കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരത മലയാളികള്‍ക്ക് അപരിചിതമല്ല. പലയിടത്തും ആളുകളുടെ ജീവിതത്തിന്റെ ഭാഗമെന്നോളം പതിവായും ഈ ദുരന്തം മാറിയിട്ടുണ്ട്. കൃഷിയും അരുമമൃഗങ്ങളും മനുഷ്യജീവനുകളുംവരെ വന്യമൃഗാക്രമണങ്ങളില്‍ നഷ്ടമാവുന്നു. ഇതിന് പിന്നാലെ നാം കേള്‍ക്കുന്ന ഒരു പതിവ് വിലാപമില്ലേ, 'പോയത് അവര്‍ക്കല്ലല്ലോ... എനിക്കല്ലേ' എന്നത്. ഇതിന്റെ തുടര്‍ച്ചയായി നമ്മള്‍ ഒരു വാക്കുകൂടി  കൂട്ടിച്ചേര്‍ക്കാറുണ്ട്, 'അവരുടേതിനെയെങ്ങാനും നഷ്ടമാവണമായിരുന്നു, എങ്കില്‍ കാണാമായിരുന്നു' എന്ന്.

To advertise here,

ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ബാധ്യതപ്പെട്ടവരാരോ അവരുടെ നിഷ്‌ക്രിയത്വത്തിനെതിരായ, കാലങ്ങളായുള്ള പതിവ് പ്രതിഷേധമാണിത്. ദന്തഗോപുരനിവാസികളെന്ന് പരക്കെ ആക്ഷേപം കേള്‍ക്കേണ്ടിവരുന്ന അധികൃതരാണ് (ഭരണനിര്‍വഹണ- രാഷ്ട്രീയവര്‍ഗത്തേയാണ് സാമാന്യമായി ഉദ്ദേശിക്കുന്നത്) ഇതിലും പഴികേള്‍ക്കേണ്ടിവരിക. നഷ്ടം അവര്‍ക്കാണുണ്ടായതെങ്കില്‍ പ്രശ്‌നപരിഹാരം ഉടനുണ്ടായേനെയെന്ന ധ്വനി. അത് യാഥാര്‍ഥ്യമായിത്തീര്‍ന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു കഥയാണ് ഇന്ന് ജര്‍മനിക്ക് പറയാനുള്ളത്. കുതിരവര്‍ഗത്തില്‍പ്പെടുന്ന സ്വന്തം വളര്‍ത്തുമൃഗത്തെ നഷ്ടമായപ്പോള്‍ ഉറക്കമുണര്‍ന്ന ഒരു രാഷ്ട്രീയക്കാരിയുടെ കഥ.

ഡോളിയെന്ന പോണി

2022 സെപ്റ്റംബര്‍ ഒന്ന് പുലര്‍ന്നിട്ടില്ല, ശാന്തമായ രാത്രി. ജര്‍മനിയിലെ ലോവര്‍ സാക്‌സണിയിലെ ബെയ്ന്‍ഹോണ്‍ എന്ന പ്രദേശം. തടിവീടുകളും പഴയ കളപ്പുരകളുമുള്ളൊരു ഗ്രാമമാണത്. ഇരുട്ട് ഭേദിച്ച് വന്ന ഒരു ആണ്‍ചെന്നായയുടെ ക്രൗര്യത്തിന് ഇരയായത് 30 വയസ്സ് പ്രായമുള്ള ഡോളി എന്ന് പേരുള്ള ഒരു പോണി കുതിര. നെറ്റിയില്‍ വെള്ളരോമങ്ങളുള്ള ചെസ്റ്റ്‌നട്ട് പോണിയുടെ ജഡം പിറ്റേന്ന് രാവിലെ അതിന്റെ ഉടമകള്‍ക്ക് സ്വന്തം ഫാം ഹൗസിന്റെ പറമ്പില്‍നിന്ന് ലഭിച്ചു.

ഡോളിയുടെ ശരീരത്തില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജി.ഡബ്‌ള്യു950എം എന്ന് പേരായ ചെന്നായയാണ് ആക്രമിച്ചതെന്ന് വ്യക്തമായി. എട്ടുമുതല്‍ പത്തുവരെ അംഗസംഖ്യയുള്ള ഒരു ചെന്നായ് പറ്റത്തിന്റെ 'തലവനാ'ണ് ആക്രമണകാരി. ഡോളിയെ ചത്തനിലയില്‍ കണ്ടെത്തിയ ഫാം ഹൗസ് നിലനില്‍ക്കുന്ന പ്രദേശത്ത് നടത്തിയ മറ്റ് ഡി.എന്‍.എ. പരിശോധനകളില്‍നിന്ന്, അതുവരെ എഴുപത് ചെമ്മരിയാടുകളേയും കുതിരകളേയും നാല്‍ക്കാലികളേയും ആടുകളേയും ഇത് കൊന്നതായി കണ്ടെത്തി. ഈ ചെന്നായയില്‍നിന്ന് വേട്ടരീതികള്‍ പഠിച്ചെടുത്ത പറ്റത്തിലെ മറ്റംഗംങ്ങളും ആക്രമകാരികളായി തീര്‍ന്നിരിക്കാമെന്ന് അധികൃതര്‍ നിഗമനത്തിലെത്തി. ഇതേത്തുടര്‍ന്ന് ജി.ഡബ്‌ള്യൂ 950 എമ്മിനെ പ്രശ്‌നക്കാരനായ ചെന്നായയെന്ന് പ്രഖ്യാപിച്ചു.

placeholder
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.

ഇതോടെ വേട്ടക്കാര്‍ക്ക് ചെന്നായയെ വെടിവെച്ച് കൊല്ലാം. എന്നാല്‍, കോടതി കയറുകയും പലകുറി പുതുക്കുകയുംചെയ്ത അനുമതികള്‍ക്കൊടുവിലും ജി.ഡബ്ല്യു 950 എമ്മിനെ പിടികൂടാന്‍ ആര്‍ക്കും സാധിച്ചില്ല. ഹനോവര്‍ കാട്ടിലെ മാനുകളെ ഭക്ഷിച്ച് ചെന്നായ വിഹാരം തുടര്‍ന്നു. പക്ഷേ, ഒരുനേരത്തെ ഇരതേടിയ ഇറങ്ങിയ ചെന്നായയുടെ ഭക്ഷണക്കൊതി പാരയായത് യൂറോപ്പിലെ ആകെ ചെന്നായ്ക്കള്‍ക്കായിരുന്നു.

ചെന്നായകള്‍ക്കെതിരെ കുരിശുയുദ്ധം

യൂറോപ്പിലെയാകെ ചെന്നായകളുടെ സംരക്ഷിതപദവി തരംതാഴ്ത്താനാണ് ശ്രമം. 2023- ല്‍ തുടങ്ങിയ നടപടികള്‍ ഇന്നും പരിസമാപ്തിയിലേക്ക് എത്തിയിട്ടില്ല. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ യൂറോപ്പ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്‍ഡെര്‍ലെയ്‌നും. ഇവര്‍ക്കൊരു ഫ്ലാഷ്ബാക്കുണ്ട്, ജി.ഡബ്ല്യു950എം ചെന്നായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഡോളിയെന്ന പോണിക്കുതിരയുടെ ഉടമയാണ് ഉര്‍സുല. 2019-ല്‍ ആദ്യമായി കമ്മിഷന്‍ അധ്യക്ഷയായ ഉര്‍സുലയുടെ,  ചെന്നായകള്‍ക്കെതിരായ കുരിശുയുദ്ധം ആരംഭിക്കുന്നത് ഡോളിയെ നഷ്ടമാവുന്നതോടെയാണ്. നടപടികള്‍ നീണ്ടുപോവുന്നതിനിടെ ഇവര്‍ വീണ്ടും ഈ വര്‍ഷം ജൂണില്‍ കമ്മിഷന്‍ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.

placeholder
ഉര്‍സുല വളര്‍ത്തുമൃഗത്തോടൊപ്പം/ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

ചെന്നായ്ക്കള്‍ക്ക്‌ നിലവില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ 'കര്‍ശനസംരക്ഷിത' പദവിയാണുള്ളത്. ഇത് തരംതാഴ്ത്താനാണ് കമ്മിഷന്റെ നീക്കം. കന്നുകാലികളെ ഭക്ഷിക്കുന്ന ചെന്നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്ന തരത്തിലാണ് ഭേദഗതി. ഇതിന് ഭൂരിപക്ഷം രാജ്യങ്ങളുടെ അനുമതി വേണം. ഇതില്‍ ഉര്‍സുലയ്ക്ക് പാരയായത് സ്വന്തം രാജ്യമാണ്. വ്യക്തിപരമെന്ന് വ്യാഖ്യാനിക്കപ്പെട്ട പോരാട്ടത്തില്‍ കര്‍ഷകരുടെ സംരക്ഷകരായി സ്വയം അടയാളപ്പെടുത്താനുള്ള ഉര്‍സുലയുടെ യൂറോപ്പ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നീക്കത്തിന് തുടക്കത്തില്‍ ഭരണത്തിലുള്ള മധ്യഇടതുപാര്‍ട്ടികള്‍ ചെക്ക് വെച്ചു. പക്ഷേ, മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ജര്‍മനിയും നീക്കത്തിന് പച്ചക്കൊടി കാണിച്ചു. യൂറോപ്പ്യന്‍ കമ്മിഷനില്‍ 27-ല്‍ ആകെ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് നീക്കത്തിന് എതിരായി വോട്ടുചെയ്തത്. അയര്‍ലന്‍ഡും സ്‌പെയിനും  നേരത്തെ തന്നെ നീക്കത്തെ പരസ്യമായി എതിര്‍ത്തിരുന്നു. അതിനാല്‍, ആ രണ്ടുവോട്ടുകള്‍ ഈ രാജ്യങ്ങളുടേത് ആകാനാണ് സാധ്യത.

കണക്കും കാര്യവും

2023-ലെ കണക്കുകള്‍ പ്രകാരം 23 യൂറോപ്പ്യന്‍ രാജ്യങ്ങളിലായി 20,3000 ചെന്നായകളാണുള്ളത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മനിയില്‍നിന്ന് ചെന്നായകള്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടിരുന്നു. എന്നാല്‍, 2000-ത്തില്‍ പോളണ്ടില്‍നിന്ന് ഒരു ചെന്നായ രാജ്യത്ത് തിരിച്ചെത്തി. നിലവില്‍ ജര്‍മനയില്‍ 180 പറ്റങ്ങളിലായി 1,500-ഓളം ചെന്നായ്ക്കളാണുള്ളത്. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലും ഡെന്‍മാര്‍ക്കിലും ഫ്രാന്‍സിലും സ്‌പെയിനിലും ചെന്നായ്ക്കളുടെ എണ്ണം വര്‍ധിച്ചു.

1979-ലെ ബേണ്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് ചെന്നായകള്‍ക്ക് കര്‍ശനസംരക്ഷിത പദവി ലഭിച്ചത്. ഇതുപ്രകാരം ഒഴിവാക്കപ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കര്‍ശനമായ നിബന്ധനകളോടെ മാത്രമേ ചെന്നായ്ക്കളെ കൊല്ലാന്‍ സാധിക്കുകയുള്ളു.

തരംതാഴ്ത്താനുള്ള നിര്‍ദേശം യൂറോപ്പ്യന്‍ കമ്മിഷന് മുമ്പാകെ വെച്ചപ്പോള്‍ തന്നെ ഉര്‍സുല ചില കണക്കുകള്‍ മുന്നോട്ടുവെച്ചിരുന്നു. കന്നുകാലികള്‍ക്കെതിരായ ആക്രമണമാണ് ചെന്നായ്ക്കളെ കൊന്നൊടുക്കുന്നതിലെ ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി ചൂണ്ടിക്കാട്ടുന്നത്. അതില്‍ തന്നെ പറയുന്ന കണക്കുപ്രകാരം, യുറോപ്പിലെ ആകെ കര്‍ഷകരുടെ 0.06 ശതമാനത്തോളം ചെമ്മരിയാടുകളെ ചെന്നായ്ക്കള്‍ കൊന്നുതിന്നുവെന്നാണ്. ആകെ ആറുകോടി ചെമ്മരിയാടുകളാണ് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളത്. രണ്ടുകോടി ഡോളറാണ് ചെന്നായയുടെ ആക്രമണങ്ങള്‍ക്ക് നഷ്ടപരഹാരമായി നല്‍കിയത്.

പിന്തുണ, വിമര്‍ശനം

നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനം ശക്തമാണ്. 2024 ജൂണില്‍ നടന്ന യൂറോപ്പ്യന്‍ കമ്മിഷന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടിയുള്ള നീക്കങ്ങളായിരുന്നു ഇതെന്നായിരുന്നു പരിസ്ഥിതി ശാസ്ത്രജ്ഞരുടെയടക്കം ആരോപണം. കര്‍ഷകവിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള കുറുക്കുവിദ്യയെന്ന് വിമര്‍ശനം. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും ഉര്‍സുല വീണ്ടും കമ്മിഷന്‍ അധ്യക്ഷയായി.

ചെന്നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കുന്നതുകൊണ്ട് മാത്രം കന്നുകാലികള്‍ക്കെതിരായ ആക്രമണം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിന് ശാസ്ത്രീയമായ പ്രതിരോധമാണ് ആവശ്യം. കര്‍ഷകരുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് ചെന്നായ്ക്കളെ ബലിയാടാക്കിയെന്നും ആരോപിക്കപ്പെട്ടു. ആദ്യം എതിര്‍പ്പ് അറിയിച്ച ജര്‍മന്‍ ഭരണകക്ഷികള്‍ യൂറോപ്പ്യന്‍ കമ്മിഷനില്‍ പിന്തുണച്ചെങ്കിലും മധ്യപക്ഷ പാര്‍ട്ടികളില്‍നിന്നടക്കം എതിര്‍പ്പുണ്ടായി.

നീക്കത്തിലൂടെ യൂറോപ്പില്‍നിന്ന് വിനാശകരവും അപമാനകരവുമായ സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ മുതിര്‍ന്ന ബയോഡൈവേഴ്‌സിറ്റി പോളിസി ഓഫീസറായ സാബിയന്‍ ലീമാന്‍സ് പറഞ്ഞു. ചെന്നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കുന്നവര്‍ എങ്ങനെയാണ് മറ്റ് പ്രദേശങ്ങളില്‍നിന്ന് വരുന്നവരോട്‌ അവരുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും പുലികളും സിംഹങ്ങളും ആനകളും ഉള്‍പ്പെടുന്ന അവരുടെ വൈവിധ്യത്തിനൊപ്പം ജീവിക്കാനും ആഹ്വാനംചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, നീക്കത്തെ പിന്തുണച്ച്‌ യൂറോപ്പിലെ കര്‍ഷകരുടെ സംയുക്തസംഘടനയായ കോപ- കൊജെകയും (COPA-COGECA) വന്യമൃഗവേട്ടയെ അനുകൂലിക്കുന്നവരുടെ സംഘടനയായ ഫേസും (ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഫോര്‍ ഹണ്ടിങ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓഫ് ദി ഇ.യു) രംഗത്തെത്തി. ആക്രമണങ്ങളും അവയുടെ അനന്തരഫലങ്ങളും ഒരിക്കലും നേരിടേണ്ടിവരാത്തവരുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് എടുത്ത തീരുമാനം കര്‍ഷകരുടേയും ഗ്രാമീണരുടേയും ആവശ്യങ്ങളെ കേള്‍ക്കുന്നതിന്റെ സൂചനയാണെന്ന് കോപ- കൊജെക പ്രസ്താവനയില്‍ പറഞ്ഞു. സാര്‍വ്വത്രിക വിജയം എന്നായിരുന്നു ഫേസിന്റെ പ്രതികരണം.

ഇനി

യൂറോപ്പ്യന്‍ യൂണിയനിലെ 27 അംഗരാഷ്ട്രങ്ങളടക്കം 50 രാജ്യങ്ങളാണ് ബേണ്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചത്. ഇതില്‍ മൂന്നില്‍ രണ്ടുപേരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ചെന്നായ വേട്ടയ്ക്കുവേണ്ടിയുള്ള ഭേദഗതി വരുത്താന്‍ കഴിയുകയുള്ളൂ. അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പിച്ചതോടെ ഡിസംബറില്‍ നടക്കുന്ന സ്ഥിരംസമിതി യോഗത്തില്‍ ബേണ്‍ കണ്‍വെന്‍ഷനിലെ തീരുമാനങ്ങള്‍ ഭേദഗതി ചെയ്യാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ആവശ്യപ്പെടും. ഇവിടെ മൂന്നില്‍ ഒന്ന് ഭൂരിപക്ഷത്തോടെ അംഗീകാരം ലഭിച്ചാല്‍, ബേണ്‍ കണ്‍വന്‍ഷന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്റെ നിയമമായ ഹാബിറ്റാറ്റ് ഡെറിവേറ്റീവ്‌സില്‍ അനുബന്ധമായ ഭേദഗതികള്‍ നടപ്പിലാക്കണം. ഇതിനുശേഷം മാത്രമേ നിര്‍ദേശം പ്രാബല്യത്തില്‍ വരികയുള്ളൂ.

നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പ്രശ്‌നക്കാരായ ചെന്നായ്ക്കളെ കൊന്നൊടുക്കാനുള്ള ചട്ടങ്ങള്‍ കൂടുതല്‍ ലഘൂകരിക്കപ്പെടും. എന്നാല്‍, നിശ്ചിത എണ്ണം രാജ്യത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുകൂടി ഭരണകൂടങ്ങളുടെ ചുമതലയായി വരും.