത്തുമ്പോള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്കോയിലുണ്ടായിരുന്നു. വൈകാതെ പുതിന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഡോവല്‍ അറിയിച്ചു. ചൈനയില്‍ ആഗസ്ത് 31-ന് ആരംഭിക്കുന്ന എസ്സിഒ (ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന്) യോഗത്തില്‍ പുതിനും മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും പങ്കെടുക്കുമെന്നാണ് സൂചന. പാശ്ചാത്യമേധാവിത്വത്തെ ചെറുക്കുന്ന കാര്യത്തില്‍ ബ്രിക്സ് കൂട്ടായ്മയും പുതിനൊപ്പം നില്‍ക്കാനിടയുണ്ട്.

പുതിന്റെ റഷ്യയും ചങ്കുറപ്പിന്റെ കളിയും
1999 ഓഗസ്റ്റ് 16 മുതല്‍ റഷ്യ ഭരിക്കുന്ന പുതിന് (പ്രസിഡന്റ്, അല്ലെങ്കില്‍ പ്രധാനമന്ത്രി) തുടര്‍ച്ചയായി ഏറ്റവുമധികം കാലം അധികാരത്തില്‍ തുടരുന്ന രാഷ്ട്രനേതാക്കളിലൊരാളാണ്. ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവുമധികം കാലം റഷ്യ ഭരിച്ച പുതിന് 2036 വരെ (അപ്പോള്‍ അദ്ദേഹത്തിന് 83 വയസ്സാകും) അധികാരത്തില്‍ തുടരാന്‍ വേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതിയിട്ടുണ്ട്. സോവിയറ്റ് ചാരസംഘടനയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുതിന് റഷ്യയെ വീണ്ടും ഒരു വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിന് അദ്ദേഹത്തെ സഹായിച്ചത് ധീരമായി തീരുമാനങ്ങളെടുക്കാനും ശത്രുക്കളെ 'ഉന്മൂലനം' ചെയ്യാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനുമുള്ള കഴിവും കൗശലവുമാണ്. വലിയൊരു വിജയത്തിനു വേണ്ടി ചെറിയ തോല്‍വികള്‍ വഴങ്ങാന്‍ അദ്ദേഹത്തിനു ഭയമില്ല. സിറിയയില്‍ വിശ്വസ്തനായ ബാഷര്‍ അല്‍ അസദ് അട്ടിമറിക്കപ്പെട്ടപ്പോള്‍ നിശബ്ദമായി റഷ്യ സ്ഥലം കാലിയാക്കിയത് ഓര്‍മിക്കുക.
റഷ്യയുടെ രണ്ടാം യുക്രൈൻ അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. അതില്‍പ്പിന്നെ റഷ്യയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനും അവരുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനുമായി ഉപരോധങ്ങളുടെ പരമ്പരയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ നടത്തിയത്. സാമ്പത്തികത്തകര്‍ച്ചയും ആള്നാശവുമുണ്ടാവുമെന്നും ജനങ്ങള്‍ തെരുവിലിറങ്ങി 'ഏകാധിപതി'യെ അധികാരക്കസേരയില്‍ നിന്നും വലിച്ചു താഴെയിടുമെന്നും അവര്‍ മോഹിച്ചുകാണണം. പക്ഷേ, അതൊന്നുമല്ല സംഭവിച്ചത്. ഊര്‍ജ്ജ കയറ്റുമതിയും ഇന്ത്യയും ചൈനയും പോലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തവും വഴി സാമ്പത്തികസ്ഥിരതയും ഭൗമരാഷ്ട്രീയ സ്വാധീനവും നിലനിര്‍ത്താന്‍ പുതിനു കഴിഞ്ഞു.
2025 ആദ്യത്തോടെ റഷ്യ സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കുന്നതു ലോകം കണ്ടു. കഴിഞ്ഞ വര്‍ഷം അവരുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 3.2 ശതമാനം വളര്‍ന്നു എന്നാണ് കണക്കുകള്‍. പല പാശ്ചാത്യരാജ്യങ്ങളെക്കാളും കൂടുതലാണിത്! അഞ്ചുലക്ഷം പേര് യുദ്ധത്തില്‍ മരിച്ചിട്ടും യുക്രെയിന് ആക്രമണങ്ങളില്‍ കനത്ത നഷ്ടങ്ങളുണ്ടായിട്ടും പുതിന്റെ ജനപ്രീതി വര്‍ധിക്കുന്നതും പാശ്ചാത്യര്‍ അത്ഭുതത്തോടെ കണ്ടു.
അന്ത്യശാസനത്തിന്റെ നിഴലിലും യുക്രെയിനില്‍ ഡ്രോണുകളും മിസൈലുകളും വര്‍ഷിക്കുകയാണ് റഷ്യ. കഴിഞ്ഞ ദിവസം അവര്‍ നേറ്റോയുടെ നെഞ്ചിലും ബോംബിട്ടു. യുക്രെയിനിലെ ഒച്ചാക്കോവിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ കമാന്‍ഡ് സെന്ററില്‍ റഷ്യ നടത്തിയ റെയ്ഡില്‍ അവര്‍ കുറെ ബിട്ടീഷ് പട്ടാള ഓഫീസര്‍മാരെ പിടികൂടി എന്നു വാര്‍ത്തയുണ്ട്. വാര്‍ത്ത സ്ഥിരീകരിച്ചാല്‍ യുദ്ധത്തില്‍ തങ്ങള്‍ നേരിട്ടു പങ്കെടുക്കുന്നില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പറയാനാവില്ല. റഷ്യയുടെ പുതിയ സൂ-57 പോര്‍വിമാനങ്ങള്‍ യുക്രൈനിൽ ഭീതി പടര്‍ത്തുന്നു. പിടിച്ചുനില്ക്കാന് പാടുപെടുകയാണ് യുക്രൈൻ. കാര്യങ്ങള്‍ മാറിമറിഞ്ഞത് മനസ്സിലാക്കിയിട്ടാവണം, പുതിനുമായി ചര്‍ച്ചയ്ക്ക് യുക്രെയിന് സന്നദ്ധമായിട്ടുണ്ട്. മുമ്പ് ജോ ബൈഡന് പ്രസിഡന്റായിരുന്ന കാലത്ത് യുദ്ധമവസാനിപ്പിക്കാന്‍ യൂറോപ്പില്‍ ഒരു ചര്‍ച്ച നടത്തി. ആ ചര്‍ച്ചയ്ക്ക് റഷ്യയെ വിളിച്ചിരുന്നില്ല!

യുക്രൈന്റെ നാലു പ്രവിശ്യകള്‍- ഡോണെട്സ്ക്, ലുഹാന്‍സ്ക്, സാപോറീഷ്യ, ഖേര്‍സന്‍- സ്വന്തമാവും വരെ വെടിനിര്‍ത്തലിന് പുതിന് തയ്യാറാവുമെന്ന് തോന്നുന്നില്ല. ഇവ പൂര്‍ണമായും കീഴടക്കിയാലേ ശരിയായ അര്‍ത്ഥത്തില്‍ വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താന്‍ റഷ്യ സമ്മതിക്കൂ എന്ന് വ്യക്തമാണ്. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന നിലപാട് ട്രംപിനെ മയപ്പെടുത്തും, സമാധാനത്തിനു സന്നദ്ധമാണെന്ന പ്രതീതിയുണ്ടാക്കും. അതേസമയം, സൈനികനടപടികള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും. പുതിന്റെ മുന്‍ഗണന, നയതന്ത്രപരമായ സൗജന്യങ്ങളെക്കാള് യുദ്ധക്കളത്തിലെ വിജയങ്ങള്‍ക്കാണ്. അല്ലെങ്കില്‍ തന്നെ, പടക്കളത്തില്‍ മേല്‍ക്കൈയുള്ളവര്‍ വെടിനിര്‍ത്തലിന് വാശി പിടിക്കില്ലല്ലോ. വിറ്റ്കോഫ് റഷ്യയ്ക്ക് അനുകൂലമായ നിരവധി ഓഫറുകള്‍ മുന്നോട്ടുവച്ചെന്നു സൂചനകളുണ്ട്. പകരം, ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങള്‍ നിര്ത്തിവെക്കാമെന്നായിരുന്ന്രേത റഷ്യന്‍ ഓഫര്‍. യുദ്ധം ഉടനെയൊന്നും തീരാനിടയില്ല!
പക്ഷേ, ആപദ്ഘട്ടങ്ങളില്‍ തുണയായി നിന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്ക പിഴത്തീരുവ ചുമത്തുന്നത് പുതിനെ വിഷമിപ്പിച്ചേക്കാം. തീരുവ വളരെ കൂടിയാല്‍ എണ്ണകയറ്റുമതി പൂര്‍ണമായും തടസ്സപ്പെടാനുള്ള സാധ്യതയും റഷ്യ കാണാതിരിക്കുന്നില്ല. പുതിനെ പിന്തുണയ്ക്കാന്‍ ചൈനയ്ക്കും ഇന്ത്യയ്ക്കുമുള്ളത് ഭൗമരാഷ്ട്രീയപരവും യുക്തിസഹവുമായ കാരണങ്ങളാണ്, പ്രത്യയശാസ്ത്രപരമല്ല. അമേരിക്കന്‍ സമ്മര്‍ദ്ദമേറുമ്പോള്‍ എത്രകാലം സുഹൃത്തുക്കള്‍ കൂടെക്കാണും എന്ന് കണ്ടറിയണം.
Content Highlights: US-India Trade Talks Stall as Trump Hikes Tariffs
Published: 08 Aug 2025, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented