ന്യൂഡൽഹി: ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്.
പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചതിൽ വലിയ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് താരിഫ് 18% താരിഫ് കുറയുമെന്നതിൽ വലിയ ആഹ്ളാദം. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് നന്ദി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് പ്രയോജനകരമാവുകയും പരസ്പരം പ്രയോജനകരമായ സഹകരണത്തിന് വളരെയധികം അവസരങ്ങൾ തുറക്കുകയും ചെയ്യും.
ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം നിർണായകമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നു. നമ്മുടെ പങ്കാളിത്തം അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു- മോദി എക്‌സിൽ കുറിച്ചു.
തീരുവകുറച്ചതിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞെങ്കിലും വ്യാപാരക്കരാറിനെക്കുറിച്ച് പരാമർശമില്ല. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിന്റെ ഊർജ, സാങ്കേതിക, കാർഷിക, മേഖലയിൽനിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനുപകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരമാണ് ഈ വ്യാപാരക്രമീകരണമെന്നും ട്രംപ് അവകാശപ്പെട്ടു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് പറഞ്ഞു. മോദിയുമായി ട്രംപ് സംസാരിച്ചെന്നും കാത്തിരിക്കൂവെന്നും ഇന്ത്യയിലെ യു.എസ്. സ്ഥാനപതി സെർഗിയോ ഗോർ എക്‌സിൽ കുറിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനിടെ പ്രധാനമന്ത്രി മോദി ട്രംപിന് കീഴടങ്ങിയതായി കോൺഗ്രസ്സ് ആരോപിച്ചു.എന്നാൽ, കരാർ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിധിൻ നബീൻ പറഞ്ഞു.
ആഗസ്റ്റിലാണ് ട്രംപ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയത്. 25% പകരം തീരുവയ്ക്കു പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികംതീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ചുമത്തിയിരുന്നത്.
അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎസിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ നടക്കുന്ന ധാതു സംരക്ഷണവുമായി ബന്ധപ്പെട്ട നിർണ്ണായകമായ മന്ത്രിതല യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ഔദ്യോഗിക ചർച്ചകൾ നടത്തും. സുപ്രധാനമായ ധാതുക്കളുടെ ലഭ്യതയും വിതരണവും സംബന്ധിച്ച അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Content Highlights: Indian PM Modi expresses gratitude to US President Trump for reducing tariffs on Indian products. Discussing the impact and future of US-India trade relations.
Published: 03 Feb 2026, 06:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented