
നാല് പതിറ്റാണ്ട് കാലത്തെ അരക്ഷിതാവസ്ഥയ്ക്ക് തുര്‍ക്കയില്‍ പരിഹാരമാകുകയാണ്. ഏകദേശം 40,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട നീണ്ട രക്തരൂക്ഷിത സംഘര്‍ഷം പരിസമാപ്തിലേക്ക് എത്തുന്നു. 1984 മുതല്‍ തുര്‍ക്കി ഭരണകൂടത്തിനെതിരേ സായുധ കലാപം നടത്തിവന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ.) പിരിച്ചുവിടപ്പെട്ടു. ആയുധം ഉപേക്ഷിക്കണമെന്നും പാര്‍ട്ടി പിരിച്ചുവിടണമെന്നും സ്ഥാപകന്‍ അബ്ദുള്ള ഒചലന്‍ (Abdullah Ocalan) പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് സായുധപോരാട്ടം ഉപേക്ഷിക്കുന്നുവെന്നും പാര്‍ട്ടി പിരിച്ചുവിടുന്നുവെന്നും പി.കെ.കെ. പ്രഖ്യാപിച്ചത്. ഇതോടെ സ്വതന്ത്ര കുര്‍ദിസ്താനുവേണ്ടി സായുധപോരാട്ടം നടത്തിയിരുന്ന പികെകെ ചരിത്രമാകുകയാണ്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാകാതെ അവര്‍ ആയുധം താഴെ വെയ്ക്കുകയാണ്.
തുര്‍ക്കിയില്‍ നിന്ന് വേര്‍പെട്ട് ഒരു കുര്‍ദിഷ് രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുള്ള ഒചലന്റെ നേതൃത്വത്തില്‍ പി.കെ.കെ. രൂപീകരിക്കുന്നത്. സര്‍ക്കാറിനെതിരേ അവര്‍ നടത്തിയ രക്ഷരൂക്ഷിത കലാപങ്ങളില്‍ പതിനായിരക്കണക്കിനാളുകളുടെ ജീവൻ പൊലിഞ്ഞു. സൈനികര്‍ മാത്രമല്ല, സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതോടെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെ അവരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അബ്ദുള്ള ഒചലന്‍ തുറുങ്കിലടയ്ക്കപ്പെട്ടു. പക്ഷേ, സ്വതന്ത്ര കുര്‍ദിസ്താന്‍ മാത്രം രൂപംകൊണ്ടില്ല. ഇപ്പോള്‍ എങ്ങുമെത്താതെ ആ പോരാട്ടം അവര്‍ അവസാനിപ്പിക്കുമ്പോഴും നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുകയണ്. എന്താണ് പി.കെ.കെയുടെ ഭാവി? ഒചലന്‍ ജയിലില്‍ നിന്ന് മോചിതനാകുമോ? സംഘടനയുടെ നേതൃത്വത്തിനും അതിലെ അംഗങ്ങള്‍ക്കും എന്ത് സംഭവിക്കും? അതിലും പ്രധാനമായി, പി.കെ.കെയുമായി ഒരു കരാറിലെത്തുന്നതിലൂടെ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന് എന്താണ് നേട്ടം ?
ആരാണ് കുര്‍ദുകള്‍, എവിടെയാണ് കുര്‍ദിസ്താന്‍?
രാജ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ജനവിഭാഗങ്ങളിലൊന്നാണ് കുര്‍ദുകള്‍. മെസൊപ്പൊട്ടേമിയന്‍ സമതലങ്ങളിലെയും സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളിലെയും തദ്ദേശീയ ജനവിഭാഗങ്ങളിലൊന്ന്. മധ്യപൂര്‍വേഷ്യയിലെ നാലാമത്തെ വലിയ വംശീയ വിഭാഗമാണ് അവര്‍. തുര്‍ക്കി, ഇറാഖ്, ഇറാന്‍, സിറിയ, അര്‍മേനിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വംശീയ വിഭാഗം. ഇപ്പോഴത്തെ തെക്ക്-കിഴക്കന്‍ തുര്‍ക്കി, വടക്കുകിഴക്കന്‍ സിറിയ, വടക്കന്‍ ഇറാഖ്, വടക്ക്-പടിഞ്ഞാറന്‍ ഇറാന്‍, തെക്ക്-പടിഞ്ഞാറന്‍ അര്‍മേനിയ എന്നിവിടങ്ങളാണ് കുര്‍ദുകളുള്ളത്. ഇന്നവര്‍ വിവിധ രാജ്യങ്ങളിലായി ചിതറിപ്പോയ ഒരു സമൂഹമാണെങ്കിലും വംശം, സംസ്‌കാരം, ഭാഷ എന്നിവയിലൂടെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയായ കുര്‍ദിഷാണ് പൊതുസംസാരഭാഷ. തുര്‍ക്കിഷുമായോ അറബിയുമായോ നേരിട്ട് ബന്ധമില്ലാത്ത കുര്‍ദിഷ് ഭാഷയുടെ ഒന്നിലധികം ഭാഷാഭേദങ്ങള്‍ അവര്‍ സംസാരിക്കുന്നു. കുര്‍ദുകളില്‍ ഭൂരിപക്ഷവും സുന്നി മുസ്ലിംകളാണെങ്കിലും മറ്റ് ചില മതവിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്. മുസ്ലിംകളില്‍ തന്നെ ഷിയാ വിഭാഗവും മുസ്ലിംകള്‍ക്ക് പുറമേ യസീദികളും ക്രിസ്ത്യാനികളും കുര്‍ദുകള്‍ക്കിടയിലുണ്ട്. വ്യത്യസ്തമായ സംസ്‌കാരവും പരമ്പരാഗത വസ്ത്രങ്ങളുമുള്ള കുര്‍ദുകള്‍ക്ക് പുതുവത്സര ഉത്സവമായ നൗറൂസ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുമുണ്ട്.

ലോകത്താകമാനം ഏതാണ്ട് മൂന്ന് കോടി മുതല്‍ 4.5 കോടി വരെ കുര്‍ദുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ അധികവും തുര്‍ക്കിയിലാണ്. 1.47 കോടിയോളം കുര്‍ദുകളാണ് തുര്‍ക്കിയിലുള്ളത്. തുര്‍ക്കിയുടെ ആകെ ജനസംഖ്യയുടെ 18 ശതമാനത്തോളം വരുമിത്. ഇറാഖില്‍ ഏകദേശം 81 ലക്ഷത്തോളം കുര്‍ദുകളുണ്ട്. ഇറാഖിന്റെ ആകെ ജനസംഖ്യയുടെ ഏതാണ്ട് 10 ശതമാനം. ഇറാനില്‍ 55 ലക്ഷവും സിറിയയില്‍ 17 ലക്ഷവും കുര്‍ദുകളുണ്ട്. ഇതിനെല്ലാം പുറമേ ഏകദേശം രണ്ട് ദശലക്ഷത്തോളം വരുന്ന കുര്‍ദിഷ് പ്രവാസികള്‍ യൂറോപ്പിലേക്ക് കുടിയേറിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരണവും പീഡനവുമാണ് കുർദുകളുടെ ചരിത്രം അടയാളപ്പെടുത്തുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധം, സദ്ദാമിന്റെ വന്‍വീഴ്ച്ചയ്ക്ക് ശേഷമുള്ള ഇറാഖിന്റെ അസ്ഥിരത, ഇസ്ലാമിക് സ്റ്റേറ്റുമായുള്ള സംഘര്‍ഷം, തുര്‍ക്കിഭരണകൂടത്തില്‍നിന്നുള്ള വിവേചനം എന്നിവയെല്ലാം കുർദുകള്‍ക്ക് വലിയ വെല്ലുവിളിയാണ് സമ്മാനിച്ചത്. കുര്‍ദുകള്‍ ഏകസ്വഭാവമുള്ളവരല്ലെങ്കിലും പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇവര്‍ ഒരു ദേശീയത അവകാശപ്പെടുന്നു. കുര്‍ദിസ്താന്‍ എന്നൊരു രാജ്യം വേണമെന്നാണ് ആവശ്യം. പക്ഷേ, രാജ്യങ്ങളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചപ്പോള്‍ കുർദുകളെ പരിഗണിച്ചതേയില്ല. ഇതോടെ രാജ്യം ആഗ്രഹിച്ചിരുന്ന ഒരു ദേശീയത, പലരാജ്യങ്ങളിലായി ചിന്നിച്ചിതറിപ്പോയി.ലോകത്തിലെ ഏറ്റവും വലിയ 'രാജ്യരഹിത രാഷ്ട്ര'മായി ഇവര്‍ നിലകൊള്ളുന്നു.
അഞ്ചുരാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുര്‍ദിസ്താന്‍ മലനിരകളില്‍ അതിര്‍ത്തികളില്ലാതെയായിരുന്നു കുര്‍ദ് ജനത ഒന്നാം ലോകമഹായുദ്ധ കാലഘട്ടം വരെ ജീവിച്ചുപോന്നത്. മെസപ്പോട്ടോമിയന്‍ പ്രദേശത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു അവര്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പശ്ചിമേഷ്യയില്‍ പുതിയ രാഷ്ട്രങ്ങളുടെ രൂപീകരണഘട്ടത്തില്‍ കുര്‍ദിസ്താന് വേണ്ടിയും അവകാശവാദങ്ങള്‍ ഉയര്‍ന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകശക്തികള്‍ കുര്‍ദുകള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പരാജയത്തിനും ശേഷം, 1920-ല്‍ ഒപ്പുവെച്ച സെവ്റെ ഉടമ്പടി പ്രകാരം പാശ്ചാത്യ സഖ്യകക്ഷികള്‍, കുര്‍ദുകള്‍ക്ക് സ്വയംഭരണപ്രദേശം വാഗ്ദാനം ചെയ്‌തെങ്കിലും അത് പക്ഷേ യാഥാര്‍ഥ്യമായില്ല. മൂന്ന് വര്‍ഷത്തിന് ശേഷം ലോസാന്‍ ഉടമ്പടി പ്രകാരം തുര്‍ക്കിയുടെ പുതിയ അതിര്‍ത്തികള്‍ നിശ്ചിയിക്കപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിയുടേയും അയല്‍ രാജ്യങ്ങളുടേയും അതിര്‍ത്തി നിശ്ചയിച്ചപ്പോള്‍ കുര്‍ദിസ്താന്‍ എന്നൊരു രാജ്യം ലോകഭൂപടത്തില്‍ ഇല്ലാതെപോയി. പകരം കുര്‍ദുകളെ അതത് രാജ്യങ്ങളില്‍ ന്യൂനപക്ഷമായി. ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള കുര്‍ദുകളുടെ ഏത് നീക്കവും ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു.

അബ്ദുള്ള ഒചലന്‍ സ്ഥാപിച്ച കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി
തുര്‍ക്കി, ഇറാഖ്, ഇറാന്‍, സിറിയ, അര്‍മേനിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വംശീയ വിഭാഗമാണെങ്കിലും കുർദുകളില്‍ വലിയൊരു വിഭാഗം തുര്‍ക്കിയിലാണ്. തുര്‍ക്കിയുടെ ജനസംഖ്യയുടെ അഞ്ചിലൊന്ന് കുര്‍ദുകളാണെന്നാണ് കണക്കുകള്‍. എന്നാല്‍ അവരാകട്ടെ വലിയ തോതിലുള്ള അസമത്വങ്ങളും അരക്ഷിതാവസ്ഥയും നേരിടുന്നരാണ്. തുര്‍ക്കിയിലെ ജനസംഖ്യയുടെ വലിയഭാഗം വരുന്ന കുര്‍ദുകള്‍ക്ക് സ്വാതന്ത്ര്യം തേടിയാണ് 1978-ല്‍ അബ്ദുള്ള ഒചലന്‍ തീവ്രകുര്‍ദിഷ് ദേശീയ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ.) രൂപീകരിക്കുന്നത്.
ഒരു കൂട്ടം വിമതരുമായി ചേര്‍ന്ന് പി.കെ.കെ. സ്ഥാപിച്ച ഒചലന്‍ തെക്കുകിഴക്കന്‍ തുര്‍ക്കിയിലും പിന്നീട് മറ്റ് പ്രധാന തുര്‍ക്കി നഗരങ്ങളിലും ആക്രമണം അഴിച്ചുവിട്ടു. അക്കാലത്ത് അയല്‍രാജ്യമായ സിറിയയില്‍ നിന്നാണ് അദ്ദേഹം സംഘടനയെ നയിച്ചത്. കിഴക്കന്‍, തെക്കന്‍ തുര്‍ക്കിയിലെ പര്‍വതനിരകളില്‍ നിന്ന് പോരാട്ടം തുടങ്ങിയ പി.കെ.കെ. രാജ്യത്തെ സൈനിക താവളങ്ങളും പോലീസ് സ്റ്റേഷനുകളും ആക്രമിച്ചു. അതോടെ തുര്‍ക്കി ഭരണകൂടം അവരെ സായുധമായി തന്നെ നേരിട്ടു. പിന്നാലെ സംഘര്‍ഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു. തുര്‍ക്കി നഗരങ്ങളില്‍ പി.കെ.കെ. ബോംബാക്രമണങ്ങള്‍ നടത്തി. സംഘടര്‍ഷങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഏകദേശം നാല്‍പ്പതിനായിരത്തോളമാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍.
1998-ല്‍ സിറിയ പുറത്താക്കിയതോടെ അബ്ദുള്ള ഒചലന്‍ അഭയം തേടാന്‍ ഗ്രീസ്, ഇറ്റലി, റഷ്യ എന്നിവരെ സമീപിച്ചു. എന്നാല്‍ വൈകാതെ അദ്ദേഹം തുര്‍ക്കിയുടെ പിടിയിലായി. 1999 ഫെബ്രുവരി 15-ന് കെനിയയിലെ നെയ്റോബിയില്‍ വിമാനത്താവളത്തില്‍ വെച്ചാണ് തുര്‍ക്കി ഇന്റലിജന്‍സ് ഏജന്റുമാര്‍ അദ്ദേഹത്തെ പിടികൂടുന്നത്. പിടികൂടിയതിനുശേഷം, ഇസ്താംബൂളിന് തെക്കുപടിഞ്ഞാറ് മാര്‍മര കടലിലെ ഇമ്രാലി ദ്വീപില്‍ അദ്ദേഹത്തെ തടവിലാക്കി. അവിടെ വര്‍ഷങ്ങളോളം ഏകാന്ത തടവുകാരനായിരുന്നു അബ്ദുള്ള ഒചലന്‍. പിന്നാലെ തുര്‍ക്കി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി വധശിക്ഷ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. കാല്‍നൂറ്റാണ്ടായി ജയിലിലാണെങ്കിലും തുര്‍ക്കിയിലെ പല കുര്‍ദുകള്‍ക്കും ഒചലനെ കുര്‍ദിഷ് അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ്. ഇറാഖ്, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ പി.കെ.കെ.യുടെയും അനുബന്ധസായുധ സംഘങ്ങളുടെ മേലും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു.
കഴിഞ്ഞ ദശകത്തില്‍, തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന കുര്‍ദിഷ് നഗരങ്ങളില്‍ നിന്ന് തുര്‍ക്കി സൈന്യം പി.കെ.കെ. സേനയെ തുരത്തുകയും അവരുടെ നേതാക്കള്‍ക്കും അണികള്‍ക്കും നേരെ വലിയ തോതില്‍ അക്രമണം നടത്തുകയും ചെയ്തു. ഇത് പി.കെ.കെയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും അവ വിജയകരമായി നടപ്പിലാക്കാനുമുള്ള സംഘടനയുടെ ശേഷിയെ തന്നെ ഇത് ബാധിച്ചു. ഇതോടെ സമീപവര്‍ഷങ്ങളില്‍ പി.കെ.കെയുടെ സായുധപോരാട്ടങ്ങള്‍ കുറഞ്ഞു. എങ്കിലും ഇടയ്ക്കിടെയുള്ള പി.കെ.കെ. ആക്രമണങ്ങള്‍ തുര്‍ക്കി ഭരണകൂടത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അടുത്തിടെ റൈഫിളുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് സായുധരായ ഒരു സംഘം, സര്‍ക്കാര്‍ നടത്തുന്ന എയ്റോസ്പേസ് കമ്പനിയുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. തടവിലായതിന് ശേഷം പി.കെ.കെ.യുടെ പ്രഖ്യാപിത ലക്ഷ്യം അബ്ദുള്ള ഒചലന്‍ മയപ്പെടുത്തി. തുടക്കത്തല്‍ ഒരു സ്വതന്ത്ര കുര്‍ദിഷ് രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകുകയും കുര്‍ദിഷ് സ്വയംഭരണത്തിനായുള്ള ആവശ്യങ്ങളിലേക്ക് അത് മയപ്പെടുത്തുകയും ചെയ്തു.

നേട്ടം തുര്‍ക്കിക്ക്, കുർദുകള്‍ക്ക് എന്ത് മെച്ചം?
കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പിരിച്ചുവിടുന്നത് തുര്‍ക്കിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും വഴിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുര്‍ക്കി രാഷ്ട്രീയത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി ഇത് മാറിയേക്കാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ശാശ്വത സമാധാനത്തിനായി തുര്‍ക്കി സര്‍ക്കാരും പി.കെ.കെയും 2012 മുതല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ഫലവത്തായിരുന്നില്ല. പക്ഷേ, 2024 അവസാനം മുതല്‍ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ അബ്ദുള്ള ഒചലനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ ഫലമാണ് നിലവിലെ സംഭവവികാസങ്ങള്‍. ചര്‍ച്ചകളെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആയുധങ്ങള്‍ താഴെയിട്ട് പി.കെ.കെ. പിരിച്ചുവിടാന്‍ ഒചലന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് പാര്‍ട്ടി പിരിട്ടുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം മേയ് 12-ന് പുറത്തുവന്നത്. 12-ാം കോണ്‍ഗ്രസിന് ശേഷമാണ് ഇക്കാര്യം പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. സംഘടന അതിന്റെ 'ചരിത്രപരമായ ദൗത്യം' നേടിയെന്നും സായുധ പോരാട്ട രീതി അവസാനിപ്പിക്കാന്‍ പി.കെ.കെ. പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതില്‍ പറയുന്നു.
എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് സംഘടന എത്തി എന്നതാണ് പ്രസക്തമായ ചോദ്യം. 48 വര്‍ഷത്തെ വിഘടനവാദ പ്രചാരണത്തിന് ശേഷം, പി.കെ.കെ. അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്? നിലവിലെ സാഹചര്യത്തില്‍, പി.കെ.കെയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. പി.കെ.കെയുമായി ഒരു കരാറിലെത്തുന്നതിലൂടെ ഉര്‍ദുഗാന്‍ ലക്ഷ്യം വെയ്ക്കുന്നത് വ്യക്തമാണ്. ആവശ്യമായ ഭരണഘടനാ മാറ്റങ്ങളിലൂടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അതുവഴി പ്രസിഡന്റ് പദവിയില്‍ തുടരനും ഇത് അദ്ദേഹത്തെ സഹായിച്ചേക്കുമെന്ന സൂചനകള്‍ പ്രചരിക്കുന്നുണ്ട്. പകരമായി നിയമപ്രകാരം ഉറപ്പുനല്‍കാവുന്ന സാംസ്‌കാരിക സ്വാതന്ത്ര്യങ്ങള്‍ ഉര്‍ദുഗാന്‍ കുര്‍ദുകള്‍ക്ക് നല്‍കിയേക്കും. എന്നാല്‍ അദ്ദേഹം കുർദുകള്‍ക്ക് മറ്റെന്തെങ്കിലു ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ഉര്‍ദുഗാനും പി.കെ.കെയും തമ്മിലുണ്ടാക്കിയ ധാരണകള്‍ വ്യക്തമല്ല. പക്ഷേ, തുര്‍ക്കി സര്‍ക്കാരും പി.കെ.കെയും തമ്മില്‍ ശാശ്വത സമാധാനം ഉണ്ടായാല്‍, അത് കാര്യമായ പ്രാദേശിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഏറ്റവും പ്രധാനമായി ഇത് തുര്‍ക്കിയിലെ വര്‍ഷങ്ങളോളം നീണ്ടുനിന്ന രക്തച്ചൊരിച്ചിലും അസ്ഥിരതയും അവസാനിപ്പിക്കുമെന്നത് വ്യക്തമാണ്.
Content Highlights: Turkey`s Kurdistan Workers` Party (PKK) ends 40-Year Conflict
Published: 20 May 2025, 01:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented